“ആനപ്പാപ്പി” എന്ന ഓമനപ്പേരില്‍ തിരുവല്ലാ പ്രദേശത്ത് പ്രസിദ്ധനായിരുന്ന, പെരിങ്ങര കരയില്‍ ആറ്റുപുറത്ത് പാപ്പി ആശാന്‍ (വര്‍ക്കി വറുഗീസ്) 1087 മീനം 18-ന് കോട്ടയം പഴയസെമിനാരി മണപ്പുറത്തുവച്ചു വധിക്കപ്പെട്ടു. അന്നുമുതല്‍ ഇന്നേയോളം ആ കഥ എഴുതിയും പറഞ്ഞും ധാരാളം കേട്ടിട്ടുണ്ട്. തല്‍സംബന്ധമായ കേസ് ബുക്കിലെ വിവരങ്ങള്‍ മാത്രം ആ സംഭവത്തിന്‍റെ പൂര്‍ണ്ണരൂപം തരുന്നുമില്ല. നസ്രാണി വ്യാസന്‍ ഇസ്സഡ്. എം. പാറേട്ട് ആ കഥ നസ്രാണി 4-ാം വാല്യത്തില്‍ ഹൃദയസ്പൃക്കായി വിവരിക്കുന്നുണ്ട്. എന്‍റെ ആരാധ്യപുരുഷന്മാരില്‍ ഒരാളായ മഹാനായ കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരപുത്രന്‍ കെ. ഇ. മാമ്മന്‍ ചര്‍ച്ച് വീക്കിലിയില്‍ എഴുതിയിരുന്നു “എന്‍റെ അപ്പച്ചനാണ് ആനപ്പാപ്പിച്ചേട്ടനെ” കോട്ടയത്തേയ്ക്കയച്ചത് എന്ന്. അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ കെ. ഇ. ചെറിയാനും ഈ ലേഖകനോട് ആ വിവരം പറഞ്ഞിട്ടുണ്ട്. “ആനപ്പാപ്പി പുരാണം” ഒ. എം. മാത്യു ആദ്യം എഴുതിയത് പൂര്‍ണ്ണമല്ല എന്ന് മാമ്മനേയും മാത്യുവിനേയും കത്തു മൂലം അറിയിച്ചു. ഈ കേസില്‍ സാക്ഷിയായി വിസ്തരിക്കപ്പെട്ട 9 വയസ്സുള്ള അക്കയും ഈ ലേഖകനും ജ്യേഷ്ഠാനുജന്മാരുടെ സന്താനങ്ങളാണ്. അക്കയുടെ മാതാമഹന്‍ വാകത്താനത്ത് കാട്ടില്‍ ഓണാട്ട് കുര്യന്‍ പുന്നൂസ് പ്രത്യേകമായി അപേക്ഷിച്ചു അക്കയെ കമ്മീഷന്‍ വച്ച് വിസ്തരിച്ചതായിട്ട് അറിയാം. ഈ അക്കയുടെ മൊഴി കേസിലെ ന്യായാധിപന്‍ ഏറ്റവുമധികം വിലമതിച്ചു എന്നത് ഈ ലേഖകനും അല്‍പം അഭിമാനം തരുന്നുണ്ട്. എന്‍റെ ചെറുപ്പത്തില്‍ എന്‍റെ മാതാവ് ആ കൊലപാതകക്കഥ സങ്കടത്തോടെ പലവട്ടം വിവരിച്ചു കേട്ടിട്ടുണ്ട്. സഭാഭാസുരന്‍ മൊഴികൊടുത്തപ്പോള്‍ കരഞ്ഞ വിവരവും എല്ലാം അതില്‍പ്പെടുന്നതായി ഇന്നും ഓര്‍ക്കുന്നു. പാപ്പി ആശാനെ അത്ര പെട്ടെന്ന് വീഴ്ത്തുവാന്‍ പറ്റില്ലാ എന്ന് എതിരാളികള്‍ക്ക് പൂര്‍ണ്ണ ബോദ്ധ്യമായിരുന്നു. ആശാന്‍ വൈകുന്നേരം ദേഹത്ത് എണ്ണയുംതേച്ച് കുളിക്കാന്‍ ആറ്റിലേയ്ക്കു വരും. കുഞ്ഞാമ്മിയുടെ കടയില്‍ നിന്ന് പുട്ടും പഴവും ചായയും കഴിക്കും. സംഭവദിവസവും അങ്ങനെ വന്നപ്പോഴാണ് പല ദിവസത്തെ ആലോചനയുടെ ഫലമായി എതിരാളികള്‍ ആസൂത്രണം ചെയ്തതും ഭീരുത്വം നിറഞ്ഞതും ചതിവിന്‍റേതും ആയ നിനച്ചിരിക്കാത്ത നേരത്തുള്ളതുമായ ആക്രമണമുണ്ടായത്. ആശാന്‍ ഭീരുവല്ലായിരുന്നുവെന്ന് തത്സമയം നിരായുധനായിരുന്ന അദ്ദേഹത്തിന്‍റെ നിലകൊണ്ട് അറിയാം. അദ്ദേഹം ഒരു മുച്ചാണ്‍വടിയോ പിച്ചാത്തിയോ കാട്ടി ആരെയും ഭീഷണിപ്പെടുത്തിയതായും തന്‍റെ കോട്ടയം സെമിനാരി കാവല്‍ക്കഥകളില്‍ ആരും പറഞ്ഞുകേട്ടിട്ടില്ല. ശക്തമായ ഭാഷയില്‍ എതിരാളികളെ താക്കീതു ചെയ്തിട്ടുണ്ട്, അത്ര തന്നെ.
പൊടുന്നനേയുള്ള ആക്രമണത്തില്‍ തോര്‍ത്തുമുണ്ട് ക്ഷണത്തില്‍ പിരിച്ച് പുറകോട്ട് ചുവടുവച്ച് തന്‍റെ നേരെവന്ന അടികളെ അല്‍പസമയം തടുത്തു നിന്നു. തോര്‍ത്ത് ഇഞ്ചനാരായി മാറി. ഇതിനകം കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു. പതിയിരുന്ന അക്രമികള്‍ പല വശത്തുനിന്നും കുറുവടി, ഉലക്ക, വടിവാള്‍ ഇവയുമായി തന്‍റെനേരെ അടുത്തു. അപ്പോഴും വെറുംകൈ കൊണ്ട് അടികള്‍ തട്ടി താന്‍ ചുവടുവച്ച് സെമിനാരിയെ ലക്ഷ്യമാക്കി നീങ്ങി. ബലിഷ്ഠമായ ആ കൈകള്‍ തളര്‍ന്നു. താന്‍ ഒരു തെങ്ങിന്‍കുറ്റിയില്‍ തട്ടി വീണു. അപ്പോള്‍ തന്‍റെ വലതുകാലിന്‍റെ കുതിയില്‍ വടിവാള്‍ പ്രയോഗം നടന്നു. അതിനുശേഷമാണ് ജീവരക്ഷയ്ക്കായുള്ള ഓട്ടവും “കൊല്ലുന്നേ” എന്ന അട്ടഹാസവും. നീതിമാനായ ജഡ്ജിയും വേദന സ്ഫുരിക്കുന്നവിധം “പേപ്പട്ടിയെ കൊല്ലുംവിധം” എന്നു വിധിയില്‍ എഴുതിയ ആ ക്രൂരമായ തലയ്ക്കടികളും നടന്നത്. വീരസിംഹം സഭാഭാസുരന്‍ അറുസങ്കടത്താല്‍ പതിനേഴില്‍പ്പരം മല്ലന്മാര്‍ കൂടി ചതിവില്‍ അറുകൊല ചെയ്ത ആ നസ്രാണി അഭിമന്യുവിനെ കാണുവാന്‍ മുറി വിട്ടിറങ്ങിയില്ല. “എന്‍റെ വാല്യക്കാരനെ കൊന്നു” എന്ന് ഇടറിയ കണ്ഠത്തില്‍ നിന്ന് പതറിവീണ മൊഴികളും നിറഞ്ഞൊഴുകിയ മിഴികളും ആ ഭൃത്യവധം തന്നെ എത്ര വേദനിപ്പിച്ചു എന്നു നാം ഇന്ന് മനസ്സിലാക്കുവാന്‍ ആ കേസ് വിസ്താരരേഖ സ്ഥിതി ചെയ്യുന്നു. “കുര്‍ബ്ബാനയിലെ കര്‍മ്മം ഡ്രാമാ കളിച്ചു കാണിപ്പാനല്ല, മൊഴി നല്‍കുവാനാണ് വന്നത്. എനിക്കിപ്പോള്‍ മനസ്സില്ല” എന്നീവിധം തുറന്നടിച്ചു മൊഴി പറഞ്ഞ വീരസിംഹം ആനപ്പാപ്പിക്കേസില്‍ ന്യായാധിപനെ സ്വാധീനിക്കുവാന്‍ മുതലക്കണ്ണീര്‍ പൊഴിച്ചു എന്ന് വിചാരിക്കുവാനാവില്ല. ആ യുഗപ്രഭാവനില്‍ അങ്ങനെ ഒരു സന്ദേഹം ശത്രുക്കള്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.
ഈ പുരാണ പാരായണംകൊണ്ട് നാം ക്രിസ്തീയധര്‍മ്മം, ലൗകികധര്‍മ്മം എന്നീ രണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നില്ല എങ്കില്‍ എന്ത് പ്രയോജനം? ഇന്ന് നാം പുണ്യാത്മാവായി പുകഴ്ത്തുന്ന സഭാഭാസുരന്‍റെ ജീവരക്ഷയ്ക്കും സെമിനാരിയുടെ സംരക്ഷണത്തിനുമായി വന്നവരുടെ നായകനായി നില്‍ക്കവെ ശത്രുക്കളുടെ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചത് പാപ്പി ആശാന്‍ മാത്രമാണ്. സഭാഭാസുരനെ സ്നേഹിക്കുന്നവര്‍ക്ക് പാപ്പി ആശാന്‍ വിസ്മൃതനാകുക എന്നത് വൈരുദ്ധ്യമാണ്. ആശാനെ നാം സ്മരിക്കുക തന്നെ വേണം. അപ്പോഴാണ് സഭാഭാസുരന്‍റെ ആത്മാവ് സന്തോഷിക്കുന്നത്. അതിനു ചില എളിയ നിര്‍ദ്ദേശങ്ങള്‍ താഴെ കുറിക്കുന്നു.
1. പാപ്പി ആശാനെ എവിടെ അടക്കി എന്ന് അറിയണം. ഇന്നത് കോട്ടയം പ്രദേശത്ത് അറിയാവുന്ന പ്രധാന വ്യക്തി അന്ന് (1087-ല്‍) 25 വയസ്സോളം പ്രായമുണ്ടായിരുന്ന പാറേട്ട് മാത്യൂസ് ശെമ്മാശനാണ് (അഭിവന്ദ്യ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനി). ആ കുഴിമാടത്തില്‍ ശരിയായ കബര്‍ കെട്ടിച്ച് ചരമവിവരം അടങ്ങിയ ശിലാഫലകം സ്ഥാപിക്കുക. ഇന്ന് ആന്ധ്രയിലെ ദുരിതാശ്വാസ പ്രവര്‍ത്തനനിരതനായ അഭിവന്ദ്യ നിരണം മെത്രാപ്പോലീത്താ ഈ കാര്യം നിര്‍വ്വഹിക്കണം. കാരണം പാപ്പി ആശാന്‍ നിരണം ഇടവകയ്ക്കും നസ്രാണി ജനതയ്ക്കും ആന്ധ്രാക്കാരേക്കാള്‍ വിലപ്പെട്ട സഹദാ എന്നതു തന്നെ. അദ്ദേഹം മീനം 18-ന് അടിയേറ്റ് 19-ന് മരിച്ചു. ശവസംസ്കാരം 20-ാം തീയതി നടന്നുകാണും. യുക്തമായ ദിവസം ആ പള്ളിക്കാര്‍ ഓര്‍മ്മ നടത്തണം.
2. പഴയസെമിനാരിയില്‍ മീനം 18-ാം തീയതി എല്ലാ സഭാഭാസുര ദിനങ്ങളിലും ഓര്‍മ്മ കുര്‍ബാനയും ധൂപപ്രാര്‍ത്ഥനയും നടത്തണം.
3. സഭാഭാസുര മുനീന്ദ്രന്‍റെ കബറിടത്തിന്‍റെ തെക്കെ മുറ്റത്ത് “എന്‍റെ വാല്യക്കാരന്‍” എന്ന് ആ പൊന്നുതിരുമേനി കല്‍പിച്ച പാപ്പി ആശാന് ഒരു സ്മാരകശില സ്ഥാപിക്കണം.
4. നമ്മുടെ സെമിനാരി, സണ്ടേസ്കൂള്‍ പരീക്ഷാവിജയികള്‍ക്ക് “ആനപ്പാപ്പി ആശാന്‍” സമ്മാനം ഏര്‍പ്പെടുത്തുക. ഇത്രയുമായാല്‍ ആ സാധുവിനോട് നാം ക്രിസ്തീയമായും ലൗകികമായും ധര്‍മ്മം നിറവേറ്റി എന്ന് അല്‍പമെങ്കിലും സമാധാനപ്പെടാം. ഇക്കഴിഞ്ഞ സഭാഭാസുരദിനത്തില്‍ ഈ ലേഖകന്‍ ആ കുര്‍ബാനയ്ക്ക് അപേക്ഷിച്ചു നടത്തിച്ചു. എല്ലാ മീനം 18-ലും സഭാഭാസുര സ്മരണദിനങ്ങളിലും അത് സ്ഥിരമായി നടത്തുവാന്‍ കുര്‍ബ്ബാന രജിസ്റ്ററില്‍ ചേര്‍ക്കുവാന്‍ പഴയസെമിനാരിയില്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
(1979 മാര്‍ച്ച് 29-ലെ ചര്‍ച്ച് വീക്കിലിയില്‍ എഴുതിയത്)
(വട്ടശ്ശേരില്‍ തിരുമേനിയുടെ ചരമ കനകജൂബിലിയാഘോഷം സംബന്ധിച്ച ആലോചനായോഗം സെമിനാരിയുടെ പ്രധാന കവാടത്തിനു “ആനപ്പാപ്പി ഗേറ്റ്” എന്നു നാമകരണം ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. ജേക്കബ് തോമസാണ് ഈ നിര്‍ദ്ദേശം കൊണ്ടുവന്നത്. യോഗത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് അദ്ധ്യക്ഷനായിരുന്നു.)