പുത്തൂര്‍: പ്രദേശത്തെയും പരിസരങ്ങളിലെയും ഒന്‍പത് ഓര്‍ത്തഡോക്സ് ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന പുത്തൂര്‍ കണ്‍വന്‍ഷന്‍ പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു.
കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ദീപം തെളിയിച്ചു. മലിനികരണത്തില്‍ നിന്നു മനസ്സിനെ വിമലീകരിക്കുന്ന ദൈവവചനങ്ങള്‍ക്കു വര്‍ത്തമാനകാലത്തു പ്രസക്തിയേറുകയാണെന്ന് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. നന്മയുടെ പടവുകള്‍ കയറി ദൈവത്തോട് അടുക്കുന്നവാണ് യഥാര്‍ത്ഥ വിശ്വാസി. സ്നേഹവും കരുണയും നിറയുന്ന മനസ്സില്‍ ഈശ്വരന്‍ അധിവസിക്കുമെന്നും മെത്രാപ്പോലീത്താ പറഞ്ഞു.
കണ്‍വന്‍ഷന്‍ സംഘാടക സമിതി പ്രസിഡന്റ് ഇ.ജി. തോമസ് ഇലവിളയില്‍ കോര്‍-എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. പി.ടി. ഷാജന്‍, എ.എല്‍. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. അനൂപ് ബൈബിള്‍ വായനയും, ഫാ. ജേക്കബ് കോശി സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തി. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജ് വചന ശുശ്രൂഷ നിര്‍വഹിച്ചു.
ദിവസവും വൈകിട്ട് 6.15ന് ഗാനശുശ്രൂഷയും 7.15ന് വചനശുശ്രൂഷയും ഉണ്ടാകും. ഫാ. വൈ. തോമസ്, ജോണ്‍ ജി. വര്‍ഗീസ്, എബി ഫിലിപ്പ്, ഷാജി ജോണ്‍ എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ഫെബ്രുവരി 12ന് വൈകിട്ട് 7.15ന് വന്ദ്യ ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ മാവേലിക്കരയുടെ വചന ശുശ്രൂഷ. 13ന് രാവിലെ 10.30ന് ഫാ. സജി അമയില്‍ ചെങ്ങന്നൂരിന്റെ ധ്യാനപ്രസംഗം, വൈകിട്ട് 7.15ന് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ വചനശുശ്രൂഷ. കണ്‍വന്‍ഷന്‍ 15ന് സമാപിക്കും.