കുഞ്ഞൂഞ്ഞ് ഗിന്നസ് ബുക്കില്‍ കയറുമോ? | ഡോ. എം. കുര്യന്‍ തോമസ്

പുതുപ്പള്ളി കാരോട്ട് വള്ളക്കാലില് ഉമ്മന് ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് കേരളചരിത്രത്തില് ഒരു റിക്കാര്ഡിട്ടാണ് യാത്രയായത്. കേരള നിയമസഭയില് പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1970 മുതല് 19,078 ദിവസം നിയമസഭയിലെത്തിയ അംഗം എന്ന ആ കടമ്പ ഇനിയാരും കടക്കുമെന്ന് കേരളത്തിലെ ഒരു മണ്ഡലത്തേക്കുറിച്ചും ഒരു നേതാവിനെക്കുറിച്ചും ആരും പ്രതീക്ഷിക്കേണ്ട.

ഇപ്പോഴത്തെ ചോദ്യം മറ്റൊന്നാണ്. ഉമ്മന് ചാണ്ടി ലോക റിക്കാര്ഡുകളുടെ പട്ടികയായ ഗിന്നസ് ബുക്ക് ഓഫ് വേല്ഡ് റിക്കാര്ഡ്‌സില് കയറുമോ? ന്യായമായും ഒരൊറ്റ നില്പ്പില് 17 മണിക്കൂര് വരെ നീണ്ട അദ്ദേഹത്തിന്റെ ജനസമ്പര്ക്ക പരിപാടികള് ഈ പട്ടികയില് ഇടം പിടിക്കേണ്ടതാണ്. അപ്രകാരം സംഭവിച്ചതായി അറിയില്ല. മരിച്ചവരെക്കുറിച്ച് മോശം പറയരുത് എന്ന അടിസ്ഥാന കേരള സംസ്‌ക്കാരം പോലും അതിലംഘിച്ച് ഇന്നുപോലും ജനസമ്പര്ക്ക പരിപാടികളെ വെറും തറ പി.ആര്. വര്ക്ക് (പരസ്യ പ്രചരണ പരിപാടി) എന്നു വിശേഷിപ്പിച്ച് ഓണ്ലൈന് മാദ്ധ്യമങ്ങളില് പോസ്റ്റുകളിടുന്ന തീവൃ രാഷ്ട്രീയ തിമിരം ബാധിച്ച മാപ്രകളുള്ള കേരളത്തില് നിന്നും ജനസമ്പര്ക്ക പരിപാടികളെ ഗിന്നസ് ബുക്കില് കയറ്റാനുള്ള ശ്രമം ഉണ്ടാകുമെന്നു ആരും പ്രതീക്ഷിക്കേണ്ട.

നിലവിലുള്ള റിക്കാര്ഡുകള് പ്രകാരം 1969 ഫെബ്രുവരി 3-ന് മരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സി. എന്. അണ്ണാദുരയുടെ ശവസംക്കാരമാണ് ഒന്നരക്കോടി ജനങ്ങള് പങ്കെടുത്ത ശവസംസ്‌ക്കാരം എന്ന നിലയില് ഗിന്നസ് ബുക്കില് ഇടംപിടിച്ചിട്ടുള്ളത്. അതോടൊപ്പം 1980 ജൂലൈ 28- മരിച്ച റഷ്യന് ഗായകനും ഗിത്താറിസ്റ്റുമായ വ്‌ളാഡമീര് വിസ്സ്‌ക്‌സ്റ്റി (Vladimir Visotsky) അന്ത്യദര്ശനത്തനായി കാത്തുനിന്ന പത്തു കിലോമീറ്റര് നീണ്ട ആരാധക സമൂഹവും ഇടംപിടിച്ചിട്ടുണ്ട്.

ഈ റിക്കാര്ഡുകള് മറികടക്കുവാന് പ. ഗീവര്ഗീസ് സഹദായുടെ അഗാധ ഭക്തനായ കുഞ്ഞൂഞ്ഞിന് തന്റെ സാധിക്കുമോ? സാദ്ധ്യതയുണ്ട്. സാങ്കേതികമായി ഒരുപക്ഷേ സാദ്ധ്യമായന്നു വരികയില്ല. പക്ഷേ ഇന്നലെ രാവിലെ 7.15 മണിക്ക് തിരുവനന്തപുരത്ത് തന്റെ വാസസ്ഥാനമായ പുതുപ്പള്ളി ഹൗസില് നിന്നും പുറപ്പെട്ട അന്ത്യയാത്ര 150-ല് താഴെ കിലോമീറ്ററുകള് പിന്നിട്ട് കോട്ടയം തിരുനക്കര മൈതാനെത്തുവാന് എടുത്തത് 28 മണിക്കൂര്! ഇടത്താവളങ്ങളില്ല, വിശ്രമമില്ല. അത് തീര്ച്ചയായും ഒരു റിക്കാര്ഡാണ്. ഇനിയും സ്വന്തം തട്ടകമായ പുതുപ്പള്ളി മണ്ഡലത്തിലൂടെ ആറു കിലോമീറ്റര് സഞ്ചരിച്ചുവേണം അന്ത്യ വിശ്രമമസ്ഥലമായ പുതുപ്പള്ളി പള്ളിയിലെത്താന്.

സര്ക്കാരിന്റെ ഔേെദ്യാഗിക ബഹുമതികള് ഒഴിവാക്കി മലങ്കര സഭയുടെ കാനോനിക നിയമപ്രകാരം മാത്രം കബറക്കണം എന്ന ഉമ്മന് ചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറ്റണമെങ്കില് കുറെ പാടുപെടേണ്ടിവരും. കാരണം നസ്രാണി പാരമ്പര്യപ്രകാരം സൂര്യസ്തമയത്തിനു മുമ്പ് കബറടക്കം നടത്തിയിരിക്കണം. ഈ ലേഖനം എഴുതുന്ന 2023 ജൂലൈ 20-ന് ഉച്ചയ്ക്ക് 1 മണിക്കുപോലും കോട്ടയം തിരുനക്കര മൈതാനത്തുനിന്ന് അദ്ദേഹത്തിന്റെ ഭൗതീക ശരീരം പുതുപ്പള്ളിയിലേയ്ക്ക് യാത്രയായിട്ടില്ല. ഒരുനോക്കു കാണുവാന് കോട്ടയത്തു കാത്തുനിക്കുന്ന പതിനായിരങ്ങളുടെ ഹൃദയം ഭേദിച്ചുവേണം ഈ സമയക്രമം പാലിക്കുവാന്. അവിടെയും കുഞ്ഞൂഞ്ഞീന് ഒരു മറുപടി കാണും; അതിവേഗം: ബഹുദൂരം.