ഒരിക്കൽ  മാത്രം  കണ്ട  ഉത്തമ  സുഹൃത്ത് 

fr_boby
ബോബി  അച്ചൻ ഒരു പ്രത്യേകം ഒരു വ്യക്തിത്വത്തിനുടമയാണ്. ഞാൻ  സമീപ സമയത്തു  ഗ്ലോറിയ ന്യൂസിന്  എഡിറ്റോറിയൽ  എഴുതിയപ്പോൾ  ആമുഖമായി ഒരു ഉദ്ധരണി  കുറിച്ചു . സ്രോതസ്  ആയി ഞാൻ എഴുതിയത്  ‘ഞാൻ ഒരിക്കൽ മാത്രം കണ്ട എൻ്റെ   ഒരു ഉത്തമ  ചങ്ങാതി   പറഞ്ഞത്’  എന്നാണു. എനിക്ക്  എന്റെ  ഏകദേശം  പ്രായത്തോളം പഴമയാർന്ന   സുഹൃത്തുക്കൾ  ഉണ്ട്.  എങ്കിലും  ഞാൻ ഒരിക്കൽ മാത്രം കണ്ടു എന്റെ ഹൃദയത്തിൽ  സ്ഥാനം പിടിച്ച  ഈ ചങ്ങാതിയോളം സ്വാധീനം  ഉണ്ടാക്കിയ  ചങ്ങാതിമാർ  ഏറെയില്ല. അത്  മറ്റാരും  അല്ല. ബോബി  ജോസ് അച്ചനാണ് . അച്ചനെ  കാണുന്നതിന് മുൻപ്  അച്ചൻറെ സവിശേഷകരമായ ആശയങ്ങൾ വായിച്ചാണ് സൗഹൃദത്തിലേക്കു ഉപനയനം  നടത്തിയത്. അതും അച്ചൻ അറിയാതെ. എന്റെ  പ്രിയ  സുഹൃത്തു  ഈപ്പൻ  അച്ചൻ  ഒരു  പുസ്തകം  ഫരീദാബാദിൽ  ഞാൻ പ്രവർത്തിക്കുമ്പോൾ  അവിടേക്കു  അയച്ചു തന്നു. അച്ചൻറെ തൂലികയിൽ  ആദ്യം ജനിച്ച  സുന്ദര – സുഭഗത ഗ്രന്ഥം ആയിരുന്നു അത്. മലയാളത്തിൽ  പിറന്ന  വേറിട്ട  ആഖ്യാന  ഗന്ധമുള്ള ഒരു പുസ്തകം. പാതിരിയെങ്കിലും  പാതിരി ഭാഷയുടെ  വിരസത അനുഭവിപ്പിക്കാത്ത പുസ്തകം. ഞാൻ  ആർത്തിയോടെ  ആ  പുസ്തകം  അനേകം  തവണ  വായിച്ചു. ക്രിസ്തു  പറഞ്ഞ കാര്യങ്ങളെ  അതേ അർത്ഥത്തിൽ  വിശകലം  ചെയ്തിരിക്കുന്ന ക്രിസ്തുവിന്റെ  മണമുള്ള  വാക്കുകൾ . പലരും ക്രിസ്തുവിനെ  ‘കൈകാര്യം’  ചെയ്തു  വികലമാക്കി. ഞാൻ  അനേകരെ  അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ  പാരായണത്തിലേക്കു  സ്വാഗതം ചെയ്തു.
ഞാൻ ഒരിയ്ക്കൽ  മാത്രം കണ്ട  എന്റെ ഉത്തമ  ചങ്ങാതി  എന്ന് ഞാൻ പറഞ്ഞത് ബോബി അച്ചൻ എന്ന  കപ്പൂച്ചിയൻ പുരോഹിതനെ  കുറിച്ചാണ്.
ഞാൻ  ദുബായിൽ  വികാരിയാണ്. വൈ . എം. സി. എ യുടെ  കൺവെൻഷൻ  പ്രഭാഷണം ബോബി അച്ഛനാണ് ആ വര്ഷം ചെയ്യുന്നത്.. ഞാനും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കഠിനമായ പനി കാരണം എനിക്ക്  പോകുവാൻ സാധിച്ചില്ല. എങ്കിലും പകൽ സമയത്തു  അദ്ദേഹത്തെ  കാണുവാൻ അനുവാദം  വാങ്ങുവാൻ  ഞാൻ ഭാരവാഹികളോട്  ആവശ്യപ്പെട്ടു. പത്തു  മിനിട്ടു  കഴിഞ്ഞപ്പോൾ ബോബി ജോസ് അച്ചൻ  എന്റെ ഒരു സുഹൃത്തിനൊടൊപ്പം  എന്റെ താമസ സ്ഥലത്തെത്തി. ദൂരെ  നിന്നും നടന്നു  വരുന്ന കാഴ്ച  കണ്ണിന്നു സുഖമാണ്. യേശു ക്രിസ്തു  പാലസ്തീൻ  നാട്ടിലൂടെ  ഒഴുകി നടക്കുന്ന  പോലെ ഒരു  കാഴ്ച. കാലിൽ മെതിയടിയോ, മറ്റു  പാദരക്ഷയോ  ഇല്ലാതെ  അതി കഠിനമായ  ഗൾഫിലെ ചൂടിൽ  അദ്ദേഹം എന്നെ  അദ്ദേഹത്തെ  കാണിക്കുവാൻ  എത്തി. ഞാൻ അക്ഷരാർത്ഥത്തിൽ  ശൂന്യമായി. അദ്ദേഹം എന്നോടും കുടുംബാഗങ്ങളോടും  കുറെ  സമയം ചിലവഴിച്ചു. ലളിതമായ  ഭാഷയിലും സൗമ്യമായ  ശബ്ദത്തിലും അദ്ദേഹം  സംഭാഷണം ചെയ്തു പ്രാർത്‌ഥിച്ചു. കുഞ്ഞുങ്ങളെ  തലയിൽ  കൈ വച്ച്  അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ  സാന്നിധ്യം  സൃഷ്ടിച്ച  പ്രപഞ്ചം  വിശകലനാധീതമാണ്‌
ഞാൻ ഒരിക്കൽ മാത്രം കണ്ട  എന്റെ  ഉറ്റ ചങ്ങാതി  ഈ  പുരോഹിതനാണ്. പൗരോഹിത്യത്തിലെ  മാറി  നടക്കുന്ന  ‘വേറിട്ടവൻ’. വേറിട്ടവൻ   എന്ന  അർത്ഥത്തിൽ ഗ്രീക്ക് ഭാഷയിൽ  ഉപയോഗിക്കുന്ന ‘ഹഗിയോസ് ‘ എന്ന വാക്കിനർത്ഥം  വിശുദ്ധൻ  എന്നാണ്.
ബിജുഅച്ചൻ