വിശ്വാസ ദീപമൊരുക്കി ഇടത്തിട്ട ഗ്രാമം….!!

edathitta edathitta_vilakku

ആചാര പെരുമയിൽ പെരുന്നാൾ റാസ ഇന്ന്..
വിശ്വാസ ദീപമൊരുക്കി ഇടത്തിട്ട ഗ്രാമം….!!

പെരുന്നാളിനോടനുബന്ധിച്ചു ഇവിടെ നടക്കുന്ന രാത്രി റാസ വിശ്വാസ കാഴ്ചയുടെ മറ്റൊരു നേർചിത്രമാണു..ഗ്രാമത്തിനോടു ചേർന്നു കിടക്കുന്ന ഇടത്തിട്ട ഗ്രാമത്തിൽ ഏറെയും ഹൈന്ദവ സഹോദരങ്ങളാണു താമസിച്ചു വരുന്നത്‌.അവർക്ക്‌ ചന്ദനപ്പള്ളിയിലെ സഹദാ പള്ളി അപ്പൂപ്പനാണു.നാട്ടുഭാഷയിൽ പഴയ തലമുറ ആ വിളിപ്പേരാണു ചന്ദനപ്പള്ളിയിലെ പുണ്യാളച്ചനു നൽകിയിരുന്നത്‌.നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ മുതൽ തന്നെ റാസ ഈ ഗ്രാമത്തിലൂടെ തന്നെയാണു കടന്നു പോയിരുന്നത്‌.അക്കാലം മുതൽ ചൂട്ടു കറ്റകൾ തെളിച്ചാണു അവർ പുണ്യാളച്ചന്റെ റാസക്ക്‌ വഴികാട്ടിയിരുന്നത്‌.അസാധാരണമായതും അവിസ്മരണീയവുമായ ഒരു കാഴ്ചയാണത്‌.ആഴ്ചകൾക്ക്‌ മുൻപേ ഇതിനായി അവർ ഓലക്കെട്ടുകൾ തയ്യാറാക്കി വയ്ക്കാറാണു പതിവ്‌.നൂറുകണക്കിനു ആളുകളാണു ഇങ്ങനെ വേലിക്കെട്ടുകളുടെ മുകളിൽ നിന്ന് റാസക്ക്‌ വെളിച്ചമേകുന്നത്‌.ചിലർ കുരുത്തോലകൾ റോഡിനു ഇരു വശങ്ങളിലായി അലംങ്കരിക്കും മറ്റു ചിലർ മൺ ചെരാതുകളിൽ കിലോമീറ്ററുകളോളം ദീപം തെളിക്കും മറ്റൊരു കൂട്ടർ ചന്ദനപ്പള്ളി പള്ളിയുടെ രൂപം കുരുത്തോലകളും വാഴപ്പോളകളും ചേർത്ത്‌ നിർമ്മിക്കും.. റാസ കടന്നു പോകുന്ന തങ്ങളുടെ ഗ്രാമാതിർത്തിയിൽ എത്തിച്ചേരാൻ കഴിയാത്ത പ്രായം ചെന്ന ആളുകൾ തങ്ങളുടെ വീടുകൾക്ക്‌ മുന്നിൽ നിന്ന് ഇങ്ങനെ ചൂട്ടു കറ്റ വീശി പുണ്യാളച്ചനോടുള്ള ആദരവു പ്രകടമാക്കുന്നതും പതിവ്‌ കാഴ്ചയാണു. അങ്ങനെ എത്രയോ വിശ്വാസ കാഴ്ചകളാണു പുണ്യാളച്ചനായി അവർ കാഴ്ചവക്കുന്നത്‌.ലോകത്തു ഒരിടത്തും ഈ കാഴ്ചകൾ കാണാനാകില്ല….ചന്ദനപ്പള്ളിയിലല്ലാതെ എന്നതാണു കൗതുകകരം.അനുഗ്രഹ ഐശ്വര്യങ്ങൾക്കായി പാരംബര്യമായി അനുഷ്ഠിച്ചു വരുന്ന ഈ ആചാരം ഇന്നുമുണ്ട്‌.ചൂട്ടു കറ്റ കത്തിച്ച്‌ റാസക്ക്‌ ഇങ്ങനെ വഴികാട്ടുന്ന രീതി വൈദ്യുത വെളിച്ചങ്ങളില്ലാത്ത കാലത്ത്‌ ആരംഭിച്ചതാകാം.സാംസ്കാരികാനുരൂപണത്തിന്റേയും പൗരാണികതയുടേയും നേർക്കാഴ്ചകളാണു ചന്ദനപ്പള്ളിയിൽ തെളിഞ്ഞു കാണുന്നത്
മനോജ്‌ ചന്ദനപ്പള്ളി
ഓൺലൈൻ റിപ്പോർട്ടർ ‌