21 കോപ്റ്റിക് ഓര്‍ത്തഡോക്സ് യുവാക്കള്‍ക്ക് ആദരാഞ്ജലിയുമായി നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം

Coptic-killings

ഐസിസ് ഭീകരര്‍ ക്രൂരമായി തലയറുത്തുകൊന്ന 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യവും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തെയും വിശ്വാസിസമൂഹത്തെയും പ്രതിനിധീകരിച്ച് ആദരാഞ്ജലികളും പ്രാര്‍ഥനകളും നേര്‍ന്നും, ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കോളോവോസ് ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ളണ്ട് കോപ്റ്റിക് ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപ്പൊലിത്ത ബിഷപ്പ് ഡേവിഡിന് കത്തെഴുതി.
രക്തസാക്ഷികളായ 21 യുവാക്കള്‍ക്കു വേണ്ടിയും വിശ്വാസത്തിനുവേണ്ടി ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ഓരോരുത്തര്‍ക്കുവേണ്ടിയും നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസ സമൂഹത്തിന്റെയും നിരന്തര പ്രാര്‍ത്ഥന അഭ്യര്‍ഥിച്ച് മാര്‍ നിക്കോളോവോസ് പുറപ്പെടുവിച്ച കല്‍പന ഭദ്രാസനങ്ങളിലെ ഇടവകകളില്‍ വായിക്കുകയുണ്ടായി. നിഷ്കളങ്കരായ ഈ യുവാക്കളില്‍ അക്രമികള്‍ കണ്ട ‘തെറ്റ്’ കുരിശിന്റെ മാര്‍ഗം പിന്തുടരുന്നു എന്നത് മാത്രമാണ്. ഈ നിഷ്കളങ്ക രക്തങ്ങളുടെ മരണത്തില്‍ ദുഖിക്കുന്നതിനൊപ്പം, ക്രൈസ്തവര്‍ ലോകത്ത് പീഡിപ്പിക്കപ്പെടുന്നതില്‍ ലോകം പുലര്‍ത്തുന്ന മൌനത്തെയും കല്‍പനയില്‍ അപലപിച്ചിട്ടുണ്ട്. അക്രമത്തിന്റെ ഈ ലോകത്തു നിന്നും തുടച്ചു മാറ്റപ്പെട്ട് സ്വര്‍ഗീയ പിതാവിനോട് ചേര്‍ന്ന ഈ രക്തസാക്ഷികളുടെ മാതൃക പിന്തുടര്‍ന്ന് വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ തയാറാകണമെന്ന് മാര്‍ നിക്കോളോവോസ് ഓര്‍മിപ്പിച്ചു.
വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍