പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി

പഴഞ്ഞി പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തി

pazhanji

പഴഞ്ഞി: ആയിരത്തി അഞ്ഞൂറോളം ഇടവകക്കാരുള്ള പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് കത്തീഡ്രല്‍ പദവി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസാണ് 1270 വര്‍ഷം പഴക്കമുള്ള പള്ളി കത്തീഡ്രലാക്കി ഉയര്‍ത്തിയത്. സുന്നഹദോസിന്റെ തീരുമാനം പരിശുദ്ധ കാതോലിക്കാബാവ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവ, പള്ളി വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളിയെ അറിയിച്ചു. 
കുന്നംകുളം ഭദ്രാസനത്തിന്റെ കീഴില്‍ കത്തീഡ്രലായി ഉയര്‍ത്തുന്ന രണ്ടാമത്തെ പള്ളിയാണ് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്. ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലാണ് നിലവിലുള്ളത്. ഭദ്രാസനത്തിനു കീഴില്‍ ഒരു കത്തീഡ്രലാണ് ഓര്‍ത്തഡോക്‌സ് സഭ അനുവദിക്കുക. പഴഞ്ഞി പള്ളിയുടെ ചരിത്രമഹിമയും വിശ്വാസതീക്ഷ്ണതയുമാണ് കത്തീഡ്രല്‍ സ്ഥാനത്തിനര്‍ഹമാക്കിയത്. ‘കത്തീഡ്ര’ എന്ന ഗ്രീക്ക് പദത്തിന് സിംഹാസനം എന്നാണര്‍ത്ഥം. പഴയകാല രാജാക്കാന്മാരുടെ ആസ്ഥാന ദേവാലയമായിരുന്നു കത്തീഡ്രല്‍. 
പഴഞ്ഞി പള്ളിയില്‍ പട്ടമേറ്റ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ ഇരുപതാം ചരമശതാബ്ദി ഓര്‍ത്തഡോക്‌സ് സഭ ആചരിക്കുമ്പോഴാണ് കത്തീഡ്രല്‍ പദവി തേടിയെത്തിയത്. 1815ലാണ് പുലിക്കോട്ടില്‍ തിരുമേനി പഴഞ്ഞിയില്‍വെച്ച് പട്ടമേറ്റത്.
സഭാ ജ്യോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി പട്ടമേറ്റ് ആദ്യവികാരിയായതും പഴഞ്ഞി പള്ളിയിലാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ കൂടിയായ കാതോലിക്കാബാവ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ മാമൂദീസ മുങ്ങിയതും പഴഞ്ഞി പള്ളിയിലാണ്. കത്തീഡ്രലാക്കണമെന്ന ഇടവകയുടെ ആവശ്യം സുന്നഹദോസില്‍ കാതോലിക്കാബാവ അവതരിപ്പിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും അടങ്ങുന്ന സുന്നഹദോസിന്റെ തീരുമാനം കല്‍പ്പനയായി പള്ളിയിലെത്തും. 
പള്ളിക്ക് കത്തീഡ്രല്‍ പദവി കിട്ടിയതോടെ ഇടവക മുഴുവനും ആഹ്ലാദത്തിലാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ അടിയന്തര യോഗം വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി വിളിച്ചുചേര്‍ത്തു. കാതോലിക്കാബാവയ്ക്കും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനും നന്ദിയും ആഹ്ലാദവും പ്രകടിപ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനയും അനുമോദനയോഗവും ഉണ്ടായി. ഫാ. സൈമണ്‍ വാഴപ്പിള്ളി അധ്യക്ഷനായി. സഹവികാരി ഫാ. മാത്യൂ വര്‍ഗ്ഗീസ് കുളങ്ങാട്ടില്‍, ട്രസ്റ്റി സി.ഐ. സിംജോ, സെക്രട്ടറി അനീഷ് സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കത്തീഡ്രല്‍ പദവി, പഴഞ്ഞിക്ക് പ്രാര്‍ത്ഥനയുടെ സാഫല്യം

പഴഞ്ഞി: കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെല്‍ദോ മാര്‍ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച പഴഞ്ഞി പള്ളിക്ക് കത്തീഡ്രല്‍ പദവി ലഭിച്ചത് പ്രാര്‍ത്ഥനാ സാഫല്യമായാണ് വിശ്വാസികള്‍ കാണുന്നത്. ഏറെക്കാലമായി ഇടവക കത്തീഡ്രല്‍ എന്ന ആശയം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടെങ്കിലും 2008ല്‍ പുതിയ പള്ളിയുടെ കുദാശ സമയത്താണ് ആ ആഗ്രഹം പുറത്ത് വന്നത്. 
പള്ളി കുദാശയ്ക്ക് മുമ്പായി ചേര്‍ന്ന ഇടവക പൊതുയോഗമാണ് പഴഞ്ഞിയെ കത്തീഡ്രലാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭദ്രാസന മെത്രാപ്പോലീത്തകൂടിയായ പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീദീയന് അപേക്ഷ നല്‍കിയത്. ഭദ്രാസത്തില്‍ ഒരു കത്തീഡ്രല്‍ മാത്രമെ ഓര്‍ത്തഡോക്‌സ് സഭ അനുവദിക്കാറുള്ളൂ. ആര്‍ത്താറ്റ് പള്ളിക്ക് കത്തീഡ്രല്‍പദവി നേരത്തെ ലഭിച്ചതിനാല്‍ പഴഞ്ഞിക്ക് അനുമതി വൈകി. 
പിന്നീട് കഴിഞ്ഞ ജൂണില്‍ ഇടവക പൊതുയോഗം ആവശ്യം വീണ്ടും ഉന്നയിക്കുകയും തീരുമാനം പരിശുദ്ധ കാതോലിക്കാ ബാവയെ അറിയിക്കാന്‍ വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളിയെയും ട്രസ്റ്റി സി.ഐ. സിംജോയെയും ചുമതലപ്പെടുത്തി. ഇടവക ജനങ്ങളുടെ ആഗ്രഹം പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുനഹദോസില്‍ കാതോലിക്കാ ബാവ അവതരിപ്പിച്ചതോടെയാണ് കത്തീഡ്രല്‍ പ്രഖ്യാപനമുണ്ടാകുന്നത്. 
മലങ്കര സഭയുടെ ആദ്യ സണ്ടേസ്‌കൂള്‍ തുടങ്ങിയതും ആത്മീയസംഘടനകള്‍ പിറവികൊണ്ടതുമായ പഴഞ്ഞിയുടെ ചരിത്രപാരമ്പര്യം സുന്നഹദോസ് ഉള്‍ക്കൊള്ളുകയായിരുന്നു. പേര്‍ഷ്യന്‍ മാതൃകയിലെ ചുവര്‍ചിത്രങ്ങളുടെ കലവറകൂടിയായ പഴഞ്ഞി പള്ളി പൗരാണികത ഉറങ്ങുന്ന ദേവാലയം കൂടിയാണ്. 1978ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഞ്ച് മെത്രാപ്പോലീത്തമാരെ ഒരുമിച്ച് വാഴിച്ച പഴഞ്ഞി പള്ളി അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഒക്ടോബര്‍ 2.3 തിയതികളിലെ പഴഞ്ഞി പെരുന്നാള്‍ മലങ്കരസഭയുടെ ദേശീയ ആഘോഷമായാണ് കണക്കാക്കുന്നത്.