പ. കാതോലിക്കാബാവായെ കാത്തുനിന്നവരെ ഞെട്ടിച്ച് പ. പാത്രിയര്‍ക്കീസ് ബാവാ എഴുന്നള്ളിയപ്പോള്‍, അക്കാര്യം പ. പിതാവ് അടങ്ങുന്ന മീറ്റിംഗില്‍ വിവരിക്കുന്ന ഫാ. ഡോ. കെ. എം. ജോര്‍ജ്.
പ. കാതോലിക്കാബാവായെ കാത്തുനിന്നവരെ ഞെട്ടിച്ച് പ. പാത്രിയര്‍ക്കീസ് ബാവാ എഴുന്നള്ളിയപ്പോള്‍
അരീപ്പറന്പ്: കോട്ടയം ഭദ്രാസന വൈദിക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന പ. മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായെ കാത്ത് അരീപ്പറന്പ് പുറകുളം കുരിശിന്‍തൊട്ടിയ്ക്കരികെ നിന്ന ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ ഇടയിലേയ്ക്ക് ഭാരതം സന്ദര്‍ശിക്കുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് അപ്രതീക്ഷിതമായി എത്തി.
അരീപ്പറന്പിലെ യാക്കോബായ പള്ളി സന്ദര്‍ശിച്ച ശേഷം വെള്ളൂര്‍ സെന്‍റ് സൈമണ്‍സ് പള്ളിയിലേയ്ക്ക് പോകുന്നവഴിയാണ് പാത്രിയര്‍ക്കീസ് ബാവാ വൈദികരെ കണ്ട് കാര്‍ നിര്‍ത്തിയത്. അരീപ്പറന്പില്‍ നിന്ന് വെള്ളൂര്‍ക്ക് പോകുവാനുള്ള എളുപ്പവഴിയാണ് ഈ റോഡെങ്കിലും പാത്രിയര്‍ക്കീസ് ബാവാ ഈ വഴി വരും എന്ന മുന്‍ സൂചനകളൊന്നും ഉണ്ടായിരുന്നില്ല.
കാര്‍ നിര്‍ത്തിയ പ. പാത്രിയര്‍ക്കീസ് ബാവാ തന്‍റെ സുഹൃത്തായ ഫാ. ഡോ. കെ. എം. ജോര്‍ജിനോടും അമേരിക്കയില്‍ വച്ച് ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ള ഫാ. കെ. വി. പൗലൂസിനോടും കുശലാന്വേഷണം നടത്തി. പൗലൂസ് അച്ചനോടൊപ്പം അന്ന് പരിചയപ്പെട്ട ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്‍.ഒ. പി. സി. ഏലിയാസിനെക്കുറിച്ച് അന്വേഷിച്ചു.
കോട്ടയത്തു നടന്ന വിരുന്നില്‍ കണ്ടില്ലല്ലോ എന്ന് ഫാ. ഡോ. കെ. എം. ജോര്‍ജിനോടു ചോദിച്ചു. സഭാ സമാധാനത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഫാ. ഡോ. കെ. എം. ജോര്‍ജ് ചോദിച്ചു. അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കാര്യങ്ങള്‍ മുന്പോട്ടു കൊണ്ടുപോകണമെന്നും പാത്രിയര്‍ക്കീസ് ബാവായും കൂടെ കാറില്‍ സഞ്ചരിച്ചിരുന്ന ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും പറഞ്ഞു.
വൈദികരും അവരുടെ കുടുംബാംഗങ്ങളും സഭാ വിശ്വാസികളും പ. പിതാവിന്‍റെ കരം മുത്തി അനുഗ്രഹം പ്രാപിച്ചു.
സംഭവം നടന്ന പുറകുളം കുരിശിന്‍തൊട്ടി ജംഗ്ഷന്‍.