ബോബിയച്ചന്റെ നോട്ടത്തിന്റെ പൊരുൾ / മോഹൻലാൽ

fr_boby

അസുഖം ബാധിച്ചുകിടക്കുമ്പോഴാണ് നാം ഏറ്റവുമധികം ഒറ്റപ്പെടുക. നാം നമ്മോടുതന്നെ ചേർന്നുകിടക്കുന്ന സമയമാണത്. ഓർമകളും ആലോചനകളുമായിരിക്കും അപ്പോൾ മനസ്സിൽനിറയെ. എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. കോഴിക്കോട്നഗരത്തിൽനിന്ന് അല്പമകലെ, പുഴയോരത്ത്, കെ.സി. ബാബുവിന്റെ വീട്ടിൽ തനിച്ചുകിടക്കുമ്പോൾ, മൂന്നരപ്പതിറ്റാണ്ടിനിടെ ഈ വീട്ടിൽവെച്ച് പരിചയിച്ച മനുഷ്യരും വളർന്ന ബന്ധങ്ങളും വഴിപിരിഞ്ഞു പോയവരും പറഞ്ഞുകേട്ടവരും; എന്റെ മനസ്സിൽവന്നുനിറഞ്ഞു. അക്കൂട്ടത്തിൽ ഒരു മനുഷ്യൻ ആലോചനകളിൽ പ്രത്യേകമായുണ്ടായിരുന്നു. അദ്ദേഹത്തെ ഞാൻ അതുവരെ കണ്ടിട്ടില്ലായിരുന്നു. ബാബുച്ചായന്റെ സംസാരങ്ങളിൽ പലപ്പോഴും ഈ മനുഷ്യൻ കടന്നുവന്നിരുന്നു. ഫാദർ ബോബി ജോസ് കട്ടിക്കാട് എന്ന കപ്പൂച്ചിൻ സംന്യാസിയായിരുന്നു അത്. അദ്ദേഹം കോഴിക്കോട്ടെത്തുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ബാബുച്ചായൻ പറഞ്ഞതുകൊണ്ടുകൂടിയാകാം തനിച്ചുകിടക്കുമ്പോൾ ഞാൻ അദ്ദേഹത്തെക്കുറിച്ച്ഓർക്കാൻ കാരണം. ഒരുപക്ഷേ, വീട്ടിൽ വന്നേക്കാം എന്നും പറഞ്ഞിരുന്നു.
  ബോബിയച്ചൻ എന്നായിരുന്നു ബാബുച്ചായൻ അദ്ദേഹത്തെ വിളിച്ചിരുന്നുത്. ബോബിയച്ചന്റെ ഏറ്റവുംവലിയ ഗുണമായി ബാബുച്ചായൻ പറയുമായിരുന്നു: ;ആരെപ്പറ്റിയും മോശമായി ഒന്നു പറയാത്ത ആൾ എന്ന്. ചെറിയ രീതിയിലെങ്കിലും ഞാനും ആ നന്മയിലേക്ക് നടന്നടുക്കാൻ ശ്രമിക്കുന്നയാളാണ്. ആരെപ്പറ്റിയും മോശവും ദോഷവും പറയാത്തതല്ല, അങ്ങനെയൊന്നും കാണാത്തതുകൊണ്ടാണ്. കണ്ടാലല്ലേ പറയാൻ സാധിക്കൂ. മനുഷ്യരുടെ നല്ല വശങ്ങളിലേക്കുമാത്രമേ ഞാൻ നോക്കാറുള്ളൂ. എല്ലാവർക്കും ചീത്തവശങ്ങളുണ്ടാവാം. എനിക്കത് കേൾക്കാനോ കാണാനോ പറയാനോ താത്പര്യമില്ല എന്നു മാത്രം. ബോബിയച്ചനുമായി മുമ്പ്;ഒരുതവണ മാത്രം ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. ഇമ്പമുള്ള, നനവുള്ള ശബ്ദം. അതിൽ കരുണ എന്ന വികാരം മുഴങ്ങുന്നതുപോലെതോന്നി, അന്ന്. ബോബിയച്ചന്റെ പല പ്രത്യേകതകളെക്കുറിച്ചും ബാബുച്ചായൻ പറയുമായിരുന്നു: ചെരിപ്പിടാറില്ല, അധികം പണമോ ആവശ്യത്തിലധികം വസ്ത്രമോ കൈയിൽ കരുതാറില്ല, ഒറ്റയ്ക്ക് ഒരു കാറ്റുപോലെ സഞ്ചരിക്കുന്നയാളാണ്… ഒരാളെ കാണണം എന്നു തോന്നാൻ ഇതിലധികം എന്തുവേണം
   
മാതൃഭൂമി നടത്തുന്ന ആത്മീയപ്രഭാഷണ പരമ്പരയിൽ രാമായണത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ബോബിയച്ചൻ കോഴിക്കോട്ട് വന്നത്. പ്രഭാഷണം കഴിഞ്ഞ് മഴ മൂടിക്കെട്ടിയ സന്ധ്യയിൽ അദ്ദേഹം വീട്ടിലേക്കു കയറിവന്നു.
   
എത്രയോ പുരോഹിതന്മാരെ ഇത്രയും കാലത്തിനിടെ ഞാൻ പരിചയിച്ചിട്ടുണ്ട്. എന്നാൽ അവരെപ്പോലെയൊന്നുമായിരുന്നില്ല ഈ മനുഷ്യൻ-വാക്കിലും നോക്കിലും സാമീപ്യത്തിലും. പനിയാണ് എന്നറിഞ്ഞപ്പോൾ എന്നോട് അദ്ദേഹം പോയിക്കിടന്നോളാൻ പറഞ്ഞു. എന്നാൽ എനിക്കദ്ദേഹത്തിന്റെ അടുത്തിരിക്കണമായിരുന്നു. ചില മനുഷ്യരുടെ സാമീപ്യം നമ്മെ രോഗത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചിപ്പിക്കും എന്നുകേട്ടിട്ടുണ്ട്. കുറച്ചുസമയം ഞങ്ങൾ പുഴയോരത്ത് ഒന്നിച്ചിരുന്നു, പുൽത്തകിടിയിലൂടെ നടന്നു, ഭക്ഷണംകഴിച്ചു. ഉച്ചത്തിലുള്ള സംസാരങ്ങളോ പൊട്ടിച്ചിരികളോ ഞങ്ങൾക്കിടയിൽ ഉണ്ടായില്ല. ബോബിയച്ചൻ എന്ന സംന്യാസിയെ കേൾക്കുകയോ കാണുകയോ ആയിരുന്നില്ല, അനുഭവിക്കുകയായിരുന്നു ഞാൻ. വസന്തംനിറഞ്ഞ ഒരു വയലിന്റെ ചാരെ നിൽക്കുന്നതുപോലെ തോന്നി. മോഹൻലാൽ എന്ന നടനോടായിരുന്നില്ല ബോബിയച്ചൻ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചതത്രയും. മോഹൻലാൽ എന്ന മനുഷ്യനോടായിരുന്നു. അങ്ങനെ അധികം സംഭവിക്കാറില്ല. പിരിയാൻനേരത്ത് അദ്ദഹം എന്റെ കൈപിടിച്ച്, കണ്ണടച്ച് പ്രാർഥിച്ചു. കനിവോടെ എന്റെ കണ്ണുകളിലേക്കുനോക്കി. ‘കൂട്ട്’ എന്ന തന്റെ പുസ്തകം സ്നേഹത്തോടെ തന്നു.
   
രാത്രി ഒമ്പതിന് ബോബിയച്ചൻ പോകാനിറങ്ങി. പിറ്റേന്ന് കൊൽക്കത്തിയിലേക്ക് പോകുകയാണ് എന്നുപറഞ്ഞു. വിടപറയുമ്പോൾ വീണ്ടും കാണാം; എന്നോ ഞാൻ വിളിക്കാം എന്നോ അദ്ദേഹം പറഞ്ഞില്ല. പകരം എന്റെ കണ്ണുകളിലേക്ക് കൂടുതൽ കരുണയോടെ ഒന്നു നോക്കുക മാത്രം ചെയ്തു. ആ നോട്ടത്തിന്റെ പൊരുൾ എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല.
കൂട്ട് എന്ന് ബോബിയച്ചൻ തന്റെ പുസ്തകത്തിന് പേരിട്ടത് സൗഹൃദം എന്ന അർഥത്തിലാവാം. എന്നാൽ ബോബി ജോസ് കട്ടിക്കാട് എന്ന മനുഷ്യനിൽ ഞാൻ കണ്ടത് സവിശേഷമായ കൂട്ട് (recipe) ഉൾച്ചേർന്ന ഒരാളെയാണ്. ആ കൂട്ടിന്റെ നന്മയിൽ അല്പം എന്റെ ശിഷ്ടജീവിതത്തിലേക്കും പകരണേ എന്നാണ് ഇപ്പോഴത്തെ പ്രാർഥന.