മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്.
മുപ്പത്താറാം വയസില്‍ (1985 മേയ് 15-ന്) മെത്രാന്‍ സ്‌ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്‌ഠനാണ് പരിശുദ്ധ ബാവ. എളിമ മുഖമുദ്രയാക്കിയ ബാവ ആത്മീയജീവിതത്തിന്റെ തീക്ഷ്‌ണതയിലും പൂര്‍വികര്‍ പരിപാലിച്ച സഭയുടെ ഐക്യം അരക്കിട്ടുറപ്പിക്കുന്നതില്‍ ശ്രദ്ധാലുവാണ്.പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.ഐ. ഐപ്പിന്റെ മകനായി 1946 ഓഗസ്‌റ്റ് 30നായിരുന്നു ജനനം. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍നിന്നു വൈദികപഠനം പൂര്‍ത്തിയാക്കി. 1973 മേയ് 31-നു ശെമ്മാശപട്ടവും 1973 ജൂണ്‍ രണ്ടിന് പൂര്‍ണവൈദിക പട്ടവും സ്വീകരിച്ചു. 1982 ഡിസംബര്‍ 28-ന് തിരുവല്ലയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗം മേല്‍പ്പട്ടസ്‌ഥാനത്തേക്കു തെരഞ്ഞെടുത്തു. 1983 മേയ് 14-ന് പരുമലയില്‍ അന്നത്തെ നിയുക്‌ത കാതോലിക്ക മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത റമ്പാന്‍ സ്‌ഥാനം നല്‍കി. 1985-ല്‍ മേയ് 15-ന് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയാക്കി.
1985 ഓഗസ്‌റ്റ് ഒന്നിനു പുതുതായി രൂപീകരിച്ച കുന്നംകുളത്തിന്റെ പ്രഥമ ഭദ്രാസനാധിപനായി ചുമതലയേറ്റാണ് സഭയുടെ ഔദ്യോഗിക ഭരണനിര്‍വഹണ മേഖലയില്‍ എത്തിയത്. 2006-ല്‍ പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ പൗരസ്‌ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു.
2010 നവംബര്‍ ഒന്നിന് മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ സ്‌ഥാനത്യാഗം ചെയ്‌തതിനെത്തുടര്‍ന്നാണു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്ന പേരില്‍ മലങ്കര സഭ അധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ടത്. മുപ്പത് വര്‍ഷം മുമ്പ്, മലങ്കര സഭയില്‍ നടന്ന ഏറ്റവും ലളിതമായ ചടങ്ങിലാണ് ബാവ മേല്‍പ്പട്ട സ്‌ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. മുപ്പതാം വാര്‍ഷികത്തിലും ഈ ലാളിത്യം തുടരാനാണ് ബാവയുടെ തീരുമാനം. സ്വീകരണച്ചടങ്ങിനും അനുമോദന സമ്മേളനങ്ങള്‍ക്കുമില്ല. മെത്രാന്‍ സ്‌ഥാനാഭിഷേകം നടന്ന ദേവാലയത്തില്‍ (പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍) നാളെ പ്രാര്‍ഥനയില്‍ മുഴുകാനാണു തീരുമാനം. 17-ാം തീയതി ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അറുനൂറ്റിമംഗലം പൗലോസ് മാര്‍ പക്കോമിയോസ് ശാലേം ഭവനിലും 19-ാം തീയതി കോതമംഗലം സാന്ത്വനത്തിലെ ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പവും ചെലവഴിക്കും.
ആദിമ നൂറ്റാണ്ടില്‍ സഭ നേരിട്ട പീഡകള്‍ ഇന്നു ക്രിസ്‌തീയ വിശ്വസികള്‍ ഏറെ സഹിക്കേണ്ടി വരുന്നതാണ് ക്രൈസ്‌തവലോകം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ബാവ ചൂണ്ടിക്കാട്ടുന്നു. പീഡകള്‍ സഭയെ തളര്‍ത്തില്ലെന്നും കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറയുന്നു. മതേതരത്വത്തിലും മാനുഷികമൂല്യങ്ങളിലും വിശ്വസിക്കുന്ന ഭരണകര്‍ത്താക്കള്‍ ഭീകരതയ്‌ക്കെതിരേ അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ ശക്‌തമായ നിലപാട്.
അര്‍മീനിയയില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ പിതാക്കന്മാരുമായുള്ള കൂടിക്കാഴ്‌ചയും 15 ലക്ഷം രക്‌തസാക്ഷികളെ വിശുദ്ധരാക്കിയ ചടങ്ങിലെ പങ്കാളിത്തവും കഴിഞ്ഞ് എക്യുമെനിക്കല്‍ രംഗത്തെ സഹകരണം മെച്ചപ്പെടുത്തിയ സംതൃപ്‌തിയിലാണ് ബാവ ഇടയ ശുശ്രൂഷയുടെ മുപ്പതാം വര്‍ഷത്തേക്കു പ്രവേശിക്കുന്നത്.
ഷാലു മാത്യു
Source: http://www.mangalam.com/opinion/315399#sthash.4uUHSEAF.dpuf