ഒരു സല്‍ക്കാരത്തിന്‍െറ പീഢനാനുഭവം

k_jayakumar

സമൂഹത്തിലെ മാന്യനായ ഒരു ബിസിനസ്കാരന്‍െറ മകന്‍െറ വിവാഹപ്പിറ്റേന്നുള്ള റിസപ്ഷനാണ് സന്ദര്‍ഭം.  നഗരത്തിലെ ഏറ്റവും വലിയ ഹാള്‍.  വിശാലമായ ഭോജനാലയം.  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടുവോളം സ്ഥലം.  സ്വീകരണസമയം വൈകുന്നേരം ആറിനും ഒമ്പതിനുമിടയില്‍.  ധാരാളം ക്ഷണിതാക്കളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ച് നേരത്തെ ചെല്ലുന്നതാണ് കരണീയമെന്ന് തോന്നി.  ആറരമണിയോടെ എത്തണമെന്ന് കണക്കുക്കൂട്ടി ചെന്ന എനിക്ക് പ്രവേശനകവാടത്തിന്‍െറ മുന്നിലത്തൊന്‍വേണ്ടി റോഡില്‍ കാത്തുകിടക്കേണ്ടി വന്നത് മുക്കാല്‍ മണിക്കൂര്‍!  അതിനിടെ ചുവപ്പും നീലയും വെളിച്ചത്തിന്‍െറ തലപ്പാവുള്ള വാഹനങ്ങള്‍ പോലീസ് അകമ്പടിയോടെ ചീറിപ്പായുന്നുണ്ട്.  അവര്‍ക്ക് വേണ്ടിയാണ് സാദാ ടാക്സിയില്‍ സഞ്ചരിച്ച എന്നെയും സ്വയം കാറോടിച്ചുവന്ന സാധാരണ ക്ഷണിതാക്കളെയും പോലീസ്കാര്‍ക്ക് തടഞ്ഞു നിര്‍ത്തേണ്ടി വന്നത്.

കാറില്‍ ചെന്നത്തൊം എന്ന ആശ വെടിഞ്ഞ് ഞാന്‍ ഇറങ്ങി നടന്നു.  അങ്ങനെ ഏഴേ മുക്കാല്‍ മണിയോടെ ഹാളിലത്തെിച്ചേര്‍ന്നു.  കാറില്‍ കുടുങ്ങിപ്പോയ ഒരുപാട് മാന്യന്‍മാരെയും എന്നെപ്പോലെ നടക്കാന്‍ തീരുമാനിച്ച പ്രായോഗികവാദികളെയും വഴിയില്‍ കണ്ടുമുട്ടി.  മുറ്റത്തെ ആള്‍ക്കൂട്ടത്തില്‍ എല്ലാവരുമുണ്ട്.  രാഷ്ര്ടീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ബിസിനസ്കാര്‍, സിനിമാക്കാര്‍, എഴുത്തുകാര്‍, റിട്ടയര്‍ ചെയ്തവര്‍, വീട്ടമ്മമാര്‍ എന്നിങ്ങനെ എല്ലാവരും.  സമ്പന്നര്‍, സാധാരണക്കാര്‍, പ്രശസ്തര്‍, പ്രശസ്തിരഹിതര്‍… ഹാളിനു ചുറ്റും കാറുകളുടെ വ്യൂഹം.  വാഹനം മുട്ടി മരിക്കാന്‍ യോഗമില്ളെന്ന ഉത്തമബോധ്യത്തില്‍, വളഞ്ഞും പുളഞ്ഞും ഹാളിന്‍െറ കവാടത്തിലത്തെിയപ്പോഴാണ് യഥാര്‍ത്ഥപൂരം എവിടെയാണെന്ന് മനസ്സിലായത്.  ആയിരം പേര്‍ക്കിരിക്കാവുന്ന ഹാളിനുള്ളില്‍ ഞാന്‍ ചെല്ലുമ്പോള്‍ കുറഞ്ഞപക്ഷം രണ്ടായിരമാളുകളുണ്ട്.  ഭക്ഷണശാലയില്‍ മറ്റൊരായിരം പേര്‍.  റോഡില്‍ കുടുങ്ങിക്കിടക്കുന്നവരും, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തേടിനടക്കുന്നവരുമായി മറ്റൊരായിരം പേരുണ്ടാവും.  മണി എട്ടായിട്ടേയുള്ളു.  ഇനിയും വരാനുണ്ടാവും രണ്ടായിരം പേര്‍ കൂടി.  അപ്പോള്‍ കുറഞ്ഞപക്ഷം ആറായിരം പേരെങ്കിലും ആ വിവാഹസ്വീകരണത്തിനത്തെും.  വധൂവരന്‍മാരെ “അനുഗ്രഹിക്കാനും’ അവരോടെപ്പംനിന്ന് ഫോട്ടോയെടുക്കാനുമായി രണ്ടു നെടുങ്കന്‍ ക്യൂകള്‍ അങ്ങനെ അനുനിമിഷം വളരുന്നുണ്ടായിരുന്നു.  വി.ഐ.പി. ക്യൂ വേറെയും.  ഫോട്ടോയുമെടുത്ത്, ആഹാരവും കഴിച്ച് ഹതഭാഗ്യനായ ടാക്സി ഡ്രൈവറെയും തേടിപ്പിടിച്ച് പുറത്തിറങ്ങിയപ്പോള്‍ മണി ഒമ്പത്.  ആറുമണിക്കാരംഭിച്ച യജ്ഞമാണ്.  ഒമ്പതുമണിക്കും റോഡിലെ ട്രാഫിക്ജാം ലേശമൊന്ന് അയഞ്ഞെന്നേയുള്ളൂ.

ആറായിരം അതിഥികളെ മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ടാല്‍ ഏതെങ്കിലും മുഖം ദമ്പതികളുടെയോ, അവരുടെ മാതാപിതാക്കളുടെയോ ഓര്‍മയില്‍ പതിയുമോ?  ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാനോ ആഹ്ളാദകരമായ ഒരു നിമിഷം പങ്കിടാനോ അവര്‍ക്ക് സാധിക്കുമോ? പരമാവധി രണ്ടായിരം പേരെ ഉള്‍ക്കൊള്ളുന്ന ഹാളിലേയ്ക്ക് ആറായിരം പേരെ ക്ഷണിക്കരുതെന്ന് പറയാന്‍ ഒരു നിയമവുമില്ളേ.  റോഡില്‍ വാഹനങ്ങളും വി.ഐ.പി.കളും പോലീസുകാരും കൂടി സൃഷ്ടിച്ച അയിത്താചരണംവഴി ബസിലും കാറിലുമായി ആ വഴി പോകേണ്ടി വന്ന എണ്ണമറ്റ സാധാരണ മനുഷ്യര്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിനും കാലതാമസത്തിനും ആര്‍ക്കും ഉത്തരവാദിത്തമില്ളേ?

സമൂഹത്തിലെ പ്രമുഖനായ ഒരു വ്യക്തിക്ക് അനേകായിരം ആളുകളെ പരിചയമുണ്ടാകും.  പരിചയമുള്ള എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്?  ഒരു വിവാഹം കേമമാവുന്നത് വന്നത്തെുന്ന അതിഥികളുടെ എണ്ണംകൊണ്ടും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ (അവരുമായി അത്ര വലിയ അടുപ്പമൊന്നുമില്ളെങ്കിലും) സാന്നിദ്ധ്യം കൊണ്ടുമാണോ?  നമ്മുടെ സാമൂഹികസന്ദര്‍ഭങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് ഈ കേന്ദ്രഭ്രംശം.  ഒരു വിവാഹസ്വീകരണച്ചടങ്ങിന്‍െറ കേന്ദ്രബിന്ദു ആരാണ്?  വധൂവരന്‍മാരും അവര്‍ക്ക് ആശംസ നേരാനത്തെുന്ന ബന്ധുകളും അടുപ്പമുള്ള സുഹൃത്തുകളും.  അവരുടെ സാമീപ്യത്തിലും പങ്കാളിത്തത്തിലും കൂടി ആ മംഗളമുഹൂര്‍ത്ത ത്തിന് കൈവരുന്ന വൈകാരിക പ്രാധാന്യമാണ് വിവാഹസല്‍ക്കാരത്തെ അര്‍ത്ഥവത്താക്കുന്നത്,  പക്ഷേ ആറായിരം പേരെ ക്ഷണിക്കുമ്പോള്‍, ആ സന്ദര്‍ഭത്തിന്‍െറ വൈകാരികഭംഗി ചോര്‍ന്നുപോവുന്നു.  അതൊരു പ്രകടനമായി മാറുന്നു.  “കണ്ടോ, ഞാന്‍ ക്ഷണിച്ചാല്‍ ആരൊക്കെ വരുമെന്ന് കണ്ടോ’ എന്ന ആര്‍ഭാടവിളംബരമായി, അതു മാത്രമായി, മാറുന്നു.
* * *
ദില്ലിയിലെ മുഖ്യമന്ത്രി കെജരിവാള്‍ ചുവപ്പുലൈറ്റും മറ്റു വി.ഐ.പി. ചിഹ്നങ്ങളും ഉപേക്ഷിക്കണമെന്ന് തന്‍െറ മന്ത്രിസഭാംഗങ്ങളോട് പറഞ്ഞത് മാധ്യമങ്ങളില്‍ നിന്നും നാമറിഞ്ഞു.  അതെത്രകണ്ട് വിജയിക്കുമെന്ന് അറിഞ്ഞുകൂടാ.  സാധാരണ മനുഷ്യരുടെ മനസ്സില്‍, ആട്ടിപ്പായിക്കല്‍ വാഹനത്തിന്‍െറ (പൈലറ്റ്) പിന്നാലെ പാഞ്ഞുവരുന്ന വി.ഐ.പി. യോട് തോന്നുന്ന വികാരം സ്നേഹമോ ബഹുമാനമോ അല്ളെന്ന വാസ്തവം ആരും തുറന്നു പറയാറില്ല.
* * *
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ളണ്ടില്‍ ഏതാനും മാസം താമസിക്കാനിടയായ സന്ദര്‍ഭത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം നടന്നു.  ഞങ്ങളെ ക്ഷണിച്ചിരുന്നില്ല.  നാലു ദിവസത്തെ അവധി കഴിഞ്ഞ് വന്നപ്പോള്‍ വിവാഹ ആല്‍ബം കാണിച്ചു.  വധുവിന്‍െറ ഭാഗത്ത്നിന്ന് എട്ടുപേര്‍, വരന്‍െറ ഭാഗത്ത് നിന്ന് ആറു പേര്‍, അങ്ങനെ പതിനാല് ക്ഷണിതാക്കള്‍.  വിവാഹഭദ്രതയ്ക്ക് ഒരു കുറവുമില്ല.  അവരിപ്പോഴും ഭാര്യാഭര്‍ത്താക്കന്‍മാരായി സസുഖം വാഴുന്നു.  ഇംഗ്ളീഷ്കാരെപ്പോലെ പതിനാലു ക്ഷണിതാക്കളില്‍ ഒതുക്കാന്‍ നമുക്കു സാധിക്കില്ല.  അതേ സമയം ആറായിരത്തിന്‍െറ ആവശ്യവുമില്ല.

Source