ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു
കോട്ടയം ദ്വിശതാബ്ദി ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാചനത്തോട് അനുബന്ധിച്ച് ഈ പ്രൊജക്ടിന്‍റെ പ്രധാന ശില്പികളായ ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു.
വൈദികസെമിനാരി ലൈബ്രറിയോടനുബന്ധിച്ച് 1992-ല്‍ ആരംഭിച്ച മൈക്രോഫിലിം ലൈബ്രറിയുടെ ശില്പികളാണ് ഫാ. സി. സി. ചെറിയാനും ജോയ്സ് തോട്ടയ്ക്കാടും. മൈക്രോഫിലിം ചെയ്ത രേഖകളിലെയും ഗ്രന്ഥങ്ങളിലെയും പ്രധാനപ്പെട്ടവ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന് ഫാ. സി. സി. ചെറിയാന്‍ നേതൃത്വം നല്‍കി. അവ ക്രമീകരിക്കുന്നതിനും ഡിജിറ്റല്‍ രൂപത്തിലുള്ളവയും അല്ലാത്തവയുമായ നൂറു കണക്കിന് പുരാതന ഗ്രന്ഥങ്ങളും രേഖകളും സമാഹരിക്കുന്നതിനും ഡീക്കന്‍ ഈയോബ് (ബഥനി ആശ്രമം) നേതൃത്വം വഹിച്ചു.
കേരളത്തിലെ പുരാതന ഗ്രന്ഥപ്പുരകളില്‍ ദിവസങ്ങളോളം താമസിച്ച് രേഖകള്‍ സമാഹരിച്ച് 1992-1993 കാലത്ത് മൈക്രോഫിലിം ലൈബ്രറിയുടെ രൂപീകരണത്തിനു നേതൃത്വം നല്‍കിയതിനും നിരവധി പുരാതന ഗ്രന്ഥങ്ങളും കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോനും പ. പരുമല തിരുമേനിയുടെ കല്പനബുക്കും സെമിനാരി ആര്‍ക്കൈവ്സിനു സമാഹരിച്ചു നല്‍കിയതിനും നൂറു കണക്കിന് ഇ ബുക്കുകള്‍ ഡിജിറ്റല്‍ ലൈബ്രറിക്കു നല്‍കിയതിനുമാണ് ജോയ്സ് തോട്ടയ്ക്കാടിനെ ആദരിച്ചത്.
ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറി (OSDL) തുറന്നു കൊടുക്കുന്നു.
1813ല്‍ കല്ലിടീല്‍ നടത്തി 1815ല്‍ പഠനം ആരംഭിച്ച പഠിത്തവീടിന്റെ സമാരംഭത്തോടുകൂടി മലങ്കരസഭയുടെ ചരിത്ര നടത്തത്തില്‍ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയായിരുന്നു. മല്പാന്‍ പാഠശാലകളില്‍ നിലനിന്നിരുന്ന വൈദിക വിദ്യാഭ്യാസം പറിച്ചു നടലിനു വിധേയമായി എന്നുമാത്രം കരുതുന്ന ചരിത്രപണ്ഡിതന്മാരാണ് ഏറെയും. എന്നാല്‍ വൈദിക വിദ്യാഭ്യാസത്തോടൊപ്പം സമകാലിക വിദ്യാഭ്യാസ രംഗത്ത് തിരുവിതാംകൂറിന്റെ ചരിത്രം മാറ്റപ്പെടുകയും ഇന്നത്തെ നിലയില്‍ കോട്ടയം പട്ടണത്തെ അക്ഷര നഗരിയായി രൂപാന്തരപ്പെടുത്തുന്ന അക്ഷര മുത്തശ്ശികൂടിയായ ഈ ‘പഠിത്തവീട്’ പരിണമിക്കുകയായിരുന്നു.
“A century of English education in travancore 1817-1917” എന്നപേരില്‍ 1917 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തില്‍ ഇവിടെ മലയാളം, സുറിയാനി, എന്നീ ഭാഷകളോടൊപ്പം ഇംഗ്ളീഷ്, ഫ്രഞ്ച്, ഹീബ്രു, സംസ്കൃതം, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക് തുടങ്ങിയ ഭാഷകളും കണക്ക്, ഫിലോസഫി, ചരിത്രം, ദൈവശാസ്ത്രം, ആധുനിക ശാസ്ത്രം തുടങ്ങിയ സാമൂഹിക-മത വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നതായി വ്യക്തമാക്കുന്നു. മാത്രമല്ല 1824 ല്‍ കോട്ടയം സന്ദര്‍ശിച്ച Col. Walsh അവര്‍കള്‍ മീച്ചിലാറിന്റെ വടക്കേക്കരയില്‍ നിന്ന് എടുത്ത ഫോട്ടോ ഇപ്പോള്‍ പഴയസെമിനാരി എന്നുവിളിക്കുന്ന നാലുകെട്ടിന്റെ ഫോട്ടെ തന്നെയാണെന്ന് ആര്‍ക്കാണ് സംശയം ഉണ്ടാകുന്നത്. അദ്ദേഹം നടത്തിയ പഠനത്തെക്കുറിച്ചും വ്യക്തമായി സൂചിപ്പിക്കുന്നു. കണക്ക്, ചരിത്രം, ശാസ്ത്രം തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളെക്കുറിച്ചും മുകളില്‍ പറഞ്ഞ ഭാഷാ വിഷയങ്ങളും അടങ്ങിയ പേര്‍ഷ്യന്‍, അറബി തുടങ്ങിയ ഭാഷകളിലും ഏറ്റവും മെച്ചമായ 2750ല്‍ അധികം പുസ്തകങ്ങളുടെ ഒരു സമുച്ചയത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു. അതായത് പഠിത്തവീടിന്റെ ഗ്രന്ഥപ്പുരയെക്കുറിച്ച് ഉള്ളടക്കത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് നല്‍കുന്നു.
ഇത് ഒരു നിമിഷം കൊണ്ട് സാധിച്ചതല്ല. മലങ്കര സഭയുടെ പൈതൃകമായി ലഭിച്ചതും സ്വരുക്കൂട്ടിയതുമാണ്. ഇപ്രകാരം സ്വരുക്കൂട്ടിയ ഗ്രന്ഥങ്ങളാണ് 1599ലെ ഉദയംപേരൂര്‍ സുന്നഹദോസിനുശേഷം തീവച്ചു നശിപ്പിച്ചത്. തുടര്‍ന്ന് മലങ്കരസഭ ഭരിച്ച മാര്‍ത്തോമ്മന്‍ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ ഒരു ഗ്രന്ഥസമുച്ചയം സ്വരുക്കൂട്ടിയിരുന്നു. വിവിധ സ്ഥലങ്ങളിലായി മാര്‍ത്തോമ്മന്‍ മെത്രാന്മാരുടെ ആസ്ഥാനം സ്ഥിതിചെയ്തതിനാല്‍ ആ ഗ്രന്ഥപ്പുരകള്‍ എല്ലാം ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ലഭ്യമായവയിലെല്ലാം ‘മാര്‍ത്തോമ്മന്‍ മെത്രാന്‍വക’ എന്ന് എഴുതിവച്ചിട്ടുള്ളത് കാണുവാന്‍ സാധിക്കും. ആ വകയില്‍പ്പെട്ടവ ഇന്ന് സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ ഭാഗമാക്കിയിട്ടുണ്ട്.
തുടര്‍ന്ന് മലങ്കരസഭയുടെ ഭരണാധികാരം കയ്യേറുന്നത് മലങ്കര മെത്രാപ്പോലീത്തായാണ്. അവരുടെ ഭരണകേന്ദ്രവും 1815 മുതല്‍ പഠിത്തവീട് എന്നും പഴയസെമിനാരി എന്നും കോട്ടയം സെമിനാരി എന്നും അറിയപ്പെടുന്ന ഈ സ്ഥാപമാണ്. ഇത് കേന്ദ്രീകരിച്ച് വേദപുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തം ചെയ്യുവാന്‍ വേണ്ട ക്രമീകരണം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ ചെയ്യുന്നുണ്ട്. മലങ്കരസഭ നല്‍കിയ മലയാള വിവര്‍ത്തനമാണ് 1811ല്‍ ബോംബെ കുറിയര്‍ പ്രസ്സില്‍ അച്ചടിച്ച ആദ്യ വേദപുസ്തകം. ഇതിന്റെ പല പ്രതികളും ഇവിടെ സമാഹരിച്ചിരിക്കുന്നു. തുടര്‍ന്ന് വേദപുസ്തകം മുഴുവും വിവര്‍ത്തനം ചെയ്യുവാന്‍ ഒരു സമിതിയെ മലങ്കര മെത്രാപ്പോലീത്താ നിയമിച്ച് പ്രവര്‍ത്തിച്ചതും ഈ സ്ഥാപനത്തില്‍ വച്ചാണ്. വേദപുസ്തകം, ആരാധനാ ക്രമങ്ങള്‍, ചരിത്ര പുസ്തകങ്ങള്‍ തുടങ്ങിയ ശേഖരങ്ങള്‍ ഇവിടെ ഉണ്ട്. ഇവയില്‍ മലങ്കര മെത്രാപ്പോലീത്തന്മാരുടെ പുസ്തകങ്ങളില്‍ ‘മാര്‍ ദീവന്നാസ്യോസ് മെത്രാന്‍ വക’ എന്ന സീല്‍ മുദ്രകുത്തിയിട്ടുള്ളതായി കാണാം.
ഇപ്രകാരം കാലാകാലങ്ങളില്‍ മലങ്കരമെത്രാപ്പോലീത്തന്മാരുടെ കൈവശത്തില്‍ സൂക്ഷിച്ചിരുന്നതുമായ പുസ്തകങ്ങളും മറ്റു രേഖകളും പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും, പരി. ദിദിമോസ് പ്രഥമന്‍ ബാവാ തിരുമേനിയുടെയും ഇപ്പോഴത്തെ പ. പൌലൂസ് ദ്വിതീയന്‍ ബാവായുടെ നിര്‍ദ്ദേശപ്രകാരം തങ്ങളുടെ തന്നെ അധികാരത്തിന്‍ കീഴിലുള്ള വൈദിക സെമിനാരി ആര്‍ക്കൈവ്സില്‍ സൂക്ഷിപ്പിനായി ഏല്പിച്ചിരിക്കുന്നു.
വൈദിക സെമിനാരിയുടെ 175-ാം വാര്‍ഷികത്തോടനുബന്ധിച്ച് അന്നത്തെ ലൈബ്രേറിയന്‍ ബഹു. സി. സി. ചെറിയാച്ചന്റെ നേതൃത്വത്തില്‍ ഇപ്രകാരമുള്ളവ മൈക്രോഫിലിമിലാക്കുകയും 2005 ഓടുകൂടി അവയെ ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റി തുടങ്ങുകയും ചെയ്തു. ഇപ്രകാരം ആരംഭിച്ച ഡിജിറ്റല്‍ പ്രക്രീയയിലേക്ക് അനേകര്‍ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഡിജിറ്റല്‍ ചെയ്തവയും അല്ലാത്തവയുമായവ കൈമാറിയിട്ടുണ്ട്. ഇവിടെ. ഫാ. ഡോ. ജോസഫ് ചീരന്‍, ഫാ. സ്ളീബാ പയ്ക്കല്‍, കല്‍ദായ സുറിയാനി സഭാദ്ധ്യക്ഷന്‍ മാര്‍ അപ്രേം, തൊഴിയൂര്‍ സഭാദ്ധ്യക്ഷന്‍ കാലം ചെയ്ത മാര്‍ കൂറിലോസ് തുടങ്ങിയ പേരുകള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
ഇപ്രകാരം ഏകദേശം 1500ല്‍ അധികം ഡിജിറ്റല്‍ രൂപത്തില്‍ കൈയ്യെഴുത്ത് പ്രതികളും 75000 ത്തോളം അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടവയും ഡിജിറ്റല്‍ രൂപത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇവ ഭാവിയില്‍ ‘മലങ്കര ഡോക്യുമെന്റ്’ (Malankara Documents) എന്നപേരില്‍ അറിയപ്പെട്ടു.
ഇവ സെമിനാരി നിയമങ്ങള്‍ക്കും കോപ്പി റൈറ്റ് നിബന്ധനകള്‍ക്കും വിധേയമായി പഠിതാക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ഈ ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറി (OSDL) യുടെ ഉദ്ഘാടനം 2014 ഫെബ്രുവരി 2ന് സെമിനാരി ദ്വിശതാബ്ദി സമ്മേളനത്തില്‍ വച്ച് നിര്‍വ്വഹിക്കപ്പെട്ടു എങ്കിലും ആയതിന്റെ പ്രവര്‍ത്തനോദ്ഘാടനം 2015 മാര്‍ച്ച് 24ന് ഒന്നരമണിക്ക് നിര്‍വ്വഹിക്കപ്പെടുന്നു. ഇവിടെ ഇത് ഒരു ആരംഭം മാത്രമേ ഉള്ളു, ഈ സംരംഭത്തിലേക്ക് പുരാതന രേഖകളും, കൈയ്യെഴുത്തുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ തരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഫോം മാത്രമായോ ഒറിജിനലായോ താങ്കള്‍ ആഗ്രഹിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കുവാന്‍ അവസരം തുറന്നിട്ടിരിക്കുന്നു…..