പനയ്ക്കല്‍ യാക്കോബ് മല്പാന്‍ (കാക്കു മല്പാന്‍ II)

കുറുപ്പംപടി പള്ളിയില്‍ വച്ച് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1898 മാര്‍ച്ച് 23-ന് കോറൂയോപട്ടം നല്‍കി. പരുമല മാര്‍ ഗ്രീഗോറിയോസ് കശ്ശീശാപട്ടം നല്‍കി. സുറിയാനി പണ്ഡിതനായിരുന്നു. മലയാള ഭാഷയില്‍ ആദ്യത്തെ കുര്‍ബ്ബാന വ്യാഖ്യാനം എഴുതി. കീര്‍ത്തനമാല ഉള്‍പ്പെടെ ഏതാനും സുറിയാനി ഗീതവിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുലിക്കോട്ടില്‍ രണ്ടാം തിരുമേനിയെപ്പറ്റി ഒരു ദശകത്രയം ‘മാര്‍ ദീവന്നാസ്യോസ് വിജയം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ആര്‍ത്താറ്റ് പഴയപള്ളിയില്‍ പ്രവേശനം കിട്ടാഞ്ഞതില്‍ ഏറെ ദുഃഖിതനായിരുന്നു. കുറച്ചുകാലം കോട്ടയം പഴയസെമിനാരിയില്‍ സുറിയാനി മല്പാനായി പ്രവര്‍ത്തിച്ചു. ആര്‍ത്താറ്റ് പുത്തന്‍പള്ളിയിലും ചേലക്കര പള്ളിയിലും വികാരിയായി. ഒടുവില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1951-ല്‍ നിര്യാതനായി പുതുശ്ശേരി കത്തോലിക്കാപള്ളിയില്‍ കബറടക്കി.

– ഫാ. ഡോ. ജോസഫ് ചീരന്‍

_______________________________________________________________________________________

കുന്നംകുളം പനയ്ക്കല്‍ കുടുംബത്തില്‍ നിന്ന് 19-ാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ മറ്റൊരു കാക്കു മല്പാനച്ചന്‍ പ്രസിദ്ധി നേടി. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് മല്പാന്‍, കോനാട്ട് മാത്തന്‍ മല്പാന്‍ എന്നിവരൊന്നിച്ച് പനയ്ക്കല്‍ യാക്കോബ് മല്പാന്‍ കുറച്ചുകാലം കോട്ടയം വൈദികസെമിനാരിയില്‍ സുറിയാനി പഠിപ്പിച്ചു. ആരാധനാക്രമങ്ങള്‍ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ശ്ഹീമ്മാനമസ്കാരം, ആനീദ, ആണ്ടുതക്സാ, ഹാശാനമസ്കാരം എന്നിവയില്‍ നിന്ന് നിരവധി സുറിയാനി ഗീതങ്ങള്‍ അദ്ദേഹം വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്തു. ഇന്ന് പ്രയോഗത്തിലുള്ള പല ആരാധനാഗീതങ്ങളും ആദ്യം മലയാളത്തില്‍ അവതരിപ്പിച്ചത് സുറിയാനി പണ്ഡിതനായ പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ ആണ്.

പുലിക്കോട്ടില്‍ തിരുമേനിയുടെ ശിഷ്യനായ ഇദ്ദേഹം പരുമലയില്‍ പഠിച്ച് പ. മാര്‍ ഗ്രിഗോറിയോസ് പിതാവില്‍ നിന്ന് പട്ടമേറ്റു. മലയാളം, സംസ്കൃതം, തമിഴ്, സുറിയാനി ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. സുറിയാനി കീര്‍ത്തനമാല, മാര്‍ ദീവന്നാസ്യോസ് വിംശതി തുടങ്ങി ഒരു ഡസനോളം കാവ്യങ്ങള്‍ ഇദ്ദേഹം രചിച്ചു. വിശ്വാസസംബന്ധമായ പ്രസംഗങ്ങളും ലേഖനങ്ങളും ലഘു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ആദ്യത്തെ കുര്‍ബ്ബാനവ്യാഖ്യാനം 1905-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വി. കുര്‍ബ്ബാനധ്യാനം ആണ്. പ്രതിഭാശാലിയായ ഇദ്ദേഹം ആര്‍ത്താറ്റ് സിംഹാസനപ്പള്ളി, ചേലക്കരപ്പള്ളി എന്നിവിടങ്ങളില്‍ സേവനം നടത്തി.

ഒടുവില്‍ വിവാഹിതനായിരുന്നിട്ടുപോലും അദ്ദേഹത്തെ കത്തോലിക്കാസഭ സ്വീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്തു. കുന്നംകുളത്തിനടുത്ത് പുതുശ്ശേരിപള്ളിയില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

കാക്കു അച്ചന്‍ മരിക്കുമ്പോള്‍ 80 വയസ്സ് പ്രായമുണ്ടായിരുന്നു. ജനനം 28-7-1875. മരണം 4-8-1955. പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുമായി (പിന്നീട് മാത്യൂസ് പ്രഥമന്‍ ബാവ) ഒരിക്കല്‍ കുന്നംകുളത്ത് വന്ന അവസരത്തില്‍ പനക്കല്‍ കാക്കു മല്പാനെ കാണാന്‍ ഇടയായ സംഭവം താഴെക്കുറിക്കട്ടെ:

പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായും, മാത്യൂസ് മാര്‍ അത്താനാസിയോസും കുന്നംകുളം പഴയപള്ളിയുടെ താഴത്തെ നിലയിലുള്ള മുറിയില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ആ സമയം കുന്നംകുളത്തെ പനക്കല്‍ കാക്കു മല്പാന്‍ പ. ബാവായെ കാണാന്‍ അവിടെ വന്നു. ബാവായും മെത്രാച്ചനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കയാണെന്നും ഇപ്പോള്‍ മുറിയില്‍ കയറിച്ചെന്ന് അവരെ ശല്യപ്പെടുത്തരുതെന്നും മുറിയുടെ പുറത്തു നിന്നിരുന്ന ശെമ്മാശ്ശനും അച്ചനും പറഞ്ഞതൊന്നും കാക്കു മല്പാന്‍ ചെവിക്കൊണ്ടില്ല. കുന്നംകുളം പനക്കല്‍ കാക്കു മല്പാനെപ്പറ്റി സ്വല്പം പറയേണ്ടതുണ്ട്. ഇദ്ദേഹം അസാമാന്യ ബുദ്ധിശാലിയും, സുറിയാനി പണ്ഡിതനും, കവിയും, ഗ്രന്ഥകര്‍ത്താവും, നല്ലൊരു സാഹിത്യകാരനുമായിരുന്നു. പക്ഷെ കുറച്ചു പ്രായമായപ്പോള്‍ അദ്ദേഹത്തിന് ചെറിയ തോതില്‍ ബുദ്ധിഭ്രമം ബാധിച്ചു. സകലരുമായി വഴക്കു കൂടി എവിടെയും ശരിക്കു നില്‍ക്കാതെ അലയാന്‍ തുടങ്ങി. വട്ടിപ്പണക്കേസില്‍ കുന്നംകുളം തെക്കേക്കര കുറിയാക്കോസ് അച്ചനെ വിസ്തരിച്ചപ്പോള്‍ കാക്കു അച്ചനെപ്പറ്റി പറയുന്നുണ്ട്.

1093 കന്നി 5-ാം തീയതി വട്ടിപ്പണക്കേസില്‍ കുന്നംകുളം ചാക്കുണ്ണി കുറിയാക്കോസ് കത്തനാര്‍ സത്യംചെയ്ത് ബോധിപ്പിച്ച മൊഴിയില്‍നിന്ന്, “…. ശേഷമുള്ളവരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ അവിടെ ഭരണമില്ലാതെ ഇരിക്കുകയാണ്. ബാക്കി പേര്‍ ഒന്നാം പ്രതിയെയാണ് (വട്ടശ്ശേരില്‍ തിരുമേനിയെ) അനുകൂലിക്കുന്നത്. അവിടെ ഭരണമില്ലാതെയിരിക്കുന്നത് പനക്കല്‍ യാക്കോബ് കത്തനാരാണ്.”

ചോദ്യം: എന്താണ് അദ്ദേഹത്തിന് ഭരണമില്ലാത്തത്?

ഉത്തരം: അവിടം വിട്ടു പല ഇടവകകളിലായി പോയി ഭരിച്ചു. തിരികെ വന്നപ്പോള്‍ രണ്ടു കൂട്ടരും അദ്ദേഹത്തിനു തവണ കൊടുക്കാതെയിരുന്നു. പിന്നീട് അത്താനാസിയോസ് മെത്രാപ്പോലീത്തായോടു (പൗലോസ് മാര്‍ അത്താനാസിയോസ് തൃക്കുന്നത്ത് സെമിനാരി) അദ്ദേഹം കല്പന വാങ്ങി പെരുമ്പാവൂര്‍ പോയി ഭരിച്ചു. അതില്‍പ്പിന്നെ ഇവിടെ ഭരണം കിട്ടണമെന്ന് അത്താനാസിയോസ് മെത്രാപ്പോലീത്തായോടും ഒന്നാം പ്രതിയോടും അപേക്ഷിച്ചു. അവര്‍ കല്പന കൊടുത്തില്ല. പിന്നീട് അവിടെ വന്നപ്പോള്‍ അദ്ദേഹത്തെ രണ്ടു കൂട്ടരും സ്വീകരിച്ചില്ല. …”

1093 കന്നി 11-ാം തീയതിയിലെ മൊഴിയില്‍ നിന്ന്:

“പനക്കല്‍ യാക്കോബ് കത്തനാര്‍ പെരുമ്പാവൂര്‍ പോയി ഭരിക്കാന്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായോടു കല്പന വാങ്ങിച്ചപ്പോള്‍ ഞാന്‍ കൂടെ ഇല്ല. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് അത്താനാസിയോസ് മെത്രാപ്പോലീത്തായോടും ഒന്നാം പ്രതിയോടും കല്പന ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കൂടെ ഇല്ല.”

വിവാഹിതനായ കാക്കു അച്ചനു ഭാര്യയും നാല് ആണ്‍ മക്കളും ഒരു മകളും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ നേരെ റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. അന്ന് തൃശൂര്‍ കത്തോലിക്കാ രൂപത വാഴപ്പള്ളി മെത്രാന്‍ ഭരിക്കുന്ന കാലമായിരുന്നു. അദ്ദേഹം അച്ചനെ റോമന്‍ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. വിവാഹിതനും, ഭാര്യയും മക്കളും ഉണ്ടായിരുന്ന കത്തനാരെ റോമാസഭ സ്വീകരിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയുന്നില്ല. റോമന്‍ കത്തോലിക്കാ സഭയിലെ അച്ചന്മാരെല്ലാം വിവാഹം കഴിക്കാത്തവര്‍ ആണല്ലോ. അവരുടെ ഇടയില്‍ ഭാര്യയും മക്കളും ഉള്ള അച്ചനെ എങ്ങനെ കുര്‍ബ്ബാന ചൊല്ലാന്‍ അനുവദിച്ചു എന്ന് അറിയുന്നില്ല. മാര്‍ ഈവാനിയോസിന്‍റെ റീത്തില്‍ കല്യാണം കഴിച്ച അച്ചന്മാര്‍ പുനരൈക്യത്തോടു കൂടി ഉണ്ടായിരുന്നതായി അറിയാം. അതു പിന്നെ റീത്താണെന്നു കരുതാം. റോമന്‍ കത്തോലിക്കരുടെ ആര്‍ത്താറ്റ് പള്ളിയിലും കുന്നംകുളം ചിറളയം കത്തോലിക്കാ പള്ളിയിലും, കുന്നംകുളത്തിനു സമീപമുള്ള പുതുശ്ശേരി പള്ളിയിലും കാക്കു അച്ചന്‍ വികാരിയായി കഴിഞ്ഞിരുന്നു. 1955 ആഗസ്റ്റ് 4-ാം തീയതി അച്ചന്‍ മൂത്ത മകന്‍ ചേറപ്പന്‍റെ കുന്നംകുളത്തെ വീട്ടില്‍ വെച്ച് നിര്യാതനായി. പുതുശ്ശേരി പള്ളിയില്‍ തൃശൂര്‍ ബിഷപ്പ് ജോര്‍ജ് ആലപ്പാട്ട് തിരുമേനി വന്നാണ് കബറടക്കിയത്. പുതുശ്ശേരി പള്ളിക്കകത്ത് കാക്കു അച്ചന്‍റെ ശവകുടീരം ഇപ്പോഴും ഭംഗിയായി സൂക്ഷിച്ചു വരുന്നുണ്ട്. അച്ചന്‍റെ കുടുംബത്തില്‍ നിന്ന് അച്ചന്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നത്. ഭാര്യയും മക്കളും ഓര്‍ത്തഡോക്സ് സഭയില്‍ തന്നെ കഴിഞ്ഞു വന്നു.

കാക്കു അച്ചന്‍റെ വേഷം ഒരു പ്രത്യേക തരത്തില്‍പെട്ടതായിരുന്നു. യാക്കോബായ അച്ചന്മാരെപ്പോലെ നീണ്ട താടി മീശ, തലയില്‍ തൊപ്പിയില്ല. വെളുത്ത ളോഹ കത്തോലിക്കാ അച്ചന്മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളത്. കയ്യില്‍ ഒരു നീണ്ട വടി ഉണ്ടായിരിക്കും. അതും കുത്തി പതുക്കെയാണ് നടത്തം. ഇംഗ്ലീഷില്‍ അച്ചനോട് എന്തെങ്കിലും ചോദിച്ചാല്‍ നല്ല സ്ഫുടമായ ഇംഗ്ലീഷില്‍ മറുപടി പറയും. അച്ചനോട് ഞാന്‍ സംസാരിക്കാറുണ്ട്. ളോഹ വല്ലാതെ മുഷിഞ്ഞതായിരിക്കും.

ആര്‍ത്താറ്റ് കത്തോലിക്കാ പള്ളിയിലേക്ക് അച്ചന്‍ നടന്നുപോകുന്ന വഴി ചിലപ്പോള്‍ മെയിന്‍ റോഡിന് അരികിലുള്ള എന്‍റെ വീട്ടില്‍ കയറാറുണ്ട്. എനിക്കന്ന് പത്തോ, പന്ത്രണ്ടോ വയസ്സ് കാണും. അച്ചന്‍ വീട്ടില്‍ കയറിവന്ന് ഉമ്മറത്ത് കിടക്കുന്ന ചാരുകസേരയില്‍ കിടന്ന് കുറെനേരം വിശ്രമിക്കും. ‘ദാഹിക്കുന്നു, കുറച്ചു കഞ്ഞിവെള്ളം ഉപ്പിട്ടു തരണം’ എന്നു പറഞ്ഞ് അത് വാങ്ങി കുടിക്കും. അപൂര്‍വ്വം അവസരങ്ങളില്‍ നാലണ (കാല്‍ രൂപ) ധര്‍മ്മം ചോദിക്കും.

ഒരിക്കല്‍ അച്ചന്‍ എന്‍റെ വീടിന്‍റെ മുമ്പിലുള്ള ഗെയിറ്റിനു സമീപം വന്നു നിന്ന് നാലണ ധര്‍മ്മം ചോദിച്ചു. ഗെയിറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ അച്ചന് അകത്തേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലെ വേലക്കാരി വശം നാലണ അച്ചന് കൊടുത്തുവിട്ടു. വേലക്കാരി ഗേറ്റിന് എതിര്‍വശം വന്നു നിന്നപ്പോള്‍ അച്ചന്‍ വലത്തെ കൈ നീട്ടി കാണിച്ചു. വേലക്കാരി അച്ചന്‍റെ കയ്യില്‍ നാലണ നാണയം വെച്ചുകൊടുക്കാതെ ഗേറ്റിന്‍റെ പടിയുടെ മുകളില്‍ നാണയം വെച്ചു. അച്ചന് അത് ഇഷ്ടമായില്ല. അച്ചന്‍ നാണയം എടുത്ത് വേലക്കാരിയോട് പറഞ്ഞു. ‘നിന്‍റെ പുറവും കറുപ്പ്, നിന്‍റെ അകവും കറുപ്പ്.’ വേലക്കാരി കറുത്തതായിരുന്നു.

ബുദ്ധിഭ്രമം കലശലായ അവസരത്തില്‍ അച്ചന്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കിയായിരിക്കും വടിയും കുത്തി റോഡില്‍ കൂടെ നടന്നു പോവുക. കൂക്കി വിളിച്ചുകൊണ്ടായിരിക്കും ചിലപ്പോള്‍ നടക്കുക. ചിലപ്പോള്‍ ചില പാട്ടുകള്‍ ഉച്ചത്തില്‍ പാടിയായിരിക്കും നടക്കുക. അച്ചന്‍ അങ്ങിനെ സ്ഥിരം പാടുന്ന പാട്ടാണ്
“കാ കാ കാക്കു അച്ചന്‍
കൂ കൂ കുന്നംകുളം.”

‘കുന്നംകുളത്ത് ഞാന്‍ ജനിച്ചു’ എന്ന് അച്ചന്‍ പറയുക ‘ഗിരികൂപത്തില്‍ ഞാന്‍ ജനിച്ചു’ എന്നാണ്.
ഗിരി – കുന്ന്. കൂപം – കുളം.
ഗിരികൂപം = കുന്നംകുളം.

അച്ചന് നാല് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. ആരും പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയില്ല. ചില്ലറ ജോലികളുമായി കഴിഞ്ഞുകൂടി. അച്ചന്‍റെ ഭാര്യ സാമാന്യം സമ്പത്തുള്ള മാതാപിതാക്കളുടെ ഏക മകളായിരുന്നു. അച്ചന്‍ വീട്ടുകാര്യങ്ങള്‍ നോക്കാതെ അലഞ്ഞു നടക്കുന്ന കാര്യം പറഞ്ഞ് ആ സ്ത്രീ സങ്കടപ്പെടാറുണ്ട്. എന്‍റെ വീട്ടില്‍ വന്ന് എന്‍റെ അമ്മയോട് സങ്കടം പറഞ്ഞ് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അച്ചന് റോമന്‍ കത്തോലിക്കാ സഭയില്‍ നിന്ന് മാസംതോറും പെന്‍ഷന്‍ കൊടുത്തുവന്നിരുന്നു. പെന്‍ഷന്‍ കിട്ടുന്ന സംഖ്യ വാങ്ങി ഒരാഴ്ച കൊണ്ട് ആ പണമെല്ലാം ധൂര്‍ത്തടിക്കും. പിന്നെ പണത്തിന് ഓരോ വീട്ടില്‍ കയറി യാചിക്കും. അങ്ങനെ വല്ലാത്ത ഒരു യോഗമായിരുന്നു കാക്കു അച്ചന്‍റെ. ഒരിക്കല്‍ തൃശൂര്‍ നിന്ന് കുന്നംകുളത്തേക്ക് വരുന്ന ബസ്സില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത് ആളുകളെ ബുദ്ധിമുട്ടിലാക്കി.

കാതോലിക്കാ ബാവായും മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായും പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്ക് കാക്കു അച്ചന്‍ വടിയും കുത്തി പതുക്കെ നടന്നു ചെന്നു. അവിടെ ഉണ്ടായിരുന്നവരുടെ വിലക്ക് ഗണ്യമാക്കാതെയാണ് കാക്കു അച്ചന്‍ പ്രവേശിച്ചത്. പരിഭ്രമിച്ച അവര്‍ ഇനി എന്താണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഓര്‍ത്ത് വേവലാതിയോടു കൂടി വാതില്‍ക്കല്‍ നിന്ന് എത്തിനോക്കി.

കാക്കു അച്ചന്‍ ബാവാ തിരുമേനിയുടെ ഭക്ഷണമേശയ്ക്ക് സമീപം എത്തിയപ്പോള്‍ ബാവാ തിരുമനസ്സിന് ആളെ മനസ്സിലായി. ഉടനെ ബാവാ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി ചിരിച്ചുംകൊണ്ട് എണീറ്റു നിന്നു കാക്കു അച്ചനോട് സംസാരിക്കാന്‍ തുടങ്ങി. കണ്ടുനിന്നവര്‍ക്ക് അതിശയം തോന്നി. ഈ പ്രാകൃതനായ വയസ്സന്‍ കത്തനാരോട് മലങ്കരസഭയുടെ പരമാദ്ധ്യക്ഷനായ ബാവാ കാണിക്കുന്ന ബഹുമാനാദരങ്ങള്‍ കണ്ട് എല്ലാവരും വിസ്മയിച്ചു. അത്താനാസിയോസ് തിരുമേനി ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തില്‍ സമീപം തന്നെ തല താഴ്ത്തി ഇരുന്നു. ‘ഇതെന്തു ശല്യം’ എന്ന ഭാവമായിരുന്നു അത്താനാസിയോസ് തിരുമേനിയുടെ മുഖത്ത്. അത്താനാസിയോസ് തിരുമേനി എണീറ്റു നില്‍ക്കുന്നില്ലെന്ന് കണ്ട ബാവാ തിരുമേനി മെത്രാച്ചനോട് എഴുന്നേറ്റു നില്‍ക്കാന്‍ കല്പിച്ചു. അതു കേട്ടപ്പോള്‍ സ്വല്പം വൈമനസ്യത്തോടുകൂടി അത്താനാസിയോസ് തിരുമേനി എണീറ്റു നിന്നു. ബാവാ, മെത്രാച്ചനോടായി പറഞ്ഞു, “ഈ കത്തനാര്‍ ആരെന്ന് അറിയാമോ? എന്‍റെ ഗുരുനാഥനാണ്. പരിശുദ്ധനായ ഗ്രീഗോറിയോസ് തിരുമേനി പരുമല സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നിയമിച്ച മല്പാനായിരുന്നു ഇദ്ദേഹം. പരുമല സെമിനാരിയില്‍ വെച്ച് എന്നെ സുറിയാനി പഠിപ്പിച്ചിട്ടുണ്ട്. പരുമല തിരുമേനിയാണ് ഇദ്ദേഹത്തിന് വൈദികപട്ടം കൊടുത്തിട്ടുള്ളത്. ഇദ്ദേഹത്തിന്‍റെ ശിരസ്സില്‍ പരുമല തിരുമേനി തൃക്കൈകള്‍ വെച്ച് വാഴ്ത്തി അനുഗ്രഹിച്ചിട്ടുണ്ട്.”

അല്പനേരം നിന്നുകൊണ്ടു തന്നെ സംസാരിച്ചശേഷം കാക്കു അച്ചന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കാപ്പി കുടിച്ചു പോകാമെന്ന് ബാവാ പറഞ്ഞിട്ടും അയാള്‍ അതിനൊന്നും നില്‍ക്കാതെ ബാവാ തിരുമേനിയെ ചുംബിച്ചുംകൊണ്ട് വടിയും കുത്തി പതുക്കെ ഇറങ്ങി നടന്നു. ഗുരുനാഥനോടുള്ള ബഹുമാനവും പരുമല തിരുമേനിയോടുള്ള ഭക്തിയുമാണ് ഇവിടെ കാക്കു അച്ചനെ ആദരിക്കുന്നതില്‍ കാണാന്‍ കഴിയുന്നത്.

– അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍