സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണം.”

– പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

 

യോഹന്നാന്‍ ശ്ലീഹാ തന്‍റെ പ്രിയനായ ഗായോസിന് എഴുതുകയാണ് “എന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്ക് ഇല്ല” (3 യോഹ. 4). നമ്മുടെ സഭയുടെ അഭി മാനവും പ്രകാശഗോപുരവുമായിരുന്ന വട്ടശ്ശേരില്‍ മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസ് തിരു മേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് നാം ഒരുങ്ങു മ്പോള്‍ സത്യത്തെക്കുറിച്ചുള്ള ഈ വചനം പ്രത്യേകം പ്രസക്തമായി എനിക്ക് തോന്നുന്നു. നമ്മുടെ സഭയുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി നിരന്തരമായ ആത്മീക-ഭൗതിക സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഈ പരിശുദ്ധ പിതാവിനെ മോശയോടാണ് നമ്മു ടെ ചരിത്രകാരന്മാര്‍ ഉപമിക്കുന്നത്. വട്ടശ്ശേ രില്‍ തിരുമേനിക്ക് വളരെ പ്രിയങ്കരനായ ഒരു ചരിത്രപുരുഷനുമായിരുന്നു മോശ. ഈജി പ്തിലെ അടിമയില്‍ നിന്ന് യിസ്രായേല്‍ ജന ത്തെ വിമോചിപ്പിച്ച മോശ, യിസ്രായേലിന് തനിമയും സ്വാതന്ത്ര്യവും നല്‍കിയ മോശ, നൂറ്റാണ്ടുകളായി മര്‍ദ്ദിതരുടെയും ചൂഷിതരുടെയും പ്രിയ നായകനാണ്. മനുഷ്യ വിമോചനത്തിനായി പൊരുതുന്ന എല്ലാവര്‍ക്കും മോശ ആദര്‍ശ പുരുഷനാണ്. ഏതാണ്ട് 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍ നദിയുടെ സസ്യശ്യാമളമായ തീരങ്ങളില്‍ നിന്ന് അടിമത്ത ത്തിലാണ്ട ഒരു ജനതയെ അദ്ദേഹം വിടുവി ച്ചുകൊണ്ടുവന്നു. അറേബ്യയില്‍ ഊഷരമായ മരുഭൂമികളില്‍ യിസ്രായേല്‍ അലഞ്ഞു നട ന്നപ്പോള്‍ മോശ അവര്‍ക്കു നായകനായിരു ന്നു. അവസാനം വാഗ്ദത്ത ഭൂമിയുടെ വിദൂര മായ ദര്‍ശനം നല്‍കി മോശ അവരോട് യാത്ര പറഞ്ഞു.

ഈ 20-ാം നൂറ്റാണ്ടിലും എല്ലാ വിമോ ചനപ്രസ്ഥാനങ്ങള്‍ക്കും ആവേശം പകരുന്ന ഒരു സംഭവമാണ് മോശയും യിസ്രായേല്‍ ജന തയുടെ പുറപ്പാടും. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതികള്‍ക്കും ലത്തീന്‍ അമേരിക്ക യില്‍ വിമോചന ദൈവശാസ്ത്രം ഉന്നയിച്ച നേതാക്കന്മാര്‍ക്കും എല്ലാം തന്നെ മോശ പ്രചോദനകേന്ദ്രമായിരുന്നു. Let my people goഎന്ന് മുഴങ്ങുന്ന ആധുനിക വിമോചനഗീതം നൂറ്റാണ്ടുകള്‍ താണ്ടിയെത്തിയത് മോശയില്‍ നിന്നാണ്. വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വാവബോധം (Self awareness) എന്തായിരുന്നുവെ ന്ന് ചോദിച്ചാല്‍ അത് മോശയുടെ പ്രതിരൂ പത്തോട് താദാത്മ്യം പ്രാപിക്കുന്നതിനുള്ള ആഗ്രഹമായിരുന്നു. വട്ടശ്ശേരില്‍ തിരുമേനി യുടെ കൃതികള്‍ വായിക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്ന ഒരു സംഗതിയാണത്. അടിമ ത്തത്തിലാണ്ട ജനതയെ വിടുവിക്കാനുള്ള വലിയ നിയോഗം ദൈവത്തില്‍ നിന്നു പ്രാപി ച്ച ആ മനുഷ്യന്‍റെ അദമ്യമായ ആഗ്രഹം അതായിരുന്നു: സ്വാതന്ത്ര്യം, സത്യം, നീതി.

അദ്ദേഹം മാര്‍ ഏലിയാ കത്തീഡ്രലില്‍ ചെയ്ത ഒരു പ്രസംഗത്തിന്‍റെ ഒരു ഭാഗം ഞാന്‍ ഉദ്ധരിക്കുകയാണ്. മോശയുടെ വടിയും കര്‍ത്താവിന്‍റെ കുരിശും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. “മോശയുടെ വടി സ്ലീബായുടെ മുന്‍കുറി ആയിരുന്നു. യിസ്രായേല്‍ ജനം ഫറവോന്‍റെ അടിമയില്‍ കിടന്ന് വളരെ കഷ്ടപ്പെടുമ്പോള്‍ അവരെ രക്ഷിക്കാനായി ദൈവം മോശയെ അയച്ചപ്പോള്‍ ഫറവോനോട് എതിര്‍ക്കാനായി സൈന്യത്തെക്കൂടി മോശയോടുകൂടി അയ ച്ചില്ല. പകരം ഒരു വടിയാണ് മോശയ്ക്ക് കൊടുത്തത്. അത് സാധാരണ വടി മാത്ര മായിരുന്നു. ആട്ടിടയന്മാര്‍ ഉപയോഗിക്കുന്ന വടി. മോശ ഒരു ആട്ടിടയനായിരുന്നുവല്ലോ. ആ ജോലിക്കായി അവന്‍റെ കൈവശമിരുന്ന വടി തന്നെയായിരുന്നു അത്. ദൈവം അതി നെ അനുഗ്രഹിച്ച് മോശയ്ക്കു കൊടുത്തു. യിസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനായി അയച്ച മോശയ്ക്ക് അതിനുള്ള ആയുധമായി ദൈവം കൊടുത്തത് ഒരു വടി മാത്രമായി രുന്നു.” ഒറ്റ കേള്‍വിയില്‍ വളരെ ലളിതമായിട്ടു തോന്നുന്ന ഈ വാചകത്തെക്കുറിച്ച് വളരെ ആഴമായ ഒരു വ്യാഖ്യാനം നല്‍കുന്നതിന് നമുക്ക് സാധിക്കും. അതിലേക്കു കടക്കാതെ ആ വാചകം മാത്രം ശ്രദ്ധയില്‍പെടുത്തുകയാണ്. യിസ്രായേലിന്‍റെ വിമോചനത്തെക്കു റിച്ച് ചിന്തിക്കുമ്പോളെല്ലാം അഭിവന്ദ്യനായ തിരുമേനിയുടെ മനസ്സില്‍ ഓളം വെട്ടിയിരു ന്നത് മലങ്കരസഭയുടെ പുറപ്പാടും സ്വാതന്ത്ര്യ വും വാഗ്ദത്ത ഭൂമിയിലേക്കുള്ള അതിന്‍റെ പ്രവേശനവുമാണ്. അതുകൊണ്ട് ഒന്നിനെയും ഭയപ്പെടാതെ മോശയുടെ വഴിയില്‍ അതായത് യേശുക്രിസ്തുവിന്‍റെ കുരിശില്‍ ആശ്രയിക്കു ന്ന ഒരു മലങ്കരസഭയെയാണ് അദ്ദേഹം ദര്‍ശിച്ചത്.

ഒരു ഉദ്ധരണി കൂടി ഞാന്‍ എടുക്കുകയാണ്. “കുരിശ് എന്നു പറയുന്നത് വിനയത്തി ന്‍റെയും ക്ഷമയുടെയും ലക്ഷ്യമാകുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് എന്തും അനുസരിക്കുക എന്നുള്ളത് വിനയവും ക്ഷമ യുമല്ല. നമ്മുടെ കര്‍ത്താവിനോട് പരീശ ന്മാരും ശാസ്ത്രികളും നീ ദൈവപുത്രനല്ല, നീ മനുഷ്യരെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞപ്പോള്‍ അതെ, ഞാന്‍ ദൈവ പുത്രനല്ല മനുഷ്യരെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അനുസരണത്തോടെ താന്‍ പറഞ്ഞില്ല. അങ്ങനെ താന്‍ പറഞ്ഞിരുന്നു എങ്കില്‍ അത് സാക്ഷാല്‍ വിനയം ആകുകയും ഇല്ലായിരുന്നു. കഷ്ടത സഹിക്കാനായി താന്‍ അങ്ങനെ പറയാമെന്ന് വച്ചുമില്ല. സത്യത്തി നും നീതിക്കും വേണ്ടി കഷ്ടത സഹിക്കുവാ ന്‍ തയാറാകുന്നതാണ് കുരിശ്. സത്യത്തിനും നീതിക്കും വേണ്ടി എന്തു കഷ്ടത വന്നാലും ഞാന്‍ സഹിച്ചുകൊള്ളാമെന്ന മനഃസ്ഥിതിയി ലാണ് വിനയവും ക്ഷമയും അടങ്ങിയിരിക്കു ന്നത്.” തിരുമേനിയുടെ കാതലായ സ്വഭാവ ത്തിന്‍റെ ചില വശങ്ങളും ചില ധ്വനികളും നമുക്ക് ഇവിടെ ലഭിക്കുന്നു.

കാപട്യമില്ലാത്ത നിര്‍ഭയമായ ആന്തരിക വിനയം കാണിക്കുന്ന ഒരു വ്യക്തിയായിരു ന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്‍റെ സമകാലീനര്‍ സാക്ഷിക്കുന്നു. പിന്‍തലമുറയിലെ കൃതി കള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകു ന്നത് അതാണ്. ആരുടെയെങ്കിലും പാദസേവ ചെയ്ത് സ്വന്തം കാര്യം നേടുന്നതിനു വേണ്ടി മുഖസ്തുതി പറയുന്നതിനും, സ്വന്തം സ്ഥാ നം നഷ്ടപ്പെടുമെന്നുള്ള ഭയം നിമിത്തം അതി വിനയം കാണിക്കുന്നതിനും ഒരിക്കലും ആ തിരുമേനി സന്നദ്ധനായിരുന്നില്ല. അതുകൊ ണ്ടു തന്നെ അദ്ദേഹത്തെ അഹങ്കാരിയെന്നും തന്നിഷ്ടക്കാരനെന്നും ശത്രുക്കള്‍ മാത്രമല്ല കൂടെനിന്ന ആളുകള്‍ പോലും ചിലപ്പോള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ആ ഹൃദയത്തിന്‍റെ ആഴം പലരും മനസ്സിലാക്കിയില്ല എന്ന് മാത്രമേയുള്ളൂ. എന്നാല്‍ മലങ്കരസഭയുടെ സമാധാ നത്തിനു വേണ്ടി, ഇവിടെ സ്വതന്ത്രവും ക്രമീ കൃതവുമായ ഒരു സഭ ഉണ്ടാക്കുന്നതിനു വേണ്ടി, ഭൂമിയോളം താഴാന്‍ അദ്ദേഹം തയ്യാ റായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മര്‍ദ്ദീന്‍ യാത്രയി ല്‍ അതിനുവേണ്ടിയുള്ള ഒരുക്കവും അവിടെ ചെന്ന് പാത്രിയര്‍ക്കീസിനോടു പറഞ്ഞ കാര്യ ങ്ങളും വായിച്ചാല്‍ അദ്ഭുതപ്പെട്ടുപോകും. ഈ പുറമെ ധാര്‍ഷ്ട്യം കാണിക്കുന്ന അഹ ങ്കാരിയെന്നു വിളിക്കപ്പെട്ടിരുന്ന മനുഷ്യനാണോ തന്‍റെ സഭയ്ക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നതെന്ന് നമുക്ക് അദ്ഭുതം തോന്നും. അപ്പോള്‍ മലങ്കരസഭയുടെ നന്മയും സമാധാനവും മാത്രമായിരുന്നു അദ്ദേഹത്തി ന്‍റെ ലക്ഷ്യം. അതിനുവേണ്ടി സ്വന്തം സ്ഥാനം ത്യജിക്കാന്‍ എപ്പോഴും തയാറായിരുന്നു; അത് വെറുമൊരു പൊള്ളവാക്ക് അല്ല. ഭംഗിവാക്ക് അല്ല അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹം യഥാര്‍ത്ഥമായിട്ട് അങ്ങനെ തന്നെ തയാറായി രുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മാര്‍ ദീവ ന്നാസ്യോസിന്‍റെ കാതലായ സ്വഭാവമായി രുന്നു. വാളു വച്ച് കഴുത്തറത്താലും താനും തന്‍റെ സഹോദര മെത്രാപ്പോലീത്തന്മാരും മല ങ്കരസഭയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊ ണ്ടുള്ള ഒരു സമാധാനത്തിന് തയ്യാറാകുക യില്ല എന്നദ്ദേഹം പാത്രിയര്‍ക്കീസിനോട് നേരിട്ട് പറഞ്ഞു. അതിനദ്ദേഹം കഷ്ടതകള്‍ സഹിക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ചരമപ്രസംഗത്തില്‍ പ. ഗീവ ര്‍ഗീസ് ദ്വിതീയന്‍ ബാവാ പറഞ്ഞത് വട്ടശ്ശേരില്‍ തിരുമേനി മലങ്കരസഭയുടെ മൗദ്യോനോ ആണെന്ന്. Confessor. അതായത് കര്‍ത്താവി നുവേണ്ടി സാക്ഷ്യം വഹിക്കുകയും കഷ്ടത അനുഭവിക്കുകയും എന്നാല്‍ കൊല്ലപ്പെടാതെ സ്വാഭാവിക മരണം പ്രാപിക്കുകയും ചെയ്യുന്ന ആളാണ് മൌദ്യോനോ. ഈ തിരുമേനി 20-ാം നൂറ്റാണ്ടിലെ സഭയുടെ കണ്‍ഫെസര്‍ ആയിരു ന്നു, മൗദ്യോനോ ആയിരുന്നു എന്നുള്ളതാണ് വാസ്തവം.

പാത്രിയര്‍ക്കീസുമായി സംസാരിച്ച് ഇവിടെ അനുരഞ്ജനമുണ്ടാക്കുന്നതിനു വേണ്ടിയുള്ള മഹത്തായ മര്‍ദ്ദീന്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ്, അദ്ദേഹം കുണ്ടറ സെമിനാരിയില്‍ വച്ചു ചെയ്ത പ്രസംഗം വളരെ ഹൃദയസ്പര്‍ശിയാണ്. അന്നുണ്ടായിരുന്ന ചില ഊഹാപോഹ ങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഈ വാര്‍ദ്ധക്യകാലത്ത് ഈ മനുഷ്യന്‍ വിദേശത്തേയ്ക്ക് പോകുന്നതിന്‍റെ കാരണം കേസി ല്‍ തോറ്റതിലുള്ള ദുഃഖം മറക്കുന്നതിനു വേണ്ടിയുള്ള ഒരു വിദേശ സഞ്ചാരമാണെന്ന് ചില ആളുകള്‍ പറഞ്ഞു. മറ്റു ചിലര്‍ പറ ഞ്ഞു, ഇദ്ദേഹം ഇവിടെനിന്ന് രക്ഷപെട്ട് ശീമയില്‍ പോയി ശിഷ്ടായുസ് കഴിക്കുവാന്‍ വേ ണ്ടി പോകുകയാണ്. വേറെ ചിലര്‍ പറഞ്ഞു, ഇദ്ദേഹം പാത്രിയര്‍ക്കീസിനെ പോയി കണ്ടിട്ട്, അവിടെ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഒരു കിഴക്കന്‍ സഭയില്‍ നമ്മുടെ സഭയെ ചേര്‍ക്കുന്നതിനുവേണ്ടിയാണ് പോകുന്നതെന്ന്. എന്നിട്ട് അദ്ദേഹം തന്നെ വ്യക്തമായി തന്‍റെ യാത്രയുടെ ലക്ഷ്യം വിശ ദമാക്കുകയും ചെയ്യുന്നുണ്ട്. ഞാനിത് പറഞ്ഞ ത്, നമ്മുടെ സഭ രണ്ടായി കഴിഞ്ഞു, നമ്മുടെ സഭ രണ്ടായിട്ട് നില്‍ക്കണം, രണ്ടായി തുടര്‍ ന്നാല്‍ തരക്കേടില്ല, രണ്ടാക്കിവേണം സമാധാനമുണ്ടാക്കാന്‍ എന്നൊക്കെ ധാരാളംപേര്‍ പറയുന്നുണ്ട്. എന്നാല്‍ എന്തായിരുന്നു വട്ടശ്ശേരില്‍ തിരുമേനിയുടെ മനസ്സിലിരുന്നത് എന്നുള്ളത് അറിയാന്‍ ഒരു ഉദ്ധരണി കൂടി ഞാന്‍ എടുക്കുകയാണ്. അദ്ദേഹത്തിന്‍റെ അന്ത്യസന്ദേശത്തില്‍ നിന്നാണ് ഈ വാചകം: “ചെറിയ ആട്ടിന്‍കൂട്ടമാകുന്ന നമ്മുടെ പാവപ്പെട്ട സഭ ഛിന്നഭിന്നമായി തീരാതിരിക്കാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണമെന്നുള്ളതു ദൈവസന്നിധിയില്‍ നിങ്ങളുടെ സര്‍വപ്രധാനമായ ചുമതലയായി നമ്മുടെ പ്രിയ മക്കളില്‍ ഓരോരുത്തരും സ്വീകരിക്കണമെന്നു നമ്മുടെ അവസാന ശ്വാസത്തോടുകൂടി നാം പ്രബോധിപ്പിച്ചുകൊള്ളുന്നു.”

വളരെയേറെ ദൂരെയുള്ള, നമ്മളുമായി യാതൊരു സാംസ്ക്കാരികമായ ബന്ധമോ ഭാഷാപരമായ ബന്ധമോ ഒന്നുമില്ലാത്ത സഭ കളുമായിട്ട് ബന്ധം ഊട്ടിഉറപ്പിക്കുവാന്‍ ശ്രമി ക്കുന്നതോടൊപ്പം, അതിനേക്കാള്‍ പ്രധാനമാ യിട്ടുള്ളത് ഇവിടെയുള്ള നമ്മുടെ സഹോദരീ സഭകളോട് സ്നേഹബന്ധം പുലര്‍ത്തി യഥാ ര്‍ത്ഥമായ സംസര്‍ഗ്ഗത്തിലേക്കു വരിക എന്നു ള്ളതാണ്. അതൊരു റാഡിക്കല്‍ സ്റ്റേറ്റ്മെന്‍റാ ണ്. പക്ഷേ, അതിന്‍റെ പുറകില്‍ ഒരു സംഗതിയുണ്ട്.

ഞാനാ റാഡിക്കല്‍ സ്റ്റേറ്റ്മെന്‍റ് മനസ്സില്‍ വച്ചുകൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയുടെ കൃതികള്‍ വായിച്ചപ്പോള്‍ അന്ത്യശാസനത്തി ല്‍ അദ്ദേഹം പറയുന്നു (ഏറ്റവും പ്രധാനപ്പെട്ട തേ അപ്പോള്‍ പറയൂ). “ഒരേ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുമു ള്ള മാംസവുമെങ്കിലും നമ്മുടെ സഭയില്‍ നിന്നും പിരിഞ്ഞുപോയിട്ടുള്ള സഹോദരീ സമുദായങ്ങളുമായി യോജിപ്പുണ്ടാക്കണമെന്ന് നമ്മുടെ ഹൃദയത്തിന്‍റെ അഗാധത്തില്‍ വളരെ ക്കാലമായി വേരൂന്നിയിരുന്ന ആഗ്രഹം സഫലീഭവിപ്പിക്കാനായി സര്‍വ്വപ്രകാരേണ പരിശ്രമിക്കണമെന്നുള്ളതും നമ്മുടെ അവസാനശ്വാസത്തോടുകൂടി നിങ്ങളെ നാം ഭരമേല്‍പ്പിക്കുന്ന ഒരു ചുമതലയും ഭാരവുമായി നിങ്ങള്‍ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കുന്നു.”

ഭാരതീയവും അപ്പോസ്തോലികവും പൗരസ്ത്യവുമായ നമ്മുടെ സഭയുടെ ദര്‍ശ നം ഈ കൊച്ചുസഭയില്‍ മാത്രം ഒതുക്കി നിര്‍ത്താനുള്ളതല്ല. ഇന്ത്യയില്‍, കേരളത്തില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ നാമം വഹിക്കുന്ന എല്ലാ ക്രിസ്ത്യാനികളെയും ഈ വലിയ ദര്‍ശനത്തിന്‍റെ കാഴ്ചപ്പാടില്‍ കൊണ്ടുവന്ന് ഈ വലിയ ക്യാന്‍വാസില്‍ വരയ്ക്കുന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തുവാന്‍ നമുക്ക് സാധിക്കും. അവിടെയാണ് നമ്മുടെ Christian Vocation. അവിടെയാണ് നമ്മുടെ സഭയുടെ അതുല്യമായ മേന്മയും ഉത്തരവാദിത്തവും ചുമതലയും നാം കാണേണ്ടത്. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. ഈ പരിശുദ്ധന്‍റെ പ്രാര്‍ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

(1996-ലെ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് അനുസ്മരണ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)