വചനാമൃതം by  ഫാ. ബിജു  പി  തോമസ്‌ 

fr_biju

ദൈവ കരങ്ങളില്‍ എല്ലാം ഭദ്രം.
” പിതാവേ!, എന്‍റെ  അല്‍മാവിനെ തൃക്കയില്‍ ഏല്‍പിക്കുന്നു”
“Prayer does not change God, but it changes him who prays .”  Soren Kierkegard
പൈതലായിരുന്ന യേശുവിനെ അമ്മ മറിയം ഉറക്കുവാന്‍   പരിശ്രമിക്കുകയായിരുന്നു. ഉറങ്ങാതെ അസ്വസ്ഥനായിരുന്നു ആ കുഞ്ഞ്.
ജീവതത്തില്‍ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങള്‍ അന്നേ ആ ശിശുമനസ്സിനെ അസ്വസ്ഥം ആക്കിയിരുന്നിരിക്കണം.  ഭക്തയായ ആ അമ്മ  ആ മകന്റെ കാതിലേക്ക്മന്ത്രം ഓതുന്ന കണക്കെ ശാന്തമായി പറഞ്ഞു, പറയൂ മോനെ, ” പിതാവേ! ഞാനെന്‍റെ ആത്മാവിനെ തൃക്കയ്യില്‍ എല്‍പിക്കുന്നു”.  കുഞ്ഞ് അമ്മയുടെ മുഖത്തേക്ക് നോക്കി, ഒന്നു പുഞ്ചിരിച്ചു, ചുണ്ടനക്കി, ശാന്തമായുറങ്ങി. യഹൂദ സ്ത്രീകള്‍ മക്കളെ കിടക്കയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈ ഹൃസ്വ പ്രാര്‍ത്ഥന ചൊല്ലിച്ചിരുന്നു. രാത്രിയില്‍ ജീവന്‍ സുരക്ഷമാക്കുവാന്‍ ലളിതമായ പ്രാര്‍ത്ഥന. ആ അമ്മയ്ക്കും മകനും നന്നായിട്ടറി യാമായിരുന്നു ഈ പ്രാര്‍ത്ഥന കഠിന പീഡനത്തിനു മദ്ധ്യേ ആശ്വാസവും അവസാനത്തെ വാക്കുകളും ആകുമെന്ന്. കഷ്ടത  ഏറ്റെടുക്കുവാന്‍ അമ്മ മകനെ തയ്യാറാക്കുകയായിരുന്നു. നല്ല അമ്മമാര്‍ അങ്ങനെയാണ്. ഏതു പ്രതിസന്ധിയെയും ശാന്തമായും ആത്മീയമായും നേരിടുവാന്‍ മക്കളെ അവര്‍ പഠിപ്പിക്കുകയാണ്. കരയുന്ന മക്കളെ അഴുക്കുപറ്റിയ മടിയില്‍ ഇരുത്തി ആത്മീയ ഗീതങ്ങള്‍ പാടി ഉറക്കുമായിരുന്നു പഴയ അമ്മമാര്‍.. ആ മക്കള്‍ മിക്കവരും ജീവനെ നേടിയിട്ടുണ്ട്. ഇന്നെന്താണ്?.. ഇന്നു അമ്മമാരില്ലല്ലോ. എല്ലാം മമ്മിമാരല്ലേ…. കരയുന്ന, അസ്വസ്ഥമായ ബാല്യങ്ങള്‍ക്ക്‌ നേരെ ആക്രോശിക്കുകയും, പ്രാകുകയും ചെയ്യുന്ന മാതൃത്വങ്ങള്‍ തിരുത്തപെടെണ്ടതാണ്.  ജീവിതത്തിലെ കഷ്ടത പ്രാര്‍ത്ഥനാപൂര്‍വ്വം ഏറ്റെടുക്കുവാന്‍ ആ അമ്മ മകനെ ഒരുക്കിയെടുക്കുകയായിരുന്നു.
 ക്രൂശിലെ തീവ്രമായ വേദനയിലും  ക്രിസ്തു മരണത്തെ ഒരുറക്കം പോലെ സ്വീകരിച്ചു. തന്‍റെ അത്മാവിനെ പിതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ചു. ഇത്ര മനോഹരമായി മരിച്ചവര്‍ മറ്റാരുണ്ട്?..  ക്രൂശിലുണ്ടാകേണ്ട നിരാശയും നെടുവീര്‍പ്പും സുന്ദര പ്രാര്‍ത്ഥനാ വേദിയായി. ക്രൂശ് അള്‍ത്താര പോലെ  പ്രാര്‍ത്ഥനാ നിര്‍ഭരമായി.
ഇന്നലെ  ഒരു കൌമാരക്കാരന്‍ സംസാരിക്കുവാന്‍ വന്നു. അവന് ഒന്നിനും  confidence ഇല്ല. ഭാവിയെ പറ്റി ആശങ്കയാണ്.  ഞാന്‍ പറഞ്ഞു, നിനക്കൊന്നും പറ്റില്ല. ധൈര്യമായിട്ടിരിക്കുക. കാലില്ലാതവരെയും കയ്യില്ലാതവരെയും കണ്ണില്ലാതവരെയും ദൈവം പോറ്റുന്നു. നീ അവരെക്കാള്‍ എത്രയോ ഉയരത്തില്‍. ക്രിസ്തു കിളികളെക്കാളും മാളങ്ങലുള്ള ജീവികളെക്കാളും ദരിദ്രനായിരുന്നു. പിതാവിനോടുള്ള ബന്ധത്തില്‍ ഭാരമില്ലാത്തവനായി ജീവിച്ചു. പ്രാര്‍ത്ഥന നല്‍കുന്ന ബലം അതാകുന്നു. ദൈവ കരങ്ങളില്‍ എല്ലാം ഭദ്രം.