അര്‍മേനിയന്‍ കാതോലിക്കോസ് കോല്‍ക്കത്താ സന്ദര്‍ശിച്ചു

അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍ കോല്‍ക്കത്താ സന്ദര്‍ശിച്ചു. അവിടെയുള്ള അര്‍മേനിയന്‍ കോളേജ് & ഫിലാന്ത്രോപ്പിക് അക്കാദമിയുടെ 202-ാം വാര്‍ഷികത്തില്‍ മുഖ്യ അതിഥി ആയിരുന്നു. ഹോളി നസറേത്ത് പള്ളിയിലെ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. തായ്ലണ്ട് സന്ദര്‍ശിച്ച് അര്‍മേനിയായിലേക്ക് മടങ്ങുന്നതിനിടയിലാണ് ജൂലൈ ആദ്യ വാരത്തില്‍ ഡല്‍ഹിയും കോല്‍ക്കത്തായും സന്ദര്‍ശിച്ചത്.

ഇന്ത്യയിലെ അര്‍മേനിയാക്കാരുടെ ജനസംഖ്യ ഇന്ന് 100 മുതല്‍ 500 വരെയുണ്ടെന്ന് വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. പള്ളികളും ചാപ്പലുകളുമായി ആകെ 8 എണ്ണമാണുള്ളത്. ഇപ്പോള്‍ സിഡ്നി ആസ്ഥാനമായ ആസ്ട്രേലിയാ-ന്യൂസിലാന്‍ഡ് ആര്‍ച്ച്ബിഷപ്പ് ഹൈഗാസൂന്‍ നജാറിയാന്‍ ഇന്ത്യയിലെ അര്‍മേനിയന്‍ സഭാംഗങ്ങളുടെ ആത്മീയ ചുമതല വഹിക്കുന്നു. 75 വര്‍ഷം മുമ്പ് ഇറാനിലെ ഇസ്ഫഹാന്‍ ആസ്ഥാനമായ മെത്രാസനത്തിലായിരുന്നു ഇന്‍ഡ്യയിലെ അര്‍മേനിയന്‍ സഭാംഗങ്ങള്‍.

അര്‍മേനിയായും ഭാരതവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുഖ്യമായും വാണിജ്യപരമായ ആവശ്യത്തിനാണ് അര്‍മേനിയാക്കാര്‍ ഇന്ത്യയിലെത്തിയത്. 15-ാം നൂറ്റാണ്ടിനുശേഷം ആഗ്രാ, ഡല്‍ഹി, സൂററ്റ്, ബോംബെ, മദ്രാസ്, ഗ്വാളിയര്‍, ലക്നോ, കല്‍ക്കട്ട, ധാക്ക, ലാഹോര്‍, കറാച്ചി തുടങ്ങിയ വിവിധ പട്ടണങ്ങളില്‍ അര്‍മേനിയാക്കാര്‍ വാസമുറപ്പിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ കല്പന പ്രകാരം ആഗ്രായില്‍ 1562-ല്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍മേനിയന്‍ പള്ളി സ്ഥാപിച്ചു. ചെന്നൈയിലും മുംബൈയിലും ഓരോ പള്ളി നാമമാത്രമായിട്ടുണ്ട്.