പ്രമുഖ ചരിത്രകാരിയും പ്രസാധകയുമായ ഉര്‍വശി ബൂട്ടാലിയ ‘ദ ന്യൂ ഇന്റര്‍നാഷണലിസ്റ്റ്’ മാഗസിനില്‍ എഴുതിയ ലേഖനം.
ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ഗ്രാമം അതിരിടുന്ന നഗരപ്രദേശത്താണ് എന്റെ ഓഫീസ്. നേരത്തേ ഗ്രാമവാസികള്‍ അവിടെ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അപ്പാര്‍ട്‌മെന്റുകളും ഷോപ്പിംഗ് മാളുകളും നിറഞ്ഞ ഒരു പ്രദേശം. പഴയ ഗ്രാമത്തിന്റെ ബാക്കിയായി അവിടെ ശേഷിക്കുന്നത് കുറച്ച് വീടുകളും ഏതാനും ചെറുകിട വ്യാപാരികളുടെ കടകളും ഓഫീസുകളുമാണ്. സാമൂഹ്യജീവിതത്തിന്റെ കുറച്ചെങ്കിലും ശേഷിപ്പുകളും അവിടെയുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ഹാത്ത് എന്നറിയപ്പെടുന്ന ചന്തകളിലേക്ക് ഷാഹ്പൂര്‍ ജാട്ടിലെ സ്ത്രീകളും കുട്ടികളുമെല്ലാം അതിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ നീങ്ങും. പച്ചക്കറികളും പഴങ്ങളും മീനും മുട്ടയും പ്ലാസ്റ്റിക് സാധനങ്ങളും മുതല്‍ അവര്‍ക്കാവശ്യമുള്ള എന്തും ആ ചന്തകളില്‍ നിന്ന് ലഭിക്കുമായിരുന്നു. കുറഞ്ഞ പക്ഷം ഒരു വര്‍ഷം മുമ്പുവരെയെങ്കിലും അതങ്ങനെയായിരുന്നു. ഈ ദിനവൃത്താന്തങ്ങളുടെ അന്ത്യംകുറിച്ച ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
അത് ഒരു വേനല്‍പ്പകുതിയായിരുന്നു. വൈകിട്ട് ആറുമണിയായിക്കാണും. ചന്തയില്‍ നല്ല തിരക്ക്. പ്രദേശവാസികള്‍ വലിയ കുട്ടകളിലും സഞ്ചികളിലും തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം വാങ്ങി നിറയ്ക്കുന്നു. ചിലപ്പോള്‍ ഏറ്റവും നല്ലതു നോക്കിയും മറ്റുചിലപ്പോള്‍ വിലകുറഞ്ഞതു നോക്കിയും വിലപേശിയുമെല്ലാം ആ കച്ചവടം പൊടിപൊടിക്കുകയാണ്. ഇടുങ്ങിയ തെരുവില്‍ കാറുകളും ഓട്ടോറിക്ഷകളും അല്‍പ്പം വഴിയുണ്ടാക്കി കുട്ടികളെയും ചന്തയില്‍ അലയുന്ന മൃഗങ്ങളെയും മുട്ടാതെ പതുക്കെ നീങ്ങുന്നു.
പെട്ടെന്നാണ് ഒരു വലിയ എസ്.യു.വി റോഡില്‍ പ്രത്യക്ഷപ്പെട്ടത്. പ്രത്യക്ഷത്തില്‍ത്തന്നെ ധനാഢ്യനെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു എസ്.യു.വി ഓടിച്ചിരുന്നത്. വഴിമാറാനാവശ്യപ്പെട്ട് നീട്ടി ഹോണടിച്ചാണ് വണ്ടി നീങ്ങിയിരുന്നതെങ്കിലും ചന്തയില്‍ ആരും അത് ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയില്ല. വണ്ടി മുരള്‍ച്ചയോടെ ഓടിച്ചും വണ്ടിയില്‍ നിന്നിറങ്ങി അലറിവിളിച്ചും അയാള്‍ വഴിമാറാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വഴിയുടെ ഓരത്ത് ഒരു ഭാരവണ്ടി കിടന്നിരുന്നു. അതിനെ ഒഴിവാക്കി വന്ന മറ്റൊരു ഭാരവണ്ടി ചെറുതായി ആ എസ്.യു.വിയില്‍ ഒന്നുരസി. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകും മുമ്പേ എസ്.യു.വിയില്‍ നിന്നും ചാടിയിറങ്ങിയ ആ ചെറുപ്പക്കാരന്‍ ഭാരവണ്ടി വിലിച്ചിരുന്ന തൊഴിലാളിയെ പിടികൂടി മറിച്ചിട്ടു. അയാളുടെ വണ്ടിയിലുണ്ടായിരുന്ന ചാക്കുകളില്‍ നിന്നും സവാള റോഡില്‍ ചിതറിവീണു. ഭാരവണ്ടിയിലുണ്ടായിരുന്ന ത്രാസെടുത്ത് ആ ചെറുപ്പക്കാരന്‍ തൊഴിലാളിയെ ശക്തമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. കുനിഞ്ഞിരുന്ന് ഒഴിഞ്ഞുമാറി ഓടിപ്പോയ ആ തൊഴിലാളിക്ക് മാരകമായി മുറിവേറ്റിരുന്നു. സംഭവിക്കുന്ന ഭീകരദൃശ്യം കണ്ട് ജനങ്ങളുടെ അമ്പരപ്പ് മാറും മുമ്പേ ആ ചെറുപ്പക്കാരന്‍ പതുക്കെ തന്റെ കാറിലേക്ക് കയറി ഓടിച്ചുപോയി. ആ സംഭവത്തോടെ ഗ്രാമചന്ത നിന്നു. കുട്ടികള്‍ റോഡില്‍ കളിക്കാന്‍ ഭയപ്പെട്ടു. ജനങ്ങള്‍ ഭയചകിതരായിരുന്നു. അതോടെ കാറുകള്‍ക്ക് ആ റോഡിലൂടെ നിര്‍ബാധം വിഹരിക്കാമെന്നായി.
ഇത് ഇന്ത്യന്‍ നിരത്തുകളിലെ ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. പണവും പരിഗണനയും ധാര്‍ഷ്ട്യവും അഹങ്കാരവുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷമാണിത്. ഞാനെപ്പോഴും അമ്പരക്കാറുണ്ട്, പണക്കാര്‍ക്ക് ഒരുപാടു കാര്യങ്ങളുണ്ട്, ഈ പണം അവര്‍ക്ക് കൂടുതല്‍ നേടാനുള്ള ദാഹമുണ്ടാക്കുന്നുണ്ട്, എന്നിട്ടും അവര്‍ക്ക് ഒന്നുമില്ലാത്തവരോട് ഒരു പരിഗണനയുമില്ലേ? എന്തുകൊണ്ടാണ് പണക്കാര്‍ക്ക് മനുഷ്യത്വവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുന്നത്?

ഞാന്‍ മറ്റൊരു കഥകൂടി പറയാം. ഉയര്‍ന്ന മധ്യവര്‍ഗക്കാര്‍ താമസിച്ചിരുന്ന എന്റെ തെരുവില്‍ ഒരു ധനാഢ്യനായ അയല്‍ക്കാരനുണ്ടായിരുന്നു. നിരവധി ആഢംബര ഹോട്ടലുകളുടെ ഉടമ. അയാളുടെ വീട് വളരെ വലുതായിരുന്നു. എന്നിട്ടും തന്റെ വീടിന് മുന്നിലെയും വശങ്ങളിലെയും പൊതു നടപ്പുപാതകളുടെ ഭൂരിഭാഗവും തന്റേതാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ഇതുമൂലം പൊതുജനങ്ങള്‍ക്ക് പാര്‍ക്കിംഗിന് വളരെ കുറച്ചു സ്ഥലം മാത്രമാണ് ലഭിച്ചിരുന്നത്. കുട്ടികള്‍ക്ക് കളിക്കുന്നതിനോ പൊതുജനങ്ങള്‍ക്ക് നടക്കുന്നതിനോ വേണ്ടത്ര സ്ഥലുമുണ്ടായിരുന്നില്ല. ആ തെരുവിലെ നാനൂറോളം പണക്കാരായ താമസക്കാരും ഇതുതന്നെയാണ് ചെയ്തിരുന്നത്. എന്നിട്ടും ഒരു കാര്യത്തില്‍ അവര്‍ യോജിച്ചു. ഗതാഗതത്തിന് തടസ്സമെന്ന് കണ്ട്, ആ തെരുവിലെ ഗാര്‍ഡുമാരും ഡ്രൈവര്‍മാരും തൂപ്പുകാരും തൊഴിലാളികളുമെല്ലാം ഉപയോഗിച്ചിരുന്ന ഒരു ചെറിയ ചായക്കട അവര്‍ പൊളിച്ചുനീക്കി.
ധനാഢ്യരെ പഠിക്കാന്‍ ആര്‍ക്കു കഴിയും?
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങളുണ്ടാകുന്നത്? ആലോചിച്ച് നോക്കിയാല്‍ നിങ്ങള്‍ ആവശ്യത്തില്‍ക്കൂടുതല്‍, നേടിയാല്‍ അതിനെക്കുറിച്ചുമാത്രം ആലോചനയുള്ളവരായി മാറിയാല്‍, അത് നിങ്ങളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങും. ഇത് ഞാന്‍ പലവട്ടം എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ മുന്‍വിധിയോടെ കാര്യങ്ങലെ സമീപിക്കുന്നതായിരിക്കാം, അല്ലെങ്കില്‍ എല്ലാം ഭാവനയില്‍ കാണുന്നതായിരിക്കാം. അപ്പോളാണ് ഞാന്‍ അമേരിക്കന്‍ ഗവേഷകരായ മൈക്കിള്‍ ക്രൗസ്, ഡാഷര്‍ കെല്‍നര്‍, പോള്‍ പിഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഒരു ഗവേഷണത്തെക്കുറിച്ച് വായിക്കുന്നത്. സാമൂഹ്യമായും മാനസികമായും സമ്പത്ത് ധനികരോട് ചെയ്യുന്നത് എന്താണെന്ന് അവരുടെ ഗവേഷണ നിഗമനങ്ങള്‍ വിശദമാക്കുന്നുണ്ട്. എന്റെ അറിവില്‍ ഇത്തരമൊരു ഗവേഷണം ലോകത്ത് മറ്റെവിടെയെങ്കിലും നടന്നതായി അറിവില്ല. എന്തായാലും ഇന്ത്യയിലില്ല.
ഒരു ചോദ്യം ഉയരുന്നുണ്ട്. ആര്‍ക്കാണ് ധനികരെക്കുറിച്ച് പഠിക്കാനാവുക. പ്രത്യേകിച്ച് വര്‍ഗപരമായും ജാതിപരമായും വേര്‍തിരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ആര്‍ക്കാണതിന് കഴിയുക? ഏത് ഗവേഷക വിദ്യാര്‍ത്ഥിക്ക്, ഏത് ശാസ്ത്രജ്ഞനാണ് പണക്കാരെക്കുറിച്ച് പഠിക്കാനാവുക?
ഇവിടെ പണം രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ എല്ലാ വിവാദങ്ങളും എടുത്ത് പരിശോധിച്ചാലും ഇതിനുള്ള തെളിവുകള്‍ ലഭിക്കും. അടുത്തിടെ സമ്പന്നരായ രണ്ട് സഹോദരങ്ങള്‍ ഒരു വസ്തുവ്യാപാരത്തിന്റെ പേരില്‍ പരസ്പരം വെടിവച്ച് മരിച്ചു. അബ്കാരി ബിസിനസ്സായിരുന്നു ഇവര്‍ക്ക്. ഇവരുടെ മരണശേഷമാണ് ചില കാര്യങ്ങള്‍ വെളിയില്‍ വന്നത്. സര്‍ക്കാര്‍ വളരെ നിസ്സാരമായ ഒരു തുക വാങ്ങിയാണ് ഇവര്‍ക്ക് അബ്കാരി ലൈസന്‍സുകള്‍ അനുവദിച്ചിരുന്നത്. രാഷ്ട്രീയവും വ്യാവസായവും തമ്മിലുള്ള ഈ ഗൂഢസംഘത്തിന് മാധ്യമങ്ങളും ചിലപ്പോള്‍ കുട പിടിക്കുന്നു. ഈ കോര്‍പ്പറേറ്റുകളില്‍ നിന്നും പരസ്യം ലഭിക്കാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ലല്ലോ.
മാരകമായ ഈ സംഘംചേരലില്‍ നിന്നും ഇന്ത്യയ്ക്ക് ഒരു സ്വാഭാവിക സത്യം രൂപപ്പെട്ടിരിക്കുന്നു. ഉടമ-സേവകന്‍ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത് ചോദ്യംചെയ്യപ്പെടുന്നുമില്ല. അവരങ്ങനെയാണ് എന്നാണ് ധനാഢ്യരുടെ പെരുമാറ്റങ്ങളെ പൊതുവേ നിസ്സംഗതയോടെ വിശേഷിപ്പിച്ചുകാണുന്നത്.
ഏറ്റെടുക്കലിന്റെ സംസ്‌കാരം
ഗുരുതരമായ അസമത്വത്തിനാണ് പണക്കാരുടെ ഈ സര്‍വ്വാധികാരത്തോടെയുള്ള വാഴ്‌വ് കാരണമാകുന്നത്. നഗരത്തിനകത്തെ പാര്‍ക്കുകള്‍ മികച്ച ഉദാഹരണമാണ്. സാധാരണക്കാരായ ജനങ്ങള്‍ ഇവിടെ അവരുടെ ചെറിയ ജീവിതം ജീവിച്ചുതീര്‍ത്തിരുന്നു. അവിടെ അവര്‍ സ്വതന്ത്രരായി നടന്നിരുന്നു. ചിലപ്പോള്‍ തലചായ്ക്കാന്‍ ഒരു ചെറിയ മേല്‍ക്കൂര പോലും അവിടങ്ങളില്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പബല്‍ക് പാര്‍ക്കുകള്‍ എന്ന മേല്‍വിലാസം അവയ്ക്ക് നല്‍കിയപ്പോള്‍ ഈ പാവങ്ങള്‍ അവിടെനിന്നും കുടിയിറക്കപ്പെട്ടു. അത് അവര്‍ക്ക് പ്രവേശനമില്ലാത്ത ഒരിടമായി മാറി.
ധനികര്‍ സദാചാരത്തിന്റെ കാവല്‍ദണ്ഡ് ഏറ്റെടുക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. അടുത്തിടെ ഇവിടെ ഒരു ചെറിയ തീപിടുത്തമുണ്ടായി. ഒരു ദളിത് യുവാവിന് അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു ആ തിപിടുത്തം. കാര്യമായ നാശനഷ്ടങ്ങളുണ്ടാകാതിരുന്നതിനാല്‍ അവര്‍ക്ക് ഒരു താക്കീത് കൊടുത്താല്‍ മാത്രം മതിയാകുമല്ലോയെന്ന് ആ ദളിത് യുവാക്കളുടെ ഗ്രാമമുഖ്യന്‍ മാനേജരോട് യാചിച്ചെങ്കിലും ദളിത് യുവാവടക്കം മൂന്നുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അവരുടെ കുടുംബങ്ങളില്‍ ആകെ വരുമാനമുള്ളവര്‍ ഈ കുട്ടികളായിരുന്നു. ഇവരോട് മൃദുവാകാന്‍ പറ്റില്ല, ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് നടപടിയെടുക്കാന്‍ മാനേജര്‍ ഇതിന് കാരണമായി പറഞ്ഞത്.

അമേരിക്കയില്‍ നടന്ന ഗവേഷണം ധനികര്‍ക്ക് ലഭിക്കുന്ന മുന്‍ഗണനയെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. മധുരം നല്‍കുന്ന ആളെ കുട്ടികള്‍ ഇഷ്ടപ്പെടുന്നതുപോലെയാണിത്. ഇന്ത്യയില്‍ മധുരത്തിന് പകരം പണമാകുമ്പോള്‍ അത് ഭീകരമാകുന്നു. ദരിദ്രര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളിലെ ഭൂരിഭാഗം പണവും ഒഴുകുന്നത് ധനികരിലേക്കാണ്. പാവങ്ങളുടെ ഭൂമിയും അവര്‍ പിടിച്ചെടുക്കുന്നു. ആദിവാസികളുടേതടക്കം (നാനോ കാര്‍ ഫാക്ടറി ഉദാഹരണം). അതും നഷ്ടപരിഹാരം പോലും നല്‍കാതെ.
അമേരിക്കന്‍ ഗവേഷകര്‍ ധനികരുടെ മാനസികസാമൂഹ്യാവസ്ഥകളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ധനികര്‍ വ്യത്യസ്തരാണ് പക്ഷേ അതൊരു നല്ലവഴിക്കുള്ളതല്ല. ധനസമ്പാദനത്തിന് അവര്‍ സ്വീകരിച്ച വഴികള്‍ അവരെ അനുകമ്പയില്ലാത്തവരും സ്വാര്‍ത്ഥരുമാക്കിയിരിക്കുന്നു. ‘ ഞങ്ങള്‍ 12 പേരെ പഠിച്ചു. ഒന്നും മറ്റൊന്നില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. എല്ലാം ഒരേ കഥകള്‍’ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ഡാഷര്‍ കെല്‍നര്‍ പറയുന്നു.
ഉദാഹരണത്തിന് സാധാരണ ജനങ്ങള്‍ അവരുടെ വികാരം നേര്‍രേഖയില്‍ പ്രകടിപ്പിക്കുന്നു. ഫോട്ടോകള്‍ക്ക് അവര്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു. ഇതേ പരീക്ഷണം വീഡിയോ ഫുട്ടേജുകളെടുത്ത് നടത്തിയപ്പോള്‍ അതിലും വ്യതിയാനം കണ്ടു. സാധാരണക്കാര്‍ തല ഉയര്‍ത്തിപ്പിടിച്ച് കണ്ണുകളിലേക്ക് നോക്കി ആഹല്‍ദചിത്തരായി പെരുമാറിയപ്പോള്‍ ധനികര്‍ ഇടക്കിടെ ഫോണിലേക്ക് നോക്കി, തല ഉയര്‍ത്താതെ കണ്ണുകളില്‍ നോക്കാതെ അസ്വസ്ഥതയുളവാക്കുന്ന ഭാവപ്രകടനങ്ങളാണ് നടത്തിയത്.
മറ്റൊരു പരീക്ഷണത്തില്‍ ദരിദ്രര്‍ പണത്തെ കൂടുതല്‍ കരുതലോടെ കണ്ടു. ധനികര്‍ ഇക്കാര്യത്തില്‍ ഉദാസീനതയുള്ളവരായിരുന്നു.
തലച്ചോറില്‍ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുന്ന വേഗസ് ഗ്രന്ഥിയില്‍ കെല്‍നര്‍ ഒരു പരീക്ഷണം നടത്തി. പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രം ദരിദ്രരെയും ധനികരെയും കാണിച്ച് വേഗസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ദരിദ്രര്‍ കൂടുതല്‍ ആര്‍ദ്രരാവുന്നതും ധനികരില്‍ പ്രത്യേകിച്ച് മാറ്റമില്ലാത്തതും കണ്ടു.
കെല്‍നറിന്റെ ഒരു വിദ്യാര്‍ത്ഥി ജെന്നിഫര്‍ സ്റ്റെല്ലര്‍ ദരിദ്രരും ധനികരുമായ വിദ്യാര്‍ത്ഥികളുടെ ഹൃദയമിടിപ്പ് പരിശോധിച്ച് ഒരു പരീക്ഷണം നടത്തി. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചിത്രം ഇരുകൂട്ടരെയും കാണിച്ചപ്പോള്‍ ദരിദ്രരുടെ ഹൃദയമിടിപ്പ് വികാരപ്രകടനങ്ങള്‍ കൊണ്ട് വ്യത്യസ്തത കാണിച്ചപ്പോള്‍ ധനികരില്‍ വലിയ മാറ്റങ്ങള്‍ കണ്ടില്ല. ‘അവര്‍ അവരതിനെക്കുറിച്ച് ബോധവാന്‍മാരാണെന്നേ തോന്നിയില്ല’ സ്‌റ്റെല്ലര്‍ ദി ന്യൂയോര്‍ക്ക് മാഗസിനോട് പറഞ്ഞു.
2012 ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മറ്റൊരു ഗവേഷകനായ പോള്‍ പിഫ് ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന സാമൂഹ്യാവസ്ഥയിലുള്ളവരുടെ മാന്യമല്ലാത്ത പെരുമാറ്റ രീതികള്‍ എന്നായിരുന്നു പേപ്പറിന്റെ പേര്. ക്വിസ്സുകളിലൂടെയും ചോദ്യാവലികളിലൂടെയും ഫീല്‍ഡ് സ്റ്റഡികളിലൂടെയും പരീക്ഷണ ശാലയില്‍ നടത്തിയ നിഗമനങ്ങളിലൂടെയും അദ്ദേഹം കണ്ടെത്തി, ധനികര്‍ കൂടുതല്‍ സ്വാര്‍ത്ഥരും മര്യാദയില്ലാത്ത പെരുമാറ്റമുള്ളവരും കുറച്ചുമാത്രം സഹാനുഭൂതിയുള്ളവരുമാണ്.
മറ്റൊരു പരീക്ഷണത്തില്‍ ധനികരായ കുറെ കുട്ടികളെ ഒരു വലിയ പാത്രം നിറയെ മിഠയികളുമായി തനിച്ചിരുത്തി. പരീക്ഷണം തെളിയിച്ചത് മിഠായികള്‍ സ്വന്തമാക്കാന്‍ ദരിദ്രരേക്കാള്‍ ധനികര്‍ മൂന്നിരട്ടി വരെയെങ്കിലും ചതിപ്പണികള്‍ നടത്തിയെന്നാണ്.
എന്തുകൊണ്ടാണ് അവര്‍ ഇനിയും ഇനിയും കൂടുതല്‍ ആവശ്യപ്പെടുന്നത്? എന്തുകൊണ്ടാണ് ദരിദ്രരായ സഹജീവികളോട് അവര്‍ മോശമായി പെരുമാറുന്നത്? അത് സ്വാഭാവികമെന്ന് വിളിക്കപ്പെടുന്നത്? വികസിക്കപ്പെടുന്ന ഒരു സാമ്പത്തിക സമൂഹമെന്നറിയപ്പെടുന്ന നമുക്ക് അധികം വൈകാതെ അതിന്റെ ഉത്തരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
