അലക്സ് മാത്യു അന്തരിച്ചു

alex-mathew

m_m_alex alex_mathew

തൂവാനത്തുമ്പികളിലെ ‘ബസ് മുതലാളി’ അലക്സ് മാത്യു അന്തരിച്ചു

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേമായ ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അലക്സ് മാത്യു അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. കോട്ടയം സ്വദേശിയാണ്.

ജീവശാസ്ത്രജ്ഞൻ, വേദിക്-ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്” എന്നീ സംഘടനകളുടെ സ്ഥാപകൻ. മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡ് ജൂറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തമ്പി കണ്ണന്താനം മോഹൻലാൽ ടീമിന്റെ രാജാവിന്റെ മകനിലെ സുനിൽ എന്ന റോളും ശ്രദ്ധിക്കപ്പെട്ടു. പരന്പര, വിറ്റ്നസ് എന്നിവയാണ് മറ്റുചിത്രങ്ങള്‍.

ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ എകദേശം 220ൽപ്പരം ഡോക്കുമെന്റേഷനുകൾ അലക്സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്. ജൂണ്‍ 25ന് കോട്ടയം സെന്‍റ്. പോള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ചാണ് സംസ്കാരം.

– Manorama News

തൂവാനത്തുമ്പികള്‍ കണ്ടവര്‍ മറക്കില്ല അലക്‌സ് മാത്യുവിനെ

കോട്ടയം: തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ചിത്രം കണ്ടവരാരും അതിലെ ബസ്മുതലാളിയായ ബാബു എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. അന്തരിച്ച നടന്‍ അലക്‌സ് മാത്യുവിനു കിട്ടിയ വേറിട്ട കഥാപാത്രമായിരുന്നു അത്. തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ വേഷംചെയ്ത പ്രശസ്തനടന്‍ അശോകന്‍ അലക്‌സ് മാത്യുവിനെ ഓര്‍ക്കുന്നു.

അലക്‌സിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു പ്രേക്ഷകന് എന്താ തോന്നുക. റഫ് ആയ അരോഗന്റ് ആയ ഒരാള്‍. എനിക്കും അലക്‌സിനെ ആദ്യം കണ്ടപ്പോള്‍ അങ്ങനെതന്നെയാണ് തോന്നിയത്. പക്ഷേ, തൂവാനത്തുമ്പികളുടെ സെറ്റില്‍വച്ച് ഞങ്ങള്‍ കൂടുതല്‍ അടുത്തു, സുഹൃത്തുക്കളായി. സിനിമയിലെ പല രംഗങ്ങളും ഇപ്പോള്‍ മനസ്സിലുണ്ട്. പ്രത്യേകിച്ചും പീച്ചി ഡാമിലെ രംഗം. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ഷൂട്ടിങ്. സ്വാഭാവികത വേണമെന്ന് പത്മരാജന് നിര്‍ബന്ധമായിരുന്നു. അലക്‌സിനുമാത്രം കഴിയുന്ന ഒരു റോളായിരുന്നു അത്. ആ കാര്യത്തില്‍ പത്മരാജന്റെ സെലക്ഷന്‍ ഗംഭീരമായിരുന്നു. ജഗതി അവതരിപ്പിച്ച കഥാപാത്രത്തെ കാറില്‍ കൊണ്ടുപോകുന്നതും ബിയര്‍കുപ്പി ഫാനിലേക്കെറിയുന്ന രംഗവുമൊക്ക ഇപ്പോഴും മനസ്സിലുണ്ട്. പത്മരാജന്‍ചിത്രത്തില്‍ അഭിനയിക്കാനായതില്‍ അലക്‌സ് വളരെയേറെ സന്തോഷിച്ചിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍തമ്മില്‍ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും. പിന്നീട് വീണ്ടും സുഹൃത്തുക്കളാകും.

സിനിമവിട്ട അലക്‌സുമായി കുറച്ചുനാള്‍ ഒരുബന്ധവും ഉണ്ടായിരുന്നില്ല. അദ്ദേഹം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. ചെന്നൈയില്‍ ഞങ്ങളുടെ സൗഹൃദം വീണ്ടും പഴയതുപോലെയായി. മൂന്നുമാസം മുമ്പ് ആസ്‌ട്രോണമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് എന്നെ വിളിച്ചിരുന്നു. പക്ഷേ, ആ ചടങ്ങ് മാറ്റിവച്ചു. അലക്‌സിനെ വിധി തട്ടിയെടുത്തുവെന്ന് വിശ്വസിക്കാനാവുന്നില്ല. അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു ആ ജീവിതം.

Source