സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍. Sunday Shalom Article
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വടക്കന്‍ പ്രദേശത്തെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ ഫാ.ഡോ. ജോസഫ് ചീരന്‍ 70-ാം വയസ്സില്‍.
തൃശൂര്‍ ജില്ലയില്‍ ഇപ്പോഴത്തെ കുന്നംകുളം ഭദ്രാസനത്തില്‍ പഴഞ്ഞി സെന്റ് മേരീസ് വലിയപള്ളി ഇടവകയില്‍ അംഗമായി 1945 ചിങ്ങം ഒന്നിന് ജനിച്ച ഇദ്ദേഹം മൂപ്പച്ചന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വികാരി ചീരന്‍ ഗീവറുഗീസ് കത്തനാരുടെ പൌത്രനും, മാത്തപ്പന്‍-കുഞ്ഞാത്തിരി ദമ്പതികളുടെ ഒമ്പത് മക്കളില്‍ ഇളയ പുത്രനുമാണ്.
1966ല്‍ അവിഭക്ത കേരള സര്‍വ്വകലാശാലയുടെ വിദ്വാന്‍ പരീക്ഷയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ഇദ്ദേഹം വിവിധ ഹൈസ്കൂളുകളില്‍ അധ്യാപകന്‍ ആയിരിക്കെ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഒരു വ്യാഴവട്ടക്കാലം തൃശൂര്‍ സി.എം.എസ്. അധ്യാപനം നടത്തി. തൃശൂര്‍ സി.എം.എസ്. ഹൈസ്കൂള്‍ അധ്യാപകന്‍ ആയിരിക്കെ, തിരുവനന്തപുരത്തുള്ള സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ തൃശൂര്‍-എറണാകുളം ജില്ലകളിലെ മലയാളം അധ്യാപകരുടെ ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ നടത്തുവാനുള്ള പരിശീലനം നല്‍കുകയും തുടര്‍ന്ന് ഏതാനും വര്‍ഷം റിസോഴ്സ് പേഴ്സണായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് നടന്ന വര്‍ക്ക് ഷോപ്പുകളില്‍ വിവിധ ക്ളാസുകളിലേക്കുള്ള കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുകയും ആകാശവാണിയുടെ പങ്കാളിത്തത്തോടെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ റേഡിയോ ക്ളാസുകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
1984ല്‍ ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ലക്ചറര്‍ ആയി. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് “ആധുനിക മലയാള കവിതയില്‍ ബൈബിളിന്റെ സ്വാധീനം” എന്ന വിഷയം ആധാരമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് 1998ല്‍ ഡോക്ടറേറ്റ് നേടി.
2000 ജൂണ്‍ 30ന് കോളജില്‍ നിന്ന് റിട്ടയര്‍ ചെയ്തു. എം.ജി. യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് ഗൈഡായി സേവനം തുടരുന്നു. പ്രശസ്ത വൈദിക കുടുംബത്തില്‍ ജനിച്ച വ്യക്തി എന്ന നിലയില്‍ വൈദിക പദവിയോട് ബാല്യം മുതല്‍ ആഭിമുഖ്യം ഉണ്ടായിരുന്നു. 11-ാം വയസ്സ് മുതല്‍ അള്‍ത്താരാ ബാലനായി, സുറിയാനി ഭാഷ അറിയാനിടവന്നു. പിന്നീട് ആ ഭാഷ സ്വായത്തമാക്കി.
ഔപചാരികമായ വൈദിക വിദ്യാഭ്യാസത്തിന് പലവട്ടം ശ്രമിച്ചെങ്കിലും പല കാലണങ്ങളാല്‍ അതൊന്നും വിജയം കണ്ടില്ല. ഒടുവില്‍ കോട്ടയം പഴയ സെമിനാരിയില്‍ ദീര്‍ഘകാലം മല്പാന്‍ ആയി പ്രവര്‍ത്തിച്ച യശഃശരീരനായ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കൊച്ചി ഭദ്രാസനത്തിന്റെ ചുമതല 1966ല്‍ ഏറ്റെടുത്തത് വഴിത്തിരിവായി. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരം 1968 ഓഗസ്റ് 10ന് വൈദിക ശ്രേണിയുടെ ആദ്യഘട്ടത്തിലേക്ക് ഉപയോഗിക്കപ്പെട്ടു.
അതി പ്രശസ്ത സുറിയാനി പണ്ഡിതനും സുറിയാനി സംഗീതത്തിന്റെ (എക്കാം സുറിയാനിയിലെ സംഗീത ശാസ്ത്രം) മികച്ച പ്രയോക്താവുമായ ആ ഗുരുവില്‍ നിന്ന് സുറിയാനി ഭാഷയുടെ ഉപരിപാഠനങ്ങളും ആരാധനയുടെ മര്‍മ്മങ്ങളും സുറിയാനി സംഗീതത്തിന്റെ വൈചിത്ര്യുങ്ങളും അഭ്യസിച്ചു.
വിവാഹാനന്തരം 1972 മാര്‍ച്ച് 11ന് പഴഞ്ഞി പള്ളിയില്‍ ഗുരുനാഥനില്‍ നിന്ന് കശീശാപട്ടം ഏറ്റുവാങ്ങി 12ന് പഴഞ്ഞി പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി. കൊച്ചി ഭദ്രാസന യുവജനപ്രസ്ഥാന ജനറല്‍ സെക്രട്ടറി, സെന്റ് തോമസ് വൈദിക സംഘത്തിന്റെ കേന്ദ്രസമിതി അംഗം, കൊച്ചി-കുന്നംകുളം ഭദ്രാസന വൈദിക സംഘം സെക്രട്ടറി, യൂഹാനോന്‍ മാര്‍ സേവേറിയോസ് ഫൌണ്ടേഷന്‍, മാര്‍ ദിവന്ന്യാസ്യോസ് പഠന കേന്ദ്രം, എറണാകുളം ചര്‍ച്ച് ഹിസ്ററി അസോസിയേഷന്‍, കുന്നംകുളം ക്രിസ്ത്യന്‍ സ്റഡി സെന്റര്‍ തുടങ്ങിയവയുടെ സ്ഥാപക ചെയര്‍മാന്‍ എന്നീ നിലകളില്‍ ആത്മീയ-സാംസ്കാരിക സംഘടകള്‍ക്ക് രൂപം നല്‍കി.
1980ല്‍ പ്രസിദ്ധീകരിച്ച ‘ജഗദീശ് ചന്ദ്രബോസ്’ എന്ന ജീവചരിത്ര ഗ്രന്ഥമാണ് ഫാ. ജോസഫ് ചീരന്റെ ആദ്യ പുസ്തകം. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍, വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദിവന്നാസ്യോസ് എന്നീ മലങ്കര മെത്രാപ്പോലീത്താമാരുടെയും കടവില്‍ മാര്‍ പൌലോസ് അത്താന്നാസ്യോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, അക്കര കുരിയന്‍ റൈറ്റര്‍ (കോട്ടയം), പഴഞ്ഞിയുടെ ശ്രേഷ്ഠാചാര്യന്‍ ചെറുവത്തൂര്‍ മത്തായി കത്താര്‍ തുടങ്ങിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ-ഒരു വിമര്‍ശാത്മക പഠനം, മലങ്കര സഭയും കേരള സംസ്കാരവും ബൈബിള്‍ മലയാള കവിതയില്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ-ചരിത്രവും സംസ്കാരവും, പാത്രിയര്‍ക്കീസുകാരുടെ അധികാര ദുര്‍വിനിയോഗം, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എ.ഡി. 52-2014, സഭാ ചരിത്രവിജ്ഞാന കോശം, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സെന്റ് തോമസ്, (ഇംഗ്ളീഷ്) ഉള്‍പ്പെടെ 50 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളം, ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം, പൌരസ്ത്യ-പാശ്ചാത്യ സുറിയാനി തുടങ്ങിയ ഭാഷകളില്‍ അവഗാഹം നേടിയ ഇദ്ദേഹം കൂടുതല്‍ സഭാചരിത്ര, ജീവചരിത്ര ഗ്രന്ഥങ്ങള്‍ തുടങ്ങിയവ രചിച്ച വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ സഭാചരിത്ര വിജ്ഞാനകോശം ഓര്‍ത്തഡോക്സ് ആരാധനാ -ശുശ്രൂഷകളും, ശുശ്രൂഷകരും, മലങ്കര സഭയുടെ സുവര്‍ണ്ണ ശില്പി (3 വാല്യങ്ങള്‍) എന്നിവ റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്നു.
ആര്‍ത്താറ്റ് പടിയോല, കണ്ടനാട് പടിയോലെ-1965ലെ മാര്‍ ഗ്രീഗോറിയോസിന്റെയും, 1748ലെ മാര്‍ ഇവാനിയോസിന്റെയും, സുസ്താത്തികോന്‍ (നിയമപത്രിക) കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസിന്റെ, പള്ളിക്രമ പുസ്തകങ്ങള്‍ കോതമംഗലം ബാവയെ ചരിത്രപരമായി വിലയിരുത്താന്‍ കഴിയുന്ന സമകാല രേഖകള്‍, ഒന്നാം മാര്‍ത്തോമ്മാ, വത്തിക്കാനിലേക്ക് കത്തുകള്‍ മാര്‍ ഗ്രീഗോറിയോസിന്റെ (1665) സര്‍ക്കുലര്‍, തുടങ്ങി കാട്ടുമങ്ങാട്ട് കുറിലോസിന്റെ തക്സായും ഡയറിയും തുടങ്ങി അറബിക് ഗാര്‍സുിയിലും സിറിയക് ഗാര്‍സുിയിലും വട്ടെഴെത്തു മലയാളത്തിലും മറ്റുമായി എഴുതപ്പെട്ട നിരവധി കൈയെഴുത്ത് രേഖകള്‍ ഇദ്ദേഹം കണ്ടെടുത്ത് പ്രസിദ്ധീകരിച്ച് സഭാ ചരിത്രത്തിന്റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പാലൂര്‍ പള്ളിയുടെ സ്ഥാനനിര്‍ണ്ണയം മലങ്കര സഭയിലെ കൂദാശകള്‍, രക്തസാക്ഷികള്‍, പേര്‍യേതുയുത്താ-സ്ഥാനികളുടെ സാന്നിധ്യം, മലങ്കര സഭയുടെ അലക്സാന്‍ഡ്രിയന്‍ ബന്ധം, പകലോമറ്റം മെത്രാന്മാരെ പറ്റിയുള്ള വിശദപഠനം തുടങ്ങിയവ സഭാ ചരിത്ര ഗവേഷണരംഗത്ത് ഫാ. ചീരന്റെ സംഭാവനയാണ്.
ജന്മദേശമായ പഴഞ്ഞിയില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു. വടക്കാഞ്ചേരി വീരോലിപ്പാടം പ്രൈമറി സ്കൂള്‍ പ്രധാന അധ്യാപികയായി വിരമിച്ച കെ.വി. ഏല്യാമ്മയാണ് പത്നി. മക്കള്‍: മേഴ്സി, ഡോ.പ്രസാദ്. മരുമക്കള്‍: ഡോ. സി.ഐ. ജോര്‍ജ്ജ്, ഫിസ്റിന്‍.