എം. ജി. എസ്. നാരായണന്‍റെ വാദങ്ങള്‍ക്ക് ഒരു മാന്യമായ മറുപടി.
reply_to_M_G_S_Narayanan
മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ 2013 ഡിസംബര്‍ 22-28 ലക്കത്തില്‍ ഇമ്മാതിരി ചരിത്രവും പുസ്തകവും ഇനി വേണ്ട! എന്ന പേരില്‍ പ്രൊഫ. എം. ജി. എസ്. നാരായണന്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. പട്ടണം അഥവാ മുസിരിസ് അഥവാ മഹോദയപുരം പുരാവസ്തു പര്യവേഷണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മുസിരിസ് (Muziris) എന്ന ഒരു ഇംഗ്ലീഷ് പുസ്തകത്തെ വിമര്‍ശിച്ച് എഴുതിയതാണ് പ്രസ്തുത ലേഖനം. കേരള ചരിത്ര രചനയിലെ മുടിചൂടാ മന്നനാണ് പ്രൊഫ. എം. ജി. എസ്. നാരായണന്‍ എന്നാണു ചിലരുടെ വയ്പ്. അതോ, അദ്ദേഹം ചോദ്യം ചെയ്യുന്ന പ്രസ്താവിത പര്യവേഷണത്തിന്‍റെ ശാസ്ത്രീയതയോ അശാസ്ത്രീയതയോ അല്ല ഇവിടെ പരിചിന്തനം ചെയ്യുന്നത്. മുസിരിസ് പ്രൊജക്ടിനെ നിസാരവല്‍ക്കരിക്കാന്‍ അദ്ദേഹം അസ്ഥാനത്തു വലിച്ചിഴയ്ക്കുന്ന അബദ്ധപ്പഞ്ചാംഗങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പ്രസ്തുത ലേഖനത്തില്‍ ഈ കുറിപ്പിന് ആധാരമായ പരാമര്‍ശനങ്ങള്‍ താഴെ പറയുന്നവയാണ്.
… മുസിരിസ് നിസ്തുലമാണ്; കാരണം ഇന്ത്യയിലെ ഒന്നാമത്തെ ചര്‍ച്ചും ഒന്നാമത്തെ മോസ്കും ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ മോണുമെന്‍റും അവിടെയാണ് (പുറം 2). കൂട്ടത്തില്‍ മുസരിസ് എന്നറിയപ്പെടുന്ന പ്രദേശം പുരാവസ്തുപരമായ കണ്ടുപിടിത്തങ്ങളില്‍ പെട്ടെന്നു പ്രശസ്തിയാര്‍ജ്ജിച്ചു എന്നു കൂടി എഴുതി വച്ചിട്ടുണ്ട് (പുറം 2)…
… ഒന്നാമത്തെ ചര്‍ച്ച് എന്നു പറയുന്നത് സെന്‍റ് തോമസിന്‍റെ പേരിലുള്ള ചര്‍ച്ചാവണം. അതൊരു കെട്ടുകഥയാണ്. തോമസ് അപ്പോസ്തലന്‍ ജീവിച്ചിരിക്കാവുന്ന ക്രിസ്തു ഒന്നാം ശതകത്തില്‍ ക്രിസ്തുമതത്തിന് പള്ളിയോ കുരിശടയാളമോ ഉണ്ടായിരുന്നില്ല. കെട്ടിച്ചമച്ച കഥയില്‍ പറയുന്നപോലെ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ ബ്രാഹ്മണ നേതൃത്വമോ ചേരമാന്‍ പെരുമാളോ ഉണ്ടായിരുന്നില്ല. ചേരമാന്‍ പെരുമാള്‍ എന്ന സ്ഥാനപ്പേരുള്ള കേരള രാജാക്കന്മാരുടെ ഭരണം ആരംഭിക്കുന്നത് ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ആണെന്ന് പ്രൊഫസര്‍ ഇളംകുളം സംശയാതീതമായ പുരാലേഖ്യത്തെളിവുകളോടെ വ്യക്തമാക്കിയതാണ്; പിന്നീട് ഞാനും എന്‍റെ സഹപ്രവര്‍ത്തകരായ ഗവേഷകരും വിദ്യാര്‍ത്ഥികളും സ്ഥിരീകരിച്ചതുമാണ്. ബ്രാഹ്മണസങ്കേതങ്ങള്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമായ ചേരമാന്‍ പെരുമാക്കളുടെ കാലത്തു മാത്രമാണുണ്ടാവുന്നത്. അപ്പോള്‍ ഐതിഹ്യത്തില്‍ ഉള്ളപോലെ തോമസ് അപ്പോസ്തലന്‍ ചേരമാന്‍ പെരുമാളെയും ബ്രാഹ്മണരായ ഉപദേശകരെയും മതം മാറ്റിയെങ്കില്‍ അപ്പോസ്തലന്‍ എട്ടു നൂറ്റാണ്ടുകള്‍ വരെ ജീവിച്ചിരുന്നിരിക്കണം.! …
… വത്തിക്കാന്‍ സര്‍വ്വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ച ഒരു പ്രബന്ധത്തില്‍ കേരളീയനായ ബെനഡിക്ട് വടക്കേടത്തില്‍ അപ്പോസ്തലന്‍ തോമസ്സിനെക്കുറിച്ച് വിശദമായ പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. സമകാലികമായോ അതിനടുത്തതായോ ഉള്ള ഒരു പ്രമാണവും അപ്പോസ്തലന്‍ കേരളത്തില്‍ വന്നതായി കാണിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്-സംസ്കൃതം-സിറിയക്ക്-ഗ്രീക്ക്-റോമന്‍ സാഹിത്യപ്രമാണങ്ങളും പുരാവസ്തു റിപ്പോര്‍ട്ടുകളും നാണയങ്ങളും വിസ്തരിച്ചു പഠിച്ചശേഷമുള്ള സമഗ്രമായ ചരിത്രമാണ് ബിഷപ്പ് കാഴ്ചവെച്ചിട്ടുള്ളത് (Origin of Christanity in India, Media House, 2012). എങ്കിലും പ്രബലമായ ഐതിഹ്യത്തെ മാനിക്കണം എന്ന ഒരു ചിന്തയും കൂടി അദ്ദേഹം പുസ്തകാവസാനത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐതിഹ്യം പരിശോധിച്ചപ്പോള്‍ ക്രിസ്തു വര്‍ഷം പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ പോര്‍ച്ചുഗീസ് നാവികര്‍ എത്തുന്നതിനു മുമ്പുള്ള ഒരു ഐതിഹ്യരേഖയും കാണാനായില്ല. പള്ളിപ്പാട്ടുകളും റമ്പാന്‍പാട്ടുകളും എല്ലാം ആധുനിക മലയാളത്തില്‍ സൃഷ്ടിച്ചതാണ്. മാത്രമല്ല, പോര്‍ച്ചുഗീസ് വൈദികര്‍ 1599-ല്‍ വിളിച്ചുകൂട്ടിയ ഉദയമ്പേരൂര്‍ പള്ളിയിലെ സുന്നഹദോസില്‍ (Synod of Diamper) പങ്കെടുത്ത സിറിയന്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പോലും അപ്പോസ്തലന്‍ കേരളത്തില്‍ വന്നതായി അവകാശപ്പെടുന്നില്ല. സിറിയന്‍ ക്രിസ്ത്യാനികളെ തോമസ് ക്രിസ്ത്യാനികള്‍ എന്ന് വിളിച്ചുവന്നത് അപ്പോസ്തലന്‍ സിറിയന്‍ പ്രദേശത്ത് വച്ചു മാര്‍ഗ്ഗം കൂട്ടിയ ക്രിസ്ത്യാനികളുടെ പിന്‍തലമുറക്കാര്‍ എന്ന ഒരര്‍ത്ഥത്തില്‍ ആകാനേ വഴിയുള്ളു. …
മാതൃഭൂമി വാരികയുടെ പതിനൊന്ന് പേജുകള്‍ അപഹരിക്കുന്ന ഈ ലേഖനത്തില്‍ മുസിരിസ് നിസ്തുലമാണ്; കാരണം ഇന്ത്യയിലെ ഒന്നാമത്തെ ചര്‍ച്ചും … എന്നിത്യാദിയുള്ള ഗ്രന്ഥപരാമര്‍ശനത്തെ കെട്ടുകഥ എന്ന് എം. ജി. എസ്. നാരായണന്‍ തള്ളുകയാണ്. ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടുകളില്‍ ലോകത്തൊരിടത്തും പള്ളി ഇല്ലായിരുന്നു എന്ന നിഗമനമാണ് ഇതിനു പിന്തുണയായി ചൂണ്ടിക്കാട്ടുന്നത്. അതേപോലെ ഹിജറാ ആദ്യ നൂറ്റാണ്ടില്‍ കേരളത്തില്‍ മുസ്ലീം ആരാധനാലയം ഉണ്ടായി എന്നതിനേയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇതിന്‍റെ ന്യായാന്യായങ്ങളിലേയ്ക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഒന്നു മാത്രം, ക്രിസ്തുവര്‍ഷം 313-ലെ മിലാന്‍ എഡിക്ടു വരെ റോമാസാമ്രാജ്യത്തില്‍ മതപീഡനംമൂലം ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ലായിരുന്നു എന്ന വാദംപോലും സമീപകാലത്ത് ചില പുരാവസ്തു ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് എം.ജി.എസിന് അറിവില്ലായിരിക്കും.
ഇന്ന് ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങളെ സൂചിപ്പിക്കാനാണ് പള്ളി എന്ന പദം മലയാളഭാഷയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ ആരാധനാലയം കൂടാതെ പൊതുസഭയെ – സമൂഹം (Community) – കുറിക്കാനും നസ്രാണികള്‍ പള്ളി എന്നുപയോഗിച്ചിരുന്നു. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളിലെ ശുദ്ധമാന റോമാപ്പള്ളി, നിരണം ഗ്രന്ഥവരിയിലെ കാതോലിക്കാപ്പള്ളി റോമാപ്പള്ളിയല്ല മുതലായ പ്രയോഗങ്ങള്‍ തന്നെ ഉദാഹരണം. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണര്‍ ഇല്ലായിരുന്നു എന്ന് എം. ജി. എസ്. നാരായണന്‍ വാദിക്കുമ്പോള്‍, നസ്രാണി പാരമ്പര്യത്തില്‍ ബ്രാഹ്മണര്‍ എന്നു വിവക്ഷിക്കുന്നതു ബുദ്ധമതത്തിലെ ശ്രമണകര്‍ ആകാമെന്നു ഗുണ്ടര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന വസ്തുത മറച്ചുവയ്ക്കുന്നു.
സുറിയാനി ക്രിസ്ത്യാനികള്‍ എന്ന സംജ്ഞ പതിനെട്ടാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ കൊച്ചിയിലെ ഡച്ചു ഗവര്‍ണര്‍ മോയന്‍സ് നല്‍കിയതാണ്. നവക്രൈസ്തവരേയും പൂര്‍വിക ക്രിസ്ത്യാനികളേയും തിരിച്ചറിയേണ്ട ഭരണപരമായ ആവശ്യം മൂലമാണ് ഇരുകൂട്ടരുടേയും ആരാധനാ ഭാഷയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നാമകരണം ഡച്ച് അധികാരികള്‍ നടത്തിയത്. അതില്‍ വിദേശ വംശീയതയുടെ യാതൊരു ഘടകവുമില്ല. അതിനു മുമ്പ് അത്തരം ഒരു പദപ്രയോഗവും ഒരിടത്തുമില്ല. കേരളത്തിലെ കൊളോണിയല്‍പൂര്‍വ ക്രൈസ്തവര്‍ നസ്രാണികള്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. നസറായനായ യേശുവിന്‍റെ അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ സെമിറ്റിക്ക് ഭാഷകളില്‍ രൂപമെടുത്തതാണ് നസ്രാ അഥവാ നസ്രാണി എന്ന പദം. ബൈബിളില്‍ത്തന്നെ സൂചിപ്പിക്കുന്ന ക്രിസ്ത്യാനി എന്ന പദം പോലും അവര്‍ക്ക് അന്യമായിരുന്നു. അവരെ സെന്‍റ് തോമസ് ക്രിസ്ത്യാനികള്‍ അഥവാ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്നു വിശേഷിപ്പിച്ചത് പാശ്ചാത്യരാണ്. തങ്ങളുടെ മാര്‍ഗ്ഗസ്ഥാപകനായ സെന്‍റ് തോമസിനോട് (അവരുപയോഗിച്ചിരുന്ന ആരാധനാ ഭാഷയായ സുറിയാനിയില്‍ മാര്‍ തോമാ ശ്ലീഹാ) ഉള്ള അതിരുകടന്ന ബഹുമാനമായിരുന്നു അതിനു കാരണം. 1302-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഫ്രയര്‍ ജോര്‍ഡാന്‍ … അവര്‍ തോമസ് അപ്പോസ്തോലനെ ക്രിസ്തുവിനു തുല്യമായി കാണുന്നു… (… Nay, they believe Saint Thomas the great to be Christ.. ….) എന്നു വിശേഷിപ്പിക്കുവാന്‍ തക്കവണ്ണം കഠിനമായിരുന്നു നസ്രാണികളുടെ തോമാവബോധം (ടേ. ഠവീാമെ ഇീിരെശീൗിലെൈ).
കേരളത്തിലെ കൊളോണിയല്‍പൂര്‍വ്വ ക്രൈസ്തവര്‍ക്ക് സെന്‍റ് തോമസ് പൈതൃകം ഇല്ലായെന്നു സ്ഥാപിക്കാനാണ് എം. ജി. എസ്. തീവ്രശ്രമം നടത്തുന്നത്. ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിലെ തോമസിന്‍റെ നടപടികള്‍ (Acta Thoma) വായ്മൊഴി വഴക്കമെന്നു വിധിച്ച് മാറ്റിവെച്ചാലും അത്തരമൊരു ഐതിഹ്യം അന്ന് നിലവിലുണ്ടായിരുന്നു എന്ന വസ്തുതയുടെ പ്രാധാന്യം കുറച്ചു കാണാനാവില്ല. എന്നാല്‍ കേരളവുമായി ഒരു ബന്ധവുമില്ലാത്ത ഒന്‍പതാം നൂറ്റാണ്ടിന്‍റെ പ്രാരംഭകാലത്തെ ആംഗ്ലോ-സാക്സണ്‍ ക്രോണിക്കിളില്‍ ഇംഗ്ലണ്ടിലെ ആല്‍ഫ്രഡ് രാജാവ് ഇന്ത്യയിലെ സെന്‍റ് തോമസ് കബറിടത്തിലേയ്ക്ക് നേര്‍ച്ച കൊടുത്തയച്ചു എന്ന പരാമര്‍ശനത്തെ അപ്രകാരം തള്ളിക്കളയാനാവില്ല.
രേഖാധിഷ്ഠിത ചരിത്രരചനയില്‍ മാത്രം വിശ്വസിക്കുന്ന എം. ജി. എസ്. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, അന്‍റോണിയോ ഗുവയോയുടെ ജൊര്‍ണാഡാ, ക്രിസ്തുവര്‍ഷം 1500-ലെ ഇന്ത്യാക്കാരന്‍ ജോസഫിന്‍റെ വിവരണങ്ങള്‍ എന്നീ കേരളത്തില്‍ ലഭ്യമായ മൂലരേഖകള്‍ പോലും കണ്ടിട്ടില്ല എന്നാണ് ഈ ലേഖനത്തിലൂടെ സമ്മതിക്കുന്നത്.
1599-ലെ കുപ്രസിദ്ധമായ ഉദയംപേരൂര്‍ സുന്നഹദോസില്‍ കേരള ക്രൈസ്തവ പുരോഹിതര്‍ (നസ്രാണി പുരോഹിതര്‍ കത്തനാര്‍ എന്നാണ് അന്നും ഇന്നും കേരള സമൂഹത്തില്‍ അറിയപ്പെടുന്നത്. പാതിരി എന്നല്ല.) മാത്രമല്ല അവൈദികരും ഉള്‍പ്പെട്ടിരുന്നു. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടേയും ഗോവയിലെ റോമന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ്പും പോര്‍ട്ടുഗീസ് ഗവര്‍ണറുമായിരുന്ന അലക്സീസ് ദ മെനേസീസ് വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ സുന്നഹദോസെന്ന മലങ്കര പള്ളിയോഗത്തില്‍ ഈ പൂര്‍വിക പാരമ്പര്യം പാലിച്ചിരുന്നു. കൊച്ചി രാജാവിന്‍റെ പടയും പോര്‍ട്ടുഗീസ് പട്ടാളവും വട്ടയണിയിട്ടുനിന്ന് മുമ്പുകൂട്ടി എഴുതി തയാറാക്കിക്കൊണ്ടുവന്ന നിശ്ചയങ്ങള്‍ വായിച്ചെന്നുവരുത്തി അംഗീകരിച്ചതായി പ്രഖ്യാപിച്ച ഈ സമ്മേളനത്തില്‍ നസ്രാണികള്‍ക്ക് വാ തുറക്കാന്‍ സാധിച്ചോ എന്ന ചോദ്യമാണ് ആദ്യം ഉന്നയിക്കേണ്ടത്.
എങ്കില്‍പ്പോലും നസ്രാണിയുടെ തോമാവബോധം അവിടെ പൊട്ടിത്തെറിച്ചു എന്ന് ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍ തന്നെ വ്യക്തമാക്കുന്നു. രണ്ടാം മൌത്വാ. രണ്ടാം യൊഗവിശാരം. ഏഴാം കാനോനായില്‍ ശെമവോന്‍ കെപ്പാടെയും (മാര്‍ പത്രോസ് ശ്ലീഹാ) മര്‍ത്തൊമ്മാടെയും (മാര്‍ തോമാ ശ്ലീഹാ) വഴിപാടും മാര്‍ഗ്ഗവും രണ്ട … എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇതാണ്. ഇതേ കാലത്തുതന്നെ റോമാ സഭയെ പ്രതിനിധാനം ചെയ്യുന്ന മാര്‍ പത്രോസ് ശ്ലീഹായേയും തങ്ങളെ പ്രതിനിധീകരിക്കുന്ന മാര്‍ത്തോമ്മാ ശ്ലീഹായേയും കഥാപാത്രങ്ങളാക്കി പാലയൂരെ നസ്രാണികള്‍ വാദപ്രതിവാദരൂപത്തില്‍ ഒരു പ്രഹസനം ഉണ്ടാക്കി പലയിടത്തും അവതരിപ്പിച്ചതായി മെനേസീസിന്‍റെ ചരിത്രകാരനായ അന്‍റോണിയോ ഗുവയോയും രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ തട്ടകമായ ഇന്ത്യയില്‍ മാര്‍ പത്രോസ് ശ്ലീഹാ, അതായത് റോമാ സഭ, കടന്നുകയറുന്നതായി മാര്‍ തോമാ ശ്ലീഹാ പരാതിപ്പെടുന്നതായാണ് പ്രഹസനം ആരംഭിക്കുന്നത്. പോര്‍ച്ചുഗീസുകാരോട് ഇതില്‍പ്പരം ഈ വിഷയം വ്യക്തമാക്കേണ്ടതുണ്ടോ?
പുറകോട്ടു പോയാല്‍ ക്രിസ്തുവര്‍ഷം 1500-ല്‍ പെഡ്രോ അല്‍വാറീസ് കബ്രാളിന്‍റെ കപ്പലില്‍ വെനീസിലെത്തിയ ഇന്ത്യാക്കാരന്‍ ജോസഫ് എന്നറിയപ്പെടുന്ന നസ്രാണി കത്തനാര്‍ നല്‍കിയ വിവരണങ്ങള്‍ ആ നൂറ്റാണ്ടില്‍ത്തന്നെ യൂറോപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നസ്രാണികളുടെ മാര്‍ത്തോമ്മന്‍ പൈതൃകത്തെപ്പറ്റി അദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ തോമാവബോധത്തിന്‍റെ ശക്തമായ സൂചനകളാണ്. നസ്രാണികളുടെ ആഘോഷങ്ങളേപ്പറ്റി പറയുമ്പോള്‍ …They observe the octave of Easter with more festivity than any other, for they affirm that on that day St. Thomas, about whom they are very zealous, put his hand in the side of our Lord and recognized he was not a phantom. … F¶pw, …And, the first day of July is celebrated with great solemnity by Christians as well as by the gentiles in memory of St. Thomas … എന്നും, ..അദ്ദേഹം വ്യക്തമാക്കുന്നു. ഇതു നസ്രാണിയുടെ തോമാവബോധത്തിന്‍റെ ബഹിര്‍സ്ഫുരണമല്ലെങ്കില്‍ പിന്നെന്താണ്? നസ്രാണിയുടെ മാത്രമല്ല; അന്നത്തെ മൊത്തം കേരളീയ സമൂഹത്തിന്‍റെ തോമാവബോധത്തിന്‍റെ പ്രകടനം ഈ വരികളില്‍ കാണാം. അദ്ദേഹം തന്നെ … .In that city (Milapar) there is the much venarated Church of St. Thomas the Apstole, and this Church is comparable with the Church od St. Peter and St. Paul in Venice. In it rests the body of St. Thomas, which is evident form the countless miracles there. … എന്നു പറയുന്നതിനേക്കാള്‍ മാര്‍ത്തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നിരുന്നു എന്നു കൊളോണിയല്‍പൂര്‍വ നസ്രാണികള്‍ വിശ്വസിച്ചിരുന്നു എന്നതിനു കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടോ?
വീണ്ടും പുറകോട്ടു പോയാല്‍ 1301-ല്‍ ചിങ്കള (ചെങ്ങലയഴി) നഗരത്തില്‍ വെച്ച് പകര്‍ത്തിയെഴുതിയ ഒരു സുറിയാനി ഗ്രന്ഥത്തിന്‍റെ (VAT SYR. 22) പകര്‍പ്പെഴുത്തു വിവരണത്തില്‍ (Colophon) കാണുന്ന … This holy book was written in the royal, renowned, and famous city of Shingala in Malabar, in the country of India … in the time of bishop Mar Jacob, Metropolitan and director of the holy see of the Apostle Saint Thomas, that is to say, our director and the director of all the holy Church of Christian India … ഭാഗവും ഒരു തെളിവല്ലായിരിക്കും!
ഭൗതികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ചരിത്രരചന നിര്‍വഹിക്കണം എന്ന ന്യൂട്ടോണിയന്‍ സിദ്ധാന്തം പിന്തുടരുന്നു എന്നവകാശപ്പെടുന്ന എം. ജി. എസ്. നാരായണന്‍ ഇവയുടെയൊക്കെ നേരെ കണ്ണടച്ചിട്ടാണ് ചില തിരുനാള്‍ നോട്ടീസുകളും അമ്മൂമ്മക്കഥകളും ആധികാരിക നസ്രാണി ചരിത്രമാണെന്ന വ്യാജേന അവതരിപ്പിച്ച് അവയുടെ അടിസ്ഥാനത്തില്‍ നസ്രാണികളുടെ മാര്‍ത്തോമ്മാ പൈതൃകത്തെ നിരാകരിക്കുന്നത്!
എം. ജി. എസ്. പരാമര്‍ശിക്കുന്ന റമ്പാന്‍പാട്ട് ആദ്യം അവതരിപ്പിച്ചത് ഒരു നൂറ്റാണ്ടു മുമ്പ് ഫാ. ക.നി.മൂ.സ. ബെര്‍ണാഡ് എന്ന റോമന്‍ കത്തോലിക്കാ പുരോഹിതനാണ്. ടി. കെ. ജോസഫ് അതിന്‍റെ ആധികാരികതയില്‍ അതിനടുത്ത കാലത്തുതന്നെ സംശയം പ്രകടിപ്പിച്ചു. റമ്പാന്‍പാട്ട് സമീപകാല കെട്ടുകഥയാണെന്നു തുറന്നടിച്ചത് പതിനായിരത്തിലധികം പേജില്‍ നസ്രാണി ചരിത്രമെഴുതിയ ഇസഡ്. എം. പാറേട്ടാണ്. വിവരമുള്ള നസ്രാണി ചരിത്രകാരന്മാര്‍ തന്നെ തള്ളിക്കളഞ്ഞ റമ്പാന്‍പാട്ടിനെ ആധികാരികമായെടുത്താണ് എം. ജി. എസ്. നാരായണന്‍ ഇവിടെ തന്‍റെ നിഗമനങ്ങള്‍ കരുപ്പിടിപ്പിക്കുന്നത്. എന്നാല്‍ … It is not reasonable to hope that the visit of Saint Thomas could be proved by certified records in the archives of government; nor is it right to think that the transactions should, if true, be recorded in stone or copper. Saint Thomas came to India to preach Christianity, not to create historical evidences…. എന്നു രേഖപ്പെടുത്തിയത് കേരളത്തിലെ വര്‍ഗ്ഗസമര ചരിത്രകാരന്മാരോ വര്‍ഗ്ഗീയ ചരിത്രകാരന്മാരോ അല്ല; തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ സദസ്യതിലകന്‍ ടി. കെ വേലുപ്പിള്ളയാണ്.
ഒരു സംശയം കൂടി ഉന്നയിക്കട്ടെ, ശ്രീബുദ്ധനും ശങ്കരാചാര്യരും ജീവിച്ചിരുന്നു എന്നതിന് യാതൊരു വര്‍ത്തമാനകാല രേഖകളുമില്ല. ശ്രീബുദ്ധന്‍റെ കാലശേഷം മൂന്നു നൂറ്റാണ്ടിനു ശേഷമാണ് അദ്ദേഹത്തെപ്പറ്റി ഒരു രേഖാ പരാമര്‍ശനം ഉണ്ടാകുന്നത്. ശങ്കരാചാര്യരുടെ കാര്യത്തില്‍ അതുമില്ല. അവരിരുവരുടേയും അസ്തിത്വം അംഗീകരിക്കുന്ന എം. ജി. എസിനെപ്പോലുള്ളവര്‍ അവ സ്വീകാര്യമാകുന്ന മാനദണ്ഡം ഉപേക്ഷിച്ച് സെന്‍റ് തോമസ് പൈതൃകത്തിന്‍റെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു സരണി സ്വീകരിക്കുകയും വാശിപിടിക്കുകയും ചെയ്യുന്നതിന്‍റെ പിന്നിലെ ചേതോവികാരം എന്തെന്നു വ്യക്തമാക്കണം.
തരിസാപ്പള്ളിപ്പട്ടയം നിലവിലുള്ളതുമൂലം മാത്രം ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ക്രിസ്ത്യാനികളുണ്ടായിരുന്നതായി എം. ജി. എസ്. ഞരങ്ങി സമ്മതിക്കുന്നു. പക്ഷേ അത് വിദേശ ജനവര്‍ഗ്ഗമാണ്! അതിലും ദയനീയമാണ് മുസ്ലീങ്ങളുടെ സ്ഥിതി. തരിസാപ്പള്ളിപ്പട്ടയത്തില്‍ ചില അറബികള്‍ സാക്ഷി നിന്നതുമൂലം അവര്‍ അന്നു കേരളത്തിലെത്തിയെന്നു സമ്മതിക്കാന്‍ നിര്‍ബന്ധിതനാകുന്ന എം. ജി. എസ്., പക്ഷേ പന്ത്രണ്ടാം ശതകംവരെ അവര്‍ ഇവിടെ ഒരു നമസ്ക്കാരപ്പായപോലും വിരിച്ചതായി അംഗീകരിക്കുന്നില്ല. അക്കാലത്ത് ഇവിടെ നാട്ടു മുസ്ലീങ്ങളുമില്ല!
ഒരു ന്യായമായ സംശയം ഉന്നയിക്കട്ടെ? നസ്രാണിയെ പരദേശിയായും മുസ്ലീങ്ങളെ മൈസൂര്‍ ആക്രമണത്തിന്‍റെ ഉല്പന്നമായും നമ്പൂതിരിയെ അധിനിവേശ ശക്തിയായും തള്ളിക്കളഞ്ഞ് …നമ്മെശ്ശകാരമൊരുപാടുകഴിച്ച് … പിന്നെന്തു കേരള ചരിത്രമാണ് എം. ജി. എസ്. നാരായണന്‍ രചിക്കുവാന്‍ പോകുന്നത്? കൊടുങ്ങല്ലൂര്‍ ഇന്നുള്ള റോമന്‍ കത്തോലിക്കാ പള്ളി ഒരു സ്മാരകം എന്നുള്ളതിലധികം അതിന്‍റെ നിര്‍മ്മാതാക്കള്‍ പോലും അവകാശപ്പെടുന്നുണ്ടെന്നു തോന്നുന്നില്ല. പിന്നെന്തിനു എം. ജി. എസ്. രോഷം കൊള്ളുന്നു?
പട്ടണം പര്യവേഷണത്തിന്‍റെ പിന്നില്‍ സ്ഥാപിത താല്പര്യങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് എം. ജി. എസ്. നാരായണന്‍ ആരോപിക്കുന്നു. അതേസമയം, മുസിരിസ് പ്രോജക്ടിനെ കണ്ണുമടച്ച് എതിര്‍ക്കുന്നതിന്‍റെ പിമ്പിലും, ആ എതിര്‍പ്പിന്‍റെ മറവില്‍ കേരളത്തിന്‍റെ ക്രൈസ്തവ-മുസ്ലീം പൈതൃകത്തെ തമസ്കരിക്കുന്നതിന്‍റെ പിമ്പിലും എം. ജി. എസിന് സ്വാര്‍ത്ഥ താല്പര്യങ്ങളും നിഗൂഢ ലക്ഷ്യങ്ങളുമുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. പ്രത്യേകിച്ചും കേരളത്തെപ്പറ്റി രേഖാധിഷ്ഠിത (Epigraphic) ചരിത്രത്തില്‍ ഗവേഷണം നടത്തുന്നു എന്നവകാശപ്പെടുന്ന എം. ജി. എസ്. നാരായണന്‍ മുമ്പിലുള്ള രേഖകളെ തമസ്ക്കരിച്ച് കേരള ക്രൈസ്തവര്‍ പോര്‍ട്ടുഗീസ് റോമന്‍ കത്തോലിക്കരുടെ സൃഷ്ടിയെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു റോമന്‍ കത്തോലിക്കാ പാതിരിയുടെ വത്തിക്കാന്‍ തിസീസിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ആ ശ്രമം നടത്തുമ്പോള്‍. മറിച്ചുള്ള പ്രബന്ധങ്ങള്‍ക്കും റോമില്‍നിന്നും ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട് എന്ന വസ്തുതയും അദ്ദേഹം പരിഗണിക്കുന്നില്ല.
അസ്ഥാനത്തുള്ളതാണ് അശ്ലീലം എന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ നിര്‍വചനം സ്വീകരിച്ചാല്‍ എം. ജി. എസ്. നാരായണന്‍റെ ഇമ്മാതിരി ചരിത്രവും പുസ്തകവും ഇനി വേണ്ട! എന്ന ലേഖനത്തിലെ ക്രിസ്ത്യന്‍-മുസ്ലീം നിരസനം അശ്ലീലമാണ്. കാരണം ആ ലേഖനത്തില്‍ അത്തരം പരാമര്‍ശനങ്ങള്‍ അസ്ഥാനത്താണ്. മുസിരിസ് പ്രോജക്ടിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും എം. ജി. എസ്. നാരായണന് സ്വതന്ത്ര്യമുണ്ട്. പക്ഷേ അതിന്‍റെ മറവില്‍ അനാവശ്യ ഒളിയമ്പുകള്‍ തൊടുത്തുവിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. ചരിത്രത്തിനുനേരേ കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ അദ്ദേഹത്തിലെ ചരിത്രകാരന്‍റെ സുതാര്യതയും നഷ്ടമാകുന്നു. ഈ വിമര്‍ശനങ്ങള്‍ക്കു പിന്നില്‍ അദ്ദേഹത്തിനു ചില നിഗൂഡലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാകുന്നു.
(മലങ്കരസഭാ മാസിക, മാര്‍ച്ച് 2014)