മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ യൗനാന്‍ പുതിയ പൗരസ്ത്യ അസിറിയന്‍ പാത്രിയര്‍ക്കീസ്

‘പൗരസ്ത്യ കല്‍ദായ സുറിയാനി സഭ’ എന്നറിയപ്പെടുന്ന പൗരസ്ത്യ അസിറിയന്‍ സഭയുടെ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗത്തിന്‍റെ പുതിയ കാതോലിക്കോസ്-പാത്രിയര്‍ക്കീസ് ആയി മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ യൗനാന്‍ സ്ഥാനാരോഹണം ചെയ്തു. സഭയുടെ സ്വര്‍ണവെള്ളിയാഴ്ചയായ 2023 ജൂണ്‍ 9ന് ഇറാക്കിലെ എര്‍ബിലിനു സമീപമുള്ള അങ്കവായിലെ വിശുദ്ധ മര്‍ത്ത് മറിയം കത്തീഡ്രല്‍ പള്ളിയില്‍ മുതിര്‍ന്ന മെത്രാപ്പോലീത്താ മാര്‍ തോമാ അറാമിയായുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണം. എര്‍ബില്‍ ആസ്ഥാനമായ വിഭാഗത്തിന്‍റെ തലവന്‍ മാര്‍ ആവാ മൂന്നാമന്‍ കാതോലിക്കോസ്-പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധിയായി മാര്‍ ബെന്യാമിന്‍ എലിയാ എപ്പിസ്കോപ്പാ സംബന്ധിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇറക്ക് സര്‍ക്കാര്‍ പ്രിതിനിധികളും പരിപാടികളില്‍ പങ്കെടുത്തു.

2022 ഫെബ്രുവരി 11-ന് കാലം ചെയ്ത മാര്‍ അദ്ദായി രണ്ടാമന്‍റെ പിന്‍ഗാമിയായ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സഭയുടെ 110-ാം കാതോലിക്കോസ്-പാത്രിയര്‍ക്കീസ് ആയി കണക്കാക്കപ്പെടുന്നു. യൂറോപ്പിന്‍റെയും കിഴക്കന്‍ അമേരിക്കയുടെയും എപ്പിസ്കോപ്പായിരുന്നു. ‘ഏന്‍ഷ്യന്‍റ് ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ്’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സഭയുടെ സുന്നഹദോസ് 2022 നവംബര്‍ 12ന് അമേരിക്കയിലെ ചിക്കാഗോ സെന്‍റ് ഔദീശോ പള്ളിയില്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പു നടത്തിയത്. 2022 ജൂണ്‍ ഒന്നിന് ഓസ്ട്രേലിയാ – ന്യൂസീലന്‍ഡ് മെത്രാപ്പോലീത്താ മാര്‍ യാക്കോബ് ദാനിയേല്‍ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ഓഗസ്റ്റ് 19ന് മറുരൂപപ്പെരുന്നാള്‍ ദിവസം സ്ഥാനാരോഹണം നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ യാക്കോബ് പാത്രിയര്‍ക്കാ സ്ഥാനം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഓഗസ്റ്റ് 13ന് സുന്നഹദോസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഭയുടെ ഐക്യസാദ്ധ്യതയ്ക്ക് മങ്ങലേല്‍പിക്കാതിരിക്കാന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തതെന്ന് അറിയുന്നു.

‘അസിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ്’ എന്നറിയപ്പെടുന്ന എര്‍ബില്‍ വിഭാഗവുമായി 2022 മേയ് 9 മുതല്‍ നടത്തിയ ഐക്യചര്‍ച്ച സ്തംഭനാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഈ തെരഞ്ഞെടുപ്പുകള്‍ നടന്നത്. യോജിപ്പിന് എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് പാത്രിയര്‍ക്കാ സ്ഥാനാരോഹണം വീണ്ടും ഏഴു മാസത്തോളം വൈകിപ്പിച്ചത് എന്നറിയുന്നു. 1968-ലെ ഭിന്നതയോടെയാണ് അസിറിയന്‍ സഭയില്‍ രണ്ടു വിഭാഗങ്ങളുണ്ടായത്. ഇന്ത്യയിലെ കല്‍ദായ സഭയില്‍ 1964 മുതല്‍ നിലനിന്ന കക്ഷിവഴക്ക് 1995ല്‍ അവസാനിച്ച് ഐക്യമുണ്ടായി; ഇപ്പോള്‍ എര്‍ബില്‍ വിഭാഗത്തിലാണ്.

‘അസിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ്’ (എര്‍ബില്‍) ഗ്രിഗോറിയന്‍ കലണ്ടറും ‘ഏന്‍ഷ്യന്‍റ് ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ്’ (ബാഗ്ദാദ്) ജൂലിയന്‍ കലണ്ടറും അടിസ്ഥാനമാക്കിയാണ് ക്രൈസ്തവ വിശേഷദിവസങ്ങള്‍ ആചരിക്കുന്നത്. അതുകൊണ്ട് ബാഗ്ദാദ് വിഭാഗം ക്രിസ്മസ് ജനുവരി 7-നും മിക്ക വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒന്നും നാലും അഞ്ചും ആഴ്ചകള്‍ വൈകിയും ആഘോഷിക്കുന്നു. ഇരുകക്ഷികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതു മാത്രമാണ്.

അസിറിയന്‍ സഭ ഭിന്നിച്ചു നില്‍ക്കുമ്പോഴും ഇരു പാത്രിയര്‍ക്കീസുമാരും മെത്രാന്മാരും കൂടിക്കാഴ്ചകളും പരസ്പരസന്ദര്‍ശനങ്ങളും നടത്തുന്നുണ്ടായിരുന്നു. ഇരുകക്ഷികളും പൂര്‍ണ്ണയോജിപ്പിലെത്തുമെന്നുള്ള പ്രതീക്ഷയോടെ പരസ്പര സഹകരണത്തിനുള്ള വേദികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. മാര്‍ അദ്ദായി രണ്ടാമന്‍ പാത്രിയര്‍ക്കീസ് കാലം ചെയ്തപ്പോള്‍ മാര്‍ ആവാ മൂന്നാമന്‍ പാത്രിയര്‍ക്കീസ് അനുശോചനം രേഖപ്പെടുത്തിയതും കബറടക്ക ശുശ്രൂഷയില്‍ എപ്പിസ്കോപ്പല്‍ പ്രതിനിധി സംഘത്തെ അയച്ചതും ശ്രദ്ധേയമായി.

ലോകത്തിലെ പുരാതനമായ ക്രൈസ്തവസഭകളിലൊന്നാണ് ഈ സഭ. പൗരസ്ത്യ സഭ എന്നാണ് സഭയുടെ ഔദ്യോഗിക പേര്. പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, അസിറിയന്‍ സഭ, പേര്‍ഷ്യന്‍ സഭ, നെസ്തോറിയന്‍ സഭ തുടങ്ങിയ പേരുകളില്‍ ഈ സഭ അറിയപ്പെടുന്നു. കല്‍ദായ സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂര്‍ ആണ്. തൃശൂര്‍ നഗരത്തിലെ ഏറ്റവും പുരാതനമായ ദൈവാലയത്തിന്‍റെ അവകാശികളാണ് കല്‍ദായക്കാര്‍. പുതിയ പാത്രിയര്‍ക്കീസിന്‍റെ അംശവടി മരത്തില്‍ തൃശൂരില്‍ നിര്‍മിച്ചതാണ്.