കൊച്ചി മെട്രോയുടെ ശബ്ദം, വിമ്മിയും റിനിയും

ട്രെയിനിലും സ്റ്റേഷനുകളിലുമായി കേള്‍പ്പിക്കുന്ന സാധാരണ അറിയിപ്പുകളെല്ലാം സ്ത്രീ ശബ്ദത്തിലും അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന അറിയിപ്പുകള്‍ പുരുഷ ശബ്ദത്തിലുമാണ് ഉണ്ടാവുക.

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ കയറുന്നതുമുതല്‍ യാത്ര കഴിഞ്ഞ് അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങുതുവരെ ഇവര്‍ രണ്ടു പേര്‍ നിങ്ങളെ വിടാതെ പിന്‍ തുടരും. കോട്ടയംകാരിയായ വിമ്മിയും ഡല്‍ഹി മലയാളിയായ റിനിയും. പ്‌ളാറ്റ് ഫോമില്‍ എന്തൊക്കെ ചെയ്യരുതെന്നും സുരക്ഷിതമായി എങ്ങനെ യാത്ര ചെയ്യാമെന്നും നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കും. സ്‌റ്റേഷനിലും ട്രെയിനിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അനൗണ്‍സ്‌മെന്റ് നിര്‍വ്വഹിച്ചിരിക്കുന്നത് ഈ മലയാളികളാണ്. കേരളത്തിലെ ആദ്യത്തെ മെട്രോ നിങ്ങളോട് സംസാരിക്കുന്നത് ഇവരുടെ ശബ്ദത്തിലായിരിക്കുമെന്ന് ചുരുക്കം.

വിമ്മി മറിയം ജോര്‍ജ്ജ്

 

 

ശബ്ദം കൊണ്ട് നമുക്ക് സുപരിചിതയാണ് വിമ്മി മറിയം ജോര്‍ജ്ജ്. മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ, പരസ്യ ചിത്രങ്ങളിലൂടെ നമ്മള്‍ കേട്ട, ശബ്ദം. മുന്നറിയിപ്പ് എന്ന സിനിമയില്‍ അപര്‍ണാ ഗോപിനാഥിന് ശബ്ദം നല്‍കി നാലുവര്‍ഷം മുമ്പ് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അതേ വിമ്മി മരിയം ജോര്‍ജ്ജ്. ക്രിസ്തീയ ഭക്തി ഗാന ആല്‍ബങ്ങളിലൂടെയും വിമ്മിയെ ചിലര്‍ക്കെങ്കിലും പരിചയമുണ്ട്. മെട്രോ സ്റ്റേഷനിലും ട്രെയിനിലും പാലിക്കേണ്ട മര്യാദകളും സുരക്ഷാ മുന്നറിയിപ്പുകളും കരുതലോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് വിമ്മി.

മലയാളത്തിലുള്ള അറിയിപ്പുകള്‍ക്കെല്ലാം വിമ്മിയുടെ ശബ്ദമാണെങ്കില്‍ ഡല്‍ഹി മലയാളിയ റിനി സൈമണ്‍ ഖന്നയാണ് ഇംഗ്ലീഷ് അനൗണ്‍സ്‌മെന്റുകള്‍ നിര്‍വഹിച്ചിരിക്കുന്നത്.

1982 ല്‍ ആകാശവാണിയിലെ വാര്‍ത്താ വായനക്കാരിയായ റിനി 1985 മുതല്‍ 2001 വരെ ദൂരദര്‍ശനിലെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകയായിരുന്നു. ഇപ്പോള്‍ അറിയപ്പെടുന്ന വോയ്‌സ ഓവര്‍ പ്രൊഫഷണലാണ്. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം.

ട്രെയിനിലും സ്റ്റേഷനുകളിലുമായി കേള്‍പ്പിക്കുന്ന സാധാരണ അറിയിപ്പുകളെല്ലാം സ്ത്രീ ശബ്ദത്തിലും അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന അറിയിപ്പുകള്‍ പുരുഷ ശബ്ദത്തിലുമാണ് ഉണ്ടാവുക. ബെംഗളുരുവിലായിരുന്നു അറിയിപ്പുകള്‍ റെക്കോര്‍ഡ് ചെയ്തത്. ഏപ്രിലില്‍ തന്നെ അറിയിപ്പുകളുടെ പരിശോധന കൊച്ചി മെട്രോയില്‍ ആരംഭിച്ചിരുന്നു.

Source