മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് ഫെയിസ്ബുക്കില്‍ എഴുതിയത്

സഖറിയ മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് എം.എല്‍.എ. ഫെയിസ്ബുക്കില്‍ എഴുതിയത്

aprem_zacharia

മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപനായ ഡോ .സഖറിയാസ് മാർ അപ്രേം ഒരു അസാധാരണ വ്യക്തിത്വം ആണ് . ബിഷപ്പിന്റെ ഡോക്ടറെറ്റ് ഹൈന്ദവവേദങ്ങളിൽ ആണ് . പ്രഭാഷണങ്ങളിൽ പലപ്പോഴും ശ്ലോകങ്ങൾ അനർഗ്ഗളം കടന്ന് വരാറുണ്ട് എന്നാണ് കേട്ടത് . മറ്റൊന്ന് പാവങ്ങളോടോപ്പമാണ് ബിഷപ്പ് എപ്പോഴും .സാധാരണ ബിഷപ്പുമാർ സമുദായത്തിലെ പ്രമാണിമാരുടെ വിവാഹങ്ങൾക്കാണ് പങ്കെടുക്കാറുള്ളത് .എന്നാൽ പാവപ്പെട്ടവരുടെ കല്യാണങ്ങളിൽ മിക്കപ്പോഴും മാർ അപ്രേമിന്റെ സാന്നിദ്ധ്യം ഉണ്ട് . ഒട്ടനവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നൽകാറുണ്ട് .ഇങ്ങനെ പലതും അടൂരുകാർ എന്നോട് പറഞ്ഞു . ബിഷപ്പും അടൂർ ബൈപ്പാസ് ക്ലീനിംഗിന് വന്നിരുന്നു . എയറോബിക്ക് ബിൻ കാണുന്നതിന് വേണ്ടി ബൈപ്പാസിലൂടെ ഞങ്ങൾ ഒരുമിച്ച് ഒരു കിലോ മീറ്റർ നടന്നു . സംഭാഷണം Ecological Theology യെ കുറിച്ചായിരുന്നു . ഉൽപ്പത്തി പുസ്തകത്തിൽ ഭൂമി ആദമിനെ ഏൽപ്പിച്ചത് വേല ചെയ്യാൻ വേണ്ടി മാത്രമല്ല കാത്തുസൂക്ഷിക്കാൻ കൂടി വേണ്ടിയാണ് .ഇവിടെ നിന്ന് തുടങ്ങുന്നു പോലും ecology യുടെ ദൈവ ശാസ്ത്രം .”കേരളത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഒന്ന് പരിസര മലിനീകരണം ആണ് . ഇതിനെതിരെ ആര് മുൻകൈ എടുത്താലും അവരോടൊപ്പം ഞാനുണ്ടാകും ” എന്നാണ് ബിഷപ്പ് പറഞ്ഞത് .
എന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഞാൻ പറഞ്ഞു “ശുചിത്വം ധാർമ്മികതയുടെ കൂടി പ്രശ്നമാണ് .വിശ്വാസികളുടെ മുൻപിൽ ഇതുയർത്തുന്നതിൽ പള്ളിക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ട് .നല്ല ക്രിസ്ത്യാനി ആണെങ്കിൽ മാലിന്യം വലിച്ചെറിയരുത് എന്ന് എന്ത് കൊണ്ട് പ്രസംഗിച്ച് കൂടാ ” ” ചെറിയ തോതിലുണ്ട് പക്ഷെ പോര ” ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു . “ഗൗരവമായി ഈ വിഷയത്തിൽ ഇടപെടാൻ പോകുകയാണ് . ആദ്യപടിയായി സെന്റ് മേരീസ് പള്ളിയും അതിന്റെ മുൻപിലുള്ള ബൈപ്പാസിലെ സ്ഥലവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഞങ്ങൾ മുൻകൈ എടുക്കുകയാണ് “. സദസ്സ് ഹർഷാരവത്തോടെയാണ് ബിഷപ്പിന്റെ ഈ വാക്കുകൾ സ്വീകരിച്ചത്.


Dr.T.M Thomas Isaac