പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ വിശ്വാസപ്രതിജ്ഞ (അമാലോഗിയാ)

മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാലും ശക്തിയാലും നിര്‍വ്വഹിച്ചുകൊള്ളാമെന്ന് സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത സത്യപ്രതിജ്ഞയില്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു. വിശ്വാസപ്രഖ്യാപനത്തിന്‍റെ പൂര്‍ണ്ണരൂപം:.

പൗരസ്ത്യ കാതോലിക്കാസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ബലഹീനനായ മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായായ ഞാന്‍ ഈ മദ്ബഹായുടെ മുമ്പാകെയും ഈ പ. സുന്നഹദോസിന്‍റെ മുമ്പാകെയും അതിന്‍റെ അദ്ധ്യക്ഷനായ മാത്യൂസ് മാര്‍ ഈവാനിയോസ് സീനിയര്‍ മെത്രാപ്പോലീത്താ മുമ്പാകെയും എന്‍റെ വിശ്വാസം ഏറ്റുപറയുന്നു.

1. നമ്മുടെ കര്‍ത്താവായ യേശുമിശിഹാ തന്‍റെ പ. ശ്ലീഹന്മാരെയും അവരുടെ മദ്ധ്യസ്ഥത മുഖാന്തരം സര്‍വ്വപിതാക്കന്മാരെയും ഇന്നയോളമുള്ള സ്തുതി ചൊവ്വാക്കപ്പെട്ട മല്‍പ്പാന്മാരെയും ഭരമേല്‍പിച്ചപ്രകാരമുള്ള സത്യവിശ്വാസവും ഞാന്‍ പാലിക്കും. ആയതു പിതൃപുത്ര പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു ക്നൂമാകളില്‍ അറിയപ്പെടുന്ന ഏകദൈവത്തിലുള്ള വിശ്വാസം തന്നെ.

പിതാവ് ജനകനാകുന്നു. പുത്രനോ പിതാവില്‍ നിന്നു ജനിച്ചവനാകുന്നു. റൂഹാ പിതാവില്‍ നിന്നു പുറപ്പെടുകയും ചെയ്യുന്നു.

അവര്‍ മൂവരും ശ്രേഷ്ഠതയിലും ശക്തിയിലും അധികാരത്തിലും ബഹുമാനത്തിലും തുല്യതയുള്ളവരും ഏകസ്വഭാവം ഏകയിഷ്ടം ഏകസാരാംശം എന്നിവ ഉള്ളവരുമാകുന്നു.

2. രണ്ടാമത്തെ ക്നൂമാ തന്‍റെയും തന്‍റെ പിതാവിന്‍റെയും തന്‍റെ പരിശുദ്ധ റൂഹായുടെയും തിരുഹിതപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി പ. റൂഹായില്‍ നിന്നും കന്യകമറിയാമില്‍ നിന്നും നമ്മുടെ രക്ഷയ്ക്കുവേണ്ടി ജഡധാരണം ചെയ്തു മനുഷ്യനായിത്തീര്‍ന്നു. താന്‍ നിമിത്തം തന്‍റെ മാതാവ് ദൈവമാതാവാകുന്നു.

3. തന്‍റെ ദൈവത്വം തന്‍റെ മനുഷ്യത്വത്തോടു പ്രകൃതപ്രകാരവും ക്നൂമാ പ്രകാരവും കലര്‍പ്പോ സമ്മിശ്രമോ വ്യത്യാസമോ കലക്കമോ കൂടാതെ സംയോജിപ്പിച്ചു തന്‍റെ ദൈവത്വം ഒരുനിമിഷം പോലും മനുഷ്യത്വത്തില്‍ നിന്നു ഒട്ടും തന്നെ വിട്ടുപിരിയാതിരുന്നു.
അതായതു ജഡധാരണം ചെയ്ത ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അവന്‍ തന്നെ കഷ്ടപ്പെട്ടു ജഡത്തില്‍ മരിച്ചു. കബറടക്കപ്പെടുകയും കബറില്‍ നിന്ന് ഉത്ഥാനം ചെയ്യുകയും സ്വര്‍ഗ്ഗത്തിലേക്കു കരേറുകയും ജീവനുള്ളവരെയും മരിച്ചുപോയവരെയും വിധിപ്പാന്‍ വരാനിരിക്കുകയും ചെയ്യുന്നു.

4. പരിശുദ്ധ സഭയുടെ ഏഴു കൂദാശാ രഹസ്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. തിരുവെഴുത്തുകളുടെ രണ്ടു നിയമങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. ശ്ലൈഹികമായ പാരമ്പര്യം ഞാന്‍ ഏറ്റുപറയുന്നു. പരിശുദ്ധാത്മാവിന്‍റെ മദ്ധ്യസ്ഥതയില്‍ ഞാന്‍ വിശ്വസിക്കുന്നു. പ. കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ ഞാന്‍ അംഗീകരിക്കുന്നു.

5. നിഖ്യായിലും കുസ്തന്തീനോസിലും എഫേസൂസിലും ദൈവാത്മാവില്‍ കൂടപ്പെട്ട മൂന്നു പൊതു സുന്നഹദോസുകളില്‍ പരിശുദ്ധ പിതാക്കന്മാരാല്‍ നിശ്ചയിച്ചിട്ടുള്ളതെല്ലാം ഞാന്‍ അംഗീകരിക്കുന്നു.

6. പ. സഭ ആദിമുതല്‍ ഇന്നോളം തള്ളിക്കളഞ്ഞിട്ടുള്ള എല്ലാ വിശ്വാസ വിപരീതങ്ങളെയും ഞാന്‍ തള്ളിപ്പറയുന്നു. എല്ലാ പരിശുദ്ധ ശ്ലീഹന്മാരെയും പ്രത്യേകിച്ച് ശ്ലീഹന്മാരില്‍ മുമ്പനായ മാര്‍ പത്രോസിനെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാശ്ലീഹായെയും അറിയിപ്പുകാരെയും പിതാക്കന്മാരെയും സത്യവിശ്വാസികളായ മല്‍പാന്മാരെയും എല്ലാ പരിശുദ്ധ പിതാക്കന്മാരെയും ഞാന്‍ സ്വീകരിക്കുന്നു.

7. സഭയില്‍ ഉണ്ടായിട്ടുള്ളവയും ഇനിയും ഉണ്ടാകുവാനിരിക്കുന്നതുമായ നിയമാനുസൃതമായ പ. സുന്നഹദോസുകളെയും അന്ത്യോഖ്യാ പാത്രിയര്‍ക്കാ സിംഹാസനവും മലങ്കര കാതോലിക്കാ സിംഹാസനവും തമ്മിലുള്ള നിയമാനുസൃത ബന്ധത്തെയും ഞാന്‍ അംഗീകരിക്കുന്നു. എന്നെ ഭരമേല്‍പിച്ചിട്ടുള്ള ഈ ആട്ടിന്‍കൂട്ടത്തിന്‍റെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയിലും ശക്തിയിലും നിര്‍വഹിച്ചുകൊള്ളാമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒട്ടുംതന്നെ മാറുകയില്ലെന്നും ഞാന്‍ വാഗ്ദത്തം ചെയ്യുന്നു.

ഇവ സ്വന്ത മനസ്സാലെയും സ്വന്ത ഇഷ്ടപ്രകാരവും ഞാന്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. നമ്മുടെ മതത്തിന്‍റെ മഹാപുരോഹിതനായ യേശുമശിഹാ തന്‍റെ കൃപയില്‍ എന്നെ കാത്തു നയിക്കുന്നതിനായി എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പാന്‍ പ. സുന്നഹദോസിനോടും സഭ മുഴുവനോടും എളിയവനും ബലഹീനനുമായ ഞാന്‍ അപേക്ഷിക്കുന്നു.