തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയതായി വാര്‍ത്ത

thiruvanchoor

Desabhimani Daily, 16-5-2015

Marunadan Malayali News

തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ കാതോലിക്കബാവ വിസമ്മതിച്ചു

 പ്രസംഗിക്കാനാവാതെ മന്ത്രി വേദി വിട്ടു
കോട്ടയം: ഓർത്തഡോക്സ് സഭ യു.ഡി.എഫ് വിരുദ്ധ നിലപാട് കടുപ്പിച്ചതിന്റെ തുടർച്ചയായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാൻ സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ വിസമ്മതിച്ചു. വേദി പങ്കിടുന്നതിലെ അതൃപ്തി ബാവ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവഞ്ചൂരിന്  പ്രസംഗിക്കാനാവാതെ വേദി വിടേണ്ടി വന്നു.

കോട്ടയത്തിനു സമീപം പള്ളം സെന്റ്പോൾസ് പള്ളിയിൽ മാണി ഗ്രൂപ്പ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് പി.സി. ചാണ്ടിയുടെ മകൻ തോമസ് ചാണ്ടി ശെമ്മാച്ചൻ ആകുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. തിരുവഞ്ചൂരിന് ക്ഷണമുണ്ടായിരുന്നു. ഇതിനൊപ്പം കാതോലിക്കബാവയുടെ മെത്രാഭിഷേകത്തിന്റെ മുപ്പതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ബാവയെ അനുമോദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. ഫാദർ എം.പി. ജോർജ് സ്വാഗത പ്രസംഗം നടത്തുമ്പോഴായിരുന്നു തിരുവഞ്ചൂർ കടന്നുവന്നതും വേദിയിൽ കയറി ഇരുന്നതും. സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിച്ച ബാവ യു.ഡി.എഫിലെ ആറു മന്ത്രിമാരെ ബഹിഷ്കരിക്കാനുള്ള സഭാ സിനഡ് തീരുമാനം നിലനില്ക്കുന്നതിനാൽ മന്ത്രി തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, കെ. ബാബു, അടൂർ പ്രകാശ്, അനൂപ് ജേക്കബ് എന്നിവരെ ബഹിഷ്കരിക്കാനുള്ള സിനഡ് തീരുമാനം സഭാദ്ധ്യക്ഷനെന്ന നിലയിൽ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങിന് ക്ഷണിക്കാം. എന്നാൽ സഭയിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ ഇവർക്കൊപ്പം വേദി പങ്കിടില്ല.

ഓർത്തഡോക്സ് സഭയോട് ഇവർ നീതി പുലർത്താത്തതാണ് ബഹിഷ്കരണത്തിനു കാരണം. ആരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ ആശയപരമായ ശത്രുതയുണ്ട്. സർക്കാർ നയം സഭയ്ക്ക് എതിരാണ്. ഈ സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. സഭാ തർക്കത്തിൽ പാത്രിയാർക്കിസ് വിഭാഗത്തോട് ചേ‌ർന്നു നിന്ന് അന്യന്റെ പറമ്പിലെ അതിരുകല്ല് തന്റേതാണെന്ന വാദം ശരിയെന്ന് അംഗീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും  ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സിനഡ് തീരുമാനം പിൻവലിക്കാത്തിടത്തോളം ഈ മന്ത്രിമാരെ ബഹിഷ്കരിക്കുമെന്നും ബാവ പ്രഖ്യാപിച്ചു.
ബാവയുടെ പ്രസംഗത്തിനു ശേഷം പഴയ സെമിനാരി പ്രിൻസിപ്പൽ ജേക്കബ് കുര്യനെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ മന്ത്രി തിരുവഞ്ചൂർ വേദി വിട്ട് ഇറങ്ങി.
ഓർത്തഡോക്സ് സഭ മന്ത്രിമാരെ ബഹിഷ്കരിക്കുമെന്നും സഭയുടെ നിലപാട് വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡിഎഫിന് തലവേദനയാകുമെന്നും കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു.

Source

thiruvanchoor1

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ നിന്നും ഇറക്കി വിട്ടു

കോട്ടയം പളളത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ നിന്നും ഇറക്കി വിട്ടു. മന്ത്രിമാരെ ബഹിഷ്‌കരികരിക്കാന്‍ തീരുമാനമുളളപ്പോള്‍ തിരുവഞ്ചൂര്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് കാത്തോലിക്ക ബാവ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ പറഞ്ഞു.ഇതോടെ തിരുവഞ്ചൂര്‍ വേദി വിട്ടു.എന്നാല്‍ ഒരു സംഭവവും ഉണ്ടായില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു

പളളം സെന്റ് പോള്‍സ് പളളിയില്‍ സുഹൃത്തിന്റെ മകന്റെ പട്ടം കൊട ചടങ്ങിനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സ്ഥലത്തെത്തുമ്പോള്‍ കാതോലിക്കാബാവ പ്രസംഗിച്ചുകൊണ്ടിരിക്കയായിരുന്നു. മന്ത്രിയെ കണ്ടതോടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളിലുളള അതൃപ്തി ബാവ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുളളവരെ ബഹിഷ്‌കരിക്കാന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ബാവ പറഞ്ഞു.വിമര്‍ശനം വ്യക്തിപരമല്ലെന്നും സഭയുടെ നയപരമായ തീരുമാനമാണെന്നും കാതോലിക്ക പറഞ്ഞു. ഇതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബാവയോട് മാപ്പ് പറഞ്ഞ് വേദിവിടുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹി എല്‍ജോന പറഞ്ഞു.

അതേസമയം ചടങ്ങില്‍ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.പളളിയില്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് താന്‍ മടങ്ങിയതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സഭയോടുളള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിക്ഷേധിച്ചാണ് മുഖ്യമന്ത്രിയടക്കമുളള 6 മന്ത്രിമാരെ ബഹിഷ്‌കരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി അടക്കമുളള മന്ത്രിമാരുമായി വേദി പങ്കിടുകയോ സഭയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കയോ ചെയ്യേണ്ടെന്ന നിലപാടിലാണ് സഭ.

Source

മന്ത്രി തിരുവഞ്ചൂരിനെ പള്ളിച്ചടങ്ങില്‍നിന്ന് കാതോലിക്കാ ബാവ ഇറക്കിവിട്ടു

കോട്ടയം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടു. കോട്ടയം പള്ളം സെന്റ് പോള്‍സ് പള്ളിയില്‍നിന്നാണ് തിരുവഞ്ചൂരിനെ ഇറക്കിവിട്ടത്. ചടങ്ങില്‍ പങ്കെടുത്ത കാതോലിക്കാ ബാവതന്നെ നേരിട്ടു മന്ത്രിയെ ഇറക്കിവിടുകയായിരുന്നു. മന്ത്രിമാരെ ബഹിഷ്‌കരിക്കാനുള്ള സഭാ തീരുമാനത്തിന്റെ ഭാഗമായിരുന്നു ബാവയുടെ നടപടി.

യാക്കോബായ സഭയ്ക്കു സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുകയാണെന്ന് ആരോപിച്ചാണ് മന്ത്രിമാരെ ബഹിഷ്‌കരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് എങ്ങനെയെങ്കിലും ഭരണം തുടര്‍ന്നുകൊണ്ടുപോയാല്‍ മതി. അതിന് ഓര്‍ത്തഡോക്‌സ് സഭയെ കിട്ടില്ലെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ ബാവ വ്യക്തമാക്കിയിരുന്നു.

Source