1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി

ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ പേരും പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞ് ആ പേരിന് ആനുകൂല്യമോ, പ്രാതികൂല്യമോ പ്രദര്‍ശിപ്പിക്കുന്നതിന് അവസരം നല്‍കിയശേഷം ഏകകണ്ഠമായി തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. …..

അസോസിയേഷനില്‍ പങ്കെടുക്കുന്ന പള്ളിപ്രതിപുരുഷന്മാര്‍ ഭദ്രാസനങ്ങളില്‍ കൂടി ചര്‍ച്ചകള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും അവസരം ലഭിച്ച ശേഷമാണ് അസോസിയേഷനില്‍ സംബന്ധിച്ചത്. ഓരോ ഭദ്രാസനത്തിന്‍റെയും ഭരണാധിപനായ ഇടവക മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് ഭദ്രാസന യോഗങ്ങള്‍ നടന്നത്. ഭദ്രാസനയോഗങ്ങളില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങള്‍ എല്ലാ തിരുമേനിമാരും ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഭദ്രാസനങ്ങളില്‍ നിന്നു വന്ന നാമനിര്‍ദ്ദേശങ്ങള്‍ അഞ്ചില്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ഭദ്രാസനങ്ങളില്‍ നിന്നു ലഭിച്ച വോട്ടിന്‍റെ ഭൂരിപക്ഷമനുസരിച്ച് 5 പേരെ നിര്‍ദ്ദേശിക്കണമെന്നുള്ള തത്വം ചര്‍ച്ചാ വിഷയമായി. അതനുസരിച്ചുള്ള നടപടിക്ക് അഭിപ്രായൈക്യം ഉണ്ടാകാതെ വന്നപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഒരു സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തതായറിയാം. ആ കമ്മിറ്റിയില്‍ എല്ലാ തിരുമേനിമാരും ഓരോ ഭദ്രാസനത്തില്‍ നിന്ന് ഓരോ പ്രതിനിധിയും ഉണ്ടായിരുന്നു. ഒരാഴ്ചയിലധികം ഇവര്‍ നടത്തിയ ചര്‍ച്ചകളില്‍ ഓരോ മാനേജിംഗ് കമ്മിറ്റിയംഗത്തിനും അഭിപ്രായം അറിയിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇങ്ങനെ അവധാനപൂര്‍വ്വം നടന്ന പര്യാലോചനകള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളെപ്പറ്റിയുള്ള കൂലങ്കഷമായ പരിശോധനകള്‍ക്കും ശേഷം ഭദ്രാസനങ്ങളില്‍ പ്രകടമായ അഭിപ്രായഗതിയെ ആദരിച്ചു തന്നെ അഞ്ചു പേരെ സബ് കമ്മിറ്റി ഏകകണ്ഠമായി നാമനിര്‍ദ്ദേശം ചെയ്തു. ആ നിര്‍ദ്ദേശം അസോസിയേഷന്‍ യോഗത്തിനു തലേദിവസം നടന്ന മാനേജിംഗ് കമ്മിറ്റി അംഗീകരിച്ചശേഷമാണ് അസോസിയേഷന്‍റെ അംഗീകരണത്തിനു സമര്‍പ്പിക്കപ്പെട്ടത്. കഴിയുന്നവിധത്തില്‍ എല്ലാം ജനഹിതമറിഞ്ഞശേഷം അസോസിയേഷന്‍ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞു.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ദൈവഹിതമാണെന്നു വ്യക്തമാക്കുന്ന മറ്റു ചില വസ്തുതകള്‍ കൂടിയുണ്ട്. വൈദികകോളജും വൈദികാഭ്യസനവുമായി ബന്ധപ്പെട്ടവരാണ് അഞ്ചില്‍ നാലു പേരും. അഞ്ചാമത്തെയാള്‍ ഒരു ഭദ്രാസന തലസ്ഥാനത്ത് ഉത്തരവാദിത്വമുള്ള ചുമതല നിര്‍വഹി ക്കുന്നു. ഇവരില്‍ ആരെങ്കിലും മെത്രാന്‍സ്ഥാനം കാംക്ഷിക്കുകയോ, അതിനുവേണ്ടി കാന്‍വാസ് ചെയ്യുവാന്‍ സ്നേഹിതന്മാരെ പ്രേരിപ്പിക്കുകയോ ആരെങ്കിലും മറ്റുവിധത്തില്‍ പ്രവര്‍ത്തിക്കുകയോ ഉണ്ടായിട്ടില്ലെന്നുള്ളതും ശ്രദ്ധേയമായ ഒരു വസ്തുതയാണ്. നേരെമറിച്ച് അവര്‍ അതിനു വിസമ്മതം പ്രകടിപ്പിച്ചിട്ടുള്ളതായറിയാം. എന്നിരുന്നിട്ടും എല്ലാ തിരുമേനിമാരും ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയും അസോസിയേഷനും ഏകകണ്ഠമായി ചെയ്തിരിക്കുന്ന തീരുമാനം ദൈവഹിതത്തിന്‍റെ തെളിവായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ആദരിക്കേണ്ടതാണ്. ഏറ്റവും അസന്ദിഗ്ദ്ധമായ ആ തെരഞ്ഞെടുപ്പിനെ അവഗണിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമില്ലാത്തതാണ്. അതുപോലെ തന്നെ ഈ നാമനിര്‍ദ്ദേശങ്ങള്‍ അവസാനത്തെ തീരുമാനത്തിനു സുന്നഹദോസില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ തിരുമേനിമാരും കൂടി ഉള്‍പ്പെട്ട സബ് കമ്മിറ്റിയുടെയും മാനേജിംഗ് കമ്മിറ്റിയുടെയും അസോസിയേഷന്‍റെയും ഏകകണ്ഠമായ തെരഞ്ഞെടുപ്പനുസരിച്ചു തീരുമാനിക്കുമെന്നു വിശ്വസിക്കാവുന്നതാണ്. അസോസിയേഷനു മാനേജിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തിരസ്ക്കരിക്കുവാന്‍ അവകാശമുണ്ടായിരുന്നിട്ടും ചിലര്‍ക്കെല്ലാം അഭിപ്രായ വ്യത്യാസമുണ്ടായിരുന്നിട്ടും മാനേജിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതുപോലെ സുന്നഹദോസും ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കുമെന്നുള്ളതില്‍ സംശയം തോന്നുന്നില്ല.

(‘മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്’ എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ 1965 ഡിസംബര്‍ 31-ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)