എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ ആബൂനാ കെര്‍ലോസ് പാത്രിയര്‍ക്കീസ് (96) ഡിസംബര്‍ 2-ന് കാലംചെയ്തു. കബറടക്കശുശ്രൂഷ 8-ന് രാജ്യതലസ്ഥാനമായ അസ്മാരായിലെ സെന്‍റ് മേരീസ് സീയോന്‍ കത്തീഡ്രലിലും കബറടക്കം ദെബ്രേ മേവാന്‍ ആബൂനാ അംലാക് ആശ്രമത്തിലും നടന്നു. ഒസിപി ന്യൂസ് സര്‍വീസാണ് വിയോഗവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ എത്യോപ്യയുടെ അയല്‍രാജ്യമാണ് എറിത്രിയ.
എറിത്രിയന്‍ സഭയുടെ അഞ്ചാമത്തെ പാത്രിയര്‍ക്കീസായി ആബൂനാ കെര്‍ലോസ് 2021 ജൂണ്‍ 13നാണ് വാഴിക്കപ്പെട്ടത്. കോപ്റ്റിക് സഭ ഉള്‍പ്പെടെ മറ്റ് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. കോപ്റ്റിക് സഭ അംഗീകരിച്ച അവസാനത്തെ പാത്രിയര്‍ക്കീസ് ആബൂനാ അന്തോണിയോസ് ആയിരുന്നു. 15 വര്‍ഷമായി വീട്ടുതടങ്കലിലായിരുന്ന അദ്ദേഹം 2022 ഫെബ്രുവരി 9-ന് കാലം ചെയ്തു. കാനോനിക പാത്രിയര്‍ക്കീസ് കാലം ചെയ്തതിനെ തുടര്‍ന്ന് പൗരാണികമായ അലക്സാന്ത്രിയന്‍ സിംഹാസനവുമായി ബന്ധം പുനഃസ്ഥാപിക്കാനായി എറിത്രിയന്‍ സഭ മുന്‍കൈയെടുത്തു. കെയ്റോയിലെത്തിയ ആബൂനാ കെര്‍ലോസ് പോപ്പ് തെവദ്രോസ് രണ്ടാമനുമായി 2022 ജൂലൈ 9-ന് കൂടിക്കാഴ്ച നടത്തിയതോടെ കോപ്റ്റിക് സഭയും എറിത്രിയന്‍ സഭയും തമ്മില്‍ ഒന്നര പതിറ്റാണ്ടായി വിച്ഛേദിക്കപ്പെട്ടിരുന്ന ബന്ധം പുനഃസ്ഥാപിച്ചു.
സഭയുടെ മൂന്നാമത്തെ പാത്രിയര്‍ക്കീസായി 2004 ല്‍ സ്ഥാനാരോഹണം ചെയ്ത ആബൂനാ അന്തോണിയോസിനെ സ്വേച്ഛാധിപതിയായ പ്രസിഡന്‍റ് ഇസയ്യാസ് അഫ്വെര്‍കിയുടെ സര്‍ക്കാര്‍ 2006ല്‍ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കുകയായിരുന്നു. സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ എതിര്‍ത്തതായിരുന്നു കാരണം. സര്‍ക്കാര്‍ സ്വാധീനത്താല്‍ സുന്നഹദോസ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും തല്‍സ്ഥാനത്തു 2007ല്‍ ആബൂനാ ദീയസ്കോറോസ് പാത്രിയര്‍ക്കീസിനെ നിയമിക്കുകയും ചെയ്തു. ആബൂനാ അന്തോണിയോസിനെ സഭയില്‍നിന്നു പുറത്താക്കിയതായി 2019ല്‍ സര്‍ക്കാര്‍ നിയന്ത്രിത സിനഡ് പ്രഖ്യാപിച്ചു. കാനോനിക പാത്രിയര്‍ക്കീസ് ജീവിച്ചിരിക്കെ തന്നെയാണ് 2021ല്‍ ആബൂനാ കെര്‍ലോസ് പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടത്.
അലക്സന്ത്രിയന്‍ ആരാധനക്രമ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് സ്വതന്ത്ര സ്വയംശീര്‍ഷകസഭകളാണ് കോപ്റ്റിക്, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍. എത്യോപ്യന്‍ – എറിത്രിയന്‍ സഭകള്‍ കോപ്റ്റിക് സഭയുടെ പുത്രീസഭകളായി കണക്കാക്കപ്പെടുന്നു. ഇന്നും ഈ രണ്ടു സഭകളും കോപ്റ്റിക് പോപ്പിന് ‘സമന്മാരില്‍ മുമ്പന്‍’ എന്ന സ്ഥാനം നല്‍കി ആദരിക്കുന്നു. അലക്സന്ത്രിയാ പാത്രിയര്‍ക്കീസിന്‍റെ (കോപ്റ്റിക് പോപ്പ്) പ്രഥമ സ്ഥാനം (പ്രൈമസി) അംഗീകരിച്ചുകൊണ്ടുതന്നെ കോപ്റ്റിക് സഭ എത്യോപ്യന്‍ സഭയ്ക്കും ഇരുസഭകളും ചേര്‍ന്ന് എറിത്രിയന്‍ സഭയ്ക്കും ഘട്ടം ഘട്ടമായി സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും നല്‍കിയിരിക്കുകയാണ്. ഇരു സഭകളും തമ്മിലുള്ള ബന്ധം സുദൃഢവും വ്യവസ്ഥാപിതവുമാക്കുന്നതിന് കോപ്റ്റിക് – എത്യോപ്യന്‍ സഭകള്‍ തമ്മിലും (1994 ഏപ്രില്‍) കോപ്റ്റിക് – എറിത്രിയന്‍ സഭകള്‍ തമ്മിലും (1998 മേയ്) 15 വകുപ്പുകള്‍ അടങ്ങുന്ന സമാനമായ ഉഭയകക്ഷി ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്.
എഡി 329-330ലാണ് ഇന്നത്തെ എറിത്രിയന്‍ സഭ ഉള്‍പ്പെടുന്ന എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം. പഴയ ഇറ്റാലിയന്‍ കോളനിയായ എറിത്രിയ 1991-ല്‍ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭയുടെ പോപ്പ് ഷെനൗഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറിത്രിയായിലെ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉള്‍ഭരണസ്വാതന്ത്യം നല്‍കുകയും 1994-ല്‍ അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൗഡാ മൂന്നാമന്‍ വാഴിച്ചു. ഇതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു. ഈ സഭ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാകുടുംബത്തില്‍പെടുന്നു. എറിത്രിയായിലെ ജനങ്ങളില്‍ പകുതിയിലധികം – 30 ലക്ഷം – സഭാവിശ്വാസികളാണ്.