ജീവകാരുണ്യം ജീവിതവൃതമാക്കിയ ആചാര്യശ്രേഷ്ടൻ: തെയോഫിലോസ് തിരുമേനി / ഡയസ് ഇടിക്കുള

അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയെ കുറിച്ച് ‘മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു’ എന്ന ശീർഷകത്തിൽ സുഗതകുമാരി ടീച്ചർ എഴുതിയ ലേഖനം വായിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള എന്നിലെ ഓർമ്മകൾ സഹൃദയ സമക്ഷം സമർപ്പിക്കുന്നു….!

ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുവാൻ ചെന്നത് ഹോസ്റ്റൽ അഡ്മിഷനു വേണ്ടിയാണ്.

തിരുവനന്തപുരത്ത് ഓർത്തഡോക്സ് സഭയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റൽ ചിട്ടയായി നടത്തുന്ന ചെറിയാനച്ചനെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നുള്ള അറിവു മാത്രമേയുള്ളൂ…!

സിവിൽ സർവീസ് – എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക്‌ മാത്രമാണ് ഹോസ്റ്റലിൽ പ്രവേശനം. ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി പരീക്ഷയ്ക്ക് ശാന്തമായ അന്തരീക്ഷത്തിൽ പഠിക്കുന്നതിന് ടൗണിലുള്ള ഈ ഹോസ്റ്റൽ ഉപകാരപ്രദമായതിനാലാണ് ഞാൻ ചെറിയാനച്ചനെ സമീപിച്ചത്.

മലങ്കര സഭയിൽ കക്ഷിവഴക്കുകൾ സജീവമായ കാലം. ക്നാനായ സമുദായാംഗമായ എനിക്ക് ഓർത്തഡോക്സ് സഭയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ അഡ് മിഷൻ ലഭിക്കാനുള്ള സാധ്യതയും കുറവാണ്…!

അഭിവന്ദ്യ എബ്രാഹാം മാർ ക്ളീമീസ് വലിയ മെത്രാപ്പോലീത്തായുടെ ശുപാർശ കത്തുമായി ഒരു വൈകുന്നേരം ഞാൻ ചെറിയാനച്ചനെ കണ്ടു.

തിരുമേനിയുടെ കത്ത് വായിച്ച ശേഷം സ്വത സിദ്ധമായ ശൈലിയിൽ ചെറിയാനച്ചൻ പറഞ്ഞു :

‘തിരുമേനിമാരെ പരിചയമുള്ളവരൊക്കെ അരമനയിലാണ് താമസിയ്ക്കണ്ടത്……ഇത് പാവപ്പെട്ട കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലാണ് … പരിമിതമായ സൗകര്യങ്ങളേ ഇവിടുള്ളൂ…..!

അക്ഷരാർത്ഥത്തിൽ മനസ്സൊന്ന് പതറിയെങ്കിലും ‘ശാന്തമായ അന്തരീക്ഷത്തിൽ പരീക്ഷയ്ക്ക് പഠിക്കുന്നതിന് വേണ്ടിയാണെന്ന്‌ പറഞ്ഞപ്പോൾ അഡ്മിഷൻ നൽകി. ഹോസ്റ്റൽ നിയമങ്ങളെ കുറിച്ച് ലഘു വിവരണവും നൽകി.

സിവിൽ സർവീസ് – എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കൊപ്പം ഉള്ള താമസം പുത്തൻ അനുഭവം. എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ ഫിലിപ്പായിരുന്നു എന്റെ ഹോസ്റ്റൽ സഹയാത്രികൻ.

സിവിൽ സർവീസ് പരീക്ഷയിൽ ഫിലിപ്പിനും ലക്ഷ്യമുണ്ട്. ലക്ഷ്യബോധമുള്ള വിദ്യാർത്ഥികൾ …… ചിട്ടയായ പഠനം. പാതിരാത്രിയിലും പ്രൗഢമായ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ….. വിദ്യാർത്ഥി ജീവിതത്തിലെ വേറിട്ടൊരനുഭവം…..!

ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ചെറിയാനച്ചൻ, വൈകുന്നേരം നടത്തുന്ന സന്ധ്യാ പ്രാർത്ഥനയിൽ ഓരോ വിദ്യാർത്ഥികളുടേയും പേര് ചൊല്ലി പ്രാർത്ഥിക്കുന്നത് അക്ഷരാർത്ഥത്തിൽ ചെറിയാനച്ചനുമായുള്ള നമ്മുടെ സ്‌നേഹ ബന്ധം ശക്തമാക്കി….!

ക്രിസ്തുമസ്സ് ദിനത്തിന്റെ തലേദിവസം സന്ധ്യാ പ്രാർത്ഥന കഴിഞ്ഞു ഞാൻ റൂമിലേക്ക് മടങ്ങുമ്പോൾ ചെറിയാനച്ചൻ പറഞ്ഞു : നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് എന്റെ റൂമിൽ വരണം.

നാളെ ക്രിസ്തുമസ്സ് ആയതിനാൽ ‘സ്‌പെഷ്യൽ ഫുഡ് തരാനായിരിക്കും അച്ചൻ വിളിച്ചത്’ – എന്ന് എന്റെ സുഹൃത്ത് ഫിലിപ്പിനോട് ഞാൻ പറഞ്ഞു.

ക്രിസ്തുമസ്സ് ദിനത്തിൽ ചാക്ക – ‘ഗവർമെൻറ് പൂവർ ഹോമിൽ’ താമസിക്കുന്നവർക്ക് ഭക്ഷണം നൽകാൻ
അച്ചനോടൊപ്പം പോകുന്നതിനാണ് ഞങ്ങളെ ക്ഷണിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു പൂവർ ഹോമിൽ പോകുന്നത്. ഇരുന്നൂറോളം പ്രായമായ അനാഥരായ മാതാപിതാക്കൾ അവിടെ താമസിക്കുന്നു. അവർക്ക് സുപരിചിതനായ ചെറിയാനച്ചനോടുള്ള അവരുടെ സ്‌നേഹപ്രകടനങ്ങൾ ഹൃദയസ്പർശകമാണ്.

അവരിൽ പലരും അച്ചന് നൽകുന്ന സ്‌നേഹ ചുംബനങ്ങൾ ആ വലിയ മനുഷ്യന്റെ ജീവിതസാക്ഷ്യമായി നമുക്ക് അടയാളപ്പെടുത്താം…..!

അന്ന് പർപ്പടം വിളമ്പുന്ന സന്ദർഭത്തിൽ മാവേലിക്കരയുള്ള ഒരു മാതാവ് “മോനെ എനിക്ക് ഒരു പർപ്പടം കൂടി തരുമോ …എന്ന് ചോദിച്ച രംഗം ഇന്നും ഓർക്കുന്നു.

കുട്ടയിൽ കരുതിയിരുന്ന ഭക്ഷണം എല്ലാവർക്കും മതിയാവോളം നൽകാൻ അച്ചൻ നിർദേശിക്കുമ്പോൾ – ആ സമൂഹം ക്രിസ്തുവിന്റെ സ്‌നേഹം ചെറിയാനച്ചനിലൂടെ അനുഭവിച്ചറിഞ്ഞു……!

ജീവകാരുണ്യം ജീവിതവൃതമാക്കിയ ചെറിയാനച്ചൻ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിശബ്ദമായി സാമൂഹ്യ സേവനം നടത്തിയിരുന്നു. നല്ല വായനാ ശീലമുള്ള അച്ചന്റെ പ്രൗഢമായ പ്രഭാഷണങ്ങളിൽ സാമൂഹ്യ ജീവിതത്തിന്റെ ഉൾക്കാഴ്ചയും സഹജീവികളോടുള്ള സ്‌നേഹവും കരുതലും പ്രകടമായിരുന്നു.

ആചാര്യശ്രേഷ്ടൻ : അഭിവന്ദ്യ തെയോഫിലോസ് തിരുമേനി

മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാര്യശ്രേഷ്ട പദവിയിലേക്കുള്ള ചെറിയാനച്ചന്റെ പ്രയാണം ദൈവ നിയോഗമായിരുന്നു.

തന്റെ ജീവിത യാത്രയിൽ അനേകർക്ക് താങ്ങും തണലുമായി…..!

അനേകർക്ക് ഭവനമായും, ആഹാരമായും, ആശ്വാസമായും നിലനിന്ന തിരുമേനിയുടെ സഹായത്താൽ, ഉന്നത പഠനം പൂർത്തീകരിച്ച വിവിധ മതസ്ഥരായ വിദ്യാർത്ഥികൾ ജീവിത സാക്ഷ്യമായി സമൂഹത്തിൽ നില നിൽക്കുന്നു.

ജീവിത സാക്ഷ്യത്തിലൂടെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന അഭിവന്ദ്യ തെയോഫിലോസ് തിരുമേനി നമ്മിൽ നിന്നും യാത്രയായി…!

സുഗതകുമാരി ടീച്ചറിന്റെ ഭാഷയിൽ പറഞ്ഞാൽ, ജീവിത യാത്രയിലൂടെ അനേകർക്ക് രക്ത ബന്ധുവായി തീർന്ന അഭിവന്ദ്യ തെയോഫിലോസ് തിരുമേനി അക്ഷരാർത്ഥത്തിൽ മതസൗഹാർദ്ദത്തിന്റെയും മാനവികതയുടേയും പ്രതീകമായിരുന്നു.

ആചാര്യ പദവിയുടെ പരിശുദ്ധിയും പവിത്രതയും ജീവിതാന്ത്യംവരെ സംരക്ഷിച്ച അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയുടെ പാവന സ്‌മരണകൾക്ക്‌ മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു …………….!

അഭിവന്ദ്യ തിരുമേനിയുടെ ജീവിതസ്പർശ്യമായ പ്രഭാഷണങ്ങൾ ഇവിടെ ലഭ്യമാണ് : –