ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം

priests_social_meda

 

IMG-20150605-WA0020

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികര്‍ സോഷ്യല്‍ മീഡിയയില്‍ സഭാ നേതൃത്വം നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദിക സംസ്‌കാരത്തിന്‌ അനുയോജ്യമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കാനോ സ്‌ഥാന വസ്‌ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ പാടില്ല. അച്ചടക്കം ലംഘിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും സഭാ സമിതി ശിപാര്‍ശ ചെയ്‌തു.
സഭയിലെ വൈദികരുടെയും ശുശ്രൂഷകരുടെയും സേവന വേതന വ്യവസ്‌ഥ പരിഷ്‌കരിക്കുന്നതിനു രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണു നടപടി. സഭാ മാനേജിങ്‌ കമ്മിറ്റിയും സുന്നഹദോസും റിപ്പോര്‍ട്ട്‌ അംഗീകരിച്ചു. ഇതുസംബന്ധിച്ചുള്ള കല്‍പന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ പുറപ്പെടുവിച്ചു.
സഭാ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കല്‍പനയിലുണ്ട്‌.
അടുത്തയിടെ സഭാ നേതൃത്വത്തിന്റെ നിലപാടിന്‌ വിരുദ്ധമായി സഭയിലെ ചില വൈദികര്‍ വാര്‍ത്താമാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണു നിയന്ത്രണം.
വൈദികര്‍ക്ക്‌ അടിസ്‌ഥാന ശമ്പളത്തിന്റെ 112 ശതമാനം വര്‍ധനയ്‌ക്കു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്‌. വൈദികരുടെ ശമ്പളം വര്‍ധിപ്പിച്ചതിനൊപ്പമാണു കര്‍ശന നിയന്ത്രണവും സഭാ നേതൃത്വം ഏര്‍പ്പെടുത്തിയത്‌. സഭയിലെ പള്ളികളില്‍ എല്ലാ ദിവസവും വൈദികര്‍ പ്രാര്‍ഥന നടത്തണം. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഇടവകയില്‍ ഭവന സന്ദര്‍ശനം നടത്തണം. വൈദിക സംഘത്തിന്റെ ചുമതലയില്‍ നടത്തുന്ന റിഫ്രഷന്‍ കോഴ്‌സുകളില്‍ 55 വയസില്‍ താഴെയുളള വൈദികര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഇതോടൊപ്പം വൈദികരെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്‌ഥലം മാറ്റണമെന്നും ശിപാര്‍ശയുണ്ട്‌.
ശമ്പള നിര്‍ണയത്തിനായി വൈദികരെ നാലു ഗ്രൂപ്പായും തരം തിരിച്ചിട്ടുണ്ട്‌.എല്ലാ ദിവസവും പള്ളികളില്‍ ക്രമമായി പ്രാര്‍ഥന നടത്തുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നവരെ ഫുള്‍ടൈം വൈദികരായും മറ്റുളളവരെ പാര്‍ട്ട്‌ടൈം വൈദികരായുമാണു കണക്കാക്കുന്നത്‌.വൈദികരുടെ വിരമിക്കല്‍ പ്രായം 65 വയസായും നിജപ്പെടുത്തിയിട്ടുണ്ട്‌. മുപ്പത്‌ വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വൈദികര്‍ പൂര്‍ണ പെന്‍ഷനു അര്‍ഹരായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.