പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

pope_francis1

മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ച അഞ്ചില്‍ നാലുപേരും പുരുഷന്‍മാരാണെന്ന കാര്യം ശ്രദ്ധിച്ചിട്ടാണ് മാര്‍പാപ്പ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

‘ഇവിടെ സ്ത്രീകളുടെ പ്രാതിനിധ്യം തീരെ കുറവാണ്’ – സദസ്സില്‍നിന്നുയര്‍ന്ന ചിരികള്‍ക്കിടയില്‍ മാര്‍പാപ്പ പറഞ്ഞു. ‘പുരുഷന്‍മാര്‍ കൂടുതല്‍ ആധിപത്യ പ്രവണത കാട്ടുന്ന ഇക്കാലത്ത്, സ്ത്രീകള്‍ക്ക് സമൂഹത്തെക്കുറിച്ച് ഏറെ പറഞ്ഞുതരാന്‍ സാധിക്കും’.

‘കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍. പക്ഷേ, സ്ത്രീകള്‍ക്ക് നമ്മള്‍ അവസരങ്ങള്‍ നല്‍കാറില്ല. ആണുങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍’ -മാര്‍പാപ്പ പറഞ്ഞു.

തന്നോട് ചോദ്യമുന്നയിച്ച നാല് ആണുങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു 12 കാരിയായ പെണ്‍കുട്ടിയുടെ ചോദ്യമെന്ന കാര്യം മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ ദൈവം അനുവദിക്കുന്നത് എന്തിനെന്നായിരുന്ന ആ 12 കാരിയുടെ ചോദ്യം.

അല്‍പ്പം നര്‍മത്തോടെയാണ് മാര്‍പാപ്പ അവസാനിപ്പിച്ചത്. ‘അടുത്ത മാര്‍പാപ്പ മനിലയില്‍ എത്തുമ്പോള്‍, നമുക്ക് കൂടുതള്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാം’, അദ്ദേഹം പറഞ്ഞു.