നിയമവാഴ്ചക്കും കോടതിവിധിക്കും അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്യേണ്ടതെന്നു മാര്‍ അത്തനാസ്യോസ്

athanasius_thomas

കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള ഐക്യശ്രമം പൊളിയുന്നു. കേരള സന്ദര്‍ശശനം നടത്തുന്ന പാത്രയര്‍ക്കീസ് ബാവയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ പാത്രയര്‍ക്കീസ് ബാവയുടെ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് കുറ്റപ്പെടുത്തി.

കേരളത്തിലെത്തിയ പാത്രയര്‍ക്കീസ് ബാവയുമായി സന്ദര്‍ശിക്കുന്ന പളളികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിനു വിഭിന്നമായി തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ കയറിയതാണ് ഓര്‍ത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചത്. സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന ബാവയില്‍നിന്ന് പ്രതീക്ഷിച്ചതല്ല ഇതെന്നാണ് ഡോ. തോമസ് മാര്‍ അത്തനാസ്യോസിന്റെ പ്രസ്താവനയിലുളളത്.

തര്‍ക്കമുളള പളളികളില്‍ ബാവ കയറുന്നതിന് സൗകര്യമൊരുക്കി സര്‍ക്കാരും പക്ഷപാതപരമായ പ്രര്‍ത്തികളില്‍ പങ്കാളിയാവുകയാണ് ചെയ്തത്. കോടതി വിധി പരിഹാരമില്ലെന്ന് പാത്രയര്‍ക്കീസ്

ബാവ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇത് സമാധാന ശ്രമങ്ങളെ പിന്നോട്ടടിക്കും. അനുചിതമായ പ്രസ്താവനയാണ് ബാവയില്‍ നിന്നുണ്ടായത്. നീതുപൂര്‍വമല്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യില്ല.

അരാജകത്വമുളള മധ്യപൂര്‍വേഷ്യന്‍ രാജ്യത്തുനിന്നെത്തിയ പാത്രയര്‍ക്കീസ് ബാവ നിയമവാഴ്ചക്കും കോടതിവിധിക്കും അനുകൂലമായി നിലപാടെടുക്കുകയാണ് ചെയ്യേണ്ടതെന്നും തോമസ് മാര്‍അത്തനാസ്യോസ് പറഞ്ഞു. –