മാര്‍ത്തോമായുടെ തോറാന | ഡെറിൻ രാജു

ഒരു ഓര്‍മ്മ ഒരു ഭാഷയുമായും സംസ്കൃതിയുമായും ഒരു ജനതയുടെ ജീവിതക്രമവുമായും എങ്ങനെയാണ് ബന്ധപ്പെടുക? ആ ഓര്‍മ്മ എങ്ങനെയാണ് ആ പേരിനൊപ്പമുളള ശൈലി സൂചിപ്പിക്കുന്നതുപോലെ തന്നെ പെയ്തൊഴിയാതെ നിലനില്‍ക്കുക? യോസഫിനെ അറിയാത്ത ഫറവോനെപ്പോലെ ആ ഓര്‍മ്മയെ നമുക്ക് എങ്ങനെ അവഗണിച്ച് മുന്നോട്ട് പോകാനാകും? കര്‍ക്കിടകത്തില്‍ മഴ കുറഞ്ഞാലും തോമായുടെ തോറാന നിലനില്‍ക്കും. നിലനിര്‍ത്തപ്പെടേണ്ടതുമാണ്.
ജൂലൈ 3 – പഴയ കണക്കില്‍ കര്‍ക്കിടകം മൂന്ന് – നസ്രാണികളുടെ ഏറ്റവും വലിയ പെരുന്നാളാണ്. ഓര്‍മ്മ എന്നര്‍ഥം വരുന്ന ദുക്റോനോ അഥവാ ദുക്റാനാ ദിവസം. മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മ ദിവസം. ദുക്റാനയുടെ തത്ഭവമാണ് പഴയ മലയാളത്തില്‍ പ്രചരിച്ച തോറാന എന്ന വാക്ക്. ആ വാക്ക് യാതൊരു മതരൂപമോ ഭാവമോ പ്രകടിപ്പിക്കാതെ ഓണം പോലെ നമ്മുടെ സാംസ്കാരികഭൂമികയില്‍ അലിഞ്ഞു കിടന്നു. തോറാന പെരുമഴ എന്നും തോറായ്ക്ക് തോരില്ല എന്നും തോറാനയ്ക്ക് ആറാന ഒഴുകിപ്പോകുമെന്നുമൊക്കെയുളള ശൈലികള്‍ ആ വലിയ ഓര്‍മ്മയെ മലയാണ്മയോട് ചേര്‍ത്തു നിര്‍ത്തി. പേരിനു പിന്നിലെ വലിയ പേരറിഞ്ഞോ അറിയാതെയോ ഒരു ജനതതി തങ്ങളുടെ ദൈനംദിന വ്യാപാരത്തിന്‍റെ ഭാഗമായി തോറാന ഉപയോഗിച്ചു. എന്നാല്‍ പിന്നീട് നമ്മള്‍ തോറാന എന്ന ഗ്രാമ്യപ്രയോഗം മറന്നു. ഒരു പരിധി വരെ ദുക്റാനയും മറന്നു. ആ സ്ഥാനത്ത് സെ.തോമസ് ഡേ പ്രചരിക്കപ്പെട്ടു. അതിനു പിന്നില്‍ ഒരു അസ്ഥിമാറ്റക്കഥയും കുറിച്ചിട്ടു. ഇപ്പോള്‍ നമുക്ക് ജൂലൈ 3 എന്നത് ഒരു അസ്ഥിമാറ്റത്തിന്‍റെ ദിവസമാണ്. ഇന്നലെ ചെയ്തോരബദ്ധമെന്ന് പണ്ട് കുമാരനാശാന്‍ പാടിയതു പോലെ നമ്മള്‍ അത് തുടരുന്നു. ഈ ഒരു സാഹചര്യത്തില്‍ ഏതു കാരണം കൊണ്ടായാലും ജൂലൈ മൂന്നാം തീയതി തന്നെ മാര്‍തോമ ശ്ലീഹായുടെ ചരമജൂബിലി ആഘോഷിക്കാന്‍ ഇടയായത് ഒരു ദൈവിക ഇടപെടല്‍ തന്നെയാണ്.

ജൂലൈ 3 – വിശ്വാസത്തില്‍ നമ്മെ ജനിപ്പിച്ച തോമാശ്ലീഹായുടെ ആണ്ട് ദിവസമാണ്. അത് കേവലമായ ഒരു അസ്ഥിമാറ്റത്തിന്‍റെ സ്മരണയുടെ ദിവസമല്ല. കര്‍ക്കിടകത്തിലെ തോമായുടെ ഉത്സവം നസ്രാണികള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് പലരും എഴുതിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാരോട് നസ്രാണികള്‍ ജൂലായില്‍ തോമാവിന്‍റെ ഉത്സവം പ്രധാനമെന്ന് പറഞ്ഞതായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളപ്പഴമയില്‍ (1868) രേഖപ്പെടുത്തുന്നു. അതിനദ്ദേഹം അവലംബിക്കുന്നത് 1500 -കളില്‍ പോര്‍ച്ചുഗലില്‍ പോയ ജോസഫ് പറയുന്ന പ്രസ്താവന തന്നെയാണ്. ആഘോഷത്തിന് അത്രത്തോളം പഴക്കവും പ്രാധാന്യവുമുളള പെരുന്നാളാണ് നമ്മള്‍ കേവലമായ ഒരു അസ്ഥിമാറ്റ ദിനമായി ചുരുക്കുന്നത്. തോമാശ്ലീഹായുടെ അസ്ഥികള്‍ എഡേസ്സായിലേക്ക് കൊണ്ടുപോയതിന്‍റെ ഏറ്റവും പഴയ സൂചനകളില്‍ ഒന്ന് മൂന്നാം നൂറ്റാണ്ടില്‍ (എ.ഡി 230-നടുത്ത്) എഴുതപ്പെട്ട തോമായുടെ പ്രവൃത്തികള്‍ എന്ന അപ്പോക്രിഫല്‍ പുസ്തകമാണ്. ഇതൊരു ചരിത്രപുസ്തകമല്ല എങ്കിലും അതെഴുതപ്പെട്ട കാലഘട്ടം സവിശേഷമാണ്. അതില്‍ നിന്ന് വ്യക്തമാകുന്നത് ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ (തോമായുടെ പ്രവൃത്തികള്‍ എഴുതപ്പെടുന്നതിനു മുമ്പ് തന്നെ) തോമാശ്ലീഹായുടെ അസ്ഥികള്‍ എഡേസായില്‍ എത്തിയെന്നാണ്. അത് എഡേസായിലെ പളളിയില്‍ പ്രതിഷ്ഠിച്ചത എന്നാണ് എന്നതിനു ഒരു സൂചനയും ആ പുസ്തകത്തിലോ മറ്റ് സമകാലികരേഖകളിലോ ഇല്ല. ഒരു പക്ഷേ ജൂലൈ 3 നു തോമാശ്ലീഹായുടെ പെരുന്നാള്‍ ദിവസം തന്നെയാകാം എന്നു ചിന്തിക്കുന്നതിലും അപാകത ഇല്ല. കാരണം ഇന്നും നമ്മുടെ ദോവലയങ്ങളില്‍ ഏതെങ്കിലും വിശുദ്ധന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നത് ആ വിശുദ്ധന്‍റെ പെരുന്നാളിനോടൊ ഇടവകയുടെ പെരുന്നാളിനോടൊ അനുബന്ധിച്ചായിരിക്കുമല്ലോ! അല്ലാതെ ഒരിടത്തും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തിരുശേഷിപ്പ് കൊണ്ട് പോയ ദിവസം പെരുന്നാള്‍ ആചരിക്കാറില്ല. അതൊരു യുക്തിപരമായ നടപടിയുമല്ല. ജൂലൈ 3 എന്ന തോമാശ്ലീഹായുടെ ഓര്‍മപെരുന്നാള്‍ ദിവസം തന്നെ ആ തിരുശേഷിപ്പ് എഡേസ്സായില്‍ പ്രതിഷ്ഠിച്ചിരിക്കാം. എന്നാല്‍ ആ സ്മരണയാണ് നസ്രാണികള്‍ക്ക് ജൂലൈ 3 എന്ന് പറയുന്നത് അബദ്ധമാണ്. നസ്രാണിക്ക് ജൂലൈ 3 അവന്‍റെ അപ്പന്‍റെ ആണ്ട്ശ്രാദ്ധമാണ്. അങ്ങനെയാണ് അവന്‍റെ പൂര്‍വ്വികര്‍ ആ തോറാന പെരുന്നാളിനെ ആചരിച്ചത്.
ഇടവപ്പാതി കൊടുമ്പിരികൊണ്ടു വരുന്ന കര്‍ക്കിടകത്തിലെ ഇടമുറിയാതെയുളള മഴയുടെ മദ്ധ്യത്തില്‍ തങ്ങളുടെ ഏറ്റവും പ്രധാന ഉത്സവം നസ്രാണികള്‍ ആഘോഷിച്ചിരുന്നെങ്കില്‍ ആ പെരുന്നാളിന്‍റെ കാരണഭൂതന്‍ അവര്‍ക്കത്രമേല്‍ പ്രിയപ്പെട്ടവന്‍ ആയിരുന്നിരിക്കണം. പോര്‍ച്ചുഗീസുകാരുടെ വരവിനും ഉദയംപേരൂര്‍ സുന്നഹദോസിനും ശേഷവും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതി വരെയും തോമാശ്ലീഹായുടെ ഓര്‍മ്മ ജൂലൈ മൂന്നിനു തന്നെ ആഘോഷിച്ചു. എന്നാല്‍ ഇടക്കാലത്ത് ഡിസംബര്‍ 21 എന്ന ലത്തീന്‍ തീയതി മുന്നോട്ടു വരികയും ജൂലൈ 3 നേരത്ത നമ്മള്‍ കണ്ട കേവലമൊരു അസ്ഥിമാറ്റക്കഥയില്‍ തളച്ചിടുകയും ചെയ്തു. 1972-ല്‍ തോമാശ്ലീഹായുടെ 19-ാം ചരമശതാബ്ദി ആഘോഷങ്ങള്‍ വന്നപ്പോള്‍ മുളന്തുരുത്തിയില്‍ ഡിസംബറില്‍ ജൂബിലി പെരുനാള്‍ വന്നു. അതിനെ തുടര്‍ന്നും അസ്ഥിമാറ്റക്കഥയെ പിന്‍പറ്റിയും പല പ്രമുഖ ദേവാലയങ്ങളിലും ജൂലൈ 3 പിന്നീട് ഡിസംബറിലേക്ക് മാറുകയായിരുന്നു. കാര്‍ത്തികപ്പളളിയിലും ജൂലൈ 3ലെ പ്രധാന പെരുന്നാള്‍ ഡിസംബറിലേക്ക് മാറിയതടക്കം എത്രയെത്ര ഉദാഹരണങ്ങള്‍. മലങ്കര സഭയുടെ പെരുന്നാള്‍ പട്ടികയില്‍ 20-ാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ പോലും ഡിസംബറിലെ പെരുന്നാള്‍ ഉണ്ടായിരുന്നില്ല. (അവലംബം 1908-ലെ മലങ്കര ഇടവക പഞ്ചാംഗം).

ഈ വിഷയത്തിലെ ഒരു രസകരമായ നടപടി ഡിസംബര്‍ 21 തോമാശ്ലീഹായുടെ മരണദിവസമായി അവതരിപ്പിച്ച ലത്തീന്‍കാര്‍ക്കു പോലും ഡിസംബര്‍ 18 ശ്ലീഹാ കുന്തമേറ്റു എന്ന പഠിപ്പിക്കല്‍ ഉണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടില്‍ മൈലാപ്പൂരിലെ കുരിശ് ഡിസംബര്‍ 18 മുതലുളള തീയതികളില്‍ വിയര്‍ത്തു എന്ന ഒരു പ്രചാരണത്തിന്‍റെ ബാക്കിപത്രമായിട്ടാണ് ആ തീയതി മുന്നോട്ട് വരുന്നത്. ചാത്തന്നുര്‍ പഞ്ചാംഗത്തില്‍ ഡിസംബര്‍ 18 രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ ആദംബാ മലയില്‍ കുരിശ് വിയര്‍ത്ത പെരുന്നാള്‍ എന്നാണ്. അപ്പന്‍റെ ആണ്ടിന്‍റെ തീയതി ഏതാണെന്നു കണ്‍ഫ്യൂഷനുളള മക്കള്‍ നസ്രാണികളെപ്പോലെ വേറെ എവിടെയുണ്ടാകും എന്ന് സംശയമാണ്. ഡിസംബര്‍ 21-യെന്ന തീയതിയില്‍ കൂടി തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുന്നതില്‍ ഒരു അപാകതയുമില്ല. പുതുഞായറാഴ്ച നമ്മള്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം ആചരിക്കാറുമുണ്ട്. എന്നാല്‍ പ്രശ്നം ജൂലൈ 3 എന്ന ചരിത്രപരമായി നിലനില്‍ക്കുന്ന തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മദിവസത്തെ കേവലം അസ്ഥിമാറ്റ ദിവസമായി പരിമിതപ്പെടുത്തുമ്പോഴും പില്‍ക്കാലത്ത് മാത്രം കടന്നുവന്ന ഡിസംബര്‍ 21 രക്തസാക്ഷിത്വദിനമായി അവതരിപ്പിക്കുമ്പോഴുമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഇല്ലാതെയാകുന്നത് മാര്‍ത്തോമായുടെ തോറാനയെന്ന നമ്മുടെ പൈതൃകത്തിന്‍റെ ശേഷിപ്പാണ്. അതിനിട വന്നുകൂട.

അവസാനമായി ഒരിക്കല്‍കൂടി, നസ്രാണികള്‍ക്ക് ജൂലൈ മൂന്നെന്നത് അപ്പന്‍റെ ആണ്ട് ദിനമാണ്. ഓര്‍ക്കപ്പെടേണ്ടതും എക്കാലവും നിലനിര്‍ത്തേണ്ടതുമായ ഒരു പേരും ഓര്‍മ്മയുമാണ് തോമാശ്ലീഹായെന്നത്. ക്രിസ്തുമാര്‍ഗത്തെ, നസ്രേത്തിലെ വലിയ ഇടയന്‍റെ ചിന്തകളെയും ബോധ്യങ്ങളെ ഇവിടെ പരിചയപ്പെടുത്തിയ, കണ്ടിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തേക്ക് കടന്നുവന്ന ഒരു ധൈര്യശാലിയുടെ ഓര്‍മ്മദിനമാണ്. കണ്ടാലും കേട്ടാലും പോര, തന്റെ ഗുരുവിനെ തൊട്ടറിയണമെന്നവൻ ശഠിച്ചത് ആ ഗുരുവിനോടുള്ള സ്നേഹബഹുമാനങ്ങൾ നിമിത്തമാണ്. അവനോടുകൂടെ മരിക്കുവാൻ നമുക്ക് പോകാം എന്നു പറഞ്ഞ് തന്റെ സഖാക്കളെ ധൈര്യപ്പെടുത്തിയവന്റെ ഓർമ്മകൾ നമ്മെ നയിക്കേണ്ടതാണ്. ആ ഓർമകൾ കാലാതിവർത്തിയാകേണ്ടതാണ്.