Mid Lent Meditation: മനുഷ്യരോടൊപ്പം  യേശു ക്രിസ്തു

holy cross

വലിയ  നോമ്പ്  പകുതി വഴി  പിന്നിടുന്നു .നോമ്പിലെ ധ്യാനം  രക്ഷകനായ  യേശുക്രിസ്തു  ആണ്. നോമ്പിലെ ലക്ഷ്യവും യേശു  ക്രിസ്തു തന്നെയാണ് .വി. ദേവാലയ  മദ്ധ്യേ  വി. കുരിശു  സ്ഥാപിക്കുന്നതാണ്  വിശേഷ ശുശ്രൂഷ. ,ചുമന്ന സ്റ്റാന്റിൽ  ഊറാറ  അണിയിച്ച വി. കുരിശു  പ്രാർത്ഥനാ നിർഭരമായി  ആഘോഷ പൂർവ്വം  സ്ഥാപിക്കുന്നു. വി. കുരിശു യേശുക്രിസ്തുവിന്റെ  സാന്നിധ്യമാണ് . ചുവന്ന അങ്കി ധരിച്ചു  രാജകീയ  പ്രൌഡിയിലാണ്  കുരിശിൻറെ  കാഴ്ച.
ഇരുപത്തഞ്ചാം  നോമ്പ്  ദിനം  മുതൽ ഓശാന  ഞായർ വരെ  കുരിശു  ജനമദ്ധ്യത്തിൽ ഉണ്ട്.  ഓശാന  ഞായർ  സന്ധ്യക്ക്‌  നിറവും മാറും. കുരിശിൻറെ  സ്ഥാനവും  മാറും.  യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷ നാളുകൾ  പരിശോധിച്ചാൽ ജനങ്ങളോടൊപ്പം  വസിക്കുവാൻ  യേശു ക്രിസ്തു  ആഗ്രഹിച്ചിരുന്നു എന്ന്  കാണാം.
 സാധാരണ  ജനങ്ങൾ  ആയിരുന്നു  യേശുക്രിസ്തുവിന്നൊപ്പം നടന്നത് . ക്രിസ്തു അത് നന്നായി  ആസ്വദിച്ചിരുന്നു. യേശുക്രിസ്തു  എവിടെ ഉണ്ടോ  അവിടെ  ജനം  ഉണ്ടായിരുന്നു. ഒരിക്കൽ അത്  അയ്യായിരത്തിൽ  പരം  കവിഞ്ഞിരുന്നു. വിശ്രമിക്കുവാൻ  കഫർന്നഹൂമിൽ  ഭവനത്തിൽ  എത്തിയ  ക്രിസ്തുവിനെ കാണുവാൻ  ആ മനോഹരത്വം  കണ്ടു അനുഭവിക്കുവാൻ  ജനം തടിച്ചുകൂടി. ഭവനത്തിലേക്കുള്ള  വഴികൾ  എല്ലാം അടഞ്ഞു പോയി. ആരും അറിയാതെ  ഏകാന്തതയെ  തേടിയ  ക്രിസ്തുവിനെ  തേടി തോണികളിലും  വഞ്ചികളിലും  ആളുകൾ എത്തി. യെരുഹൂവിലൂടെ  കടന്നു പോകുമ്പോൾ   ആൾ  തിരക്കിന്നിടയിൽ  യേശു ക്രിസ്തുവിന്റെ  ശ്രദ്ധ  പിടിക്കുവാൻ  കുരുടൻ വലിയ  വായിൽ നിലവിളിക്കുന്നുണ്ട്‌. തിരക്കിന്നിടയിൽ  ഒരു സ്ത്രീ  ക്രിസ്തുവിനെ  തൊടുന്നത്  ശ്രദ്ധേയമാണ്. ജനപ്പെരുപ്പം  നിമിത്തം  സക്കായി  മരത്തിനു  മുകളിൽ  കയറിയ  സംഭവവും  ഉണ്ട്.
യേശു  ജനങ്ങളെ  സ്നേഹിച്ചിരുന്നു. അവരിൽ നിന്നും അകന്നു  നില്ക്കുക  അല്ലായിരുന്നു. അവരോടൊപ്പം  അവരുടെ  സങ്കടങ്ങളിൽ  അവരുടെ  ഞെരുക്കങ്ങളിൽ  കൂടെ വസിക്കുന്ന  ദൈവം ആണ്  യേശു ക്രിസ്തു .  പ്രയാസം  അനുഭവിക്കുന്നവോരോട്  അവൻ പറഞ്ഞു  ദൂരെ  നിൽകാതെ  അരികിൽ  വരിക  ആശ്വാസം  നല്കാം. ഭയന്ന് നില്ക്കുന്നവരോട് പറഞ്ഞു  ഹൃദയം കലങ്ങി പോകരുത്,  എന്നിൽ  വിശ്വസിക്കുവിൻ   എന്ന്  സ്നേഹാർദ്രമായി  പറഞ്ഞു. ജനപക്ഷത്തു നിൽക്കുകയും അവരെ  സ്നേഹിക്കുന്ന  ക്രിസ്തുവാണ്‌  നമ്മുടെ  ധ്യാനം. അവൻ  നമ്മോടൊപ്പം ഉണ്ട് എന്ന്  വീണ്ടും  നമ്മെ ഓർമ്മിപ്പിക്കുന്നു.