പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ സുറിയാനി ഭാഷയില്‍ ക്രോഡീകരിച്ച സുറിയാനി സഭയുടെ കാനോന്‍ ഗ്രന്ഥം. ‘വഴികാണിക്കല്‍’ എന്ന് വാക്കിന് അര്‍ത്ഥം. ആകെ നാല്പത് അദ്ധ്യായങ്ങള്‍. ആദ്യത്തെ പത്ത് അധ്യായങ്ങള്‍ സഭാജീവിത സംബന്ധിയാണ്. അതിന്‍റെ മലയാള വിവര്‍ത്തനം കോനാട്ട് ഏബ്രഹാം മല്പാന്‍ നടത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നടന്ന വിവിധ സുന്നഹദോസുകളിലെ സ്വീകാര്യമായ നിശ്ചയങ്ങളും നിര്‍ദ്ദേശങ്ങളും ബാര്‍ എബ്രായ ഉള്‍പ്പെടെയുള്ള ചില പിതാക്കന്മാരുടെ അഭിപ്രായങ്ങളും ആശീര്‍വാദങ്ങളും വിശദീകരണങ്ങളും ഇതിലുണ്ട്. 17-ാം നൂറ്റാണ്ടില്‍ ഭാഗികമായും 19-ാം നൂറ്റാണ്ടില്‍ പൂര്‍ണ്ണമായും ഈ നിയമഗ്രന്ഥത്തിന്‍റെ സുറിയാനി കയ്യെഴുത്തുപ്രതികള്‍ മലങ്കരസഭയിലെത്തി. സെമിനാരിക്കേസില്‍ നവീകരണവിഭാഗം ഹാജരാക്കിയ വ്യാജ മലങ്കരക്കാനോനെ നേരിടുവാന്‍ മുളന്തുരുത്തി കാനോനാകളും മലങ്കരയിലെ പതിവുകളും ഉള്‍പ്പെടുത്തിയ ഹൂദായ കാനോന്‍ മലങ്കരസഭ ഹാജരാക്കി (അന്ന് കൂട്ടിച്ചേര്‍ത്ത ഒരു ഡസനോളം നിയമങ്ങള്‍ ശീശക്ക് മെത്രാച്ചന്‍ കഴിഞ്ഞ ദശകത്തില്‍ ഹോളണ്ടില്‍ നിന്ന് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയ സുറിയാനിക്കാനോന്‍ ഗ്രന്ഥത്തില്‍ അനുബന്ധമായി കൊടുത്തിട്ടുണ്ട്). പിന്നീടുണ്ടായ വട്ടിപ്പണക്കേസിലും സമുദായക്കേസിലും അനധികൃതമായി കക്ഷിതാല്പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി ഇരുന്നൂറോളം തിരുത്തലുകള്‍ കൂട്ടിച്ചേര്‍ത്തും അസംഖ്യം ഭാഗങ്ങള്‍ വിട്ടുകളഞ്ഞും ഹൂദായ കാനോന്‍റെ ഒരു വികൃതരൂപം പാത്രിയര്‍ക്കീസ് പക്ഷം ഹാജരാക്കി. 18 അക്കം കാനോന്‍ എന്ന് കോടതി പേരിട്ട ആ അസത്യ കാനോന്‍ വെട്ടിക്കല്‍ സെമിനാരിയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹോളണ്ടില്‍ നിന്ന് ശീശക്ക് മെത്രാച്ചന്‍ പ്രസിദ്ധീകരിച്ച കാനോനും പാരീസില്‍ അച്ചടിച്ച കാനോനും കോനാട്ട് ഏബ്രഹാം മല്പാന്‍ വിവര്‍ത്തനം ചെയ്ത കാനോനും ഹൂദായ കാനോന്‍റെ ശരിയായ പതിപ്പുകള്‍ ആണ്. കോനാട്ട് മാത്തന്‍ മല്പാന്‍ വട്ടിപ്പണക്കേസില്‍ സത്യം ചെയ്തു ഹാജരാക്കിയ അസത്യ കാനോനും വെട്ടിക്കല്‍ ഉദയഗിരി സെമിനാരി പ്രസിദ്ധീകരിച്ച മലയാള വിവര്‍ത്തനവും ഹൂദായ കാനോന്‍റെ വികൃതവും വിരൂപവുമായ പതിപ്പാണ്. കൃത്രിമം എഴുതിച്ചേര്‍ത്തത് സ്ലീബാ മാര്‍ ഒസ്താത്തിയോസ് ആണെന്നാണ് കരുതപ്പെടുന്നത്.
- ഫാ. ഡോ. ജോസഫ് ചീരന്‍