സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു

ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലംചെയ്തു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം പിന്നീട്.

കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന സഖറിയ മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ലാളിത്യം നിറഞ്ഞ മാതൃകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ട് ഇല്ല. നാട്ടിലോ മറുനാട്ടിലോ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രമായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാൻ ആണ് സഖറിയ മാർ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19 നു ജനനം. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം. 1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. 1991 ഏപ്രിൽ 30നു എപ്പിസ്കോപ്പ പദവിയിലെത്തി. ഭദ്രാസന ചുമതലകള്‍ ഒഴിഞ്ഞ് ശേഷം വിശ്രമത്തിനായി തിരഞ്ഞെടുത്തത് പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറയാണ്. കൊച്ചി ഭദ്രാസനത്തിൽ 17 വർഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയത്.

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023)

1946 ജൂലൈ 19-ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍ നിന്ന് ജി.എസ്.ടി. യും സെറാമ്പൂരില്‍ നിന്ന് ബി.ഡി. യും കരസ്ഥമാക്കി.

ദീര്‍ഘനാള്‍ കൊല്ലം അരമനയില്‍ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1989 ഡിസംബർ 28 ന് പത്തനംതിട്ടയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30-ന് മെത്രാനഭിഷേകം നടന്നു. തുടര്‍ന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി 17 വര്‍ഷം ചുമതല വഹിച്ചു. 2009-ല്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. 2022 നവംബര്‍ 3-നു ഭദ്രാസന ഭരണത്തില്‍ നിന്നു സ്വയം വിരമിച്ചു. സ്ലീബാദാസ സമൂഹം പ്രസിഡന്‍റ്, അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു.