ആമുഖം
“വി. കുര്‍ബാന: പൗരസ്ത്യ ക്രൈസ്തവ സഭാപാരമ്പര്യത്തില്‍” എന്ന ബഹു. ഡോ. ജോര്‍ജ്ജ് കോശി അച്ചന്‍റെ പഠനഗ്രന്ഥം മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ്, കോട്ടയം (മെയ് 2023) പ്രസിദ്ധീകരിച്ചതിന്‍റെ ഏതാനും കോപ്പികള്‍ ബഹു. ജോണ്‍ തോമസ് അച്ചന്‍റെ (അമേരിക്ക) ആഗ്രഹപ്രകാരം കഴിഞ്ഞ മാസം നടത്തിയ ഒരു ന്യൂയോര്‍ക്ക് യാത്രയില്‍ കൊണ്ടുപോകുവാന്‍ സാധിച്ചു. 934 പേജുകളില്‍ 16 അധ്യായങ്ങളും ബഹു. ഡോ. ജേക്കബ് കുര്യന്‍ അച്ചന്‍റെ പ്രൗഢമായ അവതാരികയും ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടിലച്ചന്‍റെ പഠനവും ഗ്രന്ഥകര്‍ത്താവിന്‍റെ ആമുഖവും ഓരോ അധ്യായത്തിലും നടത്തിയിട്ടുള്ള പഠനങ്ങള്‍ക്ക് വിശദമായ എന്‍ഡ് നോട്ട്സും ഒമ്പതു പേജുള്ള വിപുലമായ ഒരു ബിബ്ലിയോഗ്രഫിയും ഒക്കെയായി അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പുസ്തകം ദീര്‍ഘമായ ആ യാത്രയില്‍ വായിക്കാനും വിമാനയാത്രയെ ധ്യാനപഠനവേദിയാക്കി മാറ്റുന്നതിന് അത് ഉപകരിക്കുകയും ചെയ്തു.
എന്‍റെ പ്രിയ ഗുരുവായ ബഹു. ജേക്കബ് കുര്യന്‍ അച്ചന്‍റെ അവതാരികയും പ്രിയ സ്നേഹിതനും സഹപാഠിയുമായ ബഹു. ജോണ്‍ തോമസ് അച്ചന്‍റെ ആമുഖ പഠനവും വായിച്ചപ്പോള്‍ തന്നെ പുസ്തകം പഠനാത്മകമായി വായിച്ച് വരയിട്ട് പഠിക്കണം എന്ന് തോന്നുകയും ഗ്രന്ഥകര്‍ത്താവിന്‍റെ ആമുഖം കൂടെ വായിച്ചപ്പോള്‍ അങ്ങനെ തീരുമാനിക്കുകയും ചെയ്തു.
കൊണ്ടുപോയ കോപ്പികളിലൊന്ന് ബഹു. ഡോ. ജോര്‍ജ്ജ് കോശി അച്ചന്‍റെ കൈയില്‍ നേരിട്ട് കൊടുത്ത് അനുമോദിക്കണം എന്ന എന്‍റെ ആഗ്രഹത്തിന് ജോണ്‍ തോമസ് അച്ചന്‍ സഹായം ചെയ്തു. “മെത്രാച്ചാ അച്ചന്‍ അഘട (അാ്യീൃീുവേശര ഹമലേൃമഹ രെഹലൃീശെെ) എന്ന രോഗം ബാധിച്ച് ഹോസ്പിറ്റലൈസ്ഡ് ആണെന്നും പോയികാണുവാന്‍ അനുവാദം വാങ്ങാമെന്നും” പറഞ്ഞതനുസരിച്ച് 2023 ജൂലൈ 6-ന് ജോര്‍ജ് കോശി അച്ചനെ സന്ദര്‍ശിച്ച് പുസ്തകത്തെക്കുറിച്ച് കുറച്ചുസമയം സംസാരിക്കുവാനും ഒരു കോപ്പി അദ്ദേഹത്തിന്‍റെ കൈയില്‍നിന്നു തന്നെ സ്വീകരിക്കുവാനും കഴിഞ്ഞു.
കോട്ടയം പഴയസെമിനാരിയിലെ വേദശാസ്ത്ര അഭ്യസനവും ന്യൂയോര്‍ക്കിലെ സെന്‍റ് വ്ളാഡിമേഴ്സ് ഓര്‍ത്തഡോക്സ് സെമിനാരിയിലെ ഗവേഷണവും ആരാധനാനുഷ്ഠാനങ്ങളിലും വേദശാസ്ത്രത്തിലും അതീവ പാണ്ഡിത്യം നേടിയ പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ സെക്രട്ടറിയായി പതിനൊന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ച (1970-81) ഗുരുമുഖാനുഭവത്തില്‍ നിന്നും ആരാധനാ വേദശാസ്ത്രത്തില്‍ അദ്ദേഹം നടത്തിയ വലിയ ഉപാസനപര്‍വ്വത്തില്‍ നിന്നും, അനേകം ശിഷ്യര്‍ക്ക് അത് പകര്‍ന്നു കൊടുത്തതില്‍ നിന്നും ഉണ്ടായ ഇരുത്തംവന്ന ചിന്തകളില്‍ നിന്നാണ് ബഹു. അച്ചന്‍ ഈ ഗ്രന്ഥം പരിശുദ്ധാത്മകൃപയില്‍ ഒരുക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള മടക്കയാത്രയില്‍ ഗ്രന്ഥത്തിലേക്ക് കൂടുതല്‍ കടന്നുചെന്നപ്പോള്‍ പൗരസ്ത്യ ആരാധനയെ നമ്മുടെ ജീവന്‍റെ അടിസ്ഥാനമായി കണ്ട് സ്നേഹിക്കുന്നവരിലേക്ക് ഈ പുസ്തകം എത്തണം എന്ന ആഗ്രഹം ശക്തിപ്പെട്ടു. വി. വേദപുസ്തക വെളിച്ചത്തിലും ഒപ്പം ഭാരതീയ തത്വചിന്താ പദ്ധതിയിലും നമ്മുടെ ആരാധനയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ പുസ്തകം എന്നെ ഏറെ സഹായിക്കുമെന്നും തോന്നി. എങ്കില്‍ ആയത് കുറിച്ചുവയ്ക്കുകയും നമ്മുടെ ന്യൂസ് ബുള്ളറ്റിന്‍ ഓണ്‍ലൈന്‍ വീക്കിലിയിലൂടെ വായനക്കാരോട് പങ്കുവയ്ക്കുകയും ചെയ്യാമെന്ന് കര്‍ത്താവില്‍ ശരണപ്പെട്ടുകൊണ്ട് ‘എഴുന്നേറ്റ് എഴുതുന്നു’.
റഷ്യന്‍ സഭയെ എങ്ങനെ നിര്‍വ്വചിക്കാം? എന്ന ചോദ്യം ഒരു സന്ദര്‍ശകന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനായിരുന്ന പ. അലക്സിസ് പ്രഥമന്‍ ബാവായോട് (1970) ഉന്നയിച്ചതിന് “വി. കുര്‍ബാന ആഘോഷിക്കുന്ന സഭ” (അ ഇവൗൃരവ വേമേ രലഹലയൃമലേ വേല ഒീഹ്യ ഘശൗൃഴ്യേ) എന്ന ഉദ്ധരണി നല്‍കിക്കൊണ്ടാണ് അച്ചന്‍റെ ആമുഖപഠനം ആരംഭിക്കുന്നത്. ‘ആരാധന ഇല്ലെങ്കില്‍ നമ്മില്‍ ജീവനില്ല’ എന്ന സത്യം പിതാക്കന്മാര്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുകയും ആരാധന ഇല്ലാതെ വി. കുര്‍ബാന അനുഭവിക്കാതെ ജീവിക്കേണ്ടി വരുമ്പോള്‍ കരയിലെ മീന്‍പോലെ ജീവശ്വാസത്തിനായി നാം പിടയുമെന്ന് നമുക്ക് നേര്‍ അനുഭവം ഉള്ളതുമാണല്ലോ. ആരാധന ജീവിതവും ജീവിതം ആരാധനയുമായി മാറുമ്പോഴാണ് പരിശുദ്ധാത്മ കൃപയാല്‍ ക്രിസ്തുവില്‍ നാം പിതാവാം ദൈവത്തില്‍ സാരാംശത്തില്‍ ഒന്നായി തീരുന്നത്. ഇത് ഒരു മഹാരഹസ്യമാണ്!
നമ്മുടെ പൗരസ്ത്യ ആരാധനയില്‍ ആധുനിക പാശ്ചാത്യ ഉപകരണങ്ങളുടെ അനുകരണങ്ങളുടെയും ശബ്ദകോലാഹലങ്ങളുടെയും സ്വാധീനം ഏറിവരുന്നത് പിശാചിന്‍റെ പ്രവൃത്തിയാണെന്നും ആയതിന് അവന്‍ ഉപയോഗിക്കുന്നത് ആരാധന നന്നായി അറിയാമെന്ന് സ്വയം കരുതി അഹങ്കരിക്കുന്ന സംഘത്തലവന്മാരെ തന്നെയാണെന്നും അച്ചന്‍ വരികള്‍ക്കിടയിലൂടെ പറയാതെ പറയുന്നത് ശ്രദ്ധേയമാണ്. “നാം ഭയത്തോടും വിറയലോടും (അതീവ ബഹുമാനത്തോടെ) നില്‍ക്കണം” എന്ന് പ്രബോധിപ്പിച്ചതിനുശേഷം കര്‍ത്താവിനെപ്പോലും ഭയപ്പെടുത്തുന്ന രീതിയിലാണ് നമ്മുടെ “കര്‍ത്താവേ” വിളികള്‍ എന്ന് പലപ്പോഴും തോന്നിപ്പോകുന്നു. മൈക്രോഫോണും ആംബ്ലിഫയറും ഉച്ചഭാഷിണികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന അറിവ് പൗരോഹിത്യ വൃന്ദത്തിന് ഇല്ലാതെ പോകുമ്പോഴും ‘കീ-ബോര്‍ഡ്’കളുടെ പിന്‍ബലത്തോടെ ‘ക്വയര്‍’ തകര്‍ക്കുമ്പോഴും പിശാച് ജയം ഘോഷിക്കുകയും ആരാധനയുടെ അന്തരീക്ഷം ഏറെ വികലമാക്കപ്പെടുകയും ആരാധിക്കുന്ന വിശ്വാസികള്‍ ഭയപ്പെട്ട് നിരാശരാകുന്നതും നാം ശ്രദ്ധിക്കാതെ പോകുന്നു.
സ്ഥാനവും ക്രമവും തെറ്റിച്ച് ആരാധനാമദ്ധ്യേ അലക്ഷ്യമായി പ്രസംഗിക്കുകയും ആരാധനയ്ക്ക് അലോസരം ഉണ്ടാക്കുന്നവിധം ‘തട്ടുപൊളിപ്പന്‍’ പ്രാര്‍ത്ഥനകള്‍ പുരോഹിതന്‍ കമന്‍ററി ആയി പറയുന്നതുമൊക്കെ അരങ്ങുവാഴുന്ന കാലത്തെ ബഹു. അച്ചന്‍ നിശിതമായി തന്നെ വിമര്‍ശിക്കുന്നതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. ‘അനാഫുറാ’ ആരംഭിക്കുന്നതിന് മുമ്പ് കാര്‍മ്മികന്‍ വിശ്വാസികളിലേക്ക് തിരിഞ്ഞ് സമാധാനവും പ്രാര്‍ത്ഥനയും ചോദിച്ച് വിശ്വാസപ്രമാണം ചൊല്ലിക്കഴിഞ്ഞ് ദര്‍ഗ്ഗായില്‍ മുട്ടുകുത്തി ഏറെ അര്‍ത്ഥവത്തായ രഹസ്യപ്രാര്‍ത്ഥന നടത്തി വിശ്വാസികളുടെ പേരുകള്‍ ആദാം മുതല്‍ ഇന്നയോളം ഉള്ളവരെ പൊതുവെയും എഴുതി നല്‍കപ്പെട്ടവരുടെ നാമങ്ങള്‍ പ്രത്യേകവും ഓര്‍ക്കുന്ന സമയത്ത് അവിടെ മുട്ടുകുത്തി നിന്നുകൊണ്ട് നാടകീയ ‘പ്രാര്‍ത്ഥനകള്‍’ നടത്തുന്ന പുരോഹിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ഓണ്‍ലൈനിലൂടെ കാണുന്നത് ആശങ്കപ്പെടുത്തുന്നു. സമപൗരോഹിത്യ സ്ഥാനികള്‍ക്ക് കൈകസ്തൂരി നല്‍കിയശേഷം ശുബ്ക്കോനോ ചോദിച്ച് ദര്‍ഗ്ഗയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പ്രധാന കാര്‍മ്മികന്‍റെ ശ്രദ്ധ അതീവബഹുമാനത്തോടെയും ശ്രദ്ധയോടെയും ദര്‍ഗ്ഗയില്‍ കയറി ക്രമം ആരംഭിക്കുക എന്നതാണ്. എന്നാല്‍ അദ്ദേഹം വീണ്ടും കൈമുത്തുകയും സമാധാനം നല്‍കുകയും മറ്റും മറ്റും ചെയ്യുന്നത് ആരാധനയെക്കുറിച്ചുള്ള അറിവുകേടുകൊണ്ട് മാത്രമാണ് എന്നും സൂചിപ്പിക്കട്ടെ. വി. കുര്‍ബാനമദ്ധ്യേ ‘മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍’ എന്നും മറ്റും പറഞ്ഞ് വി. രഹസ്യത്തോടുള്ള ബന്ധത്തില്‍ നിന്നും നമ്മെ അകറ്റുന്നതും വികലവും പൈശാചികവുമാണെന്ന് അച്ചന്‍ തുറന്ന് എഴുതുന്നു.
ബൃഹത്തായ ഗ്രന്ഥത്തില്‍ ആശയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കാമെന്നും നടപ്പിലുള്ളതും പലര്‍ക്കും പ്രായോഗികമായി ബോധ്യമുള്ളതുമായ കാര്യങ്ങളെ വിമര്‍ശിക്കപ്പെട്ടിരിക്കാമെന്നും എന്നാല്‍ അവയെ തന്‍റെ പഠനത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും എഴുതുന്ന അച്ചന്‍ ഗ്രന്ഥവിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുമുണ്ട്.
തുടര്‍ന്നുള്ള പതിനാറ് അധ്യായങ്ങള്‍ സമയലഭ്യതയനുസരിച്ച് പഠിക്കുവാനും അവയോടുള്ള ഒരു അനുവാചകന്‍റെ അഭിപ്രായങ്ങള്‍ കുറിക്കുന്നത് കഴിവുള്ളിടത്തോളം വായനക്കാരിലേക്ക് എത്തിക്കുവാനും ആഗ്രഹിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു. അതീവ രോഗാവസ്ഥയില്‍ കഴിയുന്ന ബഹു. അച്ചനെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമേ. ദൈവം അനുഗ്രഹിക്കട്ടെ.