തിരുവിതാംകോട്  അരപ്പള്ളി | ഡോ. വിപിന്‍ കെ. വര്‍ഗീസ്

തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ അവിടെയെത്തി ആ 64 ചെട്ടിയാര്‍ കുടുംബങ്ങളെ കൂട്ടിക്കൊണ്ട് അരുവാമൊഴിപാത കടന്ന് നാഗര്‍കോവിലില്‍ എത്തി. അവിടെ അവരെ കുടിപാര്‍പ്പിച്ചു. നാഗര്‍കോവില്‍ അക്കാലത്ത് വേണാട് രാജ്യത്തിന്‍റെ തെക്ക് ഭാഗമായിരുന്നു. വേണാട്ട് രാജാവിന്‍റെ സഹോദരന്‍ ഒരിക്കല്‍ മദ്രാസില്‍ വച്ച് ശ്ലീഹായെ കണ്ടപ്പോള്‍ വേണാട്ട് വരികയാണെങ്കില്‍ സഹായസഹകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശ്ലീഹായും വിശ്വാസികളും നാഗര്‍കോവിലില്‍ എത്തിയത്. അവര്‍ അടുത്തുള്ള തിരുവിതാംകോട് രാജകൊട്ടാരത്തില്‍ എത്തി വേണാട്ട് രാജാവിനെ കണ്ടു. അദ്ദേഹം 64 കുടുംബങ്ങള്‍ക്കും വീടു വയ്ക്കുന്നതിനുള്ള സ്ഥലവും ആരാധനയ്ക്ക് അനുവാദവും നല്‍കി.

രാജാവിന്‍റെ വാസസ്ഥലത്തെ അരചന്‍റെ മന എന്ന അര്‍ത്ഥത്തില്‍ ‘അരമന’ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. അതേപോലെ അരചന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആരാധനാസമൂഹം പിന്നീട് ‘അരപ്പള്ളി’ എന്നറിയപ്പെട്ടു. അല്ലാതെ തോമാശ്ലീഹാ പള്ളി പണിയാതെ ഒരു കുരിശ് മാത്രം സ്ഥാപിച്ചതുകൊണ്ടോ വൈദികനെ അഭിഷേകം ചെയ്യാതെ ക്രൈസ്തവസമൂഹം സൃഷ്ടിച്ചതുകൊണ്ടോ ആണ് അതിനെ അരപ്പള്ളി എന്നു വിളിച്ചത് എന്ന് പറയുന്നത് ചരിത്രപരമായി നിലനില്‍ക്കുന്നതല്ല. ഒന്നാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആദിമ ക്രിസ്ത്യാനികളുടെ അടയാളങ്ങള്‍ പ്രാവ്, മത്സ്യം തുടങ്ങിയവ ആയിരുന്നു. കുരിശിന് ക്രൈസ്തവസഭയില്‍ പ്രാധാന്യം ഉണ്ടാകുന്നത് റോമാ ചക്രവര്‍ത്തിയായ കുസ്തന്തീനോസ് കുരിശടയാളം മുഖേന വിജയിക്കുകയും തുടര്‍ന്ന് കര്‍ത്താവിന്‍റെ കുരിശ് കണ്ടെടുക്കുകയും ചെയ്തതോടെയാണ്. ഇടയനില്ലാത്ത ഒരു ആട്ടിന്‍പറ്റത്തെ സൃഷ്ടിച്ചിട്ടു പോകുവാന്‍ മാര്‍ത്തോമാശ്ലീഹാ തയ്യാറായി എന്നു കരുതുവാനും സാധ്യമല്ല. അതുകൊണ്ട് തന്നെ അരചന്‍റെ പള്ളി എന്ന അര്‍ത്ഥത്തിലാണ് ‘അരപ്പള്ളി’ എന്ന പേര് ലഭിച്ചത് എന്ന് നിസ്സംശയം പറയാം. തമിഴ്നാട്ടില്‍ ‘തോമയാര്‍കോവില്‍’ڔഎന്നറിയപ്പെടുന്ന ഈ ദേവാലയം ലോക ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറ്റവും പുരാതനമായ ഒന്നാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുക്കാതിരുന്ന 2 ദേവാലയങ്ങളില്‍ ഒന്നാണ് ഇത്. സുറിയാനി ദേവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണ തിരുവിതാംകൂറിലെ തമിഴ് ക്ഷേത്ര മാതൃകയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.