മാര്‍ത്തോമാശ്ലീഹായും അഷ്ട ദേവാലയങ്ങളും | ഡോ. വിപിന്‍ കെ. വറുഗീസ്

മാര്‍ത്തോമാശ്ലീഹായുടെ കേരളത്തിലെ പ്രേക്ഷിതവൃത്തിയുടെ സുപ്രധാന തെളിവുകളാണ് എട്ടു സ്ഥലങ്ങളില്‍ സ്ഥാപിതമായ ക്രൈസ്തവ സമൂഹങ്ങള്‍. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, ഗോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവിതാംകോട് എന്നിവയാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ അഷ്ട ക്രൈസ്തവ സമൂഹങ്ങള്‍. ദേവാലയങ്ങള്‍ സ്ഥാപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആദിമ നൂറ്റാണ്ടുകളില്‍ ലോകത്ത് ഒരിടത്തും ക്രൈസ്തവ സമുദായത്തിന് ദേവാലയങ്ങള്‍ ഇല്ലായിരുന്നു എന്ന് പ്രമുഖ ചരിത്രകാരന്മാര്‍ സാക്ഷിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിലെ എട്ടു സ്ഥലങ്ങളില്‍ ആരാധനാ കൂട്ടായ്മ ഉണ്ടായി എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു.

കൊടുങ്ങല്ലൂര്‍ (മാല്യാങ്കര)

മാര്‍ത്തോമാശ്ലീഹാ പ്രഥമ ക്രൈസ്തവ സമൂഹത്തെ സൃഷ്ടിച്ചത് കൊടുങ്ങല്ലൂരില്‍ ആണെന്നാണ് ഐതിഹ്യം. പ്രാചീന ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂര്‍. ഇവിടെ എത്തിയ തോമാശ്ലീഹാ അരമായ സുറിയാനി (കര്‍ത്താവ് സംസാരിച്ചത് അരമായ സുറിയാനിയിലായിരുന്നു) സംസാരിക്കുന്ന കച്ചവടക്കാരുടെ ഒരു പ്രബല യഹൂദ കോളനി അവിടെ കണ്ടെത്തി. അവരുടെ ഇടയില്‍ പ്രവര്‍ത്തനം നടത്തിയ ശ്ലീഹാ ഒരു ക്രൈസ്തവസമൂഹം സൃഷ്ടിച്ചു. കേരളത്തിലെ ആദ്യ സംഘം ക്രിസ്ത്യാനികള്‍ യഹൂദന്മാര്‍ ആയിരുന്നു എന്ന് മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 15-ാം നൂറ്റാണ്ടിന്‍റെ അവസാനം കൊടുങ്ങല്ലൂരില്‍ ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ ഒരു സുറിയാനി ദേവാലയമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 1536-ല്‍ മുഹമ്മദീയര്‍ ഈ ദേവാലയം നശിപ്പിച്ചു. 1953-ല്‍ കര്‍ദിനാള്‍ യൂജിന്‍ ടിസ്സറാങ്ങ് ഇറ്റലിയിലെ ഒര്‍ത്തോണയില്‍ നിന്ന് മാര്‍ത്തോമാശ്ലീഹായുടെ തിരുശേഷിപ്പിന്‍റെ ഒരു അംശം ഇവിടെ കൊണ്ടുവന്നു. തിരുശേഷിപ്പ് സ്ഥാപിക്കുവാന്‍ 90 ദിവസം കൊണ്ട് ദേവാലയം സ്ഥാപിച്ചു. 1973-ല്‍ പള്ളി പുതുക്കി പണിതു.

ചാട്ടുകുളങ്ങര പാലൂര്‍ (പാലയൂര്‍)

മാര്‍ത്തോമാശ്ലീഹാ സുവിശേഷവേല ചെയ്ത രണ്ടാമത്തെ സ്ഥലം യൂദക്കുന്ന് എന്നറിയപ്പെട്ടിരുന്ന യഹൂദ കമ്പോളമായ പാലൂര്‍ ആണ്. ഈ പാലൂര്‍ ചാട്ടുകുളം എന്ന പേരിലറിയപ്പെട്ട ഒരു കുളത്തിനടുത്താണ്. അതുകൊണ്ട് ഈ സ്ഥലം ചാട്ടുകുളങ്ങര പാലൂര്‍ എന്നറിയപ്പെട്ടു. ഇപ്പോള്‍ മാര്‍ത്തോമാശ്ലീഹാ സ്ഥാപിച്ച ദേവാലയമെന്ന് പറഞ്ഞ് കത്തോലിക്കാസഭ പാലയൂര്‍ എന്ന ഒരു ദേവാലയത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ചാട്ടുകുളങ്ങര പാലൂര്‍ എന്നറിയപ്പെടുന്ന സ്ഥലം ഇപ്പോള്‍ ആര്‍ത്താറ്റ് മര്‍ത്തമറിയം പള്ളി സ്ഥിതിചെയ്യുന്ന പ്രദേശമാണ്. ചാട്ടുകുളത്തിന് സമീപമുള്ള പള്ളി എന്ന അര്‍ത്ഥത്തിലായിരിക്കാം ‘ചാട്ടുകുളങ്ങരപള്ളി’ എന്ന് ഇതിനെ പുരാതനകാലത്ത് വിളിച്ചുവന്നത്. പിന്നീട് പേര് ‘ആര്‍ത്താറ്റ് പള്ളി’ എന്നായി. മലങ്കരസഭയിലെ ജനങ്ങളെ ബലമായി റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍ക്കാന്‍ 1599-ല്‍ മെനേസിസ് എന്ന പറങ്കി മെത്രാന്‍ വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ സുന്നഹദോസില്‍ നിന്നും ഈ പള്ളി പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു. അന്ന് കൊച്ചിരാജ്യത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്ത് കിടന്നിരുന്ന ചാട്ടുകുളങ്ങര പള്ളിയെ ‘അയര്‍ത്ത അറ്റത്തെ പള്ളി’ എന്ന് ബഹുമാനപുരസ്സരം മറ്റു പള്ളിക്കാര്‍ വിളിച്ചു വന്നു. ‘അയര്‍ക്കുക’ എന്ന വാക്കു പഴയ കാലത്ത് ‘എതിര്‍ക്കുക’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു വന്നിരുന്നു. ‘അയര്‍ത്ത അറ്റത്തെ പള്ളി’ ലോപിച്ച് ആര്‍ത്താറ്റ് പള്ളിയായി എന്നും പറയപ്പെടുന്നു. പല പ്രാവശ്യം പള്ളി പുതുക്കിപണിതിട്ടുണ്ട്. 1789-ല്‍ ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് പള്ളി തീവെച്ച് നശിപ്പിച്ചു. പടയോട്ടത്തില്‍ ഭയന്ന് പലരും തെക്കന്‍ പ്രദേശങ്ങളില്‍ അഭയം പ്രാപിക്കുക ഉണ്ടായിട്ടുണ്ട്. ഇടവകക്കാരില്‍ ചിലര്‍ കത്തോലിക്കാ വിശ്വാസികളായതിനാല്‍ പള്ളിയെ സംബന്ധിച്ച് തര്‍ക്കം വരികയും അന്നത്തെ കൊച്ചി രാജാവായ ശക്തന്‍ തമ്പുരാന്‍ 1805-ല്‍ സ്ഥലത്തുവന്ന് നറുക്കിട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു. പള്ളി ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്കും, കുരിശ് റോമ്മാക്കാര്‍ക്കും ലഭിച്ചു. 1806-ല്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ (പഴയസിമ്മനാരി സ്ഥാപകനായ പുലിക്കോട്ടില്‍ യൗസേഫ് മാര്‍ ദീവന്നാസിയോസ്) പള്ളി ഇന്നു കാണുന്ന രൂപത്തില്‍ പുതുക്കിപണിതു. 1808 ജനുവരി 14-ാം തീയതി ക്ലോഡിയസ് ബുക്കാനന്‍ ആര്‍ത്താറ്റ് പള്ളി സന്ദര്‍ശിക്കുകയും ഒരു വിലപിടിച്ച സ്വര്‍ണ്ണ മെഡല്‍ (പത്താക്ക്) സമ്മാനമായി കൊടുക്കുകയും ചെയ്തു. കുന്നംകുളം ഭദ്രാസനം നിലവില്‍ വന്നതിനുശേഷം ആര്‍ത്താറ്റ് പള്ളിയെ കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തി.

പറവൂര്‍ (കോട്ടക്കാവ്)

കോട്ടയ്ക്ക് അകത്ത് കാവ് എന്നര്‍ത്ഥമുള്ള കോട്ടയ്ക്കാവ് ദ്രാവിഡ ഹൈന്ദവരുടെ കേന്ദ്രമായിരുന്നു. സര്‍പ്പക്കാവുകള്‍ ഹൈന്ദവസമുദായത്തിന്‍റെ പ്രത്യേകതയാണല്ലോ. ഈ ദേശത്തും മാര്‍ത്തോമാ ഒരു നസ്രാണി ക്രിസ്ത്യാനി സമൂഹത്തെ സൃഷ്ടിച്ചു. പള്ളിയുടെ മതില്‍ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പ് സംരക്ഷണ സ്ഥാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടക്കാവ് പള്ളി മാര്‍ സാപ്പോര്‍, മാര്‍ ഫ്രോത്ത് എന്നിവര്‍ പുതുക്കി പണിതതായി പറയപ്പെടുന്നു. വിശുദ്ധരായ ഇവരുടെ നാമത്തില്‍ പിന്നീട് അറിയപ്പെട്ട ഈ പള്ളി 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം വി. ഗര്‍വ്വാസീസ്, വി. പ്രോത്താസീസ് എന്നിവരുടെ പേരിലാക്കി. 1308-ല്‍ പള്ളി രണ്ടാമതും പുനരുദ്ധരിച്ചു. 1607-ല്‍ കൊടുങ്ങല്ലൂര്‍ ബിഷപ്പായ ഫ്രാന്‍സിസ് റോസിന്‍റെ (1624 ഫെബ്രുവരി 18-ന് കാലം ചെയ്തു) കബറിടം ഈ ദേവാലയത്തിലാണ്. മൂന്നാമത്തെ പുനരുദ്ധാരണത്തിന് ശേഷം 2002 ഓഗസ്റ്റ് 15-ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പള്ളി കൂദാശ ചെയ്തു.

ഗോക്കമംഗലം

മാര്‍ത്തോമാശ്ലീഹായാല്‍ സൃഷ്ടിക്കപ്പെട്ട മറ്റൊരു ക്രൈസ്തവസമൂഹം ഗോക്കമംഗലത്തേതാണ്. ഒരു വര്‍ഷത്തെ പ്രേക്ഷിത പ്രവര്‍ത്തനഫലമായി 1600-ഓളം പേര്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതായി പുരാതന കൃതിയായ റമ്പാന്‍ പാട്ടില്‍ പറയുന്നു. 1999 നവംബറില്‍ പ. ജോണ്‍ പോള്‍ ദ്വിതീയന്‍ മാര്‍പാപ്പാ ഇറ്റലിയിലെ ഓര്‍ത്തോണയില്‍ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചു. ഇവിടുത്തെ കുരിശുസ്തംഭത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ സൃഷ്ടിച്ച മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെ നിലവിലുള്ള ദേവാലയങ്ങളുടെ (കൊടുങ്ങല്ലൂര്‍, പാലയൂര്‍…..) രൂപം കൊത്തിവച്ചിട്ടുണ്ട്.

നിരണം (തൃക്കപാലേശ്വരം)

ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടുകളില്‍ ഒരു അന്താരാഷ്ട്ര വാണിജ്യകേന്ദ്രമായിരുന്നു നിരണം. കുട്ടനാട്ടിലെ മേല്‍ കുട്ടനാട് എന്ന സ്ഥലത്താണ് നിരണം. ആധുനിക ഗവേഷണങ്ങള്‍ നിരണത്തിന്‍റെ വാണിജ്യ പ്രാധാന്യം വെളിവാക്കുന്നു. നിരണം മര്‍ത്തമറിയം പള്ളി മാര്‍ത്തോമാ നസ്രാണികള്‍ തങ്ങളുടെ ആരാധനാവശ്യത്തിനായി നിര്‍മ്മിച്ച ദേവാലയമാണ്. എ. ഡി. 54-ല്‍ ആണ് നിരണത്ത് ക്രൈസ്തവ സമൂഹം സൃഷ്ടിക്കപ്പെട്ടത്. ആദ്യ ദേവാലയം എന്നു സ്ഥാപിക്കപ്പെട്ടു എന്ന് വ്യക്തമല്ല. എ. ഡി. 1259-ല്‍ ദേവാലയം പുതുക്കി പണിതതായി ചരിത്രം രേഖപ്പെടുത്തുന്നു. മാര്‍ത്തോമാ മെത്രാന്മാരുടെ കാലത്ത് സഭയിലെ ദേവാലയങ്ങളില്‍ രണ്ടാം സ്ഥാനം നിരണത്തിന് (ഒന്നാം സ്ഥാനം അങ്കമാലി) ആയിരുന്നു. ഇപ്പോഴത്തെ ദേവാലയം 1912 ഫെബ്രുവരി 14-ാം തീയതി മലങ്കര മെത്രാപ്പോലീത്താ പ. ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് (വട്ടശേരില്‍) തിരുമേനി കൂദാശ ചെയ്തു. മലങ്കരസഭാ തലവന്മാരായ മാര്‍ത്തോമാ ദ്വിതീയന്‍, മാര്‍ത്തോമാ അഞ്ചാമന്‍ എന്നിവരുടെ കബറിടങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. 1912 സെപ്റ്റംബര്‍ 15-ന് മലങ്കരസഭയുടെ പ്രഥമ കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ ബാവായും, 1925 ഏപ്രില്‍ 30-ന് ദ്വിതീയ കാതോലിക്കാ പ. ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ ബാവായും കാതോലിക്കാ സ്ഥാനാഭിഷിക്തരായത് ഇവിടെ വച്ചാണ്. 1962 മെയ് 17, 1974 ഒക്ടോബര്‍ 2 തീയതികളില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗങ്ങള്‍ നടന്നു. 1975 ഫെബ്രു. 16-ന് 5 മേല്പട്ടക്കാരെ ഈ ദേവാലയത്തില്‍ വച്ച് പ. ഔഗേന്‍ ബാവാ വാഴിച്ചു.

ചായല്‍ (നിലയ്ക്കല്‍)

ഒന്നാം നൂറ്റാണ്ടില്‍ ഒരു ജനവാസകേന്ദ്രമായിരുന്നു റാന്നിക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന നിലയ്ക്കല്‍. മാര്‍ത്തോമാശ്ലീഹാ സഹ്യപര്‍വ്വതം കടന്ന് ഇവിടെയെത്തി സുവിശേഷം അറിയിക്കുകയും ഒരു ക്രൈസ്തവസമൂഹത്തെ സൃഷ്ടിക്കുകയും ചെയ്തു. എട്ടു നൂറ്റാണ്ടുകള്‍ മുമ്പുവരെ വ്യാപാരകേന്ദ്രമായിരുന്ന ഇവിടെനിന്ന് ആളുകള്‍ കവര്‍ച്ചക്കാരുടെ ആക്രമണം, ഹിംസ്രജന്തുക്കളുടെ ഉപദ്രവം എന്നിവ നിമിത്തം പല നാടുകളിലേക്ക് ഓടിപ്പോയി. ക്രൈസ്തവ ലോകത്തെ ഏക എക്യുമെനിക്കല്‍ ദേവാലയമാണ് ഇത്. നിലയ്ക്കലിലെ പുരാതന ദേവാലയം 14-ാം നൂറ്റാണ്ടില്‍ നശിപ്പിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടില്‍ ഒരു ദേവാലയം നിര്‍മ്മിക്കുന്നതിന് വളരെ പരിശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ 1983 മാര്‍ച്ച് 23-ന് നിലയ്ക്കലില്‍, സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ സ്ഥലത്തുനിന്നും ഒരു കുരിശ് കണ്ടെടുക്കപ്പെട്ടു. ഈ സംഭവവും അനുബന്ധ സംഭവങ്ങളും കേരളത്തെ ഒരു വര്‍ഗ്ഗീയ കലാപത്തിന്‍റെ വക്കിലെത്തിച്ചു. പിന്നീട് മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ (മാത്യൂസ് ദ്വിതീയന്‍ ബാവാ) നേതൃത്വത്തില്‍ പ്രശ്നം രമ്യമായി പരിഹരിച്ചു. അതേത്തുടര്‍ന്ന് അവിടെ നിന്നും കിലോമീറ്ററുകള്‍ മാറി മറ്റൊരു സ്ഥലത്ത് ഓര്‍ത്തഡോക്സ്, കത്തോലിക്കാ, യാക്കോബായ, മാര്‍ത്തോമാ, സി. എസ്. ഐ. തുടങ്ങിയ കേരളത്തിലെ എപ്പിസ്കോപ്പല്‍ സഭകള്‍ സംയുക്തമായി ഒരു എക്യുമെനിക്കല്‍ ദേവാലയം സ്ഥാപിച്ചു. 1984 ഏപ്രില്‍ 8-ന് ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു.

കുരക്കേണി കൊല്ലം

പശ്ചിമതീരത്തെ പ്രമുഖ തുറമുഖമായ കൊല്ലത്ത് എത്തിയ തോമാശ്ലീഹാ അവിടെയും ഒരു ക്രൈസ്തവസമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച ഏഴാം ക്രൈസ്തവ സമൂഹം കൊല്ലത്താണ്. 9-ാം നൂറ്റാണ്ടില്‍ മലങ്കരയില്‍ കുടിയേറിയ പേര്‍ഷ്യന്‍ ക്രിസ്ത്യാനികള്‍ ഒരു പള്ളി സ്ഥാപിച്ചു. ഈ പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ് തരീസാപ്പള്ളി ചെപ്പേട്. ആ ദേവാലയം കടലെടുത്തു പോയി. 1514-ല്‍ കേരളം സന്ദര്‍ശിച്ച പോര്‍ട്ടുഗീസുകാരനായ ഡുവാര്‍ട്ടെ ബര്‍ബോസ കൊല്ലത്ത് ഒരു വലിയപള്ളി ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1503-ല്‍ പോര്‍ട്ടുഗീസ് മേധാവി കൊല്ലത്തെത്തിയപ്പോള്‍ അവിടെ 6000-ത്തോളം മാര്‍ത്തോമാ ക്രിസ്ത്യാനി കുടുംബങ്ങളുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെയിടയില്‍ ലത്തീന്‍ ആചാരങ്ങളും കര്‍മ്മങ്ങളും പോര്‍ട്ടുഗീസുകാര്‍ പ്രചരിപ്പിച്ചു. പോര്‍ട്ടുഗീസ് സ്വാധീനം സഹിക്കവയ്യാതെ നസ്രാണികള്‍ ചാത്തന്നൂര്‍, അടൂര്‍ എന്നിവിടങ്ങളിലേക്ക് മാറിത്താമസിച്ചു. ആര്യങ്കാവ്, അടൂര്‍, ആയൂര്‍ പ്രദേശങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഏറെയുണ്ടെങ്കിലും കൊല്ലത്ത് ഇന്ന് ലത്തീന്‍ കത്തോലിക്കരാണ് ഏറെയും. ഇപ്പോഴത്തെ പള്ളി പിന്നീട് നിര്‍മ്മിച്ചതാണ്. മാര്‍ സാപ്പോര്‍, മാര്‍ ഫ്രോത്ത് എന്നീ വിശുദ്ധരുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയം ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് കാദീശന്മാരുടെ (എല്ലാ പരിശുദ്ധന്മാര്‍) നാമത്തില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

തിരുവിതാംകോട് എന്ന അരപ്പള്ളി

തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ അവിടെയെത്തി ആ 64 ചെട്ടിയാര്‍ കുടുംബങ്ങളെ കൂട്ടിക്കൊണ്ട് അരുവാമൊഴിപാത കടന്ന് നാഗര്‍കോവിലില്‍ എത്തി. അവിടെ അവരെ കുടിപാര്‍പ്പിച്ചു. നാഗര്‍കോവില്‍ അക്കാലത്ത് വേണാട് രാജ്യത്തിന്‍റെ തെക്ക് ഭാഗമായിരുന്നു. വേണാട്ട് രാജാവിന്‍റെ സഹോദരന്‍ ഒരിക്കല്‍ മദ്രാസില്‍ വച്ച് ശ്ലീഹായെ കണ്ടപ്പോള്‍ വേണാട്ട് വരികയാണെങ്കില്‍ സഹായസഹകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശ്ലീഹായും വിശ്വാസികളും നാഗര്‍കോവിലില്‍ എത്തിയത്. അവര്‍ അടുത്തുള്ള തിരുവിതാംകോട് രാജകൊട്ടാരത്തില്‍ എത്തി വേണാട്ട് രാജാവിനെ കണ്ടു. അദ്ദേഹം 64 കുടുംബങ്ങള്‍ക്കും വീടു വയ്ക്കുന്നതിനുള്ള സ്ഥലവും ആരാധനയ്ക്ക് അനുവാദവും നല്‍കി.

രാജാവിന്‍റെ വാസസ്ഥലത്തെ അരചന്‍റെ മന എന്ന അര്‍ത്ഥത്തില്‍ ‘അരമന’ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. അതേപോലെ അരചന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആരാധനാസമൂഹം പിന്നീട് ‘അരപ്പള്ളി’ എന്നറിയപ്പെട്ടു. അല്ലാതെ തോമാശ്ലീഹാ പള്ളി പണിയാതെ ഒരു കുരിശ് മാത്രം സ്ഥാപിച്ചതുകൊണ്ടോ വൈദികനെ അഭിഷേകം ചെയ്യാതെ ക്രൈസ്തവസമൂഹം സൃഷ്ടിച്ചതുകൊണ്ടോ ആണ് അതിനെ അരപ്പള്ളി എന്നു വിളിച്ചത് എന്ന് പറയുന്നത് ചരിത്രപരമായി നിലനില്‍ക്കുന്നതല്ല. ഒന്നാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആദിമ ക്രിസ്ത്യാനികളുടെ അടയാളങ്ങള്‍ പ്രാവ്, മത്സ്യം തുടങ്ങിയവ ആയിരുന്നു. കുരിശിന് ക്രൈസ്തവസഭയില്‍ പ്രാധാന്യം ഉണ്ടാകുന്നത് റോമാ ചക്രവര്‍ത്തിയായ കുസ്തന്തീനോസ് കുരിശടയാളം മുഖേന വിജയിക്കുകയും തുടര്‍ന്ന് കര്‍ത്താവിന്‍റെ കുരിശ് കണ്ടെടുക്കുകയും ചെയ്തതോടെയാണ്. ഇടയനില്ലാത്ത ഒരു ആട്ടിന്‍പറ്റത്തെ സൃഷ്ടിച്ചിട്ടു പോകുവാന്‍ മാര്‍ത്തോമാശ്ലീഹാ തയ്യാറായി എന്നു കരുതുവാനും സാധ്യമല്ല. അതുകൊണ്ട് തന്നെ അരചന്‍റെ പള്ളി എന്ന അര്‍ത്ഥത്തിലാണ് ‘അരപ്പള്ളി’ എന്ന പേര് ലഭിച്ചത് എന്ന് നിസ്സംശയം പറയാം. തമിഴ്നാട്ടില്‍ ‘തോമയാര്‍കോവില്‍’ڔഎന്നറിയപ്പെടുന്ന ഈ ദേവാലയം ലോക ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറ്റവും പുരാതനമായ ഒന്നാണ്. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുക്കാതിരുന്ന 2 ദേവാലയങ്ങളില്‍ ഒന്നാണ് ഇത്. സുറിയാനി ദേവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണ തിരുവിതാംകൂറിലെ തമിഴ് ക്ഷേത്ര മാതൃകയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.