മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌ by സക്കറിയ

kerala_christians

‘കേരള ക്രൈസ്തവജീവിതം’ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ഒരു പ്രതിഭാസം കേരളത്തിലുണ്ടോ?
ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.
എനിക്കു തോന്നുന്നത് ഏറ്റവും കുറഞ്ഞത് ഒന്നര ഡസന്‍ ക്രൈസ്തവസഭകളെങ്കിലും കേരളത്തിലുണ്ട് എന്നാണ്. അവയില്‍ നല്ല പങ്കിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഒരു പ്രാര്‍ഥനാമുറിയും ഒരു ബോര്‍ഡും മാത്രം കൈവശമുള്ള പോക്കറ്റ്‌സഭകള്‍ വേറെയുമുണ്ട്.
എനിക്ക് അടുത്തറിയാവുന്ന കത്തോലിക്കാസഭയില്‍ത്തന്നെ നാലു
പ്രധാന വിഭാഗങ്ങളുണ്ട്. സുറിയാനിക്കത്തോലിക്കര്‍, ലത്തീന്‍ കത്തോലിക്കര്‍, ക്‌നാനായ കത്തോലിക്കര്‍, മലങ്കര സുറിയാനിക്കത്തോലിക്കര്‍. ഇവരോരോരുത്തര്‍ക്കും വ്യത്യസ്ത മേലധികാരികളും പള്ളികളും സ്ഥാപനങ്ങളും ആചാരങ്ങളുമുണ്ട്.
മലങ്കരസഭ, മാര്‍ത്തോമ്മാസഭ, ദക്ഷിണേന്ത്യന്‍സഭ, കല്‍ദായസഭ തുടങ്ങിയ പ്രധാന സഭകള്‍ വേറെയുണ്ട്.
കേരളത്തില്‍ ഏറ്റവുമധികം വിഭാഗങ്ങളുള്ള മതം ക്രിസ്തുമതമാണ്.
കേരള ക്രൈസ്തവജീവിതം എന്ന് ഒറ്റവാക്കില്‍ വിവരിക്കാവുന്ന ഒരു സ്വത്വം, ഒരു ഐഡന്റിറ്റി ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ വിവരങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഈ വ്യത്യസ്ത സഭകളിലെ വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതുപോലും ഇന്നും അത്ര സാധാരണമല്ല. വിശ്വാസപരമായി അത്രമാത്രം വിഭിന്നങ്ങളായ ക്രൈസ്തവ ഐഡന്റിറ്റികളാണ് കേരളത്തിലുള്ളത്. ഇതില്‍ ഞാന്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. ഓരോ മനുഷ്യനും സ്വതന്ത്രവിശ്വാസിയായിത്തീരുന്നതിലേക്കായിരിക്കാം ഇതു നയിക്കുന്നത്. പ്രശ്‌നമുണ്ടാകുന്നത് മത്സരത്തിലേക്കും വിദ്വേഷത്തിലേക്കും നീങ്ങുമ്പോഴാണ്. എന്നാല്‍ ഈ വിഭാഗങ്ങളെയെല്ലാം ‘കേരള ക്രൈസ്തവജീവിതം’ എന്നവാക്കിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്.
ഒന്ന്: ക്രിസ്തു. ക്രിസ്തു എന്നറിയപ്പെടുന്ന യേശുവില്‍ വിശ്വസിക്കുന്നവരാണ് ഈ സഭകളെല്ലാം.
രണ്ട്: കേരളം. ഈ സഭകളിലെ വിശ്വാസികളെല്ലാം കേരളീയരാണ്. കേരളമാണ് അവരുടെ മാതൃഭൂമി. കേരളീയര്‍ എന്ന നിലയ്ക്ക് അവര്‍ ഇന്ത്യക്കാരുമാണ്.
യേശു കേരള ക്രൈസ്തവസഭകളെ ഏകോപിപ്പിക്കുന്നു എന്നുപറഞ്ഞു. യേശു മലയാളിയല്ല എന്നതാണ് ഇതിലെ സവിശേഷമായ വസ്തുത.
മുഹമ്മദും മലയാളിയല്ല.
വാസ്തവത്തില്‍ ശിവനും ശ്രീകൃഷ്ണനും ദേവിയും ശ്രീരാമനും ഒന്നും മലയാളികളല്ല.
ബുദ്ധനെ കഷ്ടിച്ച് ഇന്ത്യക്കാരനെന്നു വിളിക്കാമെന്നേയുള്ളൂ. മലയാളിയല്ല.
ശുദ്ധമലയാളിയായി ജനിച്ച ഒരു കേരളീയഗുരു മാത്രമേയുള്ളൂ. ശ്രീനാരായണന്‍.
ശുദ്ധമലയാളിത്തം അവകാശപ്പെടുന്ന ഒരു കേരളീയ ഈശ്വരന്‍ മാത്രമേയുള്ളൂ, ശ്രീ അയ്യപ്പന്‍.
ഇങ്ങനെ മലയാളികളുടെ പൊതുവിലുള്ള മതവിശ്വാസങ്ങള്‍ക്കാകമാനം ഒരു വിരുന്നുവന്ന സ്വഭാവമുണ്ട്.
ഇത് നല്ലതാണ്. ഇത് ഒരു തുറന്ന മനസ്സിനെ കാണിക്കുന്നു. പ്രവാചകന്മാരുടെ സന്ദേശങ്ങളുടെയും ദൈവസങ്കല്പങ്ങളുടെയും സാര്‍വത്രികതയെ കാണിക്കുന്നു. അവ മനുഷ്യനെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. അവന്റെ രാജ്യത്തെയോ ഭാഷയെയോ ജാതിയെയോ കണക്കാക്കുന്നില്ല.

കേരളീയരുടെ വാണിജ്യബന്ധങ്ങളിലൂടെയാണ് ക്രിസ്തുമതവും ഇസ്‌ലാമും ഇവിടെയെത്തിയത്. ഈ രണ്ടു മതങ്ങളുടെയും ഉത്ഭവമേഖലയായ മധ്യപൂര്‍വ്വദേശങ്ങളിലെ അറബി-യഹൂദസമൂഹങ്ങളുമായി കേരളീയര്‍ക്കു പുരാതനമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു.
സെയിന്റ് തോമസാണ് കേരളത്തിലേക്കു ക്രിസ്തുമതം കൊണ്ടുവന്നത് എന്ന ധാരണയ്ക്ക് ചരിത്രപരമായ ഉറപ്പുള്ള തെളിവുകളില്ല. തോമസാണ് കേരള ക്രൈസ്തവസഭകളുടെ സ്ഥാപകന്‍ എന്നു പറയുന്നതില്‍ വിശ്വാസികള്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട് എന്നതില്‍ സംശയമില്ല. തോമസാണ് സ്ഥാപകന്‍ എന്നത് ശരിയാണെങ്കില്‍ കേരളത്തെ ഒരു favourite destination, പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം- ആയി തിരഞ്ഞെടുക്കാന്‍ തോമസിനെ പ്രേരിപ്പിച്ചത് കുരുമുളകിനോടും ചുക്കിനോടും ഏലത്തോടുമുള്ള അടുപ്പവും കേരളത്തിലേക്കുള്ള കപ്പല്‍പ്പാതയുടെ പ്രശസ്തിയും കേരളം ഒരു സുരക്ഷിതസ്ഥാനമാണ് എന്ന അറിവും ആയിരിക്കാം. അതല്ലെങ്കില്‍ മലയാളികളെയും ഇന്ത്യയെയും തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ കാണുന്നില്ല.

ഏതായാലും ക്രിസ്തുമതത്തിന് കേരളത്തില്‍ ഒരു soft entry, സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു.

ഇന്നു നാമറിയുന്ന രൂപത്തിലുള്ള ഒരു ഹിന്ദുമതം അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് മലയാളികള്‍ ഏതു മതത്തില്‍നിന്നാണു പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായത് എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തമല്ല.
ഈശ്വരസങ്കല്പങ്ങള്‍ ദേശാടനപ്പക്ഷികളെപ്പോലെയോ അപ്പൂപ്പന്‍താടികളെപ്പോലെയോ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ അതിര്‍ത്തികള്‍ അവഗണിച്ച് പാറിനടന്ന ഒരു കാലത്താണ് ക്രിസ്തുമതം ഇവിടെ എത്തിയത്.
എന്റെ മതം, നിന്റെ മതം, അയാളുടെ മതം എന്നിങ്ങനെയുള്ള പിടിവാദങ്ങള്‍ കേരളത്തില്‍ അന്നുണ്ടായിരുന്നില്ല. മേലാളന്മാരും കീഴാളന്മാരും ഉണ്ടായിരുന്നു. ജാതിവ്യവസ്ഥയെപ്പറ്റി തീര്‍ച്ചയില്ല. അങ്ങനെ, പലസ്തീനിലെ യഹൂദന്മാരെ പഴയ ദൈവസങ്കല്പത്തില്‍ നിന്നു മാറ്റി ഒരു പുതിയ ദൈവസങ്കല്പത്തിലേക്കു കൊണ്ടുവരണമെന്ന്, രണ്ടായിരം വര്‍ഷംമുമ്പ് ഒരു പലസ്തീനിയന്‍ യുവാവിനുണ്ടായ ദര്‍ശനം ഉളവാക്കിയ ചലനം നിഗൂഢങ്ങളായ വഴികളിലൂടെ കേരളത്തിലുമെത്തി. വളരെപ്പിന്നീടാണ് ആസൂത്രിതവും സംഘടിതവുമായ മതപരിവര്‍ത്തനശ്രമങ്ങള്‍ വൈദേശിക ക്രൈസ്തവ മിഷണറിമാര്‍ കേരളത്തില്‍ നടത്തിത്തുടങ്ങിയത്.

വൈദേശിക മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിലെ ക്രൈസ്തവര്‍ ആദ്യം വിവിധ വിഭാഗങ്ങളായിത്തീര്‍ന്നത്. പിന്നീട് കേരളീയര്‍തന്നെ വിഭജിക്കല്‍ അഭ്യസിച്ചു.

വിഭജിക്കാതിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക മേന്മയുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഈശ്വരന്‍ നാം സങ്കല്പിക്കുന്നതുപോലെ, നന്മയുടെ ഇരിപ്പിടമാണെങ്കില്‍, ബ്രദറണ്‍സഭയുടെ വിശ്വാസി വിളിച്ചാലും ലത്തീന്‍ കത്തോലിക്കാവിശ്വാസി വിളിച്ചാലും അദ്ദേഹം കേള്‍ക്കേണ്ടതുണ്ട്. അതുപോലെതന്നെ ഹിന്ദു വിളിച്ചാലും മുസ്‌ലിം വിളിച്ചാലും ജൈനന്‍ വിളിച്ചാലും.
കേരള ക്രൈസ്തവര്‍ ഒരൊറ്റ വിഭാഗമായിരുന്നുവെന്നു കരുതുക. എന്തായിരുന്നിരിക്കാം അതുകൊണ്ടുള്ള ഗുണം? രാഷ്ട്രീയമായ വിലപേശലുകള്‍ക്ക് അതു കൂടുതല്‍ സഹായിക്കുമായിരുന്നു എന്നതിനു സംശയമില്ല. പൗരോഹിത്യം കൂടുതല്‍ പ്രബലമാകുമായിരുന്നു എന്നതിനും സംശയമില്ല. ധനശക്തിയും വളരെക്കൂടുതല്‍ ഉണ്ടാകുമായിരുന്നു. ഇവയെല്ലാം ഭൗതികമായ മേന്മകളാണ്.
യേശു സങ്കല്പിച്ചതുപോലെ ഒരു പുതിയ മനുഷ്യനായ ക്രിസ്ത്യാനിയെ (‘New man’) നിര്‍മ്മിക്കാന്‍ ഭൗതികശേഷികള്‍ക്കു കഴിയുമോ? ഉത്തരം നിങ്ങള്‍തന്നെ കണ്ടുപിടിക്കുക.

യേശു ഒരിക്കലും ക്രിസ്ത്യാനി എന്നൊരു വിഭാഗത്തെ സ്വപ്‌നം കാണുക കൂടി ചെയ്തിട്ടില്ല എന്നതും ഇവിടെ സ്മരിക്കണം. ക്രിസ്ത്യാനി എന്ന വ്യത്യസ്ത വിശ്വാസിയെ സൃഷ്ടിക്കാനുള്ള വിശ്വാസസംഹിതകള്‍ നിര്‍മ്മിച്ചത് പൗലോസ് എന്ന വ്യക്തിയായിരുന്നു. മരിച്ച യേശു ഉയിര്‍ത്തു, അത് യേശു ദൈവപുത്രനാകയാലാണ് എന്ന ഒറ്റവാദം ആണിക്കല്ലായി ഉപയോഗിച്ചുകൊണ്ടാണ് പൗലോസ് യേശുവിനെ പലസ്തീനില്‍ നിന്നു പടിയിറക്കി റോമാസാമ്രാജ്യത്തിന്റെ വിവിധ ദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്.

എല്ലാ സംഘടിതമതങ്ങളും അനുഭവിക്കുന്ന ഒരു വിരോധാഭാസമാണ് വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍. എണ്ണത്തിലും ശക്തിയിലുമുള്ള വളര്‍ച്ചയെയാണ് പ്രധാന വളര്‍ച്ചയായി മതങ്ങള്‍ കണക്കാക്കുന്നത്. ദൈവസങ്കല്പത്തിന്റെ വളര്‍ച്ച ഭൗതികവളര്‍ച്ചയുമായി ഒത്തുപോകുന്നുണ്ടോ? രണ്ടായിരം വര്‍ഷംമുമ്പ് യേശു നിര്‍മ്മിച്ച ദൈവസങ്കല്പത്തില്‍നിന്ന് എത്രമാത്രം ഇന്നത്തെ ക്രൈസ്തവ ദൈവസങ്കല്പം മുന്നോട്ടുപോയിട്ടുണ്ട്? അന്ന് യേശു നിര്‍മ്മിച്ച പുതിയ മനുഷ്യസങ്കല്പത്തില്‍ നിന്ന് എത്രമാത്രം ഇന്നത്തെ ക്രൈസ്തവ മനുഷ്യസങ്കല്പം മുന്നോട്ടുപോയിട്ടുണ്ട്?

മറ്റെല്ലാ ക്രൈസ്തവരെയും പോലെ കേരള ക്രൈസ്തവരും അഭിമുഖീകരിക്കേണ്ട ഒരു ചോദ്യമാണിത്.
ഇന്നത്തെ കേരള ക്രൈസ്തവജീവിതത്തില്‍ ദൈവസങ്കല്പവും മനുഷ്യസങ്കല്പവും എത്രമാത്രം വളര്‍ച്ചപ്രാപിച്ചിട്ടുണ്ട്?
വളരെക്കുറച്ചു മാത്രമേ വളര്‍ന്നിട്ടുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്.

മതങ്ങള്‍ സംഘടിതമായ സാമൂഹിക-സാമ്പത്തികസ്ഥാപനങ്ങളാണ് എന്ന വാസ്തവം മറച്ചുവെയ്ക്കുന്നതുകൊണ്ടാണ് മതങ്ങളെ ചുറ്റിപ്പറ്റി കാപട്യങ്ങള്‍ നിലനില്ക്കുന്നത്. മതത്തിന്റെ ഉത്ഭവബിന്ദുവായ ദര്‍ശനത്തിനു ചുറ്റും സാമൂഹികവും സാമ്പത്തികവുമായ ജീവിതതാത്പര്യങ്ങളുടെ ഒരു സംഘടിതരൂപം നിര്‍മ്മിക്കപ്പെടുന്നു.

Source