മുൻ കേരളാ മുഖ്യന്ത്രിയും , പുതുപ്പള്ളി മണ്ഡലത്തിലേ നിയമസഭ സാമാജികനുമായ ഉമ്മൻ ചാണ്ടി എംഎൽഎ അന്തരിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം വ്യാഴാഴ്ച ഇടവക പള്ളിയിൽ നടത്തപ്പെടും.
രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന് ആശുപത്രിയില് വെച്ച് പുലര്ച്ചെയായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.
കാരോട്ട് വള്ളക്കാലില് കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര് 31നായിരുന്നു ഉമ്മന് ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന് ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില് ശ്രദ്ധേയനായിരുന്ന ഉമ്മന് ചാണ്ടി 1970കളുടെ തുടക്കത്തില് കോണ്ഗ്രസിന്റെ മുന്നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന് ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.
പുതുപ്പള്ളി മണ്ഡലത്തില് നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന് ചാണ്ടി തുടര്ച്ചയായി 12 തവണ പുതുപ്പള്ളിയില് നിന്നും എംഎല്എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില് നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്ഷം ഉമ്മന് ചാണ്ടി പൂര്ത്തീകരിച്ചത്. 1977ല് കെ കരുണാകരന് മന്ത്രിസഭയില് തൊഴില് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള് ഉമ്മന് ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു. 1978ല് എകെ ആന്റണി മന്ത്രിസഭയിലും തൊഴില് വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന് ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില് ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന് ചാണ്ടി പ്രവര്ത്തിച്ചു. രണ്ട് തവണയായി ഏഴു വര്ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന് ചാണ്ടി കേരള രാഷ്ട്രീയത്തില് നിറഞ്ഞു നിന്നു.
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ സംസ്‌ഥാനത്തു ഇന്ന് പൊതുഅവധിയും രണ്ടു ദിവസത്തെ ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി പുതുപ്പള്ളി പള്ളിയിൽ.
ഇന്നു ഉച്ചയോടെ തലസ്ഥാനത്ത്;തുടർന്ന് ദർബാർ ഹാളിൽ പൊതുദർശനം അതിനുശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തിഡ്രലിൽ, വൈകിട്ട് ഇന്ദിരാ ഭവനിൽ, രാത്രി പുതുപ്പള്ളി ഹൗസിൽ.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി പുതുപ്പള്ളി പള്ളിയിൽ സംസ്കാരം.
കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവ്
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.
1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.
1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.
കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.