അഖില ഭാരത സഭ എന്‍റെ സ്വപ്നം / പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തു പരിശുദ്ധ സുന്നഹദോസിലൂടെ പരിശുദ്ധ റൂഹാ ബലഹീനനായ എന്നെ ഉയര്‍ത്തിയിരിക്കുന്ന ഈ അവസരത്തില്‍ സമ്മിശ്രവികാരങ്ങളോടുകൂടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. മാര്‍ത്തോമ്മാ ശ്ലീഹാ തന്‍റെ മജ്ജയും മാംസവും ഈ മണ്ണില്‍ വീഴ്ത്തി വളര്‍ത്തിയെടുത്ത പൗരാണികമായ ഈ ക്രൈസ്തവസഭയുടെ പ്രധാന നേതൃസ്ഥാനത്തേക്കു അവരോധിക്കപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ ദൈവതിരുമുമ്പാകെ പൂര്‍ണ്ണമായി സമര്‍പ്പിച്ചും പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പില്‍ പൂര്‍ണ്ണമായി ആശ്രയിച്ചും കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എന്ന നിലകളിലുള്ള അതിഗൗരവമായ ചുമതലകള്‍ ഞാന്‍ ഏറ്റവും വിനീതമായി ഏറ്റെടുക്കുകയാണ്. കടന്നുപോയ പിതാക്കന്മാരുടെ മദ്ധ്യസ്ഥത എപ്പോഴും എനിക്കായി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ പരിശുദ്ധ പിതാവായ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനി പിതാക്കന്മാരുടെ പിതാവെന്ന നാമം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്. 92 വയസ്സു കഴിഞ്ഞ പ. ബാവാ മലങ്കര സഭയിലുണ്ടായിട്ടുള്ള എല്ലാ മേല്‍പട്ടക്കാരെക്കാള്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുന്നയാളാണ്. ലോകത്തെമ്പാടുമുള്ള സഭകളുടെ പ്രധാന മേലദ്ധ്യക്ഷന്മാരില്‍ ഏറ്റവും പ്രായം കൂടിയ ദേഹവും തിരുമേനി തന്നെ. തിരുമനസ്സിലേക്ക് എന്നോടുള്ള പൈതൃകമായ വാത്സല്യം എനിക്കു നല്ലവണ്ണം ബോദ്ധ്യമുണ്ട്. 1964-ല്‍ അദ്ദേഹം കാതോലിക്കാ ആയപ്പോള്‍ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി എന്നെ നിയമിച്ചു. 1970-ല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി എന്നെ തെരഞ്ഞെടുത്തതു മുതല്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ എന്നെ ഭരമേല്‍പിക്കുവാന്‍ തുടങ്ങി. 1975 സെപ്റ്റംബര്‍ 24-ാം തീയതി മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും ഇന്ന് കാതോലിക്കാ സ്ഥാനവും എന്നെ ഭരമേല്‍പിച്ചിരിക്കുകയാണ്. സ്ഥാനമാനങ്ങള്‍ വിട്ടൊഴിഞ്ഞു വിശ്രമ ജീവിതം തെരഞ്ഞെടുക്കുക സാധാരണ ആളുകള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ആത്മീയതയില്‍ അങ്ങേയറ്റം ഉയര്‍ന്നവര്‍ക്കു മാത്രമേ അപ്രകാരം ചെയ്യാന്‍ സന്നദ്ധതയുണ്ടാവുകയുള്ളു. അങ്ങനെ വിനീതനെന്നു വിഖ്യാതനായ പരിശുദ്ധ തിരുമേനി സ്വയംപരിത്യാഗിയെന്നുള്ള പ്രശസ്തി മാത്രമല്ല മഹാപരിശുദ്ധനും സഭാസ്നേഹിയുമാണെന്നും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്‍റെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ അനുഗ്രഹിച്ച് സഭയെ പുതിയ കൈകളില്‍ ഏല്‍പിച്ചു സംതൃപ്തിയടയുവാനുള്ള വാഞ്ഛയും അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചു. കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനം ഞാന്‍ ഏറ്റെടുത്തെങ്കിലും പരിശുദ്ധ ബാവായെ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനായി ഞാന്‍ കാണുന്നു. അദ്ദേഹം വലിയ ബാവായാണ്. കാതോലിക്കാ പിതാവാണ്. പിതാക്കന്മാരുടെ പിതാവാണ്. ആ നിലയില്‍ അദ്ദേഹത്തെ ബഹുമാനിച്ച് അദ്ദേഹത്തിന്‍റെ ചേവടികളില്‍ തൊട്ടുകൊണ്ടും അദ്ദേഹത്തിനു വിധേയനായും മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനം ഞാന്‍ ഏറ്റെടുക്കുന്നു. തിരുമനസ്സിലെ ശിഷ്ടായുസ്സ് എല്ലാവിധത്തിലും അനുഗ്രഹപ്രദമായിരിക്കുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണം.

ഈ സഭ ഒരു എപ്പിസ്കോപ്പല്‍ സഭയാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അതിലെ ഏറ്റവും പ്രധാനപ്പെട്ട സംഘം. അതിലെ അംഗങ്ങള്‍ ഏവരുടെയും സഹകരണം ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു.

എന്നെക്കാള്‍ പത്തിരുപത് വയസ്സ് പ്രായക്കൂടുതലുള്ള മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായാണ്. അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ വിലമതിക്കുന്നു. ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനു മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി എന്നിവയുടെ സമ്പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് എനിക്കുത്തമ വിശ്വാസമുണ്ട്. അങ്ങനെ ചെയ്യണമെന്ന് അവയിലെ അംഗങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു. സത്യവിശ്വാസികളായ സകല വൈദികഗണവും വിശ്വാസികളും എന്‍റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും എന്നെ സ്നേഹിക്കുകയും എല്ലാ കാര്യങ്ങളിലും എന്നോടൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. മലങ്കരയില്‍ അങ്ങോളമിങ്ങോളമുള്ള സഭാമക്കളുടെ സ്നേഹവും വാത്സല്യവും ആസ്വദിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. തുടര്‍ന്നും ഞാനതു പ്രതീക്ഷിക്കുന്നു. അഹറോനും ഹൂരും ദീര്‍ഘദര്‍ശിമാരില്‍ തലവനായ മോശയുടെ ഇരുവശത്തുനിന്ന് അദ്ദേഹത്തിന്‍റെ കരങ്ങള്‍ക്കു ശക്തി നല്‍കിയതുപോലെ ഈ സഭയുടെ അംഗങ്ങള്‍ എന്‍റെ സഹായത്തിനായി ഉണ്ടെന്നുള്ളത് എനിക്ക് പ്രത്യാശ നല്‍കുന്നു. മലങ്കര സഭയ്ക്ക് ഇന്ത്യയിലും വിദേശത്തും സുഹൃദ്ബന്ധമുള്ള അനേകം സഭകളുണ്ട്. ഇത് എക്യുമെനിക്കല്‍ യുഗമാണല്ലോ. എന്‍റെ സ്ഥാനാരോഹണത്തിന്‍റെ ഈ ദിവസം സകല സഭകളേയും അവയിലെ അദ്ധ്യക്ഷന്മാരേയും ഞാന്‍ ഓര്‍ക്കുന്നു. അവരോടുള്ള സുഹൃദ്ഭാവം പുതുക്കി രേഖപ്പെടുത്തുകയും ചെയ്യുന്നു. റോമന്‍ കത്തോലിക്കാ സഭയും പാശ്ചാത്യ-പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും അതിലുള്‍പ്പെടുന്നു. അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്‍പനയില്‍ പറഞ്ഞിട്ടുള്ള അന്ത്യോഖ്യന്‍ സഭയുമായുളള ഈ സഭയുടെ സ്നേഹബന്ധം ഞാന്‍ സ്മരിക്കുകയാണ്. എങ്കിലും അചിരേണ ഈ രണ്ടു സഭകളും നിയമാനുസൃതമായുള്ള സമ്പൂര്‍ണ്ണ സ്നേഹബന്ധത്തില്‍ എത്തിച്ചേരുമെന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സഭയില്‍ അസ്വസ്ഥതകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഈ സ്ഥാനത്തു ഞാന്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്. സഭയെ ഒന്നായി ഞാന്‍ കാണുന്നു. ഏതാനും ആളുകളുടെ നേതൃത്വത്തില്‍ സഭയ്ക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘത്തെ ഞാന്‍ കാണാതിരിക്കുന്നില്ല. സഭയുടെ സംരക്ഷണത്തിന് അവരുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാതെ നിവൃത്തിയില്ല. എങ്കിലും അവരോടെനിക്കു സ്നേഹമാണുള്ളത്. സഭാവിരുദ്ധമായ അവരുടെ നടപടി വിട്ടു സഭയുടെ യഥാര്‍ത്ഥ മക്കളായി അവര്‍ തീരുന്നതിനു ഞാന്‍ അഭിലഷിക്കുകയും ആയതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ അപ്രകാരം ചെയ്യുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകളെ പ്രത്യേകം ഞാന്‍ പരിഗണിക്കുന്നു. വിവിധ സാഹചര്യങ്ങള്‍കൊണ്ടു യോജിപ്പില്ലാതെ നിലകൊള്ളുന്നുവെങ്കിലും ഇവിടത്തെ കത്തോലിക്കാ, സി.എസ്.ഐ, മാര്‍ത്തോമ്മാ, ആഞ്ഞൂര്, കല്‍ദായ മുതലായ സഭകള്‍ ഒരേ രക്തത്തില്‍ നിന്നുള്ള സഭകളാകുന്നുവെന്നുള്ള കാര്യം വിസ്മരിക്കാവുന്നതല്ല.

അവയും ബാഹ്യകേരളത്തിലുള്ള മറ്റു സഭകളും ഓര്‍ത്തഡോക്സ് സഭയും യോജിച്ച് അഖിലഭാരതസഭ ഉണ്ടാകുന്നതു ഞാന്‍ സ്വപ്നം കാണുകയാണ്. കേവലം കിനാവു മാത്രമല്ല അതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിവിധ സഭകളില്‍ നിന്നു, എന്‍റെ സ്ഥാനാരോഹണവേളയില്‍ വന്നു സംബന്ധിച്ച് അതിനെ ധന്യമാക്കിയിട്ടുള്ള സഭാമേലദ്ധ്യക്ഷന്മാര്‍ക്കും ജനങ്ങള്‍ക്കും എന്‍റെ കൃതജ്ഞത.
രണ്ടായിരം കൊല്ലം പഴക്കമുള്ള സഭയാണെങ്കിലും ഇന്നും ബാല്യദശയില്‍ മാത്രം ഈ സഭ സ്ഥിതിചെയ്യുന്നു. അതിനു പ്രത്യേക കാരണങ്ങളുമുണ്ട്. അവയെ ഈ ഘട്ടത്തില്‍ അവതരിപ്പിക്കേണ്ട കാര്യമില്ല.

ഇതിന്‍റെ ഭാവി കരുപിടിപ്പിക്കുന്നതിനുള്ള ഭാരമാണ് എന്നില്‍ നിക്ഷിപ്തമായിട്ടുള്ളത്. അത് നിസ്സാരമായ കാര്യമൊന്നുമല്ല. ദൈവമാണു സകലത്തെയും സമ്പൂര്‍ണ്ണമാക്കുന്നത്. മനുഷ്യനു അസാദ്ധ്യമായതു ദൈവത്തിനു സാദ്ധ്യമാകുന്നു. ബലഹീനനായ എന്നെ കൈപിടിച്ചു നടത്തി ഈ ചുമതലയ്ക്ക് എന്നെ വഴിനടത്തുന്നതിന് ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(കാതോലിക്കാ സ്ഥാനാരോഹണത്തിനും ശേഷം കാതോലിക്കാ ബാവാ എന്ന നിലയില്‍ ചെയ്ത പ്രഥമ പ്രസംഗം)