പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ

പരാജയങ്ങളും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. എന്താണു വിജയത്തിലേക്കു മുന്നേറുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? മൂന്നുകാര്യങ്ങൾ ചുണ്ടിക്കാണിക്കാം. ഒന്ന്, ശുഭാപ്തി വിശ്വാസം. അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്ന ഒരു വിശ്വാസം സ്ഥായിയായി സൂക്ഷിക്കുക. രണ്ട്, ദൈവത്തിന്റെ കരുണയും നടത്തിപ്പും ഒരിക്കലും മാറിപ്പോകുന്നില്ലെന്ന ബോധ്യം. മൂന്ന്, സ്ഥിരോൽസാഹത്തിൽ നിന്നു രൂപംകൊള്ളുന്ന കഠിനാധ്വാനം.

പ്രതിഭാശാലിയും സേവനോൽസുകനുമായ ഒരു യുവാവിന്റെ ചരിത്രസാക്ഷ്യം ഇവിടെ സംഗതമാണ്. ലണ്ടൻ നഗരത്തിൽ ജീവിച്ച ഈ യുവാവ് തന്റെ കഴിവുകളും സേവനവും ദൈവരാജ്യ പ്രവർത്തനത്തിനു സമർപ്പിക്കുവാൻ നിശ്ചയിച്ചു. വൈദിക സേവനത്തിനായി അഭിഷിക്തനാകുവാൻ സന്നദ്ധനായി. പക്ഷേ, അതിനു തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഒരു സമിതിയുടെ മുൻപാകെ പ്രസംഗിച്ച് തന്റെ കഴിവും യോഗ്യതയും വെളിപ്പെടുത്തേണ്ടിയിരുന്നു. ഈ സമിതിയാകട്ടെ പ്രശസ്തരും പ്രഗദ്ഭരുമായ വൈദികരുടെ ചെറിയ സംഘമായിരുന്നു. പ്രസംഗം ശ്രവിക്കുവാൻ മറ്റനേകരും സന്നിഹിതരായി. അക്കൂട്ടത്തിൽ യുവാവിന്റെ ഹൃദയം കവർന്ന പ്രാണസഖിയുമുണ്ടായിരുന്നു. യുവാവിന്റെ മനസ്സ് ആകെ അസ്വസ്ഥമായി. സമിതിയംഗങ്ങൾക്കു മതിപ്പുളവാക്കാൻ തക്ക വാചാലത തനിക്കില്ലെന്ന ചിന്ത കടന്നുകൂടി. ഹൃദയത്തിൽ പല ആശയങ്ങളുമുണ്ട്. പക്ഷേ, അവ എങ്ങനെ നല്ല ഭാഷയിലും ശൈലിയിലും അവതരിപ്പിക്കും എന്ന ആശങ്ക ശക്തമായി ഉയർന്നു. മാത്രമല്ല തന്റെ ഭാവിയെ നിശ്ചയിക്കുന്ന പരീക്ഷാ സന്ദർഭമാണ്. ആദ്യമായി വേദിയെ നേരിടുന്ന പലർക്കുമുണ്ടാകുന്ന ഒന്നുതന്നെയാണ് ഈ പരിഭ്രമം. ഈ ലേഖകൻ സാക്ഷ്യം വഹിച്ച ഒരു സഭവം ഓർക്കുന്നു. ഒരു വൈദിക വിദ്യാർഥി പ്രസംഗ പരിശീലന ക്ലാസിൽ കന്നി പ്രസംഗം നടത്തുകയാണ്. അധ്യക്ഷനെയും സദസ്യരെയും ഉചിതമായി സംബോധന ചെയ്തശേഷം വിഷയത്തിലേക്കു കടക്കുകയായിരുന്നു. മൂന്നുനാലു വാക്കുകൾ ഉച്ചരിച്ചശേഷം നിശ്ശബ്ദതയിലായി. പഠിച്ച വാചകം ഓർക്കുകയായിരുന്നു. വാക്കുകൾ ഒന്നും വരുന്നില്ല. പിന്നീട് വാഴപ്പിണ്ടി വീഴുന്നതുപോലെ ഒരുവശത്തേക്കു ചരിയുകയായിരുന്നു. അധ്യക്ഷൻ താങ്ങി പതുക്കെ കിടത്തി. മുഖത്തു വെള്ളം തളിച്ച് പ്രജ്ഞ തെളിച്ചുവെങ്കിലും തുടർന്നു പ്രസംഗം നടത്തിയില്ല.

മേൽസൂചിപ്പിച്ച കഥാപുരുഷന് അപ്രകാരമുള്ള അപകടമൊന്നുമുണ്ടായില്ല. പക്ഷേ, പ്രസംഗം തുടരാൻ കഴിഞ്ഞില്ല. പരീക്ഷാ സമിതി അദ്ദേഹത്തെ ശുപാർശ ചെയ്യാതെ തിരസ്കരിച്ചു. കടുത്ത ദുഃഖവും നിരാശയും അപമാനഭീതിയും ഒക്കെ പിടികൂടി. കൂനിന്മേൽ കുരു എന്നവണ്ണം തന്റെ ഹൃദയം കവർന്ന വനിതയും തന്നെ കൈവെടിഞ്ഞപ്പോൾ അടങ്ങാത്ത വേദനയിലും നൈരാശ്യത്തിലും വീണു. മനഃശാസ്ത്രജ്ഞൻമാർ നിർവചിക്കുന്ന ‘ഡിപ്രഷൻ’ ശക്തമായി അനുഭവപ്പെട്ടു. ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കണമെന്നുള്ളതായിരുന്നു തന്റെ മുന്നിലെ വലിയ വെല്ലുവിളി. തന്റെ ജീവിതം സത്യമായും ദൈവത്തിനു സമർപ്പിതമായിരുന്നതിനാൽ മുട്ടിപ്പായ പ്രാർഥനയ്ക്കും തീഷ്ണമായ ജാഗരണത്തിനും സന്നദ്ധമായി. തിരുവചന ധ്യാനം ധൈര്യവും പ്രചോദനവും പകർന്നു. പലർക്കും അത്തരം സന്ദർഭങ്ങളിൽ ചില വാക്യം ഹൃദയത്തെ പിടിച്ചടക്കും. മുൻപെങ്ങും അറിയാത്ത പ്രസക്തിയും പ്രകാശനവും ലഭിച്ചുവെന്നും വരും. അപ്രകാരം സ്പർശിച്ച ഒരു വാക്യം ഇതായിരുന്നു. ‘ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കുറിയാമല്ലോ. (റോമ. 8: 28) വ്യക്തകളെക്കുറിച്ചുള്ള ദൈവിക പദ്ധതിയെപ്പറ്റിയും ഈ പ്രപഞ്ചത്തെപ്പറ്റി ആകമാനമുള്ള ദൈവിക പദ്ധതിയെക്കുറിച്ചും ഏറെ ചിന്തിക്കുകയും ആവിഷ്കരിക്കുകയും ചെയ്തിട്ടുള്ള വേദപണ്ഡിതനാണ് മേൽ ഉൽദ്ധരിച്ച വാക്യം നൽകിയിരിക്കുന്നത്. ആ വാക്യം നമ്മുടെ കഥാപുരുഷനിൽ ആത്മധൈര്യവും പ്രത്യാശയും പകർന്നു.

വീണ്ടും പോയി പരീക്ഷയിൽ പങ്കെടുത്തു. എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. വളരെ ഫലപ്രദമായ ശുശ്രൂഷ അനുഷ്ഠിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആവേശത്തോടെ ജനങ്ങൾ സമ്മേളിച്ചുപോന്നു. അദ്ദേഹത്തിന്റെ പേര് G. Campbell Morgan (കാംപ്ബെൽ മോർഗൻ) എന്നാണ്. തിരുവെഴുത്തുകൾ ആധാരമാക്കി ജീവിത സ്പർശിയായ സന്ദേശം കാലിക പ്രാധാന്യത്തോടെ നൽകാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം വേദപണ്ഡിതൻമാർ എല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. വേദപുസ്തക വ്യാഖ്യാന കൃതികൾ അനവധി അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടേ‌റെ പ്രസംഗങ്ങൾ പ്രസിദ്ധീകൃതമായി. വിഭാഗീയ ചിന്തകൾക്കതീതമായി എല്ലാ ക്രൈസ്തവരും അദ്ദേഹത്തിന്റെ കൃതികൾ ഇന്ന് ഉപയോഗപ്പെടുത്തുന്നു.

പ്രഥമ സംരംഭം പരാജയമടഞ്ഞപ്പോൾ നിരാശ ബാധിച്ച് പിൻവാങ്ങിപ്പോയിരുന്നെങ്കിൽ ക്രൈസ്തവ സമൂഹത്തിന് അത് എത്രവലിയ നഷ്ടം ആകുമായിരുന്നു. പരാജയം ദൈവത്തിൽ നിന്ന് അകലുവാനോ ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാനോ ഇടയാക്കാതെ കൂടുതൽ ജാഗ്രയോടെയുള്ള പ്രാർഥനയ്ക്കും ദൈവിക വേഴ്ചയ്ക്കും അവസരമാക്കുകയാണു വേണ്ടത് ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാ അനുഭവങ്ങളും ആത്യന്തികമായി നൻമയിലേക്കും അനുഗ്രഹത്തിലേക്കും ദൈവം പരിണമിപ്പിക്കുമെന്നുമുള്ള വലിയ സത്യം നമുക്ക് ആശ്വാസവും ധൈര്യവും നൽകേണ്ടതാണ്.

ആദ്യസമീപനത്തിൽ വിപരീതവും അഹിതവുമായ അനുഭവമാകാം ഉണ്ടാകുന്നത്. അതു നമ്മെ കൂടുതൽ ചിന്തിപ്പിക്കാനും വിലയിരുത്താനും പ്രേരിപ്പിക്കുമാറാകണം. അപ്പോൾ പുതിയ വഴികൾ കണ്ടെത്താനും വിജയസാധ്യതകൾ തെളിഞ്ഞുവരാനും ഇടയാകും. ആദ്യമേതന്നെ വിജയമാണനുഭവപ്പെടുന്നതെങ്കിൽ അഹന്തയിലേക്കു പോകുന്നതിനും ഭവിഷ്യത്തുകളെക്കറി

്ച് ആഴമായി പഠിക്കുന്നതിന് ഒരുമ്പെടാതെ സ്വയം സംതൃപ്തിയിൽ എത്തുന്നതിനും ഇടയാക്കാം. അതുകൊണ്ടാണു പറയുന്നത് പരാജയങ്ങൾ വിജയത്തലേക്കുള്ള ചവിട്ടുപടികൾ ആണെന്ന്. അപ്രകാരം ആക്കുന്നതിനുള്ള കർത്തവ്യം നമ്മിൽത്തന്നെ സ്ഥിതിചെയ്യുന്നു.

ചിന്താ വിഷയം, മലയാള മനോരമ