പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍

St_Dionysius_Vattasseril

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 83-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി പഴയസെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. 22-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. റവ. ഫാ. ഡോ. ഒ. തോമസ് ധ്യാനം നയിക്കും. വൈകുന്നേരം 5.30 മണിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ പഴയസെമിനാരി മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ സ്വീകരിക്കും. 5.30ന് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.30 ുാ ന് സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 8.30 മണിക്ക് പ്രദക്ഷിണവും, പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 23-ാം തീയതി രാവിലെ 7.00 മണിക്ക് പ്രഭാതനമസ്ക്കാരം, 8.00 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്‍റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ് മാര്‍ ഐറേനിയോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസസംഗമത്തില്‍ റവ. ഫാ. ഡോ. ജോര്‍ജ്ജ് അമ്പഴത്തില്‍ മുഖ്യസന്ദേശം നല്‍കും, മാത്യൂസ് മാര്‍ തേവോദോസ്യോസ് ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്‍ററില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് അദ്ധ്യക്ഷത വഹിക്കും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും എന്ന് മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ അറിയിച്ചു.