സൂര്യയെ അനുമോദിക്കാൻ കൈ നിറയെ സമ്മാനവുമായി ഡോ. സഖറിയ മാർ തെയോഫിലൊസെത്തി

soorya-presents

എടക്കര: ദാരിദ്ര്യത്തോടു പൊരുതി എൻട്രൻസ് പരീക്ഷ ജയിച്ച് എംബിബിഎസ് പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സൂര്യവിശ്വനാഥനെ അനുമോദിക്കാൻ കൈനിറയെ സമ്മാനവുമായി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസെത്തി.

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച സൂര്യയ്ക്കു ഫീസടക്കാനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും പണമില്ലാതെ പഠനം വഴിമുട്ടിയത് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹിക പ്രവർത്തകനായ ബിജു വാലടിയാണ് വാർത്ത തെയോഫിലോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നു തിരുമേനി പാലേമാട് നാരോക്കാവിലെ സൂര്യയുടെ വീട്ടിലെത്തുകയായിരുന്നു.

വിലപിടിപ്പുള്ള ഐ ഫോണും വസ്ത്രങ്ങളും സമ്മാനമായി നൽകി. സൂര്യയുടെ പഠനത്തിനു പിന്തുണ നൽകിയ പിതാവ് വിശ്വനാഥനും മാതാവ് സിന്ധുവിനുമുണ്ടായിരുന്നു സമ്മാനം. സൂര്യനെപ്പോലെ ശോഭിക്കണമെങ്കിൽ സൂര്യനെപ്പോലെ എരിഞ്ഞടങ്ങണമെന്നു ഡോ. എപിജെ അബ്ദുൽ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ച് തിരുമേനി പറഞ്ഞു. പഠനവഴിയിൽ തളരാതെ മുന്നോട്ടുപോകാൻ തിരുമേനി സൂര്യയ്ക്കു ധൈര്യം പകർന്നു. ഡോക്ടറായി ഗ്രാമത്തിന്റെ അനുഗ്രമായി തീരട്ടെയെന്നും പ്രാർഥിച്ചു. അടുത്ത ദിവസം തന്നെ സൂര്യയുടെ പഠനസഹായത്തിനായി ലാപ്ടോപ്പ് നൽകും. സാമ്പത്തിക പരാധീനത കൊണ്ട് പാതിയിൽ മുടങ്ങിയ വീടിന്റെ പണി പൂർത്തീകരിക്കാൻ ഒരു ലക്ഷം രൂപ സഹായം നൽകുമെന്നും തിരുമേനി അറിയിച്ചു. ബിജു വാലടിയും തീരുമേനിക്കൊപ്പമുണ്ടായിരുന്നു.