സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണാഘോഷം നടത്തി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം “സമൃദ്ധി 2017” എന്ന പേരിൽ ഈ വർഷത്തെ  ഓണാഘോഷം നടത്തി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം സല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ വച്ച് കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ എം. ബി ജോര്‍ജ്ജ്‌ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ആഘോഷത്തിന്‌ വൈസ് പ്രസിഡണ്ട്  ശ്രീ. ക്രിസ്‌റ്റി പി. വർഗീസ് സ്വാഗതം അറിയിച്ചു. പൂക്കളവും, ഓണപാട്ടുകളും, ഓണക്കളികളും കൊണ്ട് ഏവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു.
 സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റഞ്ചി മാത്യു, പ്രസ്ഥാനം ട്രഷറാര്‍ പ്രമോദ് വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓണക്കളികളില്‍ വിജയിച്ച ഏവര്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുകയും വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പുകയും ചെയ്തു. പ്രസ്ഥാനം സെക്രട്ടറി അജി ചാക്കോ പാറയിൽ പങ്കെടുത്ത ഏവരോടും ഉള്ള നന്ദിയും അറിയിച്ചു.