കോട്ടയം മെത്രാസന ചരിതവും ഇടയന്മാരും | ഫാ. യാക്കോബ് മാത്യു


AD 52-ൽ പ്രാരംഭം കുറിച്ചതായി കരുതുന്ന മലങ്കര നസ്രാണി സമൂഹത്തിന് (Malankara Sabha) 1876 വരെയും ഒരു പ്രധാന മേലദ്ധ്യക്ഷൻ (മലങ്കര മൂപ്പൻ) മാത്രമായിരുന്നു ഉണ്ടായിരുന്നത്.1653ൽ എപ്പീസ്കോപ്പ (Bishop) ആയി ഈ സ്ഥാനി അവരോധിക്കപ്പെട്ടതോടുകൂടി മലങ്കര മെത്രാൻ എന്ന് മലങ്കര മൂപ്പന് പൊതുവേ വിളിക്കുവാൻ തുടങ്ങി.മലങ്കര മൂപ്പൻ്റെ ഏകനായകത്വത്തിലും സ്ഥാനമഹിമയിലും പ്രതാപത്തിലും പ്രകോപിതനായ സിറിയൻ സഭാ തലവനായ പാത്രിയർക്കീസ്,മലങ്കര സഭയിൽ അനാവശ്യമായ കൈകടത്തലുകൾ നടത്തുവാൻ ആരംഭിച്ചു.എന്നാൽ അവയെ ചെറുക്കുവാൻ പലതുകൊണ്ടും അന്നത്തെ മലങ്കര സഭാ നേത്യത്വത്തിന് സാധിച്ചിരുന്നില്ല.ഈ നാട്ടിൽ എത്തിചേർന്ന പാത്രിയർക്കീസ്, മലങ്കര സഭയെ പല മെത്രാസനങ്ങളായി (Dioceses) വിഭജിക്കാനും മലങ്കര മൂപ്പൻ്റെ അധികാരം വികേന്ത്രികരിക്കുന്ന രീതിയിൽ പുതിയ മെത്രാന്മാരെ വാഴിച്ച് നിയമിക്കാനും ശ്രമങ്ങൾ തുടങ്ങി.

1876ൽ മുളന്തുരുത്തിയിൽ കൂടിയ മലങ്കര നസ്രാണി പള്ളിയോഗത്തെ (അസോസിയേഷൻ) തുടർന്ന് മലയാള നാട്ടിലെ (കേരളത്തിലെ) മലങ്കര സഭയുടെ പള്ളികളെ ചേർത്ത് ഏഴ് മെത്രാസനങ്ങൾ (Dioceses) രൂപീകരിക്കപ്പെട്ടു. കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ, അങ്കമാലി, കൊച്ചി, കണ്ടനാട് എന്നിവയാണ് ആ മെത്രാസനങ്ങൾ.സഭാ തലവനായ മലങ്കര മൂപ്പനെ (മലങ്കര മെത്രാപ്പോലീത്ത) കൂടാതെ ഓരോ മെത്രാസനത്തിനും ഓരോ മെത്രാന്മാരെയും (Bishops) വാഴിച്ച് നിയമിച്ചു.

കോട്ടയം മെത്രാസനം

കോട്ടയം ചെറിയ പള്ളിയും അതിന് ചുറ്റുമുള്ള ഇരുപത് പള്ളികളും ചേർത്ത് രൂപികരിക്കപ്പെട്ടതാണ് കോട്ടയം മെത്രാസനം.ഈ പ്രദേശത്ത് ആറ് ക്നാനായ പള്ളികളും 1910ൽ ക്നാനായ മെത്രാസനം രൂപീകരിക്കപ്പെടുന്നതുവരെ ഈ മെത്രാസനത്തിൽ ഉൾപ്പെട്ടിരുന്നു.1913വരെ പ്രത്യകമായ ഒരു ആസ്ഥാനം ഈ മെത്രാസനത്തിന് ഉണ്ടായിരുന്നില്ല.മെത്രാപ്പോലീത്ത ആവശ്യംപോലെ പള്ളികളിൽ മാറി മാറി താമസിച്ചിരുന്നു.1913 മുതൽ 1928 വരെ വാകത്താനം വള്ളിക്കാട്ട് ദയറാ ആസ്ഥാനമായിരുന്നു.1929 മുതൽ പാമ്പാടി ദയറായാണ് ആസ്ഥാനം.

1982ൽ കോട്ടയം മെത്രാസനത്തെ വിഭജിച്ച് പുതിയ രണ്ട് മെത്രാസനങ്ങൾ രൂപീകരിച്ചു.കോട്ടയം പട്ടണത്തിലെ പള്ളികളും എതാനും കാലമായി മലങ്കര മെത്രാൻ്റെ നേരിട്ടുള്ള ഭരണത്തിലുമിരുന്ന പള്ളികളും ചേർത്ത് കോട്ടയം സെൻട്രൽ മെത്രാസനവും ഹൈറേഞ്ച് മേഖലയിലെ പള്ളികൾ ചേർത്ത് ഇടുക്കി മെത്രാസനവുമാണ് രൂപികരിക്കപ്പെട്ടത്.കോട്ടയം മെത്രാസനത്തിലെ മലയോര മേഖലയിൽപ്പെട്ട ഏതാനും പള്ളികൾ 2010ൽ നിലയ്ക്കൽ (റാന്നി) മെത്രാസനത്തിനും നൽകി.ഇന്ന് എഴുപതിലധികം പള്ളികൾ ഈ മെത്രാസനത്തിലുണ്ട്.1970 മുതൽ മെത്രാസന ഓഫീസ് കോട്ടയത്താണ് പ്രവർത്തിക്കുന്നത്.കോട്ടയം നഗര മധ്യത്തിലുള്ള കെ എം ജി സെൻ്ററാണ് ഇപ്പോൾ മെത്രാസന ഓഫീസ്.

കോട്ടയം മെത്രാസനത്തെ നയിച്ച മെത്രാപ്പോലീത്തന്മാർ

(ബ്രായ്ക്കറ്റിൽ ഭരണകാലം)

1. കടവിൽ പൗലൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത (1877 മെയ് 5 – 1907 നവംബർ 2) കബറിടം @ ആലുവ തൃക്കുന്നത്ത് സെമിനാരി.

1891-ൽ അങ്കമാലി മെത്രാസനത്തിൻ്റെ അമ്പാട്ട് ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത കാലംചെയ്ത സാഹചര്യത്തിൽ ആ കാലത്ത് നടപടി അനുസരിച്ച് പാത്രിയർക്കീസിൻ്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും നിർദേശപ്രകാരം അങ്കമാലി മെത്രാസനത്തിൻ്റെ ചുമതല കൂടി ഇദ്ദേഹം വഹിച്ചു.

2. മുറിമറ്റത്തിൽ പൗലൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (1907 – 1913) കബറിടം @ എറണാകുളം പാമ്പാക്കുട ചെറിയ പള്ളി.

കണ്ടനാട് മെത്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്ത ആയ ഇദേഹം കടവിൽ തിരുമേനി കാലംചെയ്ത സാഹചര്യത്തിൽ ആ കാലത്ത് നടപടി അനുസരിച്ച് പാത്രിയർക്കീസിൻ്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും നിർദേശപ്രകാരം കോട്ടയം,അങ്കമാലി മെത്രാസനങ്ങളുടെ ചുമതല കൂടി വഹിച്ചു.1912ൽ പരിശുദ്ധ ബസേലിയോസ് പൗലൂസ് പ്രഥമൻ കാതോലിക്ക ബാവയായി ഉയർത്തപ്പെട്ട ഇദ്ദേഹം (1912 – 1913) ഏതാനും മാസങ്ങൾകൂടെ മെത്രാസന ഭരണം തുടർന്നു.

3. കാരുചിറ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത (1913 – 1928) കബറിടം @ കോട്ടയം വാകത്താനം വള്ളിക്കാട്ട് ദയറാ.

അങ്കമാലി മെത്രാസനത്തിൻ്റെ ചുമതലയും നിർവ്വഹിച്ചു.1925ൽ പരിശുദ്ധ ബസേലിയോസ് ഗിവർഗീസ് പ്രഥമൻ കാതോലിക്ക ബാവയായി ഉയർത്തപ്പെട്ട ഇദ്ദേഹം (1925 – 1928) മെത്രാസന ഭരണം തുടർന്നു.

4. ആഞ്ഞിലിമൂട്ടിൽ മിഖായേൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1928 – 1956) കബറിടം @ കോട്ടയം പാണംമ്പടി പള്ളി.

1911ൽ ആരംഭിച്ച മലങ്കര സഭാ തർക്കത്തെ തുടർന്ന് പാത്രിയർക്കീസ് വിഭാഗത്തിൽ 1927ൽ ഇദ്ദേഹം മെത്രാനായി വാഴിക്കപ്പെട്ടു.ആ ഭാഗത്ത് ഉൾപെട്ടിരുന്ന കോട്ടയം മെത്രാസനത്തിലെ പള്ളികളുടെ ചുമതല ലഭിച്ചു.കൊല്ലം,നിരണം,തുമ്പമൺ തുടങ്ങിയ മെത്രാസനങ്ങളിലെ പാത്രിയർക്കീസ് വിഭാഗത്തിൽപെട്ടിരുന്ന പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. സിറിയൻ ഓർത്തഡോക്സ് (അന്ത്യാഖ്യൻ) സഭയോടും അതിൻ്റെ തലവന്മാരായിരുന്ന പാത്രിയർക്കീസന്മാരോടും തീവ്രമായ കൂറും വിധേയത്വവും പുലർത്തിയിരുന്ന ഇദ്ദേഹം 1956-ൽ കാലം ചെയ്യ്തു. 1958-ൽ മലങ്കര സഭയിൽ യോജിപ്പ് വന്നതോടെ ഇദേഹം ഉൾപ്പെടെ കടന്നുപോയവരും ജീവനോടിരുന്നവരുമായ മറുഭാഗത്ത് എല്ലാ മെത്രാന്മാരും വൈദീക ഗണവും വിശ്വാസികളും മലങ്കര സഭയുടെ ഭാഗമായി.

5. പേഴമറ്റത്ത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത (1929 – 1965) കബറിടം @ കോട്ടയം പാമ്പാടി പൊത്തൻപുറം ദയറാ.

6. വലിയപാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (1965 – 1980) കബറിടം @ കോട്ടയം പാമ്പാടി പൊത്തൻപുറം ദയറാ.

7. കീയത്ത് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (1985 – 2013) കബറിടം @ കോട്ടയം ഞാലിയാകുഴി ദയറാ.

8. കല്ലറയ്ക്കൽ ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത (2022 -)

കോട്ടയം മെത്രാസന മെത്രാപ്പോലീത്തയുടെ സഹായ മെത്രാന്മാർ.

1.വലിയപാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് എപ്പീസ്കോപ്പ (1953 – 1965)
പേഴമറ്റത്ത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹായ മെത്രാനായിരുന്നു.

2.പൂവത്തുങ്കൽ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത (1976 – 1978) കബറിടം @ എറണാകുളം മുളക്കുളം കർമ്മേൽകുന്ന് പള്ളി.

കണ്ടനാട് മെത്രാസന മെത്രാപ്പോലീത്ത ആയ ഇദ്ദേഹം വലിയപാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ സഹായ മെത്രാനായി പ്രവർത്തിച്ചു.

3.ചക്കാലപറമ്പിൽ യൂഹാനോൻ മാർ അത്താനാസിയോസ് എപ്പിസ്കോപ്പ (1978 – 1980) കബറിടം @ പത്തനംതിട്ട റാന്നി പെരുന്നാട് ബഥനി ആശ്രമം.

വലിയപാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ സഹായ മെത്രാനായിരുന്നു.മെത്രാപ്പോലീത്ത കാലംചെയ്യ്തതിനെ തുടർന്ന് മെത്രാസനം നേരിട്ട് ഭരിച്ച മലങ്കര മെത്രാപ്പോലീത്തയുടെ സഹായ മെത്രാനായും (1980 ആഗസ്റ്റ് 31 – ഒക്ടോബർ 12, 40 ദിവസം) അദ്ദേഹം പ്രവർത്തിച്ചു.

മെത്രാപ്പോലീത്തന്മാർ കാലംചെയ്തതിനെ തുടർന്ന് മെത്രാസനം നേരിട്ട് ഭരിച്ച മലങ്കര സഭാ തലവന്മാർ

1. മലങ്കര മെത്രാപ്പോലീത്ത (വട്ടശേരിൽ) ശ്രേഷ്ഠ ഗീവർഗീസ് മാർ ദിവന്നാസിയോസ് ആറാമൻ മലങ്കര മെത്രാപ്പോലീത്ത (1928 – 1929) കബറിടം @ കോട്ടയം പഴയ സെമിനാരി.

2. മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാർതോമ്മാ മാത്യൂസ് ഒന്നാമൻ കാതോലിക്കാ ബാവ/മലങ്കര മെത്രാപ്പോലീത്ത (1980 – 1985) കബറിടം @ കോട്ടയം ദേവലോകം അരമന ചാപ്പൽ.

3. മലങ്കര മൂപ്പൻ പരിശുദ്ധ ബസേലിയോസ് മാർതോമ്മാ പൗലൂസ് രണ്ടാമൻ കാതോലിക്കാ ബാവ/മലങ്കര മെത്രാപ്പോലീത്ത ( 2013 – 2021) കബറിടം @ കോട്ടയം ദേവലോകം അരമന ചാപ്പൽ.

4. മലങ്കര മൂപ്പൻ പരിശുദ്ധ ബസേലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമൻ കാതോലിക്കാ ബാവ/മലങ്കര മെത്രാപ്പോലീത്ത (2021- 2022).

മലങ്കര മെത്രാപ്പോലീത്ത നേരിട്ട് ഭരിച്ച കാലത്ത് സഹായ മെത്രാന്മാർ

1.കല്ലറയ്ക്കപറമ്പിൽ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്ത (1980 – 1985) കബറിടം @ എറണാകുളം വളയംചിറങ്ങര പള്ളി.

1978 – 1980 അങ്കമാലി മെത്രാസന സഹായ മെത്രാൻ. 1982 – 1992 ഇടുക്കി മെത്രാസന മെത്രാപ്പോലീത്ത. 1992-ൽ അമേരിക്കയുടെ സഹായ മെത്രാൻ.പിന്നീട് 2009വരെ അമേരിക്കയുടെയും 2009-2011 നോർത്ത് ഈസ്റ്റ് അമേരിക്കൻ മെത്രാസനത്തിൻ്റെയും മെത്രാപ്പോലീത്ത.

2.കല്ലറയ്ക്കൽ ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത (2016 – 2022)

2009 – 2022 മദ്രാസ് മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്ത. 2022 മുതൽ കോട്ടയം മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്ത.

മലങ്കര സഭാ തർക്കത്തെ തുടർന്ന് (1911 – 1958) പാത്രിയർക്കീസ് ഭാഗത്ത് നിലനിന്ന കോട്ടയം മെത്രാസനത്തിലെ പള്ളികളുടെ ചുമതല വഹിച്ച മെത്രാപ്പോലീത്തന്മാർ.1958ലെ സഭാ സമാധാനത്തോടെ ഈ മെത്രാന്മാർ മലങ്കര സഭയുടെ ഭാഗമായി.

1.കൊച്ചി മെത്രാസനത്തിൻ്റെ കൊച്ചുപറമ്പിൽ പൗലൂസ് മാർ കൂറിലോസ് മെത്രാപോലീത്ത (1911 – 1917) കബറിടം @ കോട്ടയം പാണമ്പടി പള്ളി.

2.അങ്കമാലി മെത്രാസനത്തിൻ്റെ കുറ്റിക്കാട്ടിൽ പൗലൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത (1917 – 1928) കബറിടം @ ആലുവാ തൃക്കുന്നത്ത് സെമിനാരി.

3.ആഞ്ഞിലിമൂട്ടിൽ മിഖായേൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത (1928 – 1956) കബറിടം @ കോട്ടയം പാണമ്പടി പള്ളി.

4.കണ്ടനാട് മെത്രാസനത്തിൻ്റെ പുതുശ്ശേരിൽ പൗലൂസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത (1956 – 1958) കബറിടം @ എറണാകുളം പുത്തൻകുരിശ് മലേക്കുരിശ് ദയറാ