പ്രമുഖ വാസ്തുശിൽപി ചാൾസ് കൊറയ അന്തരിച്ചു

chals_koraya1

 

ഭാരതം കണ്ടിട്ടുള്ള പ്രമുഖ വാസ്തുശിൽപിയും നഗരാസൂത്രണ വിദഗ്ധനുമായ ചാൾസ് കൊറയ അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 18ന്. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് ഇദ്ദേഹമായിരുന്നു. രാജ്യാന്തര, ദേശീയ രംഗത്തെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നവിമുംബൈ എന്ന നഗരത്തെ രൂപകൽപ്പന ചെയ്തത് കൊറയയാണ്. കെട്ടിടത്തിന്റെ ആന്തരിക സൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കലാപരമായ കെട്ടിടങ്ങള്‍ രൂപപ്പെടുത്തിയയാളാണ് ചാള്‍സ് കൊറയ.

പരുമല പള്ളിയുടെ രൂപകല്പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും ഈജിപ്റ്റിലെ ചില കോപ്റ്റിക് ദേവാലയങ്ങളും ചാൾസ് കൊറയ സന്ദർശിച്ചിരുന്നു. കൊറയ അവതരിപ്പിച്ച മാതൃക 1993-ൽ അംഗീകരിക്കപ്പെട്ടു. 1995 മാർച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂർത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബർ 27,28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തിൽ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യമുണ്ട്.

ഗുജറാത്തിലെ സബർമതിയിലുള്ള ഗാന്ധി സ്മാരകം 28-ാം വയസ്സിലാണ് കൊറയ പണിതത്. കോവളത്തെ ബീച്ച് റിസോർട്ട്, ഭോപ്പാലിലെ ഭാരത് ഭവൻ, വിധാൻ ഭവൻ, ന്യൂയോർക്കിലെ യുഎൻ സ്ഥലത്തുള്ള ഇന്ത്യയുടെ പെർമനന്റ് മിഷൻ, ഗോവയിലെ കലാ അക്കാദമി, മുംബൈയിലെ കാഞ്ചൻജംഗ റെസിഡന്‍ഷ്യൽ ടവർ തുടങ്ങിയവ അദ്ദേഹം

രൂപകൽപ്പന ചെയ്തവയാണ്. ടൊറന്റോയിലെ ഇസ്മായിലി സെന്റർ, ബോസ്റ്റണിലെ മിഷിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബ്രെയ്ൻ സയൻസ് സെന്റർ, ലിസ്ബണിലെ ചംപാലിമൗഡ് സെന്റർ തുടങ്ങിയവയും അദ്ദേഹം രൂപകൽപ്പന ചെയ്തതാണ്.

1984ൽ മുംബൈയിൽ അർബൻ ഡിസൈൻ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച് നഗരത്തെ വികസിപ്പിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.