ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം താമസിയാതെ മാര്‍ ഏലിയാ കത്തീഡ്രലില്‍ സഹവികാരിയായി അന്നത്തെ കാതോലിക്കാ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി നിയമിച്ചു. പഴയ ഏലിയാ ചാപ്പല്‍ പൊളിച്ചു മാറ്റാനായി അതിനു ചുറ്റും ഇപ്പോഴത്തെ പള്ളിയുടെ ഭിത്തികള്‍ കെട്ടിത്തുടങ്ങി. ഞായറാഴ്ച രാവിലെ ആളുകള്‍ എവിടെയൊക്കെയാണ് നില്‍ക്കുന്നതെന്ന് നിശ്ചയമില്ല. അന്ന് ഉണ്ടായിരുന്ന ഒരു പഴയ മൈക്കും എന്‍റെ ദുര്‍ബലമായ ശബ്ദവും ചേര്‍ന്ന് ആരാധന പലര്‍ക്കും അവ്യക്തമായിരുന്നു. അല്പംകൂടി ഉച്ചത്തില്‍ കുര്‍ബാന ചൊല്ലണമെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു.

ആയിടയ്ക്ക് ഒരു ദിവസം ഇടവകയിലെ ഒരു മരണവീട്ടില്‍ ശുശ്രൂഷ നടത്താന്‍ ഞാന്‍ ഒറ്റയ്ക്കു പോകേണ്ടി വന്നു. അവിടെ വേറെ വൈദികരാരും ഇല്ല. സംഗീതവാസന ഇല്ലാത്ത എനിക്ക് ആനീദാ ശുശ്രൂഷയുടെ പാട്ടുകള്‍ ചിലത് വഴങ്ങുകയുമില്ല. അങ്ങനെ വിഷമത്തിലായ ഞാന്‍ താണ ശബ്ദത്തില്‍ ഒരു പാട്ടിന്‍റെ ആദിയിട്ടു. അപ്പോളതാ പുറകില്‍ നിന്ന് ഗംഭീരമായ ശബ്ദത്തില്‍ ഒരാള്‍ പാടിത്തുടങ്ങി. മൈക്ക് ഉപയോഗിക്കാതെ ചുറ്റുപാടുകളെ പ്രകമ്പനം കൊള്ളിക്കുന്ന മുഴക്കം. ഞാനൊന്നു തിരിഞ്ഞു നോക്കി. സുഭഗനും ബലിഷ്ഠകായനുമായ ഒരു മധ്യവയസ്ക്കനാണ് ആ ശബ്ദത്തിന്‍റെ ഉടമ. ശുശ്രൂഷയുടെ ബാക്കി പാട്ടുകള്‍ മുഴുവന്‍ ഞാനങ്ങ് ഏല്പിച്ചു കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ പരിചയപ്പെട്ടു. അപ്പോഴാണ് മനസ്സിലാകുന്നത് പാപ്പച്ചന്‍ എന്നു വിളിക്കുന്ന ഇ. കെ. ജോര്‍ജ് എന്ന മാന്യ വ്യക്തി എന്‍റെ നാട്ടുകാരനും എനിക്ക് പരിചിതമായ പ്രമുഖ കുടുംബത്തിലെ അംഗവുമാണ്. ഇങ്ങനെയാണ് ബഹുമാനപ്പെട്ട ഇഞ്ചക്കാട്ട് ജോര്‍ജ് അച്ചനുമായുള്ള എന്‍റെ ആദ്യത്തെ കണ്ടുമുട്ടല്‍. അദ്ദേഹം അന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചുവന്നതാണ്. ശുശ്രൂഷാക്രമങ്ങളൊക്കെ ഹൃദിസ്ഥമാക്കിയിരിക്കുന്നു.

പിന്നീട് ഇടയ്ക്കിടെ അദ്ദേഹം എന്‍റെ പിതൃസഹോദരനായ പുറകുളത്ത് ഈപ്പന്‍ കോറെപ്പിസ്കോപ്പാ അച്ചനെ കാണാനായി ഞങ്ങളുടെ തറവാട്ടുവീട്ടില്‍ വരുന്നത് കണ്ടിട്ടുണ്ട്. പിന്നീടാണ് മനസ്സിലാക്കിയത്, അദ്ദേഹം സീനിയര്‍ വൈദികനായ ഈപ്പനച്ചന്‍റെ അടുത്ത് “കുര്‍ബാന തക്സാ തഴുകുന്ന” പ്രക്രിയയില്‍ ആയിരുന്നു എന്ന്. വീണ്ടും കുറെ കഴിഞ്ഞ് ഒരു പ്രമുഖ വൈദികന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ പാമ്പാടി പെരുന്നാളിനും ഭദ്രാസനത്തിന്‍റെ പൊതുപ്രസ്ഥാനങ്ങളിലും മറ്റ് പല സാമൂഹ്യരംഗങ്ങളിലും കണ്ടുമുട്ടി. അദ്ദേഹത്തിന്‍റെ നേതൃത്വശേഷിയോടും സഭയോടുള്ളതായ സമര്‍പ്പണബോധത്തോടും എനിക്ക് പ്രത്യേകമായ ആദരവും തോന്നി. അദ്ദേഹത്തിന്‍റെ സ്വന്തം ഇടവകയായ വെള്ളൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മൂന്നു വര്‍ഷം ശുശ്രൂഷ അനുഷ്ഠിക്കുവാനും എനിക്ക് ഭാഗ്യം ലഭിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ മറ്റ് കുടുംബാംഗങ്ങള്‍ തുടങ്ങിയവരുമായി എല്ലാം നല്ല സ്നേഹബന്ധവും ഉണ്ടായി.

മലങ്കരസഭയില്‍ സമാധാനവും ഐക്യവും നിലനിന്ന കാലത്ത് ഇഞ്ചക്കാട്ട് അച്ചനും കുടുംബാംഗങ്ങളും വെള്ളൂര്‍ സെന്‍റ് തോമസ് (പഴയ) പള്ളിയിലെ സജീവ അംഗങ്ങളായിരുന്നു. എന്നാല്‍ 1970-കളില്‍ സമാധാനം ഭഞ്ജിക്കപ്പെട്ടപ്പോള്‍ പള്ളിയില്‍ “കക്ഷിപ്രശ്നം” ഉടലെടുത്തു. അച്ചന്‍റെ കുടുംബം ഉള്‍പ്പെടെയുള്ള നിരവധി സമാധാനകാംക്ഷികളായ ഇടവകക്കാര്‍ പുറത്താക്കപ്പെട്ടു. വളരെ വേദനാജനകമായ സംഭവങ്ങള്‍ പള്ളിയില്‍ അരങ്ങേറി. ആ സമയത്ത് പള്ളി വികാരി ആയിരുന്ന സാത്വികനും സമാധാന സ്നേഹിയുമായിരുന്ന പുറകുളത്ത് ഈപ്പന്‍ അച്ചനും അപമാനിക്കപ്പെട്ടു (അദ്ദേഹം അന്ന് വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ഇടവക പട്ടക്കാരനും ആയുഷ്ക്കാല വികാരിയും കൂടിയായിരുന്നു). പുറത്താക്കപ്പെട്ട ന്യൂനപക്ഷം അടുത്തൊരു കുന്നില്‍ താല്‍ക്കാലിക പള്ളിയുണ്ടാക്കി ആരാധന തുടങ്ങി. അങ്ങനെ തുടങ്ങിയ സമയത്ത് 1977 മെയ് മാസത്തില്‍ പെന്തിക്കുസ്തി ഞായറാഴ്ച നന്നായി മഴ പെയ്യുന്ന സമയം താല്‍ക്കാലികപള്ളിയില്‍ വി. കുര്‍ബാന അനുഷ്ഠിച്ച ഈപ്പനച്ചനും താഴെ നിന്നിരുന്ന പല ഇടവകാംഗങ്ങളും കുര്‍ബാനയ്ക്കിടെ കണ്ണീരൊഴുക്കുന്നത് അന്ന് ശെമ്മാശനായി അവിടെ ആരാധനയില്‍ സംബന്ധിച്ച ഞാന്‍ ഓര്‍ക്കുന്നു. പില്‍ക്കാലത്ത് വൈദികനായി ആ പള്ളിയില്‍ മൂന്നു വര്‍ഷക്കാലം ശുശ്രൂഷ നടത്തിയപ്പോള്‍ നല്ല വിദ്യാസമ്പന്നരായ ഇടവകാംഗങ്ങളുടെ വിശ്വാസവും ആദ്ധ്യാത്മിക തീക്ഷ്ണതയും പ്രകാശിതമായ ബോധവും തിരിച്ചറിയാന്‍ എനിക്ക് അവസരമുണ്ടായി.

ഇഞ്ചക്കാട്ട് ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ അച്ചന്‍ സഭാസമാധാനത്തിനുവേണ്ടി നിലകൊണ്ട ഒരാളായിരുന്നു. തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. വൈദിക സമ്മേളനങ്ങളിലൊക്കെ ബാവായോ മെത്രാച്ചന്മാരോ ആരിരുന്നാലും അദ്ദേഹം ഉള്ള കാര്യം തുറന്നു പറയും. അന്തരിച്ച പൗലോസ് ദ്വിതീയന്‍ ബാവാ കോട്ടയം ഭദ്രാസനത്തിന്‍റെ ചുമതല കൂടി വഹിച്ചിരുന്നപ്പോള്‍ മാസാമാസം നടത്തുന്ന വൈദിക സമ്മേളനത്തില്‍ തുടര്‍ച്ചയായി ക്ലാസ്സ് എടുക്കുവാന്‍ എന്നെയും ക്ഷണിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇംഗ്ലണ്ടില്‍ അന്തരിച്ച പ്രശസ്ത ഓര്‍ത്തഡോക്സ് വേദശാസ്ത്രജ്ഞന്‍ കലിസ്റ്റോസ് മെത്രാപ്പോലീത്തായുടെ ഒരു പുസ്തകം ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. ഓരോ ക്ലാസ്സിനു ശേഷവും ഇ. കെ. ജോര്‍ജ് അച്ചന്‍റെ ചോദ്യങ്ങള്‍ ഉണ്ടാവും. പുതിയ സാഹചര്യങ്ങളില്‍, സ്ഥലംമാറ്റവും ശമ്പള പദ്ധതിയുമൊക്കെ വന്നതിനുശേഷം, മേല്പട്ടക്കാര്‍ ഇരിക്കുന്ന സദസ്സുകളില്‍ ചെറുപ്പക്കാരായ മിക്ക വൈദികരും ഒട്ടൊക്കെ മൗനം പാലിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ‘പഴയ സ്കൂളില്‍’ പഠിച്ച ഇടവകപട്ടക്കാരും സ്ഥലംമാറ്റത്തിനു വിധേയരല്ലാത്തവരുമായ വൈദികര്‍ പൊതുവേദികളില്‍ കാര്യങ്ങള്‍ തുറന്നു പറയുന്ന രീതി ഉണ്ടായിരുന്നു. ജോര്‍ജ് അച്ചന്‍ കുറെയൊക്കെ ആ രീതി അനുവര്‍ത്തിച്ചിരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ മദ്ധ്യവയസ്ക്കനായതിനു ശേഷമാണല്ലോ പട്ടമേറ്റത്. അതുകൊണ്ട് ദൈവവിളിയെക്കുറിച്ചും അതിന്‍റെ സമയത്തെക്കുറിച്ചും സെമിനാരി പഠനത്തിന്‍റെയും അദ്ധ്യാപനത്തിന്‍റെയും വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് അപ്രസക്തമാവുകയില്ല എന്നു വിചാരിക്കുന്നു.

വൈദിക ശുശ്രൂഷയ്ക്കുള്ള ദൈവവിളി

റോമന്‍ കത്തോലിക്കാ സഭയില്‍ കുറച്ചു പ്രായമായിട്ട് വൈദിക സേവന പരിശീലനത്തിനു വരുന്നവരെ Late Vocation എന്നു വിശേഷിപ്പിക്കാറുണ്ട്. താമസിച്ചു ദൈവവിളി കിട്ടിയവര്‍ എന്നര്‍ത്ഥം. കത്തോലിക്കര്‍ അതു പറയാന്‍ കാരണമുണ്ട്. 14-15 വയസ്സു മുതല്‍ പെറ്റി സെമിനാരി എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന മൈനര്‍ സെമിനാരികളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ച് അവരെ പൊതുസ്കൂളുകളില്‍ അയച്ച് പൊതുവിദ്യാഭ്യാസം നല്‍കി ക്രമേണ വൈദിക സെമിനാരികളിലേക്കും സന്യാസ ആശ്രമങ്ങളിലേക്കും ഉപനയിക്കുന്ന രീതിയാണ് ഉള്ളത്. ആ ക്രമം അനുസരിച്ചാണെങ്കില്‍ 24-ാം വയസ്സില്‍ ഒരാള്‍ക്ക് കത്തോലിക്കാ വൈദികനാകാന്‍ കഴിയും. സന്യാസ സമൂഹത്തില്‍ ചേര്‍ന്നാലും അല്ലെങ്കിലും വൈദികര്‍ അവിവാഹിതരുമാണ്. പെറ്റിസെമിനാരിയിലൊന്നും ചേരാതെ, സ്കൂളിലോ കോളജിലോ പഠിച്ച് ഇരുപത്തിയഞ്ചോ മുപ്പതോ മുപ്പത്തഞ്ചോ വയസ്സ് പ്രായമുള്ള ഒരാള്‍ സെമിനാരിയില്‍ ചേരാന്‍ വന്നാലും അവര്‍ അതിനെ Late Vocation എന്നു വിശേഷിപ്പിക്കുന്നു.

എന്നാല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ അങ്ങനെയൊരു പ്രയോഗം കേട്ടിട്ടില്ല. കാതോലിക്കായായിരുന്ന മാത്യൂസ് പ്രഥമന്‍ ബാവാ, അടൂര്‍ ചാവടിയില്‍ റവ. ഡോ. സി. റ്റി. ഈപ്പന്‍, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തുടങ്ങി പല പ്രഗല്‍ഭരും മദ്ധ്യവയസ്സില്‍ പട്ടം സ്വീകരിച്ചവരാണ്. എനിക്ക് ആദരണീയ സഹപ്രവര്‍ത്തകരായിരുന്ന ഇപ്പോഴത്തെ റുമേനിയന്‍ പാത്രിയര്‍ക്കീസ് ഡാനിയല്‍, പ്രശസ്ത ഗ്രീക്ക് വേദപണ്ഡിതനായിരുന്ന John Zizioulas (1931–2023) മെത്രാപ്പോലീത്താ തുടങ്ങിയ പ്രശസ്തരും നല്ല പ്രായമായി പട്ടമേറ്റവരാണ്. കോട്ടയത്തെ പഴയസെമിനാരിയില്‍ നാല്‍പ്പതിനടുത്ത് പ്രായമായശേഷവും വന്നു പഠിച്ചവരെ ഓര്‍ക്കുന്നു. പ്രീസെമിനാരി എന്ന പേരില്‍ പല വര്‍ഷങ്ങള്‍ മെത്രാന്മാരുടെ അരമനകളിലും മറ്റും കഴിഞ്ഞ് പല പ്രാവശ്യം ബിരുദ പരീക്ഷകളൊക്കെ എഴുതി, നല്ല പ്രായമായിട്ട് വരുന്നവരും ഉണ്ട്. അപ്പോള്‍ ദൈവവിളിക്ക് പ്രായപരിധിയൊന്നും സഭയില്‍ കല്പിച്ചിട്ടില്ല. ഒരു സമയത്ത് വൈദികരുടെ ക്ഷാമം ഉണ്ടായതുകൊണ്ടും, ലോകത്തില്‍ ഉത്തരവാദപ്പെട്ട ചുമതലകള്‍ നന്നായി നിര്‍വഹിച്ചവരെ വൈദികരായി ലഭിച്ചാല്‍ നന്നാണെന്നുമുള്ള ചിന്ത കൊണ്ടുമായിരിക്കാം സര്‍ക്കാര്‍ ജോലിയിലും മറ്റ് രംഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചിലര്‍ക്ക് ഹ്രസ്വകാല വൈദിക പരിശീലനം കൊടുത്ത് പട്ടം കൊടുത്തിട്ടുണ്ട്. അവരില്‍ ചിലരൊക്കെ സഭയ്ക്ക് ഉത്തമമായ വൈദിക ശുശ്രൂഷ കാഴ്ച വയ്ക്കുകയും ചെയ്തു. അപ്പോള്‍ ആര്‍ക്കാണ് ദൈവവിളി, ഏത് പ്രായത്തിലാണ് അത് ഉണ്ടാവുക എന്നൊന്നും കൃത്യമായി കണ്ടെത്താന്‍ ആവില്ല. സെമിനാരികളില്‍ അനുഭവപരിചയം ഉള്ള ആളുകളോടു ചോദിച്ചാല്‍ പറയും, അവിടെ പ്രവേശനം ലഭിക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ദൈവവിളിയെക്കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കാന്‍ അവസ്സരം കിട്ടിയവരല്ല എന്ന്. അതൊരു കുറവല്ല. മദ്ബഹായില്‍ ശുശ്രൂഷിച്ചും, സണ്ടേസ്കൂളിലും യുവജനപ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചും വൈദിക അനുഷ്ഠാനങ്ങളുമായി പരിചയപ്പെട്ടും ഒരു വൈദികന്‍ ആകുന്നത് എന്തുകൊണ്ടും അഭികാമ്യമാണെന്നു വിചാരിക്കുന്ന നല്ല ചെറുപ്പക്കാരായിരിക്കും അവര്‍ നല്ല പങ്കും. അക്കാദമികമായി പഠിക്കുന്നതോ വായിക്കുന്നതോ ബൗദ്ധിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതോ ഒന്നും വൈദികശുശ്രൂഷയ്ക്ക് അത്ര ആവശ്യമില്ലെന്നു വിചാരിക്കുന്ന ധാരാളംപേര്‍ ആ കൂട്ടത്തിലുണ്ട്. നല്ല “പാട്ടു കുര്‍ബാന”, കൂദാശാനുഷ്ഠാന പൂര്‍ത്തീകരണം, സംഘാടകശേഷി എന്നിവയൊക്കെ ഉള്ള ഒരാള്‍ മതി എന്ന സങ്കല്പം പൊതുവെ നമ്മുടെ ജനങ്ങള്‍ക്കിടയിലും ഉണ്ടല്ലോ. തീര്‍ച്ചയായും അത്യാവശ്യമുള്ള നല്ല ഗുണങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് സെമിനാരി പരിശീലനം കഴിയുമ്പോള്‍ അവര്‍ക്ക് മിക്കവര്‍ക്കും നല്ല ഇടവക വികാരിമാരായി ശോഭിക്കാന്‍ കഴിയുന്നുണ്ട്. അത് നമ്മെ സന്തോഷിപ്പിക്കേണ്ടതാണ്.

നമ്മുടെ വൈദിക സങ്കല്പം ഇങ്ങനെയായതുകൊണ്ടായിരിക്കാം സഭയില്‍ ഒരിക്കലും മിഷണറി പ്രസ്ഥാനങ്ങള്‍ വിജയിക്കാത്തത്. വ്യവസ്ഥാപിതമായ ഒരു ഇടവകയില്‍ വിശുദ്ധ കൂദാശകളും പെരുന്നാളുകളും കണ്‍വന്‍ഷനും ഭംഗിയായി നടത്തുകയും, പഴയ കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവയെല്ലാം ഇടിച്ചുകളഞ്ഞ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, നല്ല തണല്‍മരങ്ങള്‍ വെട്ടിമാറ്റുകയും പുതിയവ നടാതിരിക്കുകയും ചെയ്താല്‍ വൈദിക ശുശ്രൂഷ പൂര്‍ത്തിയായി എന്ന് നമുക്കൊരു പൊതുധാരണ ഉണ്ടല്ലോ.

എന്നാല്‍ മിഷണറി പ്രസ്ഥാനത്തില്‍ കുറേയേറെ സാഹസികതയുണ്ട്. മലങ്കരയുടെ ചെറിയ വട്ടത്തിനു പുറത്ത് വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷകളും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ക്രിസ്തുസാക്ഷ്യം നിറവേറ്റുക എന്നത് നമ്മുടെ അജണ്ടായില്‍ കാര്യമായി സഭ പരിഗണിച്ചിട്ടില്ല. ഭാഗ്യവശാല്‍ സഭയുടെ മിഷനറി ദൗത്യത്തെ സ്വജീവിതംകൊണ്ട് കാണിച്ചുതന്ന ചില ഉദാഹരണങ്ങള്‍ പരുമല തിരുമേനി മുതല്‍ നമുക്കുണ്ട്. പക്ഷേ അതിനു പിന്‍തുടര്‍ച്ചയില്ല. ഇപ്പോള്‍ വൈദിക സെമിനാരികളില്‍ പ്രവേശനത്തിന്‍റെ എണ്ണം തീരെ കുറച്ചു. കാരണം പുതിയ ഇടവകകള്‍ ഇല്ല. വൈദികരുടെ എണ്ണം അധികമാകുന്നു. ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് കോട്ടയം പഴയസെമിനാരി ഫാക്കല്‍റ്റി “ഇടവകേതര ശുശ്രൂഷ”കളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ സുന്നഹദോസിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിപ്പോഴും ആരും പരിഗണിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ ലേഖകന്‍ തന്നെ വ്യക്തിപരമായ നിലയിലും എളിയ നിര്‍ദ്ദേശങ്ങള്‍ പലതും സമര്‍പ്പിച്ചിട്ടുണ്ട്. ഉദാഹരണമായി, രണ്ടു വൈദിക സെമിനാരികളിലെയും പഠനം പൂര്‍ത്തിയാക്കുന്ന ശെമ്മാശന്മാരെ എല്ലാവരെയും രണ്ടു മൂന്നു വര്‍ഷങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലേക്ക് അയക്കണം. 25-27 വയസ്സിനകം അവര്‍ സെമിനാരി പരിശീലനം പൂര്‍ത്തീകരിച്ചിരിക്കും എന്ന ധാരണയിലാണ് ഇതു പറയുന്നത്. പ്രീസെമിനാരി രീതി ഇപ്പോള്‍ മാറ്റിയതുകൊണ്ട് കോളജ് ബിരുദം കഴിഞ്ഞാലുടനെ യോഗ്യരായവര്‍ക്ക് സെമിനാരിയില്‍ ചേരാന്‍ കഴിയും. നമ്മുടെ നിലവിലുള്ള മിഷന്‍ കേന്ദ്രങ്ങള്‍ക്കു പുറമെ പുതിയ സ്ഥലങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയണം. ഒരു വര്‍ഷം രണ്ടു സെമിനാരികളില്‍ നിന്നുമായി 30 പേരെയെങ്കിലും അയച്ചാല്‍, രണ്ടു വര്‍ഷത്തിനകം അവരില്‍ മൂന്ന് നാല് പേരെങ്കിലും അവരുടെ ദൈവവിളി യഥാര്‍ത്ഥമായി കണ്ടെത്തുകയും, മിഷന്‍ രംഗത്ത് അവരുടെ ആശയങ്ങളും സര്‍ഗ്ഗശേഷിയും ഭാവനയും ദൈവാശ്രയവും കൈമുതലാക്കി പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യും. ഇനി കേരളത്തില്‍ സാധാരണ ഇടവക വൈദികരാകാന്‍ തങ്ങള്‍ മടങ്ങിവരില്ല എന്ന തീരുമാനവും ചിലര്‍ക്ക് ഉണ്ടായേക്കാം. ഓരോ വര്‍ഷവും അങ്ങനെ പൂര്‍ണ്ണസമര്‍പ്പണമുള്ള മൂന്നുനാലുപേരെ എങ്കിലും ലഭിച്ചാല്‍, പത്തു വര്‍ഷം കൊണ്ട് സഭയ്ക്ക് മിഷന്‍ രംഗത്ത് അഭിമാനാര്‍ഹമായവിധം പ്രവര്‍ത്തിക്കുന്ന പത്തുമുപ്പത് വൈദികരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. പുതിയ മേല്‍പ്പട്ടക്കാരെ ആവശ്യം വരുമ്പോള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമുക്കനുഭവപ്പെട്ട കടുത്ത ദാരിദ്ര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നുണ്ട്. അതിനും ഒട്ടൊക്കെ പരിഹാരം ഉണ്ടാകും.

മിഷന്‍ രംഗത്തേക്ക് പോകുന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക്, പുതിയ ഭാഷകളും സംസ്കാരങ്ങളും പഠിക്കുന്നതിനും ലോകം വളരെ വിശാലമാണ് എന്ന് മനസ്സിലാക്കുന്നതിനും കഴിയും. അതിനുശേഷം ഇടവക ശുശ്രൂഷയില്‍ വന്നാല്‍, ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും. ദീര്‍ഘവീഷണത്തില്‍ ഇതെല്ലാം സഭയ്ക്ക് ഭാവിയില്‍ അനുഗ്രഹമായി മാറും.

കേരളത്തിനു പുറത്തുള്ള മിഷന്‍ രംഗം മുമ്പില്‍കണ്ട് ശ്രേഷ്ഠനായ സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ (കല്‍ക്കട്ട ഭദ്രാസനം) നേതൃത്വത്തില്‍ ആരംഭിച്ച നാഗ്പൂര്‍ സെമിനാരി, അതെല്ലാം വിട്ട്, കേരളത്തിലെ ഇടവകകളില്‍ ഒതുങ്ങുന്ന പട്ടക്കാരെ മാത്രം സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണല്ലോ നീങ്ങുന്നത്. മലയാള ഇടവകകള്‍ക്ക് ഇനി കൂടുതല്‍ പട്ടക്കാരെ അവിടെനിന്ന് ആവശ്യമില്ലാത്തതുകൊണ്ട്, അതിന്‍റെ ഭാവിയും ചര്‍ച്ചാ വിധേയമാണ്. അപ്പോള്‍ പുതിയൊരു സങ്കല്‍പ്പം ആവശ്യമാണ്. കോട്ടയത്തു പഠിച്ചിറങ്ങുന്ന ഓരോ ബാച്ചിന്‍റെയും മുന്‍സൂചിപ്പിച്ച മിഷന്‍ പരിശീലനവും അവരുടെ രണ്ടു മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന മേല്‍നോട്ടവും നടത്താന്‍ നാഗ്പൂര്‍ സെമിനാരി നല്ലൊരു കേന്ദ്രമാക്കി രൂപാന്തരപ്പെടുത്താം. ഇന്ത്യയിലെ തന്നെ വിവിധ ഭാഷകള്‍ പഠിപ്പിക്കാനും, ഇടവകേതര തലങ്ങളില്‍ ഇടയസേവനം നടത്താനും പുതിയ സാഹചര്യങ്ങളില്‍ പുതിയ വെല്ലുവിളികള്‍ നേരിടാനും, ആരാധനാക്രമങ്ങള്‍ ഉചിതമായി പുതിയ ചുറ്റുപാടുകളില്‍ ഉപയോഗിക്കാനുമൊക്കെ കഴിവുള്ള ഒരു പരിശീലക ടീമിനെ അവിടെ ഫാക്കല്‍റ്റിയായി നിയമിക്കാവുന്നതാണ്.

ഭദ്രാസനങ്ങളുടെ സഹകരണത്തോടും എന്നാല്‍ സഭയുടെ പൊതു ഉത്തരവാദിത്തത്തോടും കൂടി വേണം ഈ മിഷന്‍ രംഗത്തേക്ക് അയക്കാന്‍. ഇതുവരെ ഓരോ ഭദ്രാസനവും വൈദികപരിശീലനത്തില്‍ അതിന്‍റെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമാണ് പ്രധാനമായും പരിഗണിച്ചിരുന്നത്. പൊതുവിന്‍റെ ആവശ്യമായി വേണം മിഷന്‍ പരിശീലനം. അതിനുള്ള സാമ്പത്തിക ക്രമീകരണം നടത്താന്‍ മലങ്കരസഭയ്ക്ക് കഴിയും. മിഷണറി പരിശീലനം നേടുന്ന ശെമ്മാശന്മാര്‍ക്ക് മുപ്പതു വയസ്സിനകം വിവാഹിതരായോ അല്ലാതെയോ കശ്ശീശാപട്ടം നല്‍കുകയും അവരവരുടെ ഭദ്രാസനങ്ങളില്‍ സര്‍വ്വീസ് നഷ്ടപ്പെടാതെ നിയമിക്കപ്പെടുകയും ചെയ്യാം.

ഇതു പറയുമ്പോള്‍ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പും തടസ്സവാദങ്ങളും ഉണ്ടാകും എന്നറിയാം. പക്ഷേ നമ്മുടെ സഭയുടെ ഭാവിക്കുവേണ്ടിയാണ് എന്നു ഗൗരവമായി ചിന്തിച്ചാല്‍ ഇതൊന്നും അസാധ്യമല്ല. കുറെ വര്‍ഷങ്ങളായി, മലങ്കരയുടെ വട്ടം ചുരുക്കിച്ചുരുക്കി ഒരു കൊച്ചു പൊട്ടായി നാം മാറിക്കൊണ്ടിരിക്കുകയാണ്. പലര്‍ക്കും അതൊരു സൗകര്യവും സന്തോഷവുമായിരിക്കാം. ഇപ്പോള്‍ എല്ലാ വ്യവഹാരങ്ങളുടെയും അന്തിമഫലം വെട്ടിമുറിക്കലും വട്ടംചുരുക്കലുമാണല്ലോ. കുഴിയാനയുടെ പേരില്‍ ‘ആന’ എന്നുള്ളതുകൊണ്ട്, ചില കുഴിയാനകള്‍ക്ക് തങ്ങള്‍ ശരിക്കും ആനകളാണ് എന്ന ‘മെഗാലോമേനിയ’ രോഗം ഉണ്ടാകാനിടയുണ്ട് എന്നതും മറക്കരുത്.

ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള വയോവൃദ്ധജനങ്ങളാല്‍ ‘അലംകൃതവും പരിപൂരിത’വുമായ നമ്മുടെ സാധാരണ ഇടവകകള്‍ എങ്ങനെയാവും മുമ്പോട്ടു പോവുക എന്ന ചോദ്യവും ഗൗരവമായി നാം എടുക്കണം. അധികം ചെറുപ്പക്കാരില്ല. വലിയ പള്ളികള്‍ നിറയ്ക്കാന്‍ ആളില്ല. പണവും കുറയും. കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് സഭകളിലെല്ലാം അതി ഭീമമായ വിദേശ സഹായമുണ്ട്. മലങ്കരസഭയില്‍ നമ്മുടെ ആളുകള്‍ സന്തോഷപൂര്‍വ്വം നല്‍കുന്ന നേര്‍ച്ചകാശു മാത്രമേയുള്ളു. മലങ്കരസഭയ്ക്ക് ‘മിഷന്‍’ എന്നു പറഞ്ഞാല്‍ മതംമാറ്റമോ ആളെപ്പിടുത്തമോ അല്ല എന്നത് പകല്‍പോലെ എല്ലാവര്‍ക്കും വ്യക്തമാണ്. സര്‍ക്കാരുകള്‍ക്കും അതറിയാം. എങ്കിലും ഇന്ത്യയിലെ മാറിയ സാഹചര്യങ്ങളില്‍ നാം കുറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും. “ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങള്‍ക്ക് വരം ലഭിച്ചിരിക്കുന്നു” എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയയിലെ പുതുക്രിസ്ത്യാനികളോടു പറയുന്നു (ഫിലി. 1:29). എണ്ണം ചെറുതാണെങ്കിലും മലങ്കരസഭയുടെ വലിയ മിഷനറി പിതാക്കന്മാരൊക്കെ ഈ കഷ്ടതയാകുന്ന “വരം” സന്തോഷത്തോടെ സ്വീകരിച്ചവരായിരുന്നു. ജനങ്ങളെ മറക്കുന്ന രാഷ്ട്രീയാധികാരികളുടെ കാലുകള്‍ കഴുകാനും സ്തുതിപാഠകരാകാനുമല്ല നമ്മുടെ ഇടയശ്രേഷ്ഠരെ ജനങ്ങള്‍ തിരഞ്ഞെടുത്ത് പരിപാലിക്കുന്നത്. യേശുക്രിസ്തുവിന്‍റെ ജീവന്‍ നല്‍കുന്ന സുവിശേഷത്തിന് അനുസൃതമായി മനുഷ്യരെ നയിച്ച്, അവരുടെ ആത്മികവും ഭൗതികവുമായ യാത്രയില്‍ അവരോടൊപ്പം നിന്ന്, നീതിയും സത്യവും സമാധാനവും നില്‍നില്‍ക്കുന്ന ഇടമായി സഭയെ രൂപാന്തരപ്പെടുത്താനാണല്ലോ നമ്മുടെ ദൈവവിളി.

ബഹുമാനപ്പെട്ട ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്ക്കോപ്പാ അച്ചന്‍റെ പള്ളിയിലേക്കുള്ള അന്തിമയാത്രയില്‍ അദ്ദേഹത്തിന്‍റെ ഭൗതികശരീരത്തൊടൊപ്പം ആ വാഹനത്തില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. വളരെ നല്ല ഓര്‍മ്മകളോടും ദൈവസന്നിധിയില്‍ നന്ദിയോടും കൂടി ആ ശ്രേഷ്ഠ വൈദികന്‍റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

(2023 May)