പരിശുദ്ധ പരുമല തിരുമേനിയുടെ മൃതദേഹത്തിന്‍റെ ചിത്രം മനോഹരമായ ഒരു ധ്യാനവിഷയമാണെന്നും, ദേവലോകം അരമനയില്‍ മാത്രമാണ് താന്‍ ആ ചിത്രം കണ്ടിട്ടുള്ളതെന്നും ഡോ. ഡി. ബാബുപോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിത്രകാരന്‍റെ കരവിരുത് മിഴിവ് നല്‍കിയ, നാം കണ്ടുപരിചയപ്പെട്ടിട്ടുള്ള തിരുമേനിയുടെ പ്രൗഢയൗവ്വനത്തിലെ ചിത്രത്തെക്കാള്‍ ആ ഭൗതികദേഹചിത്രത്തിന്‍റെ മുഖത്തെ ശാന്തതയാണ് തന്‍റെ മനസ്സിനെ കുളിര്‍പ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വര്‍ഗ്ഗീയാനുഭവത്തോട് താന്‍ ഏറ്റവും അടുത്തുനിന്നത് ആ ചിത്രത്തിന്‍റെ ചുവട്ടില്‍ വച്ചാണെന്നും, പരിശുദ്ധ കാതോലിക്കാ ബാവയോട് തനിക്ക് അസൂയ തോന്നുന്നത് ആ ചിത്രത്തിന്‍റെ പേരിലാണെന്നും അദ്ദേഹം എഴുതുകയുണ്ടായി.
“തൊട്ടു തൊഴുവാനും ആരതി ഉഴിയാനും മെഴുകുതിരി കത്തിക്കാനും രവിവര്‍മ്മയുടെയും ബേബിയുടെയും ചിത്രങ്ങള്‍ വേണം. എന്നാല്‍ മിസ്റ്റിസിസത്തിന്‍റെ അഗ്നിസാക്ഷികള്‍ക്ക് ധ്യാനിക്കാന്‍ ആ ദേവലോക ചിത്രത്തിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമെങ്കില്‍, ആ പുറംകുപ്പായത്തിന്‍റെ തണല്‍ ഒഴികെ, ആ അംശവടിയുടെ പരിരക്ഷ ഒഴികെ, ആ സ്ലീബായുടെ മാര്‍ഗ്ഗദര്‍ശനം ഒഴികെ മറ്റൊന്നും തേടാന്‍ തോന്നാത്തവര്‍ക്ക് സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ വഴി തുറന്നു കിട്ടും” എന്നു തുടര്‍ന്ന് ഡോ. ബാബു പോള്‍ സാക്ഷ്യം നല്‍കുന്നു.
ദേവലോകം അരമനയില്‍ ഒരു മീറ്റിംഗില്‍ സംബന്ധിക്കുമ്പോഴാണ് ഞാന്‍ പരാമര്‍ശന വിധേയമായ കബറടക്കചിത്രം ആദ്യമായി കാണുന്നത്. അന്ന് അവിടെ സന്നിഹിതനായിരുന്ന പി.സി. യോഹന്നാന്‍ റമ്പാച്ചന്‍ (മാനേജര്‍, മാര്‍ കുറിയാക്കോസ് ദയറാ, പാമ്പാടി) ആ ചിത്രം അവിടെ വന്നതിന്‍റെ ചരിത്രം എന്നോട് പറയുകയുണ്ടായി. ഡോ. ബാബു പോളിന്‍റെ ലേഖനം “മനോരമ”യില്‍ കാണാന്‍ ഇടയായപ്പോള്‍ വീണ്ടും അദ്ദേഹത്തോട് ഈ ചിത്രത്തെപ്പറ്റി ആരായുകയുണ്ടായി. അദ്ദേഹം പറഞ്ഞ ആ ഹ്രസ്വചരിത്രം ഇവിടെ കുറിയ്ക്കുകയാണ്.
പരുമല തിരുമേനിയുടെ കുടുംബമായ ചാത്തുരുത്തി തറവാട്ടിലെ ചില അംഗങ്ങള്‍ 1982-ല്‍ ബഹു ചെമ്മല അച്ചന്‍റെ നേതൃത്വത്തില്‍ കോട്ടയം മരിയന്‍ ആര്‍ട്ട്സിലെ വി.എ. വര്‍ക്കിയെ, ജീര്‍ണ്ണിച്ചു തുടങ്ങിയിരുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയുമായി സമീപിച്ചു. അംശവസ്ത്രങ്ങളും, സ്ഥാനചിഹ്നങ്ങളും അണിയിച്ച പുണ്യവാന്‍റെ ഭൗതികദേഹത്തിനു പിന്നില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മല്പാന്‍, കല്ലാച്ചേരില്‍ പുന്നൂസ് റമ്പാന്‍, കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാന്‍, കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍ എന്നിവര്‍ നിരന്നു നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തിരുമേനിയുടെ ഭൗതികശരീരത്തിന്‍റെ ചിത്രം പകര്‍ത്തിയെടുക്കുക എന്ന ദൗത്യം ആര്‍ട്ടിസ്റ്റിനെ ഏല്പിക്കാനാണ് ഇവര്‍ വന്നത്. പ്രസ്തുത ചിത്രം അങ്കമാലി ഭദ്രാസനത്തിലെ ഒരു ദേവാലയത്തില്‍ പ്രതിഷ്ഠിക്കാനായിരുന്നു അവരുടെ ആഗ്രഹം.
ആയിടയ്ക്ക് മരിയന്‍ ആര്‍ട്ട്സ് സന്ദര്‍ശിക്കാനിടയായ യോഹന്നാന്‍ റമ്പാച്ചന്‍ ഈ അമൂല്യചിത്രം കാണാന്‍ ഇടയായി. ആര്‍ട്ടിസ്റ്റിന്‍റെ അനുമതിയോടെ ആ ഫോട്ടോ അദ്ദേഹം പരിശുദ്ധ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ കൊണ്ടുപോയി കാണിച്ചു. അരികുകള്‍ ജീര്‍ണ്ണിച്ചു തുടങ്ങിയ ആ ഫോട്ടോ ബാവാ ലെന്‍സും മറ്റും ഉപയോഗിച്ച് സൂക്ഷ്മമായി പരിശോധിക്കുകയും, ദേവലോകം അരമനയിലെപ്പേര്‍ക്കും പരുമല തിരുമേനിയുടെ ഭൗതികദേഹത്തിന്‍റെ ഒരു ചിത്രം ആര്‍ട്ടിസ്റ്റ് വര്‍ക്കിയെകൊണ്ട് പകര്‍ത്തിക്കുവാന്‍ യോഹന്നാന്‍ റമ്പാച്ചനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ ചിത്രമാണ് ഡോ. ബാബു പോളിന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
പത്തുകൊല്ലം മുമ്പ് പാമ്പാടി ദയറാ ചാപ്പല്‍ പുതുക്കിപണിത അവസരത്തില്‍ പ. പരുമല തിരുമേനിയുടെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കുവശത്തെ ത്രോണോസിനു മീതെ ഇതേ ചിത്രംതന്നെ ആര്‍ട്ടിസ്റ്റ് വര്‍ക്കിയെകൊണ്ട് പുനര്‍ലേഖനം ചെയ്യിച്ച് സ്ഥാപിക്കുകയുണ്ടായി. ആ ചിത്രത്തില്‍നിന്നെടുത്ത ഡിജിറ്റല്‍ ഇമേജിംഗ് പതിപ്പാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ഈ നശ്വര ലോകത്തില്‍നിന്ന് ഈശ്വര സന്നിധിയിലേക്ക് പുണ്യവാന്‍ കടന്നുപോയപ്പോള്‍ ബാക്കിവച്ച ആ അസ്ഥിപഞ്ജരത്തിന്‍റെ മുഖത്തെ ശാന്തതയില്‍ അഭയം പ്രാപിക്കുന്നത് അനിര്‍വാച്യമായ ഒരു mystic experience ആണെന്ന് ഡോ. ബാബു പോള്‍ ഈ ലേഖകനോട് പറഞ്ഞത് അനുസ്മരിക്കുന്നു. ആ അനുഭവത്തില്‍ പങ്കുചേരാന്‍ ആര്‍ക്കെങ്കിലും കഴിയുന്നെങ്കില്‍ ഈ കുറിപ്പും കബറടക്ക ചിത്രവും അതിനു മുഖാന്തിരമാകട്ടെ എന്ന് സവിനയം പ്രാര്‍ത്ഥിക്കുന്നു.
പ. പരുമലത്തിരുമേനിയുടെ അന്ത്യ ചിത്രം, അദ്ദേഹത്തിന്‍റെ വടിയും മുടിയും സ്ഥാനനാമവും നല്‍കി ആത്മീകപിന്‍ഗാമിയായി വാഴിച്ച പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത് തികച്ചും അന്വര്‍ത്ഥമാണ്.
(2002-ല്‍ പ്രസിദ്ധീകരിച്ച പരുമല സ്മൃതിയില്‍ എഴുതിയത്)
അനുബന്ധം
പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ പ്രചാരത്തിൽ ആയ സംഭവം
പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ പ്രചാരത്തിൽ ആയത് 2000 ആണ്ടിൽ പുതിയ ദേവാലയം കൂദാശ ചെയ്തത് മുതൽ ആണ്. അതിന് മുമ്പ് ഇങ്ങനെ ഒരു ഫോട്ടോ പൊതു ജനങ്ങൾക്ക് ലഭ്യമല്ലായിരുന്നു. ഈ ഫോട്ടോ ഇന്ന് നമ്മുക്ക് ലഭ്യമായിരിക്കുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ നല്കേണ്ടതും നന്ദിയോടെ ഓർക്കേണ്ടതും രണ്ടു വ്യക്തിത്വങ്ങളെ ആണ്. ഒന്നാമതായി 1902 ൽ കാലം ചെയ്ത പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോയുടെ നെഗറ്റീവ് 1998 വരെ സൂക്ഷിച്ചു വച്ച തിരുവന്തപുരത്ത് താമസിച്ചിരുന്ന ഒരു വല്യമ്മച്ചിയെ. രണ്ടാമതായി വല്യമ്മച്ചി ഈ അമൂല്യനിധി കൈമാറിയ MGOCSM മുൻ ജനറൽ സെക്രട്ടറി ഫാ ഡോ എം സി ചെറിയാൻ അച്ചൻ് എന്ന ഇപ്പോഴത്തെ വന്ദ്യ ഡോ സക്കറിയാസ് മാർ തെയോഫിലോസ് തിരുമേനിയെ.
തെയോഫിലോസ് തിരുമേനി ശെമ്മാശ്ശൻ ആയതു മുതൽ പിന്നീട് വൈദീകനായി MGOCSM ജനറൽ സെക്രട്ടറി ആവുന്നത് വരെ തിരുവനന്തപുരം സ്റ്റുഡന്റ് സെന്റർ വാർഡൻ ആയിരുന്നു. 1994 മുതൽ ചെറിയാൻ അച്ചൻ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുമായിരുന്നു. 1994 ൽ തിരുവനന്തപുരത്ത് നടന്ന MGOCSM വാർഷിക conference ആനുഗ്രഹകരമാകാനാണ് ചെറിയാൻ അച്ചൻ വിശുദ്ധ കുർബാന ആദ്യം 50 ദിവസം തുടർച്ചയായി ആർപ്പിച്ചത്. പിന്നീട് conference വിജയകരം ആയപ്പോൾ അതിന്റെ നന്ദി സൂചകമായി അടുത്ത 50 ദിവസം കൂടി കുർബാന അർപ്പിച്ചു. അങ്ങനെ 100 ദിവസം തടർച്ചായി കുർബാന ആർപ്പിച്ചപ്പോൾ ഇനി എല്ലാ ദിവസവും ഓരോരോ ആവശ്യങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിച്ചു വിശുദ്ധ ബലി അർപ്പിക്കുവാൻ തുടങ്ങി. തിരുമേനിയുടെ ഈ വിശുദ്ധ ബലിയിൽ ആദ്യ ദിവസം മുതൽ 2001 വരെ ഒരു ശ്രുശൂഷകനായി ഈ എളിയ ദാസനും സംബന്ധിച്ചിരുന്നു.
ഈ കാലയവിൽ ആണ് എല്ലാ രണ്ടാം ശനിയാഴ്ചയും പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് നെയ്യാർ ഡാമിലെ ഓപ്പൺ ജയിലിലും ചെറിയാൻ അച്ചൻ വിശുദ്ധ കുർബാന ആർപ്പിച്ചു തുടങ്ങിയത്. അതിരാവിലെ 5 മണിക്ക് രാത്രി നമാസ്ക്കാരത്തോടെ ആരംഭിച്ചു മൂന്നാം മണി നമസ്ക്കാരം പൂർത്തീകരിച്ചാണ് വിശുദ്ധ കുർബാന ആർപ്പിച്ചിരുന്നത്. ആറാം മണിയും ഒൻപതാം മണിയും ചേർത്തു ഉച്ചക്ക് 12 മണിക്കും സന്ധ്യ 6.30നും സൂത്താറ ഹോസ്റ്റൽ സ്റ്റുഡന്റസ്‌നേയും കൂട്ടി രാത്രി 8 മണിക്കും നടത്തുമായിരുന്നു. തിരുമേനിയുടെ അതി രാവിലെയുള്ള വിശുദ്ധ കുർബാനയിൽ തുടർച്ചയായി സംബന്ധിച്ചിരുന്ന ഒരാളായിരുന്നു മുകളിൽ സൂചിപ്പിക്കുന്ന അമ്മച്ചി. മലങ്കര സഭയുടെ അതിപുരാതനമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു ഈ അമ്മച്ചി. ഈ അമ്മച്ചിയെ കുറിച്ച് എനിക്കുള്ള അറിവ് ഇതായിരുന്നു (ചെറിയാൻ അച്ചനിൽ നിന്ന് അന്ന് അറിയാൻ കഴിഞ്ഞത് കുവൈറ്റിൽ ജോലി ചൈയ്യുന്ന തിരുമേനിയുടെ സുഹൃത്ത് ജയ്സൻറെ വല്യമ്മച്ചി എന്നായിരുന്നു, അമ്മച്ചിയുടെ വീട്ടിൽ ഞാൻ പോയിട്ടില്ല, അതുകൊണ്ട് അമ്മച്ചിയുടെ പേരും ഓർമയില്ല). ചെറിയാൻ അച്ചെന്നുമായി വളരെ ശക്തമായ മാനസീക ബന്ധം ഉണ്ടായിരുന്ന ഈ അമ്മച്ചിയാണ് തലമുറകൾ അമൂല്യ നിധിയായി സൂക്ഷിച്ചുരുന്ന പരുമല തിരുമേനിയുടെ കബറടക്ക ശ്രുശൂഷയുടെ നെഗറ്റീവ് ചെറിയാൻ അച്ചനെ ഏൽപ്പിച്ചത്. അച്ചൻ പിന്നീട് രണ്ടു കോപ്പി എടുത്തു ഒന്നു തിരുവനന്തപുരം സ്റ്റുഡന്റ് സെന്റർ ചാപ്പലിലും മറ്റൊന്ന് കോട്ടയം സ്റ്റുഡന്റ് ചാപ്പലിലും വച്ചു. ഇതിൽ നിന്നും കോപ്പി എടുത്താണ് ഇന്ന് ഈ ഫോട്ടോ പുതിയ പള്ളിയുടെ കൂദാശ മുതൽ ലോകമെങ്ങും പ്രചാരത്തിലായി തുടങ്ങിയത്. ഫോട്ടോയുടെ നെഗറ്റീവ് ഇപ്പോൾ തിരുമേനിയുടെ കൈയ്യിൽ ഉണ്ടോ അതോ തിരികെ വല്യമ്മച്ചിയെ തന്നെ ഏല്പിച്ചുവോ എന്നത് എനിക്കറിയില്ല.
പരുമല തിരുമേനിയുടെ മധ്യസ്ഥയയിൽ എന്നും ആശ്രയിച്ചിരുന്ന ഞങ്ങൾ പഴയ MGOCSM സീനിയർ മെമ്പേഴ്‌സ് സ്നേഹ പൂർവം വിളിച്ചിരുന്ന ഞങ്ങടെ ചെറിയാൻ അച്ചൻ, ഞങ്ങടെ പ്രിയപ്പെട്ട തെയോഫിലോസ് തിരുമേനി തന്റെ രോഗത്തിന്റെ കഠിന്യത്തിലും എന്റെ ക്യാന്സറും എന്റെ വ്യാധിയും എനിക്കുള്ള സർവ്വവും യേശു നാഥന് സമർപ്പിച്ചു കാത്തിരിക്കുന്ന ഈ അവസരത്തിൽ പഴയ അനുഭവങ്ങൾ ഓർത്തപ്പോൾ ഈ വിവരവും ഓർമ്മയിൽ വന്നു. ഇത് നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു. ഏവരും തിരുമേനിക്കായി പ്രാർത്ഥിക്കേണമേ.
തോമസ് ഫിലിപോസ് അച്ചൻ
മുംബൈ.
_______________________________________________________________________________________
പരുമല തിരുമേനിയുടെ കബറടക്കസമയത്തുള്ള പിക്ചറർ 1998-ൽ ഫാ. ജോൺസൺ പുഞ്ചക്കോണം തിരുവനന്തപുരത്തു കുറവൻകോണത്തുള്ള ഒരു ഭവനത്തിൽ നിന്നും നെഗറ്റിവ് ഫിലിം കണ്ടെത്തുകയും അത് കളർ ചെയ്തു ഒരു കോപ്പി ദേവലോകം അരമനയിൽ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയെ ഏൽപ്പിക്കുകയും ചെയ്തു. അതിന്റെ ഒർജിനൽ കോപ്പി പുഞ്ചക്കോണം അച്ഛന്റെ കൈവശം ഉണ്ട്.
– Fr. John Thomas Karingattil.
______________________________________________________________________________________
‘പുണ്യസ്മൃതി’യില്‍ പ്രസിദ്ധീകരിച്ചത് (പരുമല പള്ളി കൂദാശാ സ്മരണിക, 2000)
______________________________________________________________________________________
പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ പ്രചാരത്തിൽ ആയ സംഭവത്തെപ്പറ്റി ബഹു. തോമസ് ഫിലിപ്പോസ് അച്ചൻ (Mumbai) എഴുതിയ പോസ്റ്റ് കണ്ടു. തിരുവനന്തപുരത്തു താമസിച്ചിരുന്ന ഒരു അമ്മച്ചി ഫാ. ഡോ. എം. സി. ചെറിയാനെ (ഇന്ന് രോഗാവസ്ഥയിൽ ആയിരിക്കുന്ന അഭിവന്ദ്യ തെയോഫിലോസ് തിരുമേനി) പ്രസ്തുത ഫോട്ടോയുടെ നെഗറ്റീവ് ഏല്പിച്ചതും, തുടർന്ന് ആ ചിത്രത്തിന് പ്രചുരപ്രചാരം സിദ്ധിച്ചതും സംബന്ധിച്ചാണല്ലോ ബഹു. അച്ചൻ എഴുതിയിരിക്കുന്നത്.
പരിശുദ്ധ പാമ്പാടി തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി ദയറായിൽ പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്കചിത്രം എൻലാർജ് ചെയ്ത് ഭിത്തിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത് 2001-ലാണ്. ദയറാ മാനേജരായിരുന്ന വന്ദ്യ പി. സി. യോഹന്നാൻ റമ്പാന് വർഷങ്ങൾക്കുമുമ്പ് ദേവലോകത്തു നിന്ന് കിട്ടിയതാണ് ആ പടം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാൻ കോട്ടയം ജില്ലാ ആശുപത്രിക്കു സമീപമുള്ള “ഫോട്ടോ വേൾഡിലെ” സുരേഷിനെ വരുത്തി സൂം ക്യാമറാ ഉപയോഗിച്ച് പകർത്തിയ ചിത്രത്തിന്റെ കോപ്പികൾ ഇന്ന് പലരുടെയും കൈകളിലുണ്ട്.
ഇങ്ങനെ തയ്യാറാക്കിയ ഫോട്ടോയുടെ ഒരു കോപ്പി ഞാൻ ഭാഗ്യസ്മരണാർഹനായ ഈവാനിയോസ് തിരുമേനിയ്ക്ക് സമർപ്പിച്ചെങ്കിലും ആദ്യം തിരുമേനിയ്ക്ക് ഇഷ്ടമായില്ല. “പരുമല തിരുമേനിയെ ഓർക്കാൻ നല്ലത് അദ്ദേഹത്തിന്റെ പരിചിതമായ ചിത്രമാണ്. രോഗം മൂർച്ഛിച്ച് കാലം ചെയ്തു കഴിഞ്ഞപ്പോഴുള്ള ഒട്ടിയ മുഖം ഓർക്കാൻ ആരാണ് ഇഷ്ടപ്പെടുക. ഞാൻ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ സെമിനാരിയിൽ വന്ന് എന്നെ കണ്ടിട്ടുണ്ടല്ലേ? ആ അവസ്ഥ മറ്റുള്ളവർ കണേണ്ടതല്ലല്ലോ?” എന്നാണ് തദവസരത്തിൽ തിരുമേനി അഭിപ്രായപ്പെട്ടത്. എങ്കിലും പിന്നീട് ഈവാനിയോസ് തിരുമേനിക്കുo പ്രസ്തുത ചിത്രത്തോട് താല്പര്യമായി എന്ന് തോന്നുന്നു. ഇപ്പോൾ ആ ചിത്രം ഞാലിയാകുഴി ദയറാ ചാപ്പലിന്റെ ഉള്ളിലും ഐക്കണുകളോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ പ്രചാരത്തിന് കാരണഭൂതനായ അഭി. തെയോഫിലോസ് തിരുമേനി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമ്പോൾ പരിശുദ്ധ പരുമല തിരുമേനിയുടെയും, അഭിവന്ദ്യ ഈവാനിയോസ് തിരുമേനിയുടെയും, വന്ദ്യ യോഹന്നാൻ റമ്പാച്ചന്റെയുമെല്ലാം മദ്ധ്യസ്ഥത തിരുമേനിക്ക് ആശ്വാസം നൽകുമാറാകട്ടെ.
ജേക്കബ് കുര്യൻ ഓണാട്ട്,
കോട്ടയം.
_______________________________________________________________________________________
കാതോലിക്കേറ്റിന്‍റെ നിധി എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം. 2005
_______________________________________________________________________________________
ഇന്നലെ ഞാൻ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് വ്യക്തത കുറവായിരുന്നു. കാരണം അത് ഞാൻ 20 വർഷങ്ങൾക്ക് അപ്പുറം ഓർമയിൽ നിന്നു ചികഞ്ഞു എടുത്ത് എഴുതിയതായിരുന്നു. ആ പോസ്റ്റ് വൈറൽ ആയതിന് ശേഷം അത് സംബന്ധിച്ച ചില അവകാശ വാദങ്ങൾ എങ്കിലും പുറത്ത് വന്നിരുന്നു. എന്നാൽ ഇന്ന് അതിനൊരു വ്യക്തത വന്നിരിക്കുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന ജയ്സൻറെ വല്യമ്മച്ചി ആണ് ആ നെഗറ്റീവ് ചെറിയാൻ അച്ചനെ ഏൽപ്പിച്ചത് എന്നും ആ അമ്മച്ചിയെക്കുറിച്ചു കൂടുതൽ വിവരം അറിയില്ലെന്നും ഞാൻ എഴുതിയിരുന്നു. എന്നാൽ ഇപ്പോൾ ജയ്സൻ തന്നെ ഇതിനൊരു വ്യക്തത തന്നിരിക്കുന്നു. Thank you Jaison.
Kindly read Jaison’s explanation.
“Saw the posting by Rev Fr. Thomas Philipose. I do remember Dn. M. C. Cherian Chemmassen who used to sit for hours with my grand mother who’s sister of Thirumeni’s grandfather. I owe my life to my Ammachy, who used to spent hours reading the Holy Bible and i think the Holy Bible was byheart for her. She is with us in spirits now and was a great guide and inspiration to me. I think so was ammachy to Thirumeni also. For the past two days i was with Thirumeni at the MVR Cancer Center Kozhikode and my memories were taking me back to our childhood days and later years when Thirumeni became a great influence in our lives.
The negative of Parumala Thirumeni’s photo is with me now which we believe that it’s a blessing from ParumalaThirumeni and Theophilos Thirumeni. It is a great family treasure now which i will pass it over to next generations. If anyone would like to have a copy of this very rare photo, pls contact me so that i can email it for your photo printing.
Pls. Keep our beloved Theophilos Thirumeni in your prayers.
May God bless youall abundantly
Jaison P. Varghese”
MOSC Nominated Managing Committee Member 2012-17, Kuwait
_______________________________________________________________________________________
പരുമല തിരുമേനി ചിത്രകലയില്‍ / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
പരുമല തിരുമേനി ‘കാലം ചെയ്തിരിക്കുന്ന’ ചിത്രം വരച്ചത് വേളൂര്‍ വലിയവീട്ടില്‍ പറമ്പില്‍ വി. എം. വര്‍ക്കിയാണ്. ഇത് 1902 ലെ ഒരു ഫോട്ടോ അടിസ്ഥാനമാക്കി വരച്ചതാണ്. മുളന്തുരുത്തിക്ക് വടക്കുള്ള പരുമല തിരുമേനിയുടെ ബന്ധുവായ ചെമ്മല അച്ചന്‍ നല്‍കിയതാണ് ഈ ഫോട്ടോ. മുളന്തുരുത്തി, ദേവലോകം, പാമ്പാടി ദയറാ എന്നിവിടങ്ങളില്‍ ഇതിന്‍റെ കോപ്പികള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു. ഇതിന് അധികം പ്രചാരം ലഭിച്ചിട്ടില്ല. പരുമല തിരുമേനിയുടെ ആകൃതിയിലും മുഖഭാവത്തിലുമുള്ള വ്യത്യാസവും കാലം ചെയ്ത് ഇരിക്കുന്ന ഫോട്ടോയും ആയതിനാല്‍ ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് 77 കാരനായ ആര്‍ട്ടിസ്റ്റ് വി. എം. വര്‍ക്കി (കോട്ടയം) പറയുന്നു.
Parumala Thirumeni Chithrakalayil
(2002-ല്‍ പ്രസിദ്ധീകരിച്ച പരുമല സ്മൃതിയില്‍ എഴുതിയത്)