പുരാണത്തിലേക്ക് വെട്ടം പകര്‍ന്ന വെട്ടം മാണി

മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന മഹാപണ്ഡിതനായിരുന്ന വെട്ടം മാണി. കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാന്‍. മാതാവ് അന്നമ്മ. അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് അംഗീകൃത സ്‌കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകള്‍ക്കും ട്യൂഷന്‍ കൊടുക്കുന്ന ഒരു ട്യൂട്ടോറിയല്‍ കോളജ് വളര്‍ത്തിയെടുക്കുകയും ചെയ്തു.

ഒരു വ്യാഴവട്ടത്തിലേറെയുള്ള സപര്യയിലൂടെ ഉത്കൃഷ്ടമായ പുരാണ നിഘണ്ടു കൈരളിക്കു സമ്മാനിച്ച തപസ്സെടുത്ത് രചിച്ച പുരാണിക് എന്‍സൈക്ളോപീഡിയ എന്ന പുരാണ വിജ്ഞാനകോശം എത്രകാലം കഴിഞ്ഞാലും നിലനില്‍ക്കുന്ന മഹദ് ഗ്രന്ഥമായിരിക്കും. ഈ കൃതി ഇംഗ്ളീഷിലും മറ്റു ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതു കൃതിയുടെ ദീപ്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ട്യൂട്ടോറിയല്‍ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എന്‍സൈക്ലോപീഡിയയുടെ നിര്‍മ്മാണം തുടങ്ങിയത്. പകല്‍ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വര്‍ഷങ്ങളോളം അധ്വാനിച്ചു. 1964-ല്‍ നാലു വാല്യങ്ങളായി പുരാണിക് എന്‍സൈക്ലോപീഡിയയുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1967ല്‍ രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും അതിന് സമാനമായൊരു കൃതിയില്ല.

1971-ല്‍ ഭാവന എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പ് തുടങ്ങിയെങ്കിലും 20 ലക്കങ്ങള്‍ക്കു ശേഷം അത് നിര്‍ത്തേണ്ടിവന്നു. ലഘുപുരാണ നിഘണ്ടു, ഇംഗ്ലീഷ് ഗുരുനാഥന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍. 1987 മെയ് 29-ന് അന്തരിച്ചു.